സന്തേജീദിയോ സന്നദ്ധസേവകർ സന്തേജീദിയോ സന്നദ്ധസേവകർ 

പാവപ്പെട്ടവർക്കായി സഹായഹസ്തമേകാൻ സന്തേജീദിയോ സമൂഹം

യൂറോപ്പിൽ ശൈത്യം കടുത്തതിനെത്തുടർന്ന്, വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സഹായമേകാനായി വസ്ത്രങ്ങളും മറ്റു വസ്തുക്കളും ശേഖരിച്ച് സന്തേജീദിയോ സമൂഹം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പുതിയ ഈ സംരംഭത്തെക്കുറിച്ച് സാമൂഹ്യസേവനത്തിൽ വ്യാപരരായിരിക്കുന്ന കത്തോലിക്കാ അസോസിയേഷൻ അറിയിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ ജീവന് ഭീഷണിയുയർത്തുന്ന നിലയിൽ ശൈത്യം കഠിനമായതിനെത്തുടർന്ന്, പാവപ്പെട്ടവർക്കും അഗതികൾക്കും കൂടുതൽ സഹായമേകാൻ സന്തേജീദിയോ സമൂഹം രംഗത്തിറങ്ങി. ഭവനരഹിതർക്കായി പുതപ്പുകളും, അന്തിയുറങ്ങാനുള്ള പ്രത്യേക ബാഗുകളും, കമ്പിളി വസ്ത്രങ്ങളും പ്രത്യേകമായി ശേഖരിക്കാനാണ് ഈ സന്നദ്ധസംഘടന പുതിയ സംരംഭം ആരംഭിച്ചത്. ഇറ്റലിയിലുൾപ്പെടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ശൈത്യകാലം കൂടുതൽ കനത്തതിനെത്തുടർന്നാണ്, നിസംഗത കൈവെടിഞ്ഞ്, സഹായഹസ്തമേകാൻ സന്തേജീദിയോ സമൂഹം ഏവരെയും ആഹ്വാനം ചെയ്‌തത്‌.

സ്ഥാപനങ്ങൾ മാത്രമല്ല, എല്ലാ വ്യക്തികളും, പാവപ്പെട്ടവരും നിരാലംബരുമായ മനുഷ്യരുടെ ജീവൻ നിലനിറുത്തുന്നതിനുവേണ്ടി ഈ സംരംഭത്തോട് നല്ല രീതിയിൽ പ്രതികരിക്കണമെന്ന് പത്രക്കുറിപ്പിലൂടെ ഈ കത്തോലിക്കാ അസോസിയേഷൻ ആവശ്യപ്പെട്ടു. തണുപ്പ് മാത്രമല്ല, ഒറ്റപ്പെടലിൽ ജീവിക്കുന്നവർക്കായി, ഏവരും തങ്ങളാലാകുന്ന വിധത്തിൽ സഹായമെത്തിക്കാൻ സന്തേജീദിയോ ആഹ്വാനം ചെയ്‌തു.

സന്തേജീദിയോ സമൂഹത്തിന്റെ സാന്നിധ്യമുള്ള എല്ലാ ഇറ്റാലിയൻ നഗരങ്ങളിലുമാണ് ഈ പ്രത്യേക സമാഹാരം നടത്തുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച്, സന്നദ്ധസേവകരുടെ സഹായത്തോടെ നൽകിയ ഭക്ഷണവിതരണത്തിൽ എൺപത്തിനായിരത്തോളം ആളുകൾ പങ്കെടുത്തിരുന്നു. കൂടുതൽ മാനവികമായ ഒരു സമൂഹമായി മാറുന്നതിന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നതാണ് ഇത് വെളിവാക്കുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. വർഷം മുഴുവനും, എല്ലാ ദിവസവും ചൂട് ഭക്ഷണവുമായി സന്തേജീദിയോ സംഘടന വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് കൈത്താങ്ങായി കൂടെയുണ്ട്. 1968-ലാണ് ഈ കത്തോലിക്കാ സന്നദ്ധസംഘടന സംഘടന സ്ഥാപിതമായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2024, 16:25