തിരയുക

പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത  

ദൈവമാതാവിന്റെ വ്യാകുലപ്രലാപം - ഭാഗം 5

അർണോസ് പാതിരി രചിച്ച 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെ ആധാരമാക്കിയ വിചിന്തനം. പ്രത്യേക നോമ്പുകാലപരിപാടി - അഞ്ചാം ഭാഗം.
'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' - 5 - ശബ്ദരേഖ

എഫ്. ആന്‍റണി പുത്തൂര്‍, ചാത്തിയാത്ത്

കേരളമെന്ന പഴയകാല മലബാറില്‍ എത്തിയ പാശ്ചാത്യ മിഷണറിമാരില്‍ ഏറെ ശ്രദ്ധേയനായ ദേഹമാണ് ഈശോസഭാ വൈദികനായ യൊഹാന്നസ് ഏണസ്തൂസ് ഫോണ്‍ ഹാങ്സ്ലേഡന്‍ എന്ന അര്‍ണോസ് പാതിരി. മലയാള ഭാഷയ്ക്കും സംസ്കൃതത്തിനും സാരവത്തായ സംഭാവനകള്‍ നല്കിയ അര്‍ണോസ് പാതിരി രചിച്ച 'ഉമ്മാടെ ദു:ഖം' എന്ന വിലാപ കാവ്യത്തിന്‍റെ 54 മുതല്‍ 65 വരെയുള്ള ഈരടികളിലൂടെയുള്ള യാത്രയാണ് നാമിന്നു നടത്തുന്നത്. ആ ഈരടികള്‍ ഇപ്രകാരമാണ്:

                               'അരിയ കേസരികളെ നിങ്ങള്‍ പോയഞായറിലെന്‍

                               തിരുമകന്‍ മുമ്പില്‍ വന്നാചരിച്ചു പുത്ര!

അരികത്തു നിന്നു നിങ്ങള്‍ സ്തുതിച്ചോശാനയും ചൊല്ലി

പരിചില്‍ കൊണ്ടാടിയാരാധിച്ചുമേ പുത്ര!

                               അതില്‍പ്പിന്നെയെന്തു കുറ്റം ചെയ്തതെന്‍റെ പുത്രനയ്യോ!

                               അതിക്രമം ചെയ്തുകൊള്‍വാനെന്തിതു പുത്ര!

ഓമനയേറുന്ന നിന്‍റെ തിരുമുഖ ഭംഗി കണ്ടാല്‍

ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്ര!'

                               അതായത്, ഇക്കഴിഞ്ഞ ഞായറാഴ്ചയല്ലേ ഇവരെല്ലാം അരികത്തു നിന്ന് ഓശാന ചൊല്ലി നിന്നെ നഗരത്തിലേക്ക് സ്വീകരിച്ചാനയിച്ചതു മകനേ? പിന്നീട് അവര്‍ തന്നെയല്ലേ മകനേ, നിന്നെ പരിഹസിച്ചതും. ഇത്രമേല്‍ അതിക്രമങ്ങള്‍ നിന്നോടു ചെയ്യാന്‍ നീയവരോട് എന്തു തെറ്റാണു ചെയ്തതു മകനേ? നിന്‍റെ സുന്ദരമായ മുഖത്തു നോക്കി എങ്ങിനെയവര്‍ക്കിത്ര ക്രൂരതകള്‍ കാണിക്കാന്‍ കഴിഞ്ഞു മകനേ? 'ഹോഷിയാന' എന്ന ഹീബ്രു രൂപത്തില്‍ നിന്നും ഉത്ഭവിച്ച 'ഓശാന'യുടെ അര്‍ത്ഥം 'രക്ഷിക്കുക' എന്നാണെന്നും അറിയേണ്ടതുണ്ട്. ആ പെറ്റമ്മയുടെ ഹൃദയ ദ്രവീകരണ ശക്തിയുള്ള വിലാപം തുടരുകയാണ്:

                               'ഉണ്ണി നിന്‍റെ തിരുമുഖം തിരുമേനി ഭംഗി കണ്ടാല്‍

                               കണ്ണിനാനന്ദവും ഭാഗ്യസുഖമേ പുത്ര!

കണ്ണിനാനന്ദകരനാമുണ്ണി നിന്‍റെ തിരുമേനി

മണ്ണുവെട്ടിക്കിളയ്ക്കും പോല്‍ മുറിച്ചോ പുത്ര!

                               കണ്ണുപോയ കൂട്ടമയ്യോ! ദണ്ഡമേറ്റം ചെയ്തു ചെയ്തു

                               പുണ്ണുപോലെ നിന്‍റെ ദേഹം ചമച്ചോ പുത്ര!

അടിയോടു മൂടി ദേഹം കടുകിടയിടയില്ല

കഠിനമായ് മുറിച്ചയ്യോ! വലഞ്ഞോ പുത്ര!'

നിന്‍റെ മനോഹരമായ മുഖം എത്ര ആനന്ദമാണ് എനിക്ക് പകര്‍ന്നു നല്കിയിരുന്നത്? എന്‍റെ കണ്ണിന് എന്നും സന്തോഷം നല്കിയിരുന്ന നിന്‍റെ ശരീരത്തെ മണ്ണുവെട്ടിക്കിളക്കുന്നതു പോലെ അവര്‍ വെട്ടിമുറിച്ചില്ലേ! തിന്മയാല്‍ അന്ധരായ അവര്‍ എത്ര ക്രൂരമായാണ് നിന്‍റെ സുന്ദര ദേഹത്തെ തകര്‍ത്തു കളഞ്ഞത്? നിന്‍റെ ശരീരത്തില്‍ ഒരിടം പോലും ബാക്കിയില്ലാത്ത വിധത്തില്‍ അവര്‍ നിന്നെ കഠിനമായി അടിച്ചു പീഢിപ്പിച്ചില്ലേ മകനേ? തുടര്‍ന്ന്:

                               'നിന്‍റെ ചങ്കില്‍ ചവളത്താല്‍ കൊണ്ടകുത്തുടന്‍ വേലസു-

                               വെന്‍റെ നെഞ്ചില്‍ കൊണ്ടു ചങ്കു പിളര്‍ന്നോ പുത്ര!

മാനുഷന്‍റെ മരണത്തെ, കൊന്നു നിന്‍റെ മരണത്താല്‍

മാനുഷര്‍ക്കു മാനഹാനിയൊഴിച്ചോ പുത്ര!

                               സൂര്യനും പോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം

                               വീര്യവാനേ നീ മരിച്ച ഭീതിയോ പുത്ര!'

എത്ര കഠിനമായിട്ടാണവര്‍ ചവളം അതായത് കുന്തം കൊണ്ട് കുത്തി നിന്നെ മുറിവേല്‍പ്പിച്ചത്? നിന്‍റെ മരണം കൊണ്ട് മാനവരാശിയുടെ മുഴുവന്‍ മരണത്തെയാണ് നീ അതിജീവിച്ചത്. അങ്ങനെ നിന്‍റെ മരണത്താല്‍ മനുഷ്യന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും നീ അവനെ മോചിപ്പിച്ചില്ലേ? നിന്‍റെ മരണത്തോടെ സൂര്യന്‍ ഇരുണ്ട് ഉച്ചനേരമായിട്ടു പോലും ഭൂമി ഇരുട്ടിലാണ്ടില്ലേ എന്നൊക്കെ ഹൃദയം പൊട്ടുമാറ് വിളിച്ചു പറയുന്ന ആ അമ്മ അവിടെ, ആ കുരിശു മരത്തിനു ചുറ്റും, നടക്കുന്ന ഭീതിതമായ സംഭവങ്ങളിലേക്ക് മാനവരാശിയുടെ മുഴുവന്‍ ശ്രദ്ധ ക്ഷണിക്കുകയാണ്.

'ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതര മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: ഏലി, ഏലി. ല്മ സബക്ഥാനി! അതായത്, എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തു കൊണ്ടു നീ എന്നെ ഉപേക്ഷിച്ചു!.......യേശു ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍ മുതല്‍ താഴെ വരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു: എന്ന മത്തായിയുടെ സുവിശേഷം 27-ാം അദ്ധ്യായം 45 മുതല്‍ 52 വരെയുള്ള വാക്യങ്ങളാണ് ക്രിസ്ത്യാനികളുടെ എഴുത്തച്ഛന്‍ എന്ന് ഖ്യാതി നേടിയ അര്‍ണോസ് പാതിരി ഈ വരികളിലൂടെയും തുടര്‍ന്നു വരുന്ന ഭാഗങ്ങളിലൂടെയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2024, 13:07