തിരയുക

തപസ്സു കാലം തപസ്സു കാലം  

തപസ്സു കാലം ക്രിസ്തുവിനോടൊപ്പം നിൽക്കുവാനും അയൽക്കാരനെ സഹായിക്കാനുമുള്ള സമയം

തപസ്സു കാലം ഫലവത്തും അർത്ഥവത്തുമാക്കാൻ യേശുവിനൊപ്പം മരുഭൂമിയിൽ, പ്രാർത്ഥനയിൽ, പ്രലോഭനങ്ങളെ അഭിമുഖീകരിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നുവെന്ന് പെനാങ്ങിലെ മെത്രാനും കർദ്ദിനാളുമായ സെബാസ്റ്റ്യൻ ഫ്രാൻസിസ് പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

2024 ൽ ആഗോളസഭ ജൂബിലി വർഷത്തിനായുള്ള ഒരുക്കമായി പ്രാർത്ഥനയുടെ വർഷമായി ആചരിക്കുകയാണെന്നും അതിനാൽ സഭ വിശ്വാസികളെ കൂടുതൽ ബോധ്യത്തോടെ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും അനുഭവത്തിലേക്ക് വരാൻ ക്ഷണിക്കുകയാണെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ വിളിയോടു പ്രത്യുത്തരിക്കുകയെന്നാൽ പശ്ചാത്താപത്തെ പുണർന്നു കൊണ്ട് പാപത്തിൽ നിന്ന് മോചനവും സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുകയാണ്. പ്രത്യേകിച്ച് തപസ്സു കാലം കരുണയുടേയും ദയയുടേയും പ്രവർത്തിയുടെ സമയമാണ്. ഏഷ്യയിൽ കത്തോലിക്കരെയും, ഹിന്ദു വിശ്വാസികളെയും, ബുദ്ധമതക്കാരെയും ഇസ്ലാം വിശ്വാസികളെയും ഒരുമിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ "ജീവന്റെ സംവാദത്തിന് “ അടിസ്ഥാനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഉപവാസവും, പ്രാർത്ഥനയും, പ്രായശ്ചിത്തവും ഏഷ്യയുടെ ആത്മീയതയുടെ അവിഭാജ്യ ഘടകമാണ് എന്നതും കർദ്ദിനാൾ ഓർമ്മിച്ചു.

പെനാങ് രൂപതയിൽ കാരിത്താസ്  "നമ്മുടെ സമൂഹത്തിന്റെയും പൊതു ഭവനത്തിന്റെയും പുനരുദ്ധാരണത്തിനായി ഒരുമിച്ച്” എന്ന ഒരു ഐക്യദാർഢ്യ സംരംഭം ആരംഭിച്ചിട്ടുണ്ട്. “നമ്മുടെ പാപങ്ങളും ലോകത്തിന്റെ ഇന്നത്തെ ദുരിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിക്കാൻ തപസ്സു കാലം നമ്മെ ക്ഷണിക്കുന്നു. എന്നാൽ യേശുവിന്റെ സ്നേഹത്തെ നാം സ്വാഗതം ചെയ്തു കഴിയുമ്പോൾ നമുക്ക് ആത്മാർത്ഥമായി പശ്ചാത്തപിക്കാനും ജീവിതം മാറ്റാനും കഴിയും” എന്ന് ഐക്യദാർഢ്യത്തിനായുള്ള കാരിത്താസിന്റെ പത്രിക രേഖപ്പെടുത്തുന്നു.

“വിശ്വാസമില്ലെങ്കിൽ നമ്മുടെ സഭ നശിക്കും, ദരിദ്രരെക്കുറിച്ച് ആർക്കും ശ്രദ്ധയില്ലെങ്കിൽ നമ്മുടെ സമൂഹം നശിക്കും, നമ്മുടെ പൊതു ഭവനവും ഉപയോഗിച്ചു വലിച്ചെറിയുന്ന സംസ്കാരം മൂലം നശിച്ചു കൊണ്ടിരിക്കുന്നു," എന്ന് രൂപതാ കാരിത്താസ് അടിവരയിട്ടു. ഈ ഐക്യദാർഢ്യ സംരംഭത്തിന്റെ ഉദ്ദേശം സംഘടനകളെയും സഖ്യങ്ങളെയും സമൂഹങ്ങളെയും തങ്ങളുടെ സമൂഹത്തിലെ കുടിയേറ്റക്കാർ, അനാഥർ, ദരിദ്രർ, തെരുവിൽ വസിക്കുന്നവർ, തടവുകാർ, വെള്ളപ്പൊക്കത്തിൽപ്പെട്ടവർ എന്നിവരെ അവരുടെ കുരിശു ചുമക്കാൻ സഹായിക്കാനാണ് എന്ന് രൂപതാ കാരിത്താസിന്റെ  ഡയറക്ടർ ഫാ. ജോവാക്കിം റോബർട്ട് പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 March 2024, 14:48