ജാതിസമ്പ്രദായം ആരെയും അകറ്റി നിർത്തരുത്: ഭാരതകത്തോലിക്ക മെത്രാൻ സമിതി
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ആഗോള കത്തോലിക്കാസഭയിൽ നടക്കുന്ന സിനഡിന്റെ ഭാഗമായി, ജാതിയുടെ പേരിലോ, സവർണ്ണ സമ്പ്രദായത്തിന്റെയോ പേരിൽ സമൂഹത്തിൽ ഭ്രഷ്ട് കല്പിക്കപെടുന്ന സാധാരണക്കാർക്കുവേണ്ടി ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ "പുറന്തള്ളപ്പെട്ടവരുടെ സിനഡ്" എന്ന പേരിൽ സമ്മേളനം നടത്തി. സമ്മേളനത്തിൽ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഒഡീഷ, കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ദളിത് പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യയിൽ ജാതിവ്യവസ്ഥ ഭരണഘടനപ്രകാരം ഔപചാരികമായി നിർത്തലാക്കിയെങ്കിലും ഇന്നും തുടരുന്ന കീഴ്വഴക്കമായി നിലനിൽക്കുന്നു.എങ്കിലും ക്രൈസ്തവരുടെ, പ്രത്യേകമായും കത്തോലിക്കാസഭയിൽ വിമോചനം, രക്ഷ, ദൈവമക്കളുടെ മഹത്വം എന്നിവ ഉൾക്കൊള്ളുന്ന, എല്ലാവരെയും ചേർത്തുനിർത്തുന്ന ഒരു സംസ്കാരം രൂപപ്പെടുത്തുവാൻ എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നുവെന്നതിന്റെ സമീപകാലതെളിവാണ്, ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടത്തിയ ഈ സിനഡ് സമ്മേളനം.
ഭാരതകത്തോലിക്ക മെത്രാൻ സമിതി 2016 ൽ ആരംഭിച്ച 'ദളിത് ശാക്തീകരണ നയം' സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ഈ നയങ്ങളുടെ പ്രാവർത്തികതയും, ഫലങ്ങളും സിനഡിൽ വിലയിരുത്തപ്പെട്ടു. "പാർശ്വവത്ക്കരിക്കപ്പെട്ട ഈ ജനതയുടെ ശബ്ദം ശ്രവിക്കുവാനും, അവരെ സഭാജീവിതത്തിൽ ഉൾക്കൊള്ളിക്കുവാനുമുള്ള കടമയാണ് ഒരു സിനഡൽ സഭയ്ക്കുള്ളതെന്ന്" കർദിനാൾ ആൻ്റണി പൂള പറഞ്ഞു.
"എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതിനർത്ഥം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് തുറന്ന മനസ്സോടെയും സിനഡൽ ചൈതന്യത്തോടെയും അവസരങ്ങൾ സൃഷ്ടിക്കുക" എന്നതാണെന്ന് ദളിത് ദൈവശാസ്ത്രജ്ഞനായ ഫാ.കോസ്‌മോൻ ആരോഗ്യരാജ് പറഞ്ഞു.
സിനഡൽ സമ്മേളനത്തിൻ്റെ സമാപനത്തിൽ ദളിത് വംശജരെ സിനഡൽ പാതയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും, അടിയന്തരതയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു നിവേദനവും ഭാരതകത്തോലിക്ക മെത്രാൻ സമിതിയ്ക്കും, പരിശുദ്ധ സിംഹാസനത്തിനും നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: