“ഘടനാപരമായ ഒരു സിനഡൽ സഭയിലേക്ക്” എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ ക്ലാസ്സുകൾ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സിനഡിന്റെ പൊതു കാര്യാലയത്തിലെ ദൈവശാസ്ത്ര കമ്മീഷനിലുള്ള പല ലാറ്റിനമേരിക്കൻ അംഗങ്ങളും സ്പാനിഷ് - അമേരിക്കൻ ദൈവശാസ്ത്ര സംഘവും ലാറ്റിനമേരിക്കൻ മെത്രാൻ സമിതിയോടും ലാറ്റിനമേരിക്കൻ സന്യാസിനി - സന്യാസികളുടെ സംഘടനയോടും ചേർന്നാണ് ഈ കോഴ്സ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാവർക്കും പ്രാപ്യമായ തരത്തിലാണ് കോഴ്സ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. ഓൺലൈനിൽ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഫോർമാറ്റിൽ തയ്യാറാക്കുന്ന വീഡിയോകൾ ലോകം മുഴുവനിൽ നിന്നും പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി മാർച്ച് മാസത്തിൽ നൽകുമെന്നും, മുൻകൂട്ടി തയ്യാറാക്കിയിട്ടുള്ള ക്ലാസ്സുകൾ ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയൻ, പോളിഷ്, ജർമ്മൻ എന്നീ ഭാഷകളിൽ മാർച്ച് മാസത്തിൽ എപ്പോൾ വേണമെങ്കിലും ലഭ്യമായിരിക്കുമെന്നും സംഘാടകർ അറിയിക്കുന്നു.
യൂറോപ്പ്യൻ മെത്രാൻ സമിതി, ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷൻ, സന്യാസസഭാ മേലധ്യക്ഷൻമാരുടെ സംഘടന, കത്തോലിക്കാ സർവ്വകലാശാലകൾ തുടങ്ങി വിവിധ സഭാ സംഘടനകളുമായി ബന്ധപ്പെടുത്തി സിനഡാലിറ്റിയെ പ്രോൽസാഹിപ്പിക്കാൻ വേണ്ടിയുള്ളതാണ് ഈ സംരംഭം. ദൈവശാസ്ത്രത്തിനും പ്രേഷിത പ്രവർത്തനങ്ങൾക്കുമായുള്ള ബോസ്റ്റൺ കോളേജ് വിദ്യാ സംരംഭത്തിന്റെ തുടർവിദ്യഭ്യാസ വിഭാഗം തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇതിനുപയോഗിക്കുന്നത് എന്ന് സംഘാടകരിലൊരാളായ റഫായേൽ ലുച്ചാനി പറഞ്ഞു. കഴിഞ്ഞ രണ്ടു പ്രാവശ്യവും നടത്തിയ കോഴ്സുകളിൽ 10,000 പേരോളം വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് പങ്കെടുത്തിരുന്നു എന്ന് സംഘാടകർ അറിയിച്ചു.
സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിലൂടെ സാധ്യമാകും https://formaciononline.bc.edu/en/home/
കൂടാതെ പരിശീലന പരിപാടികളെക്കുറിച്ചും ക്ലാസ്സുകളെക്കുറിച്ചുമുള്ള വിവരങ്ങളും ഇവിടെ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: