തിരയുക

M23 വിമതരും കോംഗോ സൈന്യവും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്നും ഗോമയിലെ സംഘർഷങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെ അപലപിച്ചും പ്രവർത്തകർ മാർച്ച് നടത്തുന്നു. M23 വിമതരും കോംഗോ സൈന്യവും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്നും ഗോമയിലെ സംഘർഷങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെ അപലപിച്ചും പ്രവർത്തകർ മാർച്ച് നടത്തുന്നു. 

കോംഗോയിൽ സമാധാനത്തിനായി പ്രാർത്ഥന

ഫെബ്രുവരി 18ന് കിൻഷാസായിൽ എല്ലാ ദിവ്യബലികളും സായുധസംഘങ്ങളുടെ അക്രമങ്ങൾ തകർത്തയിടങ്ങളിൽ സമാധാനമുണ്ടാകാനുള്ള പ്രത്യേക പ്രാർത്ഥനയോടെയാണ് സമാപിച്ചത്. ഏതു സമയത്തും ഒരു ആഭ്യന്തര യുദ്ധമായി പൊട്ടിത്തെറിക്കാവുന്ന തരത്തിലാണ് നഗരമെന്ന് ഗോമാ മെത്രാനായ വില്ലി ൻഗുംബി ഇൻ ഗെൻഗെലെ പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ കിഴക്കൻ ഭാഗത്ത് വിമത തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമത്താൽ മൂന്ന് ദശകങ്ങളായി ദശലക്ഷക്കണക്കിനാളുകളുടെ ജീവനാണ് അപഹരിച്ചിട്ടുള്ളത്. ഇതിന്റെ മുന്നിൽ നിസ്സഹായരാകാതെ ഫെബ്രുവരി 18 ഞായറാഴ്ച രാജ്യത്ത് അർപ്പിച്ച ഓരോ ദിവ്യബലിയും മെത്രാൻ സമിതി തയ്യാറാക്കിയ പ്രത്യേക പ്രാർത്ഥനയോടെയാണ് സമാപിച്ചത്. അടുത്ത ശനിയാഴ്ച 24ന് രാജ്യത്തിന്റെ തലസ്ഥാനത്തുള്ള കോംഗോയുടെ നാഥയുടെ നാമത്തിലുള്ള കത്തീഡ്രലിൽ സമാധാനത്തിനായി ദിവ്യബലിയർപ്പിച്ച് കിൻഷാസിനായി ആർച്ച് ബിഷപ്പ് ഫ്രിദൊളിൻ അംബോംഗോ പ്രാർത്ഥിക്കും.

രണ്ടു ദിവസം മുമ്പ് ഗോമയിൽ ശവസംസ്കാര ചടങ്ങിനിടയിൽ നടന്ന സായുധസംഘങ്ങളുടെ ഏറ്റുമുട്ടലിൽ 17പേരാണ് മരിച്ചത്. റുവാണ്ട പിൻതുണയ്ക്കുന്ന M23 എന്ന സായുധ സംഘമാണ് അതിന്റെ പിന്നിൽ. ഡ്രോണുകൾ ഉപയോഗിച്ച് ഗോമാ വിമാന താവളം റുവാണ്ട ആക്രമിച്ചതായി കോംഗോക്കാർ കുറ്റപ്പെടുത്തി. എന്നാൽ അതിന് പ്രതികരണമൊന്നും റുവാണ്ട നടത്തിയിട്ടില്ല. വംശീയ ഗ്രൂപ്പുകളും അയൽ രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വവും ജീവിതവും യുദ്ധം താറുമാറാക്കും എന്ന ഭയം വ്യാപകമാണ്. ഗോമാ റുവാണ്ടയുമായി അതിർത്തി പങ്കിടുന്ന പട്ടണവും ഗിസെനി നഗരവുമായി അതിർത്തി കടന്ന് ഉയർന്ന സാമ്പത്തിക വ്യാപാരം ചെയ്യുന്ന നാടാണ്. M 23 എന്ന സായുധസംഘത്തിന്റെ അക്രമണത്തെ തുടർന്ന് ഗോമാ  വാത്സെലാൻദോ പോലുള്ള സായുധസംഘങ്ങളുടെ  സാന്നിധ്യത്താൽ കൂടുതൽ സൈനീകവൽക്കരിക്കപ്പെട്ടു എന്ന് ഗോമായുടെ മെത്രാനായ വില്ലി ൻഗുംബി പറഞ്ഞു. ഇത് ഗോമായെ ഏതു നേരത്തും അഭ്യന്തരയുദ്ധത്തിലേക്ക്  പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു കരിമരുന്നു വീപ്പയാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഏകദേശം രണ്ട് ദശലക്ഷം നിവാസികളുള്ള ഗോമയിൽ സർക്കാർ സ്ഥാപിച്ച ഏഴ് ക്യാമ്പുകളിൽ രണ്ടു വർഷത്തിനിടെ 850,000 പേരാണ് അഭയാർത്ഥികളായുള്ളതെന്നും അവരെല്ലാം റുവാണ്ടയുടെ പിന്തുണയോടെ നടന്ന 23 മാർച്ചിലെ മുന്നേറ്റത്തിന്റെ (M23) ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. M23 എല്ലാ വിതരണ സംവിധാനങ്ങളും അടച്ചാൽ ആളുകൾ പട്ടിണിയാൽ മരിക്കുകയും തൊഴിലെടുക്കാൻ ശക്തിയില്ലാതാവുകയും ചെയ്യുന്ന ഒരു നഗരത്തിൽ പ്രവേശിക്കുന്നത് എന്ത് നേട്ടമുണ്ടാക്കും എന്ന് അദ്ദേഹം ചോദിച്ചു. ഒരു മാനുഷിക ദുരന്തത്തെ നിസ്സഹായരായി നോക്കി നിൽക്കുകയാണ് തങ്ങളെന്ന് ബിഷപ്പ് വില്ലി ൻഗുംബി ഇൻഗെൻഗെലെ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2024, 15:18