തിരയുക

മണിപ്പൂരിലെ ഒരു സമാധാനറാലിയിലിനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം മണിപ്പൂരിലെ ഒരു സമാധാനറാലിയിലിനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം  (AFP or licensors)

മണിപ്പൂരിൽ സമാധാനശ്രമങ്ങളുമായി മുന്നേറുന്നുവെന്ന് കത്തോലിക്കാസഭാനേതൃത്വം

സംഘർഷഭരിതമായ പ്രശ്‍നങ്ങളുമായി ജീവിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ, സമാധാനശ്രമത്തിന്റെ ഇഴകൾ പാകി കത്തോലിക്കാസഭ. മണിപ്പൂർ ജനതയ്ക്ക് മാനവിക, ആധ്യാത്മികസാമീപ്യവും സഹായവുമേകുന്ന കത്തോലിക്കാസഭാസമൂഹങ്ങൾക്കും, സന്നദ്ധസംഘടനകൾക്കും നന്ദി പറഞ്ഞ് മണിപ്പൂർ തലസ്ഥാനമായ ഇൻഫാൽ അതിരൂപതാധ്യക്ഷൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മണിപ്പൂരിൽ സമാധാനശ്രമങ്ങൾ മുന്നോട്ട് പോവുകയാണെന്നും, എന്നാൽ സമാധാനസ്ഥാപനത്തിനായി ഇനിയും ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും മണിപ്പൂർ തലസ്ഥാനമായ ഇൻഫാൽ അതിരൂപതാധ്യക്ഷൻ, ആർച്ച്ബിഷപ് ലിനസ് നെലി. ബാംഗളൂരിൽ, കഴിഞ്ഞ ദിവസം, ഇന്ത്യൻ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് പരാമർശിച്ചത്. മണിപ്പൂർ ജനതയ്ക്ക് ആധ്യാത്മികമായും, ഭൗതികമായും സഹായങ്ങൾ എത്തിച്ച ഇന്ത്യയിലെ വിവിധ കത്തോലിക്കാസഭാസമൂഹങ്ങൾക്കും, സന്നദ്ധ സംഘടനകൾക്കും ആർച്ച്ബിഷപ് നെലി നന്ദി പറഞ്ഞു. മണിപ്പൂരിലെ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനവും ക്രൈസ്തവരാണ്.

മണിപ്പൂരിലെ കുക്കി, മെയ്തെയി സമൂഹങ്ങൾക്കിടയിലെ വർഗ്ഗീയസംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ച ഇൻഫാൽ അതിരൂപതാധ്യക്ഷൻ, അവിടുത്തെ കത്തോലിക്കാസമൂഹങ്ങൾ നടത്തുന്ന സംരക്ഷണശ്രമങ്ങളും, പുനരധിവാസനടപടികളും മെത്രാൻസമിതിയോട് വിശദീകരിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം മണിപ്പൂരിൽ ഇതുവരെ 180 പേർ കൊല്ലപ്പെട്ടെന്നും, നിരവധി വീടുകളും, കച്ചവടസ്ഥാപനങ്ങളും, ആരാധനാലയങ്ങളും അഗ്നിക്കിരയാക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇവയിൽ ഏതാണ്ട് മുന്നൂറോളം ദേവാലയങ്ങളുമുണ്ട്. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ഏതാണ്ട് അറുപതിനായിരത്തോളം ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.

സന്നദ്ധസംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, മണിപ്പൂരിലെ പൊതുസമൂഹത്തിൽ ഉണ്ടായിരിക്കുന്ന മുറിവുകൾ ആഴമേറിയവയാണെന്നും, 2023 മെയ് മാസം മൂന്നാം തീയതി പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തെത്തുടർന്ന് ഏതാണ്ട് മൂന്ന് മാസങ്ങളിൽ എല്ലാ ദിവസവും സംഘർഷങ്ങൾ ഉണ്ടായതായാണ് മനസ്സിലായതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നും മണിപ്പൂരിൽ സംഘർഷങ്ങൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധിയാളുകൾ സംസ്ഥാനം വിട്ടുപോയിട്ടുണ്ട്. മാനവികസഹായമെത്തിക്കാനായി വന്ന നൂറുകണക്കിന് ലോറികൾ ആക്രമിക്കപ്പെടുകയും, തടയപ്പെടുകയും ചെയ്തുവെന്ന് ഇൻഫാൽ അതിരൂപതാധ്യക്ഷൻ പറഞ്ഞു.

സംഘർഷങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ തളർത്തിയെന്നും, ചെറുതും വലുതുമായ വ്യവസായസംരംഭകർ ഉൾപ്പെടെയുള്ള ആളുകൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഭൂമിവിതരണവുമായി ബന്ധപ്പെട്ടതാണ് മണിപ്പൂരിലെ പ്രശ്നങ്ങളെന്നാണ് കുക്കിസമൂഹത്തിന്റെ നേതാക്കളിലൊരാളായ സോമിന്താങ് ഡൗങേൽ അഭിപ്രായപ്പെട്ടതെന്ന് പറഞ്ഞ ആർച്ച്ബിഷപ് നെലി, ഈ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കുക്കി, നാഗ, മെയ്‌തേയ് വംശജരുടെ തുല്യപ്രാധാന്യമുള്ള ഒരു കമ്മീഷൻ രൂപീകരിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ 51 ശതമാനം വരുന്ന മെയ്‌തേയ് വിഭാഗത്തിന് ഗോത്രവംശമെന്ന  അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശമാണ് നിലവിലെ പ്രശ്നങ്ങൾ ആരംഭിക്കാൻ കാരണം. സംഘർഷങ്ങൾ ആരംഭിച്ച് ഒൻപത് മാസങ്ങൾ കഴിയുമ്പോൾ, നിലവിൽ ഇരുസംഘങ്ങളും വേർതിരിഞ്ഞ് നിൽക്കുകയാണ്.

ഫീദെസ് വാർത്താ ഏജൻസിയാണ് മണിപ്പൂർ പ്രശ്‌നം സംബന്ധിച്ച് ആർച്ച്ബിഷപ് നെലി നടത്തിയ പ്രഭാഷണം റിപ്പോർട്ട് ചെയ്‌തത്‌. ബാംഗളൂരിലെ ഇന്ത്യൻ മെത്രാൻസമിതിയുടെ ഈ സമ്മേളനത്തിൽ ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റായിരുന്ന ആർച്ച്ബിഷപ് ആൻഡ്രൂ താഴത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായും ഏജൻസി റിപ്പോർട്ട് ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2024, 16:40