പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത 

ദൈവമാതാവിന്റെ വ്യാകുലപ്രലാപം - ഭാഗം 2

അർണോസ് പാതിരി രചിച്ച 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെ ആധാരമാക്കിയ വിചിന്തനം. പ്രത്യേക നോമ്പുകാലപരിപാടി - രണ്ടാം ഭാഗം.
'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' - 2 - ശബ്ദരേഖ

എഫ്. ആന്‍റണി പുത്തൂര്‍, ചാത്തിയാത്ത്

അര്‍ണോസ് പാതിരി ഏറെ ആദരിക്കുകയും പിതൃസമാനനായി കാണുകയും ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ റിബേരോ എസ് ജെ 1716 ജനുവരി 4 ശനിയാഴ്ച തികച്ചും ആകസ്മികമായി മരണമടഞ്ഞത് അദ്ദേഹത്തിന്‍റെ മനസ്സിനെ ഏറെ വ്യാകുലപ്പെടുത്തി. ഈ ആകുലതകളോടെ ചാത്തിയാത്ത് പരിശുദ്ധ കര്‍മ്മലനാഥയുടെ ദൈവാലയത്തിലെത്തിയ പാതിരി ഇവിടെ വച്ച് ആദ്യമായി പച്ച മലയാളത്തില്‍ രചിച്ച കാവ്യമാണ് ഉമ്മാടെ ദു:ഖം. യേശുനാഥന്‍റെ സംഭവ ബഹുലമായ ജീവിതവുമായി ബന്ധപ്പെട്ട് മാതാവായ പരിശുദ്ധ മറിയത്തിനുണ്ടാകുന്ന വ്യാകുലങ്ങളാണ് ഈ കാവ്യത്തിന്‍റെ ഉള്ളടക്കം. ഈ കാവ്യത്തിന്‍റെ 14 മുതല്‍ 26 വരെയുള്ള ഈരടികളിലൂടെയാണ് നാമിന്ന് കടന്നുപോവുക. ആ ഈരടികള്‍ ഇപ്രകാരമാണ്:

'വാര്‍ത്ത മുമ്പേ അറിയിച്ചു, യാത്ര നിയെന്നോടുചൊല്ലി

ഗാത്രദത്തം മാനുഷര്‍ക്കു കൊടുത്തോ പുത്രാ!

                മാനുഷര്‍ക്കു നിന്‍പിതാവു മനോഗുണം നല്‍കുവാനായ്

                മനോസാധ്യമപേക്ഷിച്ചു കേണിതോ പുത്ര!

ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താല്‍

ചിന്തി ചോര വിയര്‍ത്തു നീ കുളിച്ചോ പുത്ര!

അതെ നിന്‍റെ ജീവിത നിയോഗത്തെ സംബന്ധിച്ച് നീ എന്നോട് യാത്ര പറയുന്നതിനും ഏറെ മുമ്പേ എനിക്കറിയാമായിരുന്നു മകനേ എന്നും ദത്തമായ ഗാത്രം അതായത് അമ്മയായ തന്നില്‍ നിന്നും ഉരുവാക്കപ്പെട്ട ശരീരം തന്നെയല്ലേ ഈ മഹായാഗത്തിനായി തന്‍റെ മകന്‍ വിട്ടു നല്കുന്നത് എന്നും കഠിനവും നിഷ്ഠൂരവുമായ പീഢകള്‍ സഹിക്കാനാവാതെ സ്വര്‍ഗ്ഗത്തിലേക്ക് മിഴികളയച്ച് ആ കണ്ണുകളിലും ചോരയൂറുന്നത് ഞാനറിയുന്നു എന്നും ആ അമ്മ പറഞ്ഞുപോവുകയാണിവിടെ. തുടര്‍ന്ന്,

                'വിണ്ണിലോട്ടു നോക്കി നിന്‍റെ കണ്ണിലും നീ ചോരചിന്തി

                മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!

ഭൂമിദോഷാല്‍ വലഞ്ഞാറെ, സ്വാമി നിന്‍റെ ചോരയാലെ

ഭൂമി തന്‍റെ ശാപവും നീയൊഴിച്ചോ പുത്ര!

                ഇങ്ങനെ മാനുഷര്‍ക്കുനീ, മംഗലം വരുത്തുവാനായ്

                തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!'

മകനേ, നിന്‍റെ ചൂടുനിണത്താല്‍ ഭൂമിയുടെ പാപങ്ങളെല്ലാം ഒഴിഞ്ഞു പോയോ എന്ന് ആ അമ്മ കണ്ണീരോടെ അന്വേഷിക്കുകയാണ്. ഗദ്സേമനില്‍ യേശുനാഥന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നും കഠിന വേദനയിലായിരുന്ന അവിടുന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കയാല്‍ അവന്‍റെ വിയര്‍പ്പ് വലിയ രക്തത്തുള്ളികളായി നിലത്തു വീണു എന്നും ഉള്ള ലൂക്കായുടെ സുവിശേഷം 22:44 വാക്യങ്ങള്‍ ഇവിടെ ചേര്‍ത്തു വായിക്കപ്പെടുകയാണ്.

                'വേല നീയിങ്ങനെ ചെയ്തു, കൂലി സമ്മാനിപ്പതിനായ്

                കാലമേ പാപികള്‍ നിന്നെ വളഞ്ഞോ പുത്ര!

ഒത്തപോലെ ഒറ്റി കള്ളന്‍, മുത്തി നിന്നെ കാട്ടിയപ്പോള്‍

ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്ര!

                എത്രനാളായ് നീയവനെ വളര്‍ത്തു പാലിച്ചു നീചന്‍

                ശത്രു കൈയില്‍ വിറ്റുനിന്നെ കൊടുത്തോ പുത്ര!

നീശനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും

കാശുനല്‍കായിരുന്നയ്യോ! ചതിച്ചോ പുത്ര!

എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന നിന്നെ ആ പാപികള്‍ വളഞ്ഞു പിടിച്ചല്ലോ മകനേ എന്നും നീ തന്നെ പരിപാലിച്ച നിന്‍റെ സ്നേഹിതന്‍, നീചനായ യൂദാ, തന്നെയല്ലേ നിന്നെ ഒരു ചുംബനത്താല്‍ ഒറ്റു കൊടുത്തതെന്നും പണത്തോട് ആ നീചന് ഇത്ര ആര്‍ത്തി ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നെങ്കില്‍ ഇരന്നിട്ടാണെങ്കിലും എത്രവേണമെങ്കിലും നല്‍കാമായിരുന്നല്ലോ എന്നുമൊക്കെ ആ അമ്മ ചോദിച്ചു പോവുകയാണ്. പിന്നീട്

                'ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി

                ധീരതയോടവര്‍ നിന്നെയടിച്ചോ പുത്ര!

പിന്നെ ഹന്നാന്‍ തന്‍റെ മുന്നില്‍വെച്ചു നിന്‍റെ കവിളിന്മേല്‍

മന്നിലേക്കു നീച പാപിയടിച്ചോ പുത്ര!

                പിന്നെ ന്യായം വിധിപ്പിപ്പാന്‍ ചെന്നു കയ്യേപ്പാടെ മുമ്പില്‍

                നിന്ദ ചെയ്തു നിന്നെ നീചര്‍ വിധിച്ചോ പുത്ര!'

മടിയില്‍ കിടത്തിയിരിക്കുന്ന സ്വപുത്രന്‍റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടുന്ന കന്യകാംബയുടെ മനസ്സ് സഞ്ചരിക്കുന്ന വഴികള്‍ ദുര്‍ഗ്രഹമായിരിക്കുന്നു എന്നതാണ് നാം ഇവിടെ കാണുന്നത്. മഹാപുരോഹിതനായ ഹന്നാന്‍റെ മുമ്പില്‍ യേശുനാഥനെ ഹാജരാക്കിയപ്പോള്‍ ഭൂമിയിലെ ഏറ്റവും നികൃഷ്ടനായ ഒരുവന്‍ അവിടുത്തെ കവിളില്‍ ആഞ്ഞടിച്ച സംഭവവും പിന്നീട് പ്രധാനപുരോഹിതനായ കയ്യഫാസിന്‍റെ അടുത്തേക്ക് ന്യായവിധിക്കായി കൊണ്ടു ചെന്നപ്പോള്‍ അവിടുത്തെ ശത്രുക്കള്‍ മുഖത്തു തുപ്പിയും അടിച്ചുമൊക്കെ നിന്ദിച്ച കാര്യവും കവി പരിശുദ്ധ അമ്മയിലൂടെ തന്നെ നമ്മോടു സംവദിക്കുകയാണിവിടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2024, 16:11