തിരയുക

യേശുവിന്റെ രൂപാന്തരീകരണം യേശുവിന്റെ രൂപാന്തരീകരണം 

ക്രിസ്തുവിന്റെ പ്രകാശം സ്വീകരിക്കുക, മറ്റുള്ളവരിലേക്ക് അവന്റെ പ്രകാശം പരത്തുക

ലത്തീൻ ആരാധനാക്രമപ്രകാരം നോമ്പുകാലം രണ്ടാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മർക്കോസ് 9, 2-10.
ക്രിസ്തുവിന്റെ പ്രകാശം സ്വീകരിക്കുക, മറ്റുള്ളവരിലേക്ക് അവന്റെ പ്രകാശം പരത്തുക - ശബ്‌ദരേഖ

ഫാ. പീറ്റർ ടാജീഷ് O de M.

ഇരുട്ട് മുറ്റുന്ന ഒരു കാലത്തിൽ ഒരു മനുഷ്യന് എന്തുചെയ്യാനാവും? ചുറ്റും ഇരുട്ട് സമ്മാനിക്കുമ്പോൾ, ആ ഇരുളിൽ കൂടെയുള്ളവർ മാത്രമല്ല മറിച്ചു സ്വന്തം ഉള്ളം പോലും ഇരുട്ടിന്റെ ആഴങ്ങളിൽ മറയുമ്പോൾ, ഒരാൾക്കു എന്തുചെയ്യാനാവും? അവിടെയാണ് ഒരാൾ സ്വയം പ്രകാശിച്ചു തുടങ്ങുന്നത്. നിനക്കുചുറ്റും ഇരുട്ട് പരക്കുമ്പോൾ നീ വെളിച്ചമാവുക. ആ വെളിച്ചത്തിൽ നിന്റെയിരുട്ട് മാഞ്ഞുകൊള്ളും...

രൂപാന്തരീകരണം ഈയൊരു ധ്യാനചിന്തയിൽ കാണാനാണ് എനിക്കിഷ്ടം. നീണ്ടുകിടക്കുന്ന ഒരു ജെറുസലേമിന്റെ വഴിയിൽ, അതിന്റെ അന്ധകാരത്തിൽ അയാൾ സ്വയം പ്രകാശിച്ചു തുടങ്ങുകയാണ് കാരണം അയാളും അയാളുടെ ശിഷ്യരും ഇനി നടക്കേണ്ടത് ആ അന്ധകാരത്തിലേക്കാണ്. അതിനാണ് അയാളും ഒരുങ്ങുന്നത്. "മെറ്റാർഫാ" എന്ന ഗ്രീക്ക് പദമാണ് സുവിശേഷകൻ ഉപയോഗിച്ചിരിക്കുന്നത്. അതിനർത്ഥം രൂപം മാറി എന്നാണ്. വലിയ നിയോഗങ്ങളിലേക്ക് ഒരാൾ ഇറങ്ങുമ്പോൾ, നിർബന്ധമായും അതിനൊരുങ്ങിയിരിക്കണം, ആ ഒരു ഒരുക്കമാണ് രൂപാന്തരീകരണത്തിൽ സംഭവിക്കുന്നതും.

ആറു  ദിവസങ്ങൾക്കുമുൻപ് എന്നുപറഞ്ഞു സുവിശേഷകൻ രൂപാന്തരീകരണം ആരംഭിക്കുമ്പോൾ, അതിനൊരർത്ഥമുണ്ട് കാരണം പഴയ നിയമത്തിൽ ഇസ്രായേൽ ഒരുങ്ങുന്നതിനും ഒപ്പം ശുദ്ധീകരിക്കുന്നതിനും എടുത്തത് ആറു ദിവസങ്ങൾ ആയിരുന്നു. എന്നിട്ടാണ് ഏഴാം ദിനത്തിന്റെ മഹത്വത്തിലേക്ക് പ്രേവേശിച്ചത്.  ഇവിടെ നടക്കുന്ന ശുദ്ധീകരണം കുരിശിന്റെ ഭയവും, ഒപ്പം ശിഷ്യരുടെ ബോധ്യത്തിന്റെ വ്യക്തതയില്ലായ്മയുമാണ്. അവർക്കുമുന്നിൽ അയാൾ ക്രിസ്തുവിന്റെ മഹത്വം വിവരിച്ചുകൊടുക്കുകയാണ് ഈ രൂപാന്തരത്തിലൂടെ.

മൂന്നു ശിഷ്യരാണ് തിരഞ്ഞെടുക്കപ്പെട്ടതും. അതും ക്രിസ്തു നിർമിതിയുടെ രഹസ്യതമാകത നിലനിർത്താനാണ് കാരണം ക്രിസ്തു മഹത്വം പ്രാഘോഷിക്കപെടേണ്ട ഒന്നാണ്, ആ പ്രഘോഷണമാണ് സഭയുടെ കാതലും. അതിനാൽ രൂപാന്തരത്തിൽ ജനകൂട്ടത്തെക്കാൾ അവനാവശ്യം ശിഷ്യത്വമാണ്. അവനെ മനസിലാക്കുന്ന, അവനിൽ വിശ്വസിക്കുന്ന ഒരു ചെറിയ അജഗണം.

മലയുടെ മഹത്വത്തിൽ അവനൊപ്പം ചേരുന്നത് ഏലിയായും, മോശയും. പഴയ നിയമത്തിന്റെ പ്രവാചകനും, നിയമവുമാണ് അവർ ഇരുവരും. വേദപുസ്തകത്തിൽ റബ്ബി മോശയാണ്. അതുകൊണ്ടാണ് പത്രോസ് ക്രിസ്തുവിനെ ഗുരു എന്ന് വിളിക്കുന്നതും. സീനായ് മലയിൽ ദൈവസമാഗമത്തിനുശേഷം മോശയുടെ മുഖം പ്രകാശിച്ചു എന്നഴുതുന്ന (പുറപ്പാട്. 34,29) യാഥാർഥ്യം തന്നെയാണ് ക്രിസ്തുവിന്റെ വെണ്മ വിളിച്ചു പറയുന്നതും.

മേഘമാണ് ഇവിടത്തെ ശബ്ദവും കൂടാരവും. കൂടാരമൊരുക്കാൻ പത്രോസ് ഒരുങ്ങുമ്പോൾ മേഘം വന്നു അവരെ ആവരണം ചെയ്‌തെന്നും, ആ മേഘത്തിൽ നിന്നും ഒരു സ്വരം ഉണ്ടായെന്നും വായിക്കുമ്പോൾ അറിയണം, മേഘമാണ് കൂടാരം ഒരുക്കിയത്. ദൈവസാന്നിധ്യം വിളിച്ചുപറയുന്ന ഇടമാണ് മേഘം. പുറപ്പാടിന്റെ പുസ്തകം 14,6-10, 19,9, 24,15, 33,39 ഒക്കെയും മേഘം ദൈവസാന്നിധ്യമാകുന്ന സന്ദർഭങ്ങളാണ്. ദൈവത്തിന് മനുഷ്യന്റെ കൂടാരം ആവശ്യമില്ല മറിച്ചു മനുഷ്യനാണ് ദൈവകൂടാരകൊണ്ടവശ്യം. കൂടാരങ്ങളെ കുറിച്ചുള്ള നമ്മുടെ കോലാഹലങ്ങൾ ഇനിയവസാനിപ്പിക്കേണ്ടിയിരിക്കുന്നു ഒപ്പം അവന്റെ കൂടാരത്തിലേക്ക് നടക്കാനും നമ്മൾ പഠിക്കണം. കാരണം ആ മഹത്വമാണ് നമ്മുടെ രക്ഷ. അതിലേക്ക് നടക്കേണ്ടതാണ് നമ്മുടെ വിളി. അത് മറക്കാതിരിക്കാം. അവന്റെ കൂടാരത്തിൽ എത്തുവോളം നമ്മൾ ജീവിക്കേണ്ടതായുണ്ട്.

ഇങ്ങനെ അർത്ഥസമ്പുഷ്ടമാണ് ക്രിസ്തുവിന്റെ രൂപാന്തരം.  അവന്റെ വെണ്മയാണ് ഇനിമുതൽ ശിഷ്യരുടെ ബലം. ആ ബലത്തിലാണ് ഇനിയവർ കുരിശിന്റെ വഴികളിലേക്ക് നടക്കേണ്ടത്. ഇനിയവർ കുരിശിലെ ബലഹീനനായ ക്രിസ്തുവിനെ കാണുമ്പോഴും ഉള്ളിൽ നിറഞ്ഞുനിൽക്കേണ്ടത് മഹത്വമുള ക്രിസ്തുവാകണം. അതിനുവേണ്ടിയാണ് അയാൾ സ്വയം പ്രകാശിച്ചത്.

അതയാളുടെ സ്വയം പ്രതിരോധമായിരുന്നു. തന്നെ മുക്കികളയാൻ പാകത്തിൽ ഇരുട്ട് രൂപപെടുമ്പോൾ അതിലും മേലെ സ്വയം വെളിച്ചമായി മാറുക.

രൂപാന്തരീകരണം ഒരു വലിയ ജീവിതപാഠമാണ്. ഇരുളിൽ പുതഞ്ഞുപോകുന്ന നിന്റെ ജീവിതത്തെ വെളിച്ചത്തിലേക്കു നയിക്കാനുള്ള ഒരു പാഠം. അതൊരു മനുഷ്യന്റെ അതുജീവനമാണ്. ഇരുട്ടിനെ പഴിചാരി കലങ്ങിപോകാതെ, ആ ഇരുട്ടിൽ സ്വയം വെട്ടമായി മാറാനുള്ള ഒരു മനുഷ്യന്റെ വിശുദ്ധി. ഭൂമിയിലെ ഒരു സങ്കടത്തിനും തന്നെ വിട്ടുകൊടുക്കില്ല എന്ന ഒരാളുടെ നിശ്ചയദാർഢ്യം.

ഈയൊരു മഹത്വം ഇനി ആ ശിഷ്യർ അവരുടെ ഉള്ളിൽ പേറും, അതിന്റെ ബലത്തിലാണ് അവർ ഇനി സുവിശേഷത്തിന്റെ പാതകൾ നടക്കാനുള്ളത്. ഇനിയവരുടെ വഴികളിലും മനുഷ്യർ ഇരുട്ട് പുതപ്പിക്കുമ്പോൾ, അവരും ഗുരുവിനെപോലെ സ്വയം വെളിച്ചമായി മാറും ഭൂമിയുടെ അതിർത്തികൾവരെ.

തപസ്സുകാലത്തിന്റെ രണ്ടാം ഞായർ ഒരു വെളിച്ചത്തിന്റെ ദിനമായി അവതരികട്ടെ നമ്മളിൽ. വഴികൾ ഇടുങ്ങിപ്പോകുമ്പോൾ, അവിടങ്ങളിൽ ഇരുട്ട് പരക്കുമ്പോൾ ബലമില്ലാത്തവരായി മാറാതെ, അവിടെ രൂപാന്തരീകരണം നമ്മളിൽ നടക്കട്ടെ. വിശുദ്ധിയുടെ കൂടാരങ്ങളിൽ നമ്മൾ ജെറുസലേമിലേക്ക് ഒരുങ്ങട്ടെ.

ഓർക്കുക, ഒരു സഹനവും ഒരു സങ്കടവും എന്നേക്കുമല്ല, അതിനുനടുവിലും ദൈവം നിനക്കായി ഒരു മഹത്വം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. നിന്റെ വഴികളിൽ അവൻ കൃപനിറഞ്ഞ ഏലിയായും, മോശയും നടക്കുന്നുണ്ട്. നീ ചെയ്യണ്ടത് വിധിയെ പഴിക്കാതെ വെളിച്ചമാകുക, ഇരുട്ട് താനെ മാഞ്ഞുകൊള്ളും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2024, 18:44