കൊല്ലപ്പെട്ട പാക്കിസ്ഥാൻ കത്തോലിക്കാ മന്ത്രിയുടെ അനുസ്മരണം നടത്തി
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
2011 മാർച്ചുമാസം രണ്ടാം തീയതി പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട പാക്കിസ്ഥാൻ മന്ത്രിസഭയിലെ ഏക കത്തോലിക്കാ അംഗമായിരുന്ന ഷഹബാസ് ഭാട്ടിയുടെ അനുസ്മരണം പതിവുപോലെ ഈ വർഷവും ആചരിച്ചു. അനുസ്മരണത്തിൽ അദ്ദേഹം സമൂഹത്തിലെ വിവിധ മേഖലകളിൽ നൽകിയ നിരവധി സംഭാവനകളെ പറ്റി എടുത്തു പറയപ്പെട്ടു.
ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, ഫൈസലാബാദ്, കുഷ്പൂർ തുടങ്ങിയ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നുള്ളവരും, ഇസ്ലാം മതവിശ്വാസികളും പങ്കെടുത്തു. ക്രൈസ്തവസാക്ഷ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണം പാകിസ്താനിലെ വിശ്വാസികൾക്ക് നൽകിയ രക്തസാക്ഷിയായിരുന്നു ഷഹബാസ്. "എനിക്ക് യേശുവിൻ്റെ കാൽക്കൽ ഒരു സ്ഥാനം വേണം", തന്റെ ആത്മീയഗ്രന്ഥത്തിൽ അദ്ദേഹം കുറിച്ചിട്ട വാചകമാണ്.
മതന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പാക്കുവാനും, മുസ്ലീം വിശ്വാസികളുമായി സമാധാനത്തിലും ഐക്യത്തിലും ജീവിക്കാനും കഴിയുന്ന നീതിയും, സഹിഷ്ണുതയുമുള്ള ഒരു രാഷ്ട്രമായി പാകിസ്ഥാനെ കെട്ടിപ്പടുക്കുവാൻ അക്ഷീണം പരിശ്രമിച്ച ഒരു വ്യക്തിയാണ് ഷഹബാസ്. ശബ്ദമില്ലാത്തവർക്ക് ശബ്ദമായി മാറിയ ഷഹബാസ് മതങ്ങളുടെ അതിർ വരമ്പുകളില്ലാതെ എല്ലാവരുടെയും ഹൃദയങ്ങളിൽ ജീവിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും സംരക്ഷകനായ, നീതിയുടെയും സമാധാനത്തിൻ്റെയും പ്രചാരകനായ വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ ആത്മീയപിതാവ് ഫാ. ഇമ്മാനുവൽ പർവേസ് എടുത്തുപറഞ്ഞു.
“മത സഹിഷ്ണുതയുടെയും മതാന്തര സൗഹാർദ്ദത്തിൻ്റെയും ആധികാരിക പ്രചാരകനായിരുന്നു ഷഹബാസ് ഭാട്ടിയെന്ന് മുസ്ലീം നേതാക്കൾക്കിടയിൽ, സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള മതാന്തര കമ്മീഷന്റെ പ്രസിഡൻ്റ് മുഹമ്മദ് അഹ്‌സൻ സിദ്ദിഖി അനുസ്മരിച്ചു. ഭാവി തലമുറയ്ക്കായി മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനായി തൻ്റെ ജീവൻ ബലിയർപ്പിച്ച മഹാനായ വിമോചകനായ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ എപ്പോഴും ഓർമ്മിപ്പിക്കപ്പെടുമെന്നും അദ്ദേഹം അടിവരയിട്ടു.
പാകിസ്ഥാനിലെ ക്രിസ്ത്യാനികൾ എന്ന നിലയിൽ, മതന്യൂനപക്ഷങ്ങളുടെ മാനുഷിക അന്തസ്സിനു വേണ്ടി ജീവൻ നൽകിയ നേതാവെന്ന നിലയിൽ ധാരാളം വിശ്വാസികളും അദ്ദേഹത്തെ കുറിച്ചുള്ള സ്മരണകൾ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: