തിരയുക

ശ്രീലങ്കയിലെ തെരുവിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തുന്നു ശ്രീലങ്കയിലെ തെരുവിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തുന്നു   (ANSA)

ദൈവസ്നേഹം അനുഭവവേദ്യമാകുന്ന കുരിശിന്റെ വഴി പ്രാർത്ഥന

കുരിശിന്റെ വഴി പ്രാർത്ഥനയുടെ 8, 9, 10 സ്ഥലങ്ങളെ പറ്റിയുള്ള ധ്യാനാത്മകമായ ചിന്തകൾ
നോമ്പുകാലചിന്തകൾ ശബ്ദരേഖ

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കുരിശിന്റെ വഴി പ്രാർത്ഥനയുടെ ഓരോ സ്ഥലങ്ങളും നാം ധ്യാനിക്കുമ്പോൾ, പല സംഭവങ്ങളും നമ്മുടെ മനസിലേയ്ക്ക് ഓടി വരുമെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട ചിത്രം, യേശു കുരിശും വഹിച്ചുകൊണ്ട് മലയുടെ മുകളിലേക്ക് അവശനായി കയറുന്നതാണ്. ഈ ചിത്രം ദൈവസ്നേഹത്തിന്റെ ശ്രേഷ്ഠത വെളിപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് കുരിശിൽ കിടക്കുന്ന യേശുവിന്റെ ചിത്രത്തിന് മുൻപിൽ ജാതി, മത വ്യത്യാസങ്ങൾ ഒന്നും കൂടാതെ എല്ലാവരും കടന്നുവരുന്നതും, പ്രാർത്ഥിക്കുന്നതും, അവനിൽ ആശ്രയം വയ്ക്കുന്നതും.

ക്രിസ്തുവിന്റെ കുരിശിന്റെ മുൻപിൽ ഒരു കണ്ണാടിയിലെന്നപോലെ നമ്മുടെ ജീവിതത്തെ കാണുവാനും, താരതമ്യപ്പെടുത്തുവാനും, എന്തിനേറെ തിരുത്തലുകൾ നടത്തുവാനും നമുക്ക് സാധിക്കുന്നു. നമ്മുടെ പാപങ്ങൾക്കുവേണ്ടി തന്റെ തോളിന്മേൽ കുരിശെടുക്കുവാൻ തയ്യാറാവുന്ന യേശു. ഇത് വീരകഥയിലെ നായകന്റെ പരിവേഷമല്ല വെളിപ്പെടുത്തുന്നത്. മറിച്ച് തിരുവെഴുത്തുകളുടെ പൂർത്തീകരണവും, വാഗ്ദാനങ്ങളുടെ സാക്ഷാത്ക്കാരവും. യേശുവിന്റെ വേദനയല്ല കുരിശിലൂടെ നമ്മെ രക്ഷിക്കുന്നത് മറിച്ച് അവന്റെ സ്നേഹമാണ്. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും സകലജനപദങ്ങളെയും വിസ്മയിപ്പിക്കുന്ന സ്നേഹം. ക്രിസ്തു കാട്ടിത്തന്ന ഈ സ്നേഹം നമ്മുടെ ജീവിതത്തിലും തുടരേണ്ടതാണ്. അതിനാലാണ് ജോൺ പോൾ രണ്ടാമൻ പാപ്പാ ഇപ്രകാരം പറയുന്നത്, " ക്രിസ്ത്യാനി വേദനയുടെ അർത്ഥം  അതിൽ തന്നെ തിരയേണ്ടവനല്ല മറിച്ച് അവൻ തിരയേണ്ടത് വേദനയിലെ  സ്നേഹത്തെയാണ്."

അന്ത്യത്താഴവേളയിലെ സ്നേഹം

യേശുവിന്റെ കുരിശും  ചുമന്നുകൊണ്ടുള്ള യാത്രയിൽ  അടങ്ങിയിരിക്കുന്ന സ്നേഹത്തിന്റെ അഗാധത മനസ്സിലാക്കണമെങ്കിൽ, യാത്രയ്ക്കു മുൻപുള്ള നിമിഷങ്ങളെപ്പറ്റി കൂടി നാം ധ്യാനിക്കേണ്ടതാണ്. അവസാന അത്താഴസമയത്താണ് യേശുവിന്റെ സ്നേഹം അതിന്റെ മൂർദ്ധന്യതയിൽ വെളിപ്പെടുത്തുന്നത്: താൻ ഏറെ സ്നേഹിച്ചിരുന്ന ശിഷ്യരുമായി അത്താഴം കഴിക്കുവാൻ ഒന്നിക്കുന്നു. ഇത് കൂട്ടായ്മയുടെ സ്നേഹം വെളിപ്പെടുത്തുന്നതാണ്. തുടർന്ന് വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് നിലനിൽക്കുന്ന സ്നേഹം പകർന്നു നൽകുന്നു. ജീവൻ നൽകിക്കൊണ്ട് രക്ഷയിലേക്കു നയിക്കുന്ന സ്നേഹം. തുടർന്ന് ശിഷ്യരുടെ പാദങ്ങൾ കഴുകുവാൻ വേണ്ടി അവരുടെ പാദങ്ങളിലേക്ക് തന്റെ ശിരസു നമിക്കുന്ന ക്രിസ്തു എളിമയുടെ സ്നേഹവും വെളിപ്പെടുത്തുന്നു. തുടർന്ന്, തന്നെ ഒറ്റിക്കൊടുക്കുവാൻ വേണ്ടി തക്കം കാത്തിരിക്കുന്നവനു പോലും, മുത്തം നൽകിക്കൊണ്ട്  ക്ഷമയുടെ വലിയ പാഠം നൽകുന്ന സ്നേഹം. പ്രത്യുപകാരങ്ങൾ ഒന്നും ആഗ്രഹിക്കാതെയുള്ള യേശുവിന്റെ ഈ സ്നേഹത്തിന്റെ പ്രവൃത്തികളുടെ പൂർത്തീകരണമാണ് തുടർന്ന് കാൽവരിയിലേക്കുള്ള യാത്രയിൽ നാം അനുഭവിക്കുന്നത്. തന്റെ കുരിശിൽ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ എല്ലാ ഭാവങ്ങളും നമുക്ക് കാണാവുന്നതാണ്.

തന്റെ രക്തം പോലും ചിന്തിക്കൊണ്ട് മനുഷ്യരക്ഷ സാധ്യമാക്കുന്ന യേശുവിന്റെ കുരിശുയാത്ര  നമ്മുടെ ജീവിതത്തിലും അനുഭവവേദ്യമാക്കണമെങ്കിൽ, ആ കുരിശിൽ  നാമും ഭാഗഭാക്കുകളാകണം. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്: "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ. വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ." (1 കോറി 1,18-19). ഈ  വാക്കുകളുടെ അർത്ഥം മനസിലാക്കണമെങ്കിൽ, നമ്മുടെ അനുദിനജീവിതത്തിന്റെ അനുഭവങ്ങളിലേക്ക് നാം കടക്കണം. പലപ്പോഴും വേദനകളുടെ കുരിശുകൾ നാം പേറുമ്പോൾ തളർന്നു പോകുകയും, നിരാശരാവുകയും ചെയ്യുന്ന അവസരത്തിൽ, ഈ വചനങ്ങൾ നമുക്ക് ആശ്വാസം നൽകും. കാരണം യേശുവിന്റെ കുരിശിന്റെ മാർഗം  നമുക്ക് കൈവരാനിരിക്കുന്നത് രക്ഷയുടെ അനുഭവമാണ്. ജീവിതത്തിൽ മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോഴും, തള്ളിപ്പറയുമ്പോഴും ക്രൈസ്തവജീവിതത്തെ പുഛിക്കുമ്പോഴും പൗലോസ് ശ്ലീഹ പറയുന്നത്, കുരിശിന്റെ വഴിയിലാണ് രക്ഷ എന്നുള്ളതാണ്.

കുരിശിന്റെ തണലിൽ അഭയം തേടുക

അപ്രതീക്ഷിതവും, അനിർവ്വചനീയവുമായ എത്രയോ നന്മകളാണ് യേശുവിന്റെ ഈ കുരിശുവഴിയായി നമുക്ക് കൈവന്നിരിക്കുന്നത്. ഈ നന്മകളെ ഓർത്തെടുക്കുവാനും, കൂടുതൽ നന്മകൾക്കായി പ്രാർത്ഥിക്കുവാനുമുള്ള അവസരമാണ് കുരിശിന്റെ വഴി പ്രാർത്ഥന.  കുരിശിനു പിന്നാലെ നമ്മുടെ ജീവിതത്തിന്റെ തീർത്ഥാടനം നടത്തുമ്പോൾ യേശുവിന്റെ വചനങ്ങൾ നമ്മുടെ ഹൃദയത്തിൽ നാം ശ്രവിക്കണം,"യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ."(മത്തായി 16,24) കുരിശിന്റെ പിന്നാലെയുള്ള നമ്മുടെ ജീവിതയാത്രയിൽ പരിത്യജിക്കുക എന്നതിനർത്ഥം, ദൈവഹിതമനുസരിച്ചു ജീവിക്കുക എന്നതാണ്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 2000 ലെ മഹാജൂബിലീ വർഷത്തിൽ യുവജനങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്: "പരിത്യജിക്കുക എന്നാൽ ദൈവത്തെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക എന്നാണ്. അവനുവേണ്ടി നാം ഒന്നും നൽകേണ്ടതില്ല, മറിച്ച് അവനുവേണ്ടി നാം ജീവിക്കണം." നിറഞ്ഞ കൈയടികളോടുകൂടി പാപ്പായുടെ വാക്കുകൾ എല്ലാവരും ഏറ്റെടുക്കുകയുണ്ടായി. എന്നാൽ ഈ വാക്കുകൾക്ക് സാക്ഷ്യം നൽകേണ്ടത് നാം ഓരോരുത്തരുമാണ്. കുരിശിന്റെ വഴി പ്രാർത്ഥനയിൽ ഓരോ സ്ഥലങ്ങൾ ധ്യാനിക്കുമ്പോഴും ഇപ്രകാരം ക്രിസ്തുവിന്റെ കാലടികൾ പിൻചെന്നുകൊണ്ട് ദൈവപിതാവിന്റെ ഹിതാനുസരണം ജീവിക്കുവാൻ നമുക് സാധിക്കുന്നുണ്ടോ എന്ന് നാം വിചിന്തനം  ചെയ്യണം.

ജീവിതത്തിൽ ഒരിക്കലും കുരിശുകൾ ഉണ്ടവരുതേ എന്ന ആഗ്രഹം മാനുഷികമാണ്. പക്ഷെ നമ്മുടെ ജീവിതത്തിനു നിത്യതയുടെ അർത്ഥം നൽകുവാൻ നമ്മുടെ കുരിശുകൾ എടുത്തു മാറ്റാതെ തന്നെ അവയെ പിതാവായ ദൈവം മഹത്വവത്ക്കരിക്കുന്നു. നമ്മുടെ കഷ്ടപ്പാടുകളും, ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളുമെല്ലാം നമ്മെ പരാജയപ്പെടുത്തുന്നതായി തോന്നുന്നിടത്ത്, കുരിശിൽ അഗാധമായ സന്തോഷവും, സമാധാനവും കണ്ടെത്തുവാൻ കർത്താവ് നമ്മെ പ്രാപ്തരാക്കുന്നു. അതിനു നമ്മെ സഹായിക്കുന്ന പ്രാർത്ഥനയാണ് കുരിശിന്റെ വഴി പ്രാർത്ഥന.

"വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് ആഹ്‌ളാദത്തോടെവീട്ടിലേക്കു മടങ്ങും."(സങ്കീ 126,6) എന്നാണ് സങ്കീർത്തകൻ പറയുന്നത്. കുരിശു ചുമക്കുന്ന വേളയിൽ അത് നമുക്ക് വേദനകൾ സമ്മാനിക്കുകയും, ജീവിതത്തെ കുറിച്ചുള്ള നിരാശാജനകമായ ചിന്തകൾ നൽകുകയും ചെയ്യുമ്പോൾ, വരാനിരിക്കുന്ന വലിയ ആഹ്ലാദത്തെപ്പറ്റി നാം സ്വപ്നം കാണണം. എന്നാൽ കുരിശുകൾ കുരിശുകളിൽ തന്നെ ഒതുക്കിനിർത്തുമ്പോഴാണ്, ജീവിതത്തിലെ വലിയ നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ചിലപ്പോൾ ഈ  അവസ്ഥ ജീവിതത്തെക്കുറിച്ചുള്ള അർത്ഥം നമ്മിൽ നഷ്ടപ്പെടാനുള്ള സാധ്യതകളും സൃഷ്ടിക്കുന്നു. അതിനാൽ ശിഷ്യത്വത്തിന്റെ വിളിയാണ് കുരിശ് നമുക്ക് നൽകുന്നത്.

കുരിശിന്റെ വഴി ശിഷ്യത്വഭാവം ഉണർത്തുന്നു

ശിഷ്യത്വത്തിന്റെ വിളി നമ്മിൽ ഉണർത്തുന്നതാണ് കുരിശിന്റെ വഴി പ്രാർത്ഥനയും. നമ്മെ ഭാരപ്പെടുത്തുന്ന കുരിശിന്റെ നിമിഷങ്ങളിൽ നാം ഒറ്റക്കല്ലെന്നും, നമ്മെ താങ്ങിനിർത്തുവാൻ യേശു നമ്മുടെ ചാരത്തുണ്ടെന്നുമുള്ള വലിയ വിശ്വാസം നമ്മിൽ ഊട്ടിയുറപ്പിക്കുവാൻ ഈ പ്രാർത്ഥന നമ്മെ സഹായിക്കും. സങ്കീർത്തകൻ പാടുന്നതുപോലെ, "കർത്താവ് എന്റെ ഇടയനാകുന്നു, എനിക്ക് ഒന്നിനും മുട്ടുണ്ടാവുകയില്ല. മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു." (സങ്കീ 23, 1.4).ഈ ഊന്നുവടിയും, ദണ്ഡുമാണ് കുരിശിന്റെ വഴി പ്രാർത്ഥനയിൽ നമുക്ക് ജീവിതത്തെ കുറിച്ചുള്ള പ്രോത്സാഹനവും, ആശ്വാസവും നൽകുന്നത്.

 

ഈ ആമുഖചിന്തകളോടെ കുരിശിന്റെ വഴി പ്രാർത്ഥനയിലെ 8, 9, 10 സ്ഥലങ്ങളെ പറ്റി നമുക്ക് ധ്യാനിക്കാം.

എട്ടാം സ്ഥലം: യേശുമിശിഹാ ജെറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

"അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും. അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും. പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?."(ലൂക്ക 23, 28-31)

കുരിശും വഹിച്ചുകൊണ്ടുളള വേദന നിറഞ്ഞ യാത്രയ്ക്കിടയിൽ യേശുവിനെ കണ്ട് അവന്റെ അടുത്തേക്ക് ജറുസലേമിലെ സ്ത്രീകൾ ഓടിയെത്തുന്നു. തങ്ങളുടെ സാന്നിധ്യം കൊണ്ട് യേശുവിനോടുള്ള സ്നേഹം അവർ വെളിപ്പെടുത്തുന്നു. എന്നാൽ അവർ ആരും തന്നെ ജീവിതത്തിൽ പരിപൂർണ്ണരോ, വിശുദ്ധരോ ആയിരുന്നില്ല. മറിച്ച് തങ്ങൾക്ക് എപ്പോഴും തന്റെ ഹൃദയത്തിൽ ഒരു സ്ഥാനം നൽകിയിരുന്നു എന്നവർ ഉറച്ചു വിശ്വസിച്ചിരുന്ന യേശുവിന്റെ സ്നേഹത്തിലേക്കാണ് അവർ നടന്നടുക്കുന്നത്. അവരുടെ സ്നേഹമസൃണമായ വാക്കുകൾ യേശുവിനു തീർച്ചയായും ആശ്വാസം നൽകിയിട്ടുണ്ട്.

പക്ഷെ അവൻ തിരികെ അവർക്ക് വലിയ ഒരു വിളി നൽകുകയാണ്: മാനസാന്തരത്തിലേക്കുള്ള വിളി. കൂടിവന്നവർക്കു മാത്രമല്ല, മറിച്ച് എല്ലാവർക്കും മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ അവരെ യാത്രയാക്കുകയും ചെയ്യുന്നു. കരയേണ്ടത് കുരിശിനെയോർത്തല്ല, മറിച്ചു കുരിശു വഹിക്കുന്നതിനു തടസമായി നിൽക്കുന്ന പാപങ്ങളെയോർത്താണെന്നു യേശു പഠിപ്പിക്കുന്നു.  മനുഷ്യന്റെ ഹൃദയത്തിൽ എന്താണെന്ന് അടുത്തറിയുന്ന യേശുവിന്റെ വാക്കുകൾ ഏറെ പ്രധാനപ്പെട്ടതാണ്. പാപങ്ങളുടെ പുറം മൂടി മാത്രമല്ല, അവയെ വേരോടുകൂടി പിഴുതെറിയുവാനുള്ള ആഹ്വാനമാണ് ഈ എട്ടാം സ്ഥലം നമുക്ക് നൽകുന്നത്. ഇപ്രകാരം നമ്മുടെ കുറവുകൾ എന്താണെന്നു മനസിലാക്കുവാനും, അവയിൽ നിന്നും മോചനം പ്രാപിക്കുന്നതിനും യേശുവിന്റെ അടുക്കലേക്ക് ധൈര്യപൂർവം നാം കടന്നുചെല്ലണം. മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തെ പറ്റിയുള്ള ബോധ്യം നമ്മിൽ രൂപപ്പെടുത്തുവാൻ നമുക്ക് സാധിക്കുക എന്ന തിരിച്ചറിവും ഈ എട്ടാം സ്ഥലം നമുക്ക് നൽകുന്നു.

ഒൻപതാം സ്ഥലം: യേശു മൂന്നാം പ്രാവശ്യം വീഴുന്നു

"യൗവനത്തില്‍ നുകം വഹിക്കുന്നത് മനുഷ്യനു നല്ലതാണ്. അവിടുന്ന് അത് അവന്റെ മേല്‍വയ്ക്കുമ്പോള്‍ അവന്‍ ഏകനായി മൗനമായിരിക്കട്ടെ!അവന്‍ മുഖം മണ്ണില്‍ പൂഴ്ത്തട്ടെ! ഇനിയും പ്രത്യാശയ്ക്കു വകയുണ്ട്. അവന്റെ കവിള്‍ത്തടംതല്ല് ഏറ്റുവാങ്ങട്ടെ! നിന്ദനംകൊണ്ട് അവന്‍ നിറയട്ടെ!എന്തെന്നാല്‍, കര്‍ത്താവ്എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും." (വിലാപങ്ങൾ 3,27-32)

യേശു മൂന്നാം പ്രാവശ്യവും ഭൂമിയിലേക്കു പതിക്കുന്നു. മനുഷ്യരക്ഷയ്ക്കുവേണ്ടി ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ ഇതാ ശക്തി ക്ഷയിച്ചവനായി താഴേക്ക് വീഴുന്നു. താഴ്ത്തപ്പെട്ടവൻ ഇതാ പാതാളം വരെ തന്നെത്തന്നെ ചെറുതാക്കുന്നു. ഈ ചെറുതാക്കലിന്റെ സ്നേഹമാണ് അന്ത്യത്താഴവേളയിൽ അവൻ കുർബാനയായി ശിഷ്യർക്ക് വിളമ്പിയതും, ഈ എളിമ എക്കാലവും തുടരുവാൻ ശിഷ്യരെ ഉദ്ബോധിപ്പിച്ചതും. ഭാരമേറിയ കുരിശ് അവന്റെ തോളിൽ ഉള്ളതുകൊണ്ടല്ലേ അവൻ താഴേക്ക് വീണത്. അതും എന്റെ പാപപങ്ങളാൽ നിർമ്മിക്കപ്പെട്ട കുരിശുമരം.

ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ ഈ ചെറുതാകലിന്റെ സാക്ഷ്യം നാം കേൾക്കുന്നുണ്ട്: "യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.  ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.  ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്." (ഫിലി 2,5 -11).

യേശുവിന്റെ വീഴ്ച്ച ബലഹീനതയുടെ അടയാളമായിരുന്നില്ല മറിച്ച് അത് ബലഹീനരെ ഉയർത്തുന്നതിനുവേണ്ടിയുള്ള ചെറുതാകലായിരുന്നു. ഏശയ്യാ പ്രവാചകൻ സഹനദാസനെ പറ്റിയുള്ള പ്രവചനത്തിൽ ഇപ്രകാരമാണ് പറയുന്നത്: "ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി."(ഏശയ്യാ 53,6). മനുഷ്യൻ തൻറെ തന്നിഷ്ടം നിമിത്തം ദൈവസ്നേഹത്തിൽ നിന്നും അകന്നു ദൂരേക്ക് പോകുമ്പോഴും അവനെ ചേർത്ത് നിർത്തിയിരുന്ന ശക്തി ഈ കുരിശിന്റെതാണ്. ആ കുരിശിന്റെ ഭാരം മൂലം ദൈവപുത്രൻ താഴേക്കു പതിച്ചുവെങ്കിലും അത് ഒരു പരാജയത്തിന്റെ പതനമായിരുന്നില്ല മറിച്ച് മനുഷ്യരക്ഷയുടെ വിജയത്തിന്റെ ശൂന്യവത്ക്കരണമായിരുന്നു.

പത്താം സ്ഥലം: യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു."(മർക്കോസ് 15,24)

ലോകത്തിന്റെ മുഴുവൻ രാജാവ് ഇതാ നഗ്നനായി പ്രജകൾക്ക് മുൻപിൽ നിർത്തപ്പെടുന്നു. പക്ഷെ അവന്റെ കണ്ണുകളിൽ പരിഭവമോ പരാതിയോ തെല്ലുമില്ല. ഒരുപക്ഷെ അവന്റെ ശരീരം കണ്ടവർ, അവന്റെ ആത്മാവിനെയും, തന്മൂലം പിതാവിനോടുള്ള അവന്റെ അഗാധമായ സ്നേഹവും മനസിലാക്കിയിട്ടുണ്ടാവണം. "എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്." (സങ്കീ 40 ,8) എന്ന സങ്കീർത്തകന്റെ വചനങ്ങളായിരുന്നിരിക്കണം യേശുവിന്റെ അധരങ്ങളിൽ മന്ത്രിച്ചിട്ടുണ്ടാവുക. ദൈവഹിതം നിറവേറ്റുവാൻ ചിലപ്പോൾ ഈ ലോകത്തിന്റെ പരിഹാസങ്ങൾക്ക് നാം പാത്രമായെന്നിരിക്കാം, പക്ഷെ ദൈവം നമ്മെ ഒരിക്കലും കൈവിടുകയില്ല.

 "ഇതിനാല്‍, അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു", (ഹെബ്രായർ 10,5 ), ഹെബ്രായ ലേഖനത്തിലെ ഈ വചനങ്ങൾ യേശുവിന്റെ പ്രജാപതിയാഗത്തിൽ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെടുന്നതിന്റെ വലിയ അർത്ഥം വെളിപ്പെടുത്തുന്നു. യേശു താൻ ഏറ്റ പീഡകൾ അവനു വേണ്ടിയായിരുന്നില്ല മറിച്ച് അത് തനിക്കായി പിതാവ് നൽകിയ ജനത്തിന് വേണ്ടിയായിരുന്നു. 

തന്റെ ഉടഞ്ഞ മാംസവും, ചതഞ്ഞ ഞരമ്പുകളും, മുറിവേറ്റ ശരീരവും, ഒടിഞ്ഞ അസ്ഥികളുമെല്ലാം പിതാവിനു മനുഷ്യരക്ഷയ്ക്കുവേണ്ടി സമർപ്പിക്കുക കൂടിയാണ്  വസ്ത്രമുരിഞ്ഞെടുക്കപ്പെടുന്ന നിമിഷങ്ങളിൽ. ഇന്നും അനേകർക്കുവേണ്ടി പരിഹാസപാത്രമാക്കപ്പെടുന്ന നിരവധി മിഷനറിമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവരുടെ ജീവിതത്തിന്റെ ശക്തിയും ഈ ഹിതപൂർത്തീകരണത്തിനായുള്ള ദാഹം മാത്രമാണ്. ഈ സ്ഥലം ധ്യാനിക്കുമ്പോൾ ആത്മാവിൽ എപ്പോഴും ആനന്ദിക്കുവാനും, ലോകത്തിന്റെ പരിഹാസങ്ങൾക്ക് സ്നേഹം കൊണ്ട് മറുപടി നൽകാനുമുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

കുരിശിന്റെ വഴി പ്രാർത്ഥനയിൽ യേശു നമുക്ക് കാട്ടിത്തരുന്ന സ്നേഹത്തിന്റെ പാതയിൽ വിശ്വാസത്തോടെ തീർത്ഥാടനം നടത്തുവാൻ നമുക്കേവർക്കും സാധിക്കട്ടെ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2024, 22:41