കർദ്ദിനാൾ ജോസ് ലൂയിസ് ലകു൯സ. കർദ്ദിനാൾ ജോസ് ലൂയിസ് ലകു൯സ. 

പനാമ: കർദ്ദിനാൾ ലകുൻസയെ രണ്ട് ദിവസത്തെ തിരോധാനത്തിന് ശേഷം വഴിതെറ്റിയ നിലയിൽ കണ്ടെത്തി

പനാമയിലെ ഡേവിഡ് രൂപത മെത്രാൻ കർദ്ദിനാൾ ജോസ് ലൂയിസ് ലകു൯സ മാസ്ട്രോജുവാനെ ജനുവരി മുപ്പതിനാണ് കാണാതായത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഡേവിഡിൽ നിന്ന് ഏകദേശം നാപ്പത് കിലോമീറ്റർ അകലെയുള്ള ബൊക്വെറ്റ് പട്ടണത്തിൽ നിന്നാണ് കർദ്ദിനാൾ ജോസ് ലൂയിസ് ലകു൯സായെ കണ്ടെത്തിയത്. സമൂഹമധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ കർദ്ദിനാൾ ആശയക്കുഴപ്പത്തിലായിരുന്നതായി കാണപ്പെട്ടു. അതിനാൽ ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർദ്ദിനാളിനെ കാണാതായതിനെ തുടർന്ന് ഡേവിഡ് രൂപത പ്രാർത്ഥനകൾ അഭ്യർത്ഥിച്ചിരുന്നു. ദേശീയ, പ്രാദേശിക പോലീസ് സേനകൾ ഉൾപ്പെട്ടെ വിപുലമായ അന്വേഷണത്തിനൊടുവിലാണ് കർദ്ദിനാളിനെ കണ്ടെത്തിയത്. 2015ലാണ് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ ലകു൯സായെ പനാമയുടെ ചരിത്രത്തിലെ ആദ്യ കർദ്ദിനാളായി നിയമിച്ചത്.

കർദ്ദിനാളിന്റെ തിരോധാനത്തിൽ കാണിച്ച ഐക്യദാർഢ്യത്തിനും പ്രാർത്ഥനകൾക്കും പനാമയിലെ കത്തോലിക്കാ മെത്രാൻ സമിതി എല്ലാവർക്കും നന്ദി അറിയിച്ചു. ഡേവിഡ് രൂപത അദ്ദേഹത്തിന്റെ കണ്ടെത്തലും നിലവിലെ അവസ്ഥയും സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവന പുറത്തിറക്കി. ഡേവിഡിലെ ഒരു ആശുപത്രിയിൽ കർദ്ദിനാൾ ലകു൯സയ്ക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസ് ഡൊമിംഗോ ഉള്ളോവ മെൻഡിയറ്റ റിപ്പോർട്ട് ചെയ്തു. 

2019 ലെ ലോക യുവജന ദിനത്തിൽ ഫ്രാൻസിസ് പാപ്പയെ പനാമയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഓർഡർ ഓഫ് അഗസ്റ്റീനിയൻ റീകോൾട്ടിലെ അംഗമായ കർദ്ദിനാൾ ലകു൯സ പ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതിൽ കത്തോലിക്കാ സമൂഹം ആശ്വാസം പ്രകടിപ്പിക്കുകയും അവരുടെ രൂപത ശ്രേഷ്ഠ൯ വേഗത്തിൽ സുഖം പ്രാപിക്കാനും അദ്ദേഹവുമായി വീണ്ടും ഒത്തുചേരാനും പ്രാർത്ഥനകൾ തുടരുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 February 2024, 14:05