മലേഷ്യയിൽ മാമ്മോദീസ സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സമീപ വർഷങ്ങളിൽ, മലേഷ്യയിലെ കത്തോലിക്കാ സമൂഹത്തിലേക്ക് മാമ്മോദീസ സ്വീകരിച്ചു കടന്നുവരുന്ന മുതിർന്നവരുടെ എണ്ണം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ ഇടവകകളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന അഭ്യർത്ഥനകൾ കണക്കിലെടുത്ത് രൂപതകൾ ഇവർക്കുള്ള പരിശീലന പരിപാടികൾ നടത്തുകയും, ഒരുക്കുകയും ചെയ്യുന്നു. 2024 ഉയിർപ്പുഞായർ ദിനത്തിൽ 1700 ലധികം മുതിർന്നവരാണ് മാമ്മോദീസ സ്വീകരിക്കുവാൻ ഒരുങ്ങുന്നത്. മലേഷ്യൻ കത്തോലിക്കാ സഭയുടെ വളർച്ചയാണ് ഈ അഭ്യർത്ഥനകളിലൂടെ വെളിപ്പെടുന്നത്.
കോലാലംപൂർ അതിരൂപതയിലെ തിരുഹൃദയ ദേവാലയത്തിൽ നടത്തിയ സമ്മേളനത്തിൽ ഏകദേശം 547 ഓളം അർത്ഥികൾ പങ്കെടുത്തു. തദവസരത്തിൽ ആർച്ചുബിഷപ്പ് ജൂലിയൻ ലിയോ, "കർത്താവിനോടുള്ള അനുസരണത്തിനായി തൻ്റെ ഏക മകനായ ഇസഹാക്കിനെ ബലിയർപ്പിക്കാൻ തയ്യാറായ അബ്രഹാമിൻ്റെ വിശ്വസ്തതയും, തൻ്റെ ദൗത്യത്തോട് വിശ്വസ്തനായ യേശുവിൻ്റെ അനുസരണവും" അടിവരയിട്ടു പറഞ്ഞു. "ഇപ്രകാരം മാമോദീസയിലൂടെ ദൈവജനമാകാൻ വിളിക്കപ്പെട്ടവരാണ് അർത്ഥികളായ നിങ്ങൾ" എന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.
കോട്ട കിനാബാലു അതിരൂപതയിലും ഇപ്രകാരം സമ്മേളനം നടത്തപ്പെട്ടു. 941 അർത്ഥികൾ അതിൽ പങ്കെടുത്തു. ആർച്ച് ബിഷപ്പ് ജോൺ വോങ് അവരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊണ്ട്, "മാമോദീസായെന്നത് ഒരു ജീവിതത്തിന്റെ സ്വീകരണമാണ്, യേശുവിനോട് ചേർന്ന് നില്ക്കുവാനുള്ള വിളിയാണതെന്ന്" ഓർമ്മിപ്പിച്ചു.
മലേഷ്യയിലെ 23 ദശലക്ഷം ജനസംഖ്യയിൽ 60.4% മുസ്ലീങ്ങളും 9.1% ക്രിസ്ത്യാനികളുമാണ്. തടസങ്ങളും, ബുദ്ധിമുട്ടുകളും ഏറെയുണ്ടെങ്കിലും സഭയുടെ വളർച്ച ദൈവീകാനുഗ്രഹത്തിന്റെ പ്രതിഫലനമാണെന്ന് മലേഷ്യൻ വിശ്വാസികൾ അടിയുറച്ചു വിശ്വസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: