സമാധാനത്തിനായി പ്രാർത്ഥിച്ചുകൊണ്ടുള്ള വിശുദ്ധബലിയർപ്പണത്തിനായി നീങ്ങുന്നവർ സമാധാനത്തിനായി പ്രാർത്ഥിച്ചുകൊണ്ടുള്ള വിശുദ്ധബലിയർപ്പണത്തിനായി നീങ്ങുന്നവർ  (AFP or licensors)

കോംഗോയിൽ ദേവാലയത്തിനുനേരെ ആക്രമണം: ക്രൈസ്തവരുൾപ്പെടെ നിരവധിയാളുകൾ കൊല്ലപ്പെട്ടു

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ബേതിയിൽ ഒരു പെന്തക്കോസ്താ ദേവാലയമുൾപ്പെടെയുള്ള ഇടങ്ങളിൽ അക്രമികൾ നടത്തിയ സായുധാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് (isis) തീവ്രവാദസംഘടനയുമായി ബന്ധമുള്ള ജനാധിപത്യ സഖ്യശക്തികൾ (ADF) എന്ന സംഘം ജനുവരി 30 ചൊവ്വാഴ്ച നടത്തിയ വൻ ആക്രമണത്തിലാണ് സാധാരണക്കാരായ മനുഷ്യർ കൊല്ലപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഫ്രിക്കൻ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻ പ്രദേശത്തെ ബേതിയിൽ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുമായി ബന്ധപ്പെട്ട ജനാധിപത്യ സഖ്യശക്തികൾ എന്ന സംഘടനയുടെ പ്രവർത്തകർ നടത്തിയ ശക്തമായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവരാണ് ഇവരിൽ അഞ്ചു പേർ. 30 പേരെ അക്രമികൾ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയി.

ജനുവരി 30 ചൊവ്വാഴ്ച, ബേതിയിലെ ഗ്രാമങ്ങളിലും ചുറ്റുപാടുകളിലും സായുധസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബ്രഹ്മണിസ്റ് എന്ന പെന്തക്കോസ്ത് സമൂഹത്തിൽപ്പെട്ട വിശ്വാസികൾ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങൾ നടന്ന ഒയിച്ച പ്രദേശത്തെ മേയർ നിക്കോളാസ് കിക്കുകുവാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

കിഴക്കൻ കോംഗോയിൽ നടന്ന ഈ ആക്രമണങ്ങളിൽ ഏതാണ്ട് മുപ്പത് പേരെ അക്രമിസംഘം ബന്ദികളാക്കി കൊണ്ടുപോയതായും പ്രാദേശികറിപ്പോർട്ടുകൾ വ്യക്തമാക്കി. അതേസമയം ജനുവരി 27 ശനിയാഴ്ച രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് നടന്ന സമാനമായ മറ്റൊരാക്രമണത്തിൽ ദേവാലയത്തിനുള്ളിൽ വച്ച് തലയറുക്കപ്പെട്ട അഞ്ച് ക്രൈസ്തവർ ഉൾപ്പെടെ 32 പേരെ ജനാധിപത്യ സഖ്യശക്തികൾ എന്ന സംഘടനയുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സായുധസംഘത്തിലെ പ്രവർത്തകർ കൊലചെയ്തതായി ഫീദെസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോംഗോയുടെ വടക്കൻ പ്രവിശ്യകളായ കിവു, ഇതൂരി 2021 മുതൽ സംഘർഷഭരിതമേഖലയാണ്. യുഗാണ്ടയിൽനിന്നുള്ള ഇസ്ലാമികവിപ്ലവകാരികൾ സ്ഥാപിച്ച ജനാധിപത്യ സഖ്യശക്തികൾ എന്ന സംഘടനാ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലാണ് കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ പ്രവർത്തനം ആരംഭിച്ചത്. ആയിരക്കണക്കിന് സാധാരണക്കാരെ ഇതിനോടകം ഈ സംഘടന കോല ചെയ്തിട്ടുണ്ട്. 2019 മുതൽ ഈ സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2024, 18:06