തിരയുക

യേശുവും തളർവാദരോഗിയും യേശുവും തളർവാദരോഗിയും 

പാപം ക്ഷമിക്കാനും സൗഖ്യം നൽകാനും കഴിയുന്ന ദൈവപുത്രൻ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ദനഹാകാലം അഞ്ചാം ഞായറാഴ്ച്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (മർക്കോസ് 2, 1-12).
സുവിശേഷപരിചിന്തനം Mark 2, 1-12 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവപുത്രനായ ഈശോ ഒരു തളർവാതരോഗിയുടെ പാപം മോചിക്കുന്നതും, അവനെ സുഖപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് വിശുദ്ധ മർക്കോസ് തന്റെ രണ്ടാം അദ്ധ്യായം ഒന്നുമുതൽ പന്ത്രണ്ടുവരേയുള്ള തിരുവചനങ്ങളിൽ വിവരിക്കുന്നത്. പാപം മോചിക്കാൻ കഴിവുള്ള, മനുഷ്യനെ സൗഖ്യപ്പെടുത്താൻ കഴിവുള്ള ദൈവപുത്രൻ. യേശുവിൽ ഒരു അത്ഭുതപ്രവർത്തകനെയും, യഹൂദജനത്തിന്റെ വിമോചകനെയുമൊക്കെ കണ്ട ആളുകൾ ഏറെയുണ്ടായിരുന്നു എന്ന് നാം സുവിശേഷങ്ങൾ നാലിലും വായിക്കുന്നുണ്ട്. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിലേക്ക് കടന്നുവരുമ്പോൾ, രണ്ടാം അദ്ധ്യായത്തിന്റെ ആദ്യം മുതൽ മൂന്നാം അദ്ധ്യായം ആറാം വാക്യം വരെയുള്ളിടത്ത് മറ്റൊരു പ്രത്യേകത നമുക്ക് കാണാം. യേശുവിന്റെ വചനപ്രഘോഷണവും, രോഗശാന്തികളും മറ്റ് അത്ഭുതങ്ങളും ഒക്കെ കണ്ട് ധാരാളം ജനം അവനാൽ ആകൃഷ്ടരായി അടുത്ത് വരുന്നുണ്ട്. എന്നാൽ അവർക്കൊപ്പം അവന്റെ പ്രവൃത്തികളിലും വാക്കുകളിലും തെറ്റുകൾ എന്തെങ്കിലുമുണ്ടോ എന്ന് കണ്ടുപിടിക്കാനായി, ജനക്കൂട്ടത്തിന്റെ ഇടയിൽ ഫരിസേയരും നിയമജ്ഞരുമൊക്കെ കടന്നുകൂടുന്നുണ്ട് എന്നതാണ് ഈ പ്രത്യേകത. മൂന്നാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത്, കൈ ശോഷിച്ച ഒരു മനുഷ്യനെ സാബത്തുദിനത്തിൽ ഈശോ സുഖപ്പെടുത്തുന്ന സംഭവത്തോടെ അവർ യേശുവിനെ നശിപ്പിക്കുവാനായി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തുന്നത് നാം കാണുന്നുണ്ട് (മർക്കോസ് 3, 6).

വചനം പഠിപ്പിക്കുന്ന യേശു

ഈശോയുടെ പരസ്യജീവിതകാലത്തെ പ്രവർത്തനങ്ങൾ പരിശോധിച്ചുനോക്കുമ്പോൾ, അവൻ തന്റെ ജീവിതത്തിൽ പിതാവ് തന്നിലേൽപ്പിച്ച ഉത്തരവാദിത്വം മറന്ന് ഒരിക്കലും പ്രവർത്തിച്ചിട്ടില്ല എന്ന് നമുക്ക് കാണാം. വചനം മാംസമായി, ക്രിസ്തുവായി മാറിയത്, പിതാവിന്റെ വചനം, സുവിശേഷം ലോകത്തെ അറിയിക്കാനാണ്. അതുകൊണ്ടാണ് പലയിടങ്ങളിലും, താൻ പ്രവർത്തിച്ച അത്ഭുതങ്ങളും, അടയാളങ്ങളും കണ്ട് ജനക്കൂട്ടം തനിക്ക് ചുറ്റും കൂടുമ്പോൾ അവൻ അവരിൽനിന്ന് അകന്നുപോകാൻ ശ്രമിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാനാകും. തളർവാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവത്തിന് മുൻപ് മർക്കോസിന്റെ തന്നെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ, യേശു പിശാചുബാധിതനെ സുഖപ്പെടുത്തുന്ന സംഭവം മുതൽ, അവന്റെ അത്ഭുതപ്രവർത്തികൾ മൂലം അവന്റെ പ്രശസ്‌തി ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നതും, അനേകർ തങ്ങളുടെ രോഗികളെയും, പിശാചുബാധിതരെയുമൊക്കെ അവന്റെ അരികിൽ കൊണ്ടുവരുന്നതും, അവൻ അവരെ സുഖപ്പെടുത്തുന്നതുമൊക്കെ നാം കാണുന്നുണ്ട്. ഈശോയ്ക്ക് പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാൻ സാധിക്കാത്ത വിധം അവനു ചുറ്റും ആളുകൾ കൂടുന്നതിനെക്കുറിച്ച് മർക്കോസ് ഒന്നാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് എഴുതുന്നുണ്ട് (മർക്കോസ് 1, 45). ഇവിടെയാണ് അവൻ ജനക്കൂട്ടങ്ങളിൽനിന്ന്, പൊതുവേദികളിൽനിന്ന് അകന്നുനിൽക്കാൻ ആരംഭിക്കുന്നത്. തന്നിൽ പിതാവ് ഏൽപ്പിച്ച ദൗത്യം എന്താണെന്ന് വ്യക്തമായി അറിയാവുന്ന യേശു, വചനം പഠിപ്പിക്കുന്നു. അത്ഭുതപ്രവൃത്തികളോ, രോഗശാന്തിയോ അവൻ ഉപേക്ഷിക്കുന്നില്ല, എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് അവൻ ഈ തിരുവചനങ്ങളിലൂടെ ഇന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. വരുവാനിരിക്കുന്ന ദൈവരാജ്യത്തെക്കുറിച്ച്, മാനവരാശിക്ക് ആനന്ദദായകമായ രക്ഷയുടെ സുവിശേഷമാറിയിക്കാൻ, അനുതാപത്തിലൂടെ ദൈവത്തിലേക്ക് തിരികെ വരാൻ ആഹ്വാനം ചെയ്യാൻ, വചനം അറിയിക്കാനാണ്, വചനം മാംസമായ യേശു തന്റെ ജീവിതമാതൃകയിലൂടെ ഇന്ന് നമ്മെയും ഓർമ്മിപ്പിക്കുന്നത്. ക്രിസ്തുവിന്റെ ശരീരമായ സഭയും, യേശുവിന്റെ പ്രവൃത്തികൾ തുടരാൻ, അവന്റെ ശൈലി സ്വന്തമാക്കാൻ, രക്ഷയുടെ സന്ദേശമുൾക്കൊള്ളുന്ന തിരുവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവളാണ് എന്ന് നമുക്ക് മറക്കാതിരിക്കാം. വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം ഒൻപതാം അദ്ധ്യായത്തിൽ പറയുന്ന വാക്കുകൾ നമുക്കോർക്കാം; "ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം" (1 കോറി. 9, 16). വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യരംഗങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുമ്പോഴും, ലോകം മുഴുവൻ സഭയുടെ അത്തരം പ്രവൃത്തികളെ അഭിനന്ദിക്കുമ്പോഴും, ക്രൈസ്തവരായ നാമെല്ലാവരും നമ്മുടെ പ്രഥമവും പ്രധാനവുമായ കടമ മറക്കരുത്, അത് യേശുക്രിസ്തുവിലൂടെ അറിയിക്കപ്പെട്ട രക്ഷയുടെ സുവിശേഷം, യേശുവെന്ന രക്ഷകനെ പ്രഘോഷിക്കലാണ്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ തന്റെ നിരവധിയായ പ്രഭാഷണങ്ങളിലും ഉദ്ബോധനങ്ങളിലും, ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള നമ്മുടെ ഏവരുടെയും ഉത്തരവാദിത്വം എടുത്തുപറയുന്നത് നമുക്ക് മറക്കാതിരിക്കാം. നമ്മുടെ ഓരോ പ്രവർത്തനങ്ങളും വാക്കുകളും, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം എടുത്തുപറയുന്നവയാകട്ടെ.

യേശുവിലുള്ള വിശ്വാസം

ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവമാകട്ടെ, സുവിശേഷത്തിൽ രേഖപ്പെടുത്തപ്പെട്ട മറ്റേതൊരു അത്ഭുതവുമാകട്ടെ, അവിടെയൊക്കെ ഏറ്റവും പ്രധാനപ്പെട്ടായി നാം കാണുന്ന ഒരു കാര്യം യേശുവിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യമാണ്. തങ്ങൾ കൊണ്ടുവരുന്ന രോഗിയെ സുഖപ്പെടുത്താൻ യേശുവിന് കഴിയുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്, അവർ യേശുവിരിക്കുന്ന വീടിന്റെ മേൽക്കൂര പൊളിച്ച്, അവനെ കിടക്കയോടെ താഴേക്കിറക്കുന്നത്. ഈയൊരു വിശ്വാസം യേശു തിരിച്ചറിയുന്നുണ്ടെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്: "അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോട് പറഞ്ഞു: മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" (മർക്കോസ് 2, 5) എന്ന് മർക്കോസ് എഴുതിവയ്ക്കുന്നു. ഇന്നും സഭയിലും, സഭാംഗങ്ങളായ നാമോരോരുത്തരിലും ക്രിസ്തു അന്വേഷിക്കുന്നതും, ഇതുപോലെയുള്ള, അഗാധമായ ഒരു വിശ്വാസമാണ്. അവൻ നമ്മുടെ ആത്മാവിന്റെയും ശരീരത്തിന്റെയും, നമ്മുടെ ജീവിതത്തിന്റെയുമൊക്കെ കുറവുകളെ നീക്കാൻ കഴിവുള്ള, സൗഖ്യമാക്കാനും, രക്ഷിക്കാനും കഴിവുള്ള ദൈവമാണെന്ന വിശ്വാസത്തോടെ  വേണം ഈശോയുടെ സന്നിധിയിൽ എത്തുവാനെന്ന് നമുക്ക് മറക്കാതിരിക്കാം. ലത്തീൻ ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധകുർബാനയുടെ ഭാഗമായിത്തീർന്ന ഒരു വിശ്വാസപ്രഖ്യാപനം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ ഏഴാം അദ്ധ്യായത്തിൽ നാം കാണുന്നുണ്ട്. ശതാധിപൻ യേശുവിനോട് പറയുന്ന വാക്കുകളാണവ: 'കർത്താവെ, അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ, ഞാൻ യോഗ്യനല്ല, അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, എന്റെ ഭൃത്യൻ സുഖപ്പെട്ടുകൊള്ളും' (ലൂക്ക 7, 6-7). നമ്മുടെ വ്യക്തിജീവിതങ്ങളിലെ കുറവുകളും, നമ്മുടെ വീഴ്ചകളും പാപങ്ങളും, തിരിച്ചറിയുമ്പോഴും, യേശുവിലുള്ള വിശ്വാസം കൈവെടിയാതിരിക്കാൻ നമുക്ക് സാധിക്കുമെങ്കിൽ, അവിടെയാണ് അത്ഭുതങ്ങൾ നടക്കുക, ജീവിതം സൗഖ്യമുള്ളതായി, രക്ഷിക്കപ്പെട്ടതായി മാറുക. വിശ്വാസമില്ലാതെ പ്രാർത്ഥിക്കുന്ന, പ്രത്യാശയില്ലാതെ ജീവിക്കുന്ന, നാം സ്വീകരിച്ച മാമ്മോദീസായുടെ അർത്ഥം അറിഞ്ഞ് ജീവിക്കാത്ത, തിരുവചനം വായിക്കാത്ത, അതനുസരിച്ച് പ്രവർത്തിക്കാത്ത, ഈശോയെ പ്രഘോഷിക്കുവാൻ മടി കാണിക്കുന്ന ക്രൈസ്തവരാണ്, മാംസമായിത്തീർന്ന വചനമാകുന്ന ക്രിസ്‌തുവിനെ സ്നേഹിക്കുകയും പിഞ്ചെല്ലുകയും ചെയ്യേണ്ട, ക്രിസ്‌തുവിലൂടെ രക്ഷയിലേക്ക് കടന്നുവരേണ്ട അനേകായിരങ്ങളെ അവനിൽനിന്ന് അകറ്റിനിറുത്തുന്നത്. ഓരോ ക്രൈസ്തവനും തങ്ങളുടെ ജീവിതമാതൃകയിലൂടെ വചനം പ്രഘോഷിച്ചിരുന്നെങ്കിൽ, ഇന്ന് ഈശോയെന്ന ദൈവപുത്രന്റെ രക്ഷയുടെ മാർഗ്ഗം ലോകത്തിന് മുൻപിൽ കൂടുതൽ സ്വീകാര്യമായിരുന്നേനെ. അലങ്കാര, ആഘോഷങ്ങൾ മാത്രം നിറഞ്ഞ തിരുനാൾ ആചാരണങ്ങളിലും, വിശ്വാസമില്ലാത്ത കുടുംബ, വ്യക്തിഗത പ്രാർത്ഥനകളിലും, എന്തിന് ബലിയർപ്പണത്തിൽ പങ്കെടുക്കുന്നത് പോലും കടമയുടെ പേരിൽ മാത്രമാകുമ്പോൾ, നാമോരുത്തരും ഏതുതരത്തിലുള്ള ക്രൈസ്തവജീവിതമാണ് നയിക്കുന്നതെന്ന്, എന്തുതരം വിശ്വാസമാണ് ജീവിക്കുന്നതെന്ന് നമുക്ക് ചിന്തിക്കാം.

ദൈവമക്കളെ സൗഖ്യപ്പെടുത്തുന്ന മനുഷ്യപുത്രൻ

തളർവാതരോഗിയുടെ ശാരീരികമായ കുറവിനെ നീക്കുന്നതിന് മുൻപ് യേശു, താൻ യഥാർത്ഥത്തിൽ ആരാണെന്ന് വെളിപ്പെടുത്തുന്ന വചനങ്ങൾ നാം കാണുന്നുണ്ട്. പാപങ്ങൾ ക്ഷമിക്കാൻ കഴിവുള്ള, മനുഷ്യനെ അവന്റെ ആത്മാവിലും ശരീരത്തിലും  സ്വാതന്ത്രനാക്കാൻ കഴിവുള്ള ദൈവമാണ് ഈശോ. ആളുകൾ, പ്രത്യേകിച്ച് ഫരിസേയരും നിയമജ്ഞരുമൊക്കെ ഇക്കാര്യം മനസ്സിലാക്കാൻ വേണ്ടിയാണ്, അവൻ തന്നെക്കുറിച്ച് "മനുഷ്യപുത്രൻ" എന്ന് പറയുന്നത്. റോമക്കാർക്ക് കീഴിലുള്ള യഹൂദജനത്തിന് മുൻപിൽ, മിശിഹാ എന്നോ ക്രിസ്തുവെന്നോ ഉള്ള പേരിന്, അടിമത്തത്തിൽനിന്ന് തങ്ങളെ രക്ഷിക്കാൻ കഴിവുള്ള രാജാവ്, വിമോചകൻ എന്നൊക്കെയുള്ള അർത്ഥങ്ങളാണ് പ്രധാനമായും ഉണ്ടായേക്കുക.

വിശുദ്ധ പൗലോസ് കൊളോസോസുകാർക്കെഴുതിയ ലേഖനത്തിന്റെ ഒന്നാം അദ്ധ്യായത്തിൽ പുത്രൻ വഴി ലഭ്യമാകുന്ന രക്ഷയെക്കുറിച്ചും പാപമോചനത്തെക്കുറിച്ചും എഴുതുന്നുണ്ട്. അന്ധകാരത്തിന്റെ അധിപത്യത്തിൽനിന്ന് ദൈവമക്കളെ മോചിപ്പിച്ച, ദൈവരാജ്യത്തിന്റെ പ്രകാശത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവമാണവൻ. അവിശ്വാസത്തിന്റെ മേൽക്കൂരകൾ തകർത്ത്, ക്രിസ്‌തുവെന്ന രക്ഷകനിലേക്ക് നമ്മുടെ തളർന്ന വിശ്വാസജീവിതത്തെ കൊണ്ടുചെല്ലാം. നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, ഉറച്ച കാൽവയ്പുകളോടെ രക്ഷയിലേക്ക്, നിത്യജീവിതത്തിലേക്ക് നടന്നടുക്കാൻ അവൻ നമുക്ക് കരുത്തേകും. സഭയുടെ ശിരസ്സും, ദൈവപുത്രനും, മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനുമായ ഈശോമിശിഹായിലുള്ള ഉറച്ച വിശ്വാസത്തോടെ ജീവിക്കാനും, വചനമായ ഈശോയെക്കുറിച്ച് ലോകത്തോട് മുഴുവൻ ധൈര്യപൂർവ്വം വിളിച്ചുപറയാനും നമുക്ക് സാധിക്കട്ടെ. തന്റെ പുത്രന്റെ ജീവിതത്തോട് അനുരൂപപ്പെട്ട്, രക്ഷയുടെ സുവിശേഷത്തിന് സാക്ഷികളായി ജീവിക്കാൻ പരിശുദ്ധ അമ്മ നമുക്കായി മദ്ധ്യസ്ഥ്യം വഹിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2024, 13:21