ഹൈറ്റിയിൽ ഒരു വൈദികനും ആറു സന്ന്യസ്തരും തട്ടിക്കൊണ്ടുപോകപ്പെട്ടു !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കരീബിയൻ നാടായ ഹൈറ്റിയിൽ ഏഴു സഭാശൂശ്രൂഷകർ തട്ടിക്കൊണ്ടുപോകപ്പെട്ടു.
ഇരുപത്തിമൂന്നാം തീയിതി വെള്ളിയാഴ്ചയാണ് (23/02/24) തിരുഹൃദയ സന്ന്യാസ സമൂഹത്തിലെ 6 സഹോദരങ്ങളെ ഒരു സായുധ സംഘം തട്ടിക്കൊണ്ടു പോയത്. തലസ്ഥാനനഗരിയായ പോർട്ട് ഓ പ്രിൻസിലെ ഫാത്തിമാ നാഥയുടെ ദേവാലയത്തിൽ വിശുദ്ധകുർബ്ബാന അർപ്പിച്ചു കഴിഞ്ഞ് ഇറങ്ങിയ ഒരു വൈദികനെയും സായുധർ അന്നു തട്ടിക്കൊണ്ടു പോയി. ഇവരുടെ മോചനത്തിനും അന്നാട്ടിൽ തുടരുന്ന അരക്ഷിതാവസ്ഥയ്ക്ക് അറുതിയുണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ പ്രാദേശി സന്ന്യാസീസന്ന്യാസിനികൾ അഭ്യർത്ഥിക്കുന്നു.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതി (18/02/24) ഞായറാഴ്ച പോർട്ട് ഓ പ്രിൻസ് സന്ദർശന വേളയിൽ അവിടെ താമസസ്ഥലത്തുണ്ടായ ഒരു സ്ഫോടനത്തിൽ അൻസെ അ വ്വോ ഏ മിറഗ്വാനെ രൂപതയുടെ മെത്രാൻ പിയെർ അന്ത്രെ ദുമാസിന് പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹം രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയനാക്കപ്പെട്ടു.
രാഷ്ട്രീയാനിശ്ചിതത്വം അന്നാട്ടിൽ ഗുരുതരമായ അരക്ഷിതാവസ്ഥയക്ക് കാരണമായിരിക്കയാണ്. കുറ്റകൃത്യസംഘടനകൾ പലപ്പോഴും ലക്ഷ്യം വയ്ക്കുന്നത് വൈദികരെയും സന്ന്യസ്തരെയുമാണ്. മോചന ദ്രവ്യം നൽകത്തക്കവിധം സമ്പന്നമാണ് ഹൈറ്റിയിലെ സഭയെന്ന ധാരണയിൽ അവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവാക്കിയിരിക്കയാണ് ഈ കുറ്റകൃത്യ സംഘടനകൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: