നൈജീരിയയിൽ നടന്ന കുരിശിന്റെ വഴി പ്രദക്ഷിണം (ഫയൽ ചിത്രം) നൈജീരിയയിൽ നടന്ന കുരിശിന്റെ വഴി പ്രദക്ഷിണം (ഫയൽ ചിത്രം)  (ANSA)

തിന്മയ്‌ക്കെതിരെയുള്ള ആയുധമാണ് കുരിശിന്റെ വഴി പ്രാർത്ഥന

കുരിശിന്റെ വഴി പ്രാർത്ഥനയെ ആസ്പദമാക്കി തയ്യാറാക്കിയ വിചിന്തനത്തിന്റെ അവസാനഭാഗം
നോമ്പുകാലചിന്തകൾ ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മിശിഹായുടെ പെസഹാരഹസ്യങ്ങളിൽ നമ്മെ ഉൾച്ചേർക്കുന്ന പ്രാർത്ഥനയെന്ന  നിലയിൽ വിശുദ്ധ കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് ക്രൈസ്തവജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. ഒപ്പം ജീവിതത്തിന്റെ പ്രതിബദ്ധതയ്ക്കും, സാക്ഷ്യത്തിനും വെല്ലുവിളി ഉയർത്തുന്ന ഒരു കാലഘട്ടത്തിൽ എപ്രകാരം ജീവിക്കണമെന്നും ഈ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു. കുരിശിന്റെ വഴി ഉദ്ബോധിപ്പിക്കുന്ന വേദനയുടെയും, മരണത്തിന്റെയും നിമിഷങ്ങൾ ദൈവീകരഹസ്യങ്ങളുടെ പദ്ധതിയെന്നോണമാണ് നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളുവാൻ ഈ പ്രാർത്ഥന നമ്മെ ക്ഷണിക്കുന്നത്. വേദനയുടെ തീവ്രതയിലും സ്നേഹത്തിന്റെ അകമ്പടി ചേർക്കുന്ന ദൈവത്തിന്റെ ഭാവം ഈ പ്രാർത്ഥന നമുക്ക് പറഞ്ഞു തരുന്നു.

ശരിയാണ്, ക്രിസ്തു തന്റെ കുരിശിന്റെ വഴിയിൽ ഒറ്റയ്ക്കായിരുന്നെങ്കിൽ, അവൻ തളർന്നു പോയേനെ. മറിച്ച് അവിടുത്തെ ഹിതം നിറവേറട്ടെ എന്ന് ഗത്സമൻ തോട്ടത്തിന്റെ നടുവിൽ മുട്ടുകൾ കുത്തി, രക്തം പൊടിഞ്ഞു കരഞ്ഞപേക്ഷിക്കുന്ന നിമിഷത്തിൽ യേശുവിനറിയാം, നാളത്തെ വേദന താൻ ഒറ്റയ്ക്കല്ല പേറേണ്ടത്, മറിച്ച് ആത്മാവിന്റെ ശക്തിയാൽ, പിതാവ് തന്റെ സാന്നിധ്യത്താൽ തന്നെ സഹായിക്കുമെന്ന്. നമ്മുടെ അനുദിന ജീവിതത്തിലും വേദനയുടെ കാഠിന്യം നിറഞ്ഞ നിമിഷങ്ങളിൽ, ദൈവവത്തിന്റെ ഹിതം തേടുകയാണെങ്കിൽ, നമുക്ക് ശക്തി   പകരുവാൻ ദൈവം കൂടെയുണ്ടാകും എന്ന ഉറപ്പാണ് യേശു തന്റെ ജീവിതസാക്ഷ്യത്തിലൂടെ നമുക്ക് നൽകുന്നത്.  യേശുവിന്റെ അധരത്തിൽ നിന്നും നാം കേൾക്കുന്ന അവസാന വാക്കുകൾ കുരിശിന്റെ വഴിയിലൂടെ ധൈര്യപൂർവം മുൻപോട്ടു യാത്ര ചെയ്യുവാൻ നമ്മെ ഏറെ സഹായിക്കും

കുരിശിന്റെ വഴി പ്രാർത്ഥനയുടെ  അവസാന സ്ഥലം പാരമ്പര്യമായി കല്ലറയിൽ സംസ്കരിക്കുന്ന ഭാഗമാണ് ധ്യാനിക്കുന്നതെങ്കിലും, പതിവിൽ നിന്നും വിഭിന്നമായി ചിലയിടങ്ങളിലെങ്കിലും പതിമൂന്നാം സ്ഥലത്ത് യേശുവിനെ  മാതാവിന്റെ മടിയിൽ കിടത്തുന്നതും, കല്ലറയിൽ സംസ്കരിക്കുന്നതും സംയോജിപ്പിച്ചുകൊണ്ട്  ധ്യാനവിഷയമാക്കാറുണ്ട്. നമ്മുടെ ഈ ധ്യാനചിന്തയിലും ഇപ്രകാരം ഒരു വിഭിന്നത ഉൾച്ചേർത്തിരിക്കുന്നു. കുരിശിന്റെ വഴി യേശുവിന്റെ ലോകജീവിതത്തിന്റെ അവസാന നിമിഷങ്ങളാണ് സ്മരിക്കുന്നതെങ്കിലും, "ഗോതമ്പുമണി നിലത്തുവീണഴിഞ്ഞു അനേകർക്ക് ഫലം പുറപ്പെടുവിക്കുന്നു"എന്ന ക്രിസ്തുവിന്റെ വചനങ്ങൾ മനനം  ചെയ്തുകൊണ്ട്, കല്ലറയിൽ അഴിഞ്ഞ ക്രിസ്തുവിന്റെ നശ്വരത, ഫലമായി അനശ്വരത പുറപ്പെടുവിച്ചത് യേശുവിന്റെ ഉത്ഥാനത്തിലാണെന്ന് നമുക്ക് മനസിലാകുന്നു.

ഈ ഉത്ഥാന നിമിഷങ്ങളിൽ യേശു നൽകുന്ന അഭിവാദ്യം സമാധാനത്തിന്റേതാണ്. " നിങ്ങൾക്കു സമാധാനം" , "ഭയപ്പെടേണ്ട" എന്നൊക്കെയുള്ള യേശുവിന്റെ വചനങ്ങൾ, കുരിശിൽ കിടന്നുകൊണ്ട് യേശു അവസാനം ഉച്ചരിച്ച വചനങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കുരിശിന്റെ വഴി പ്രാർത്ഥനയിൽ, നമ്മുടെ ഹൃദയങ്ങളിൽ  യേശുവിന്റെ ഈ അവസാന വാക്കുകൾ ശക്തമായ ചലനമുണ്ടാക്കുമെന്നതിൽ തെല്ലും സംശയം വേണ്ട.  ആയതിനാൽ പതിനാലാം സ്ഥലത്തെക്കുറിച്ചുള്ള ധ്യാനത്തിനു ആമുഖമായി കുരിശിൽ യേശു മന്ത്രിച്ച പ്രാർത്ഥനകൾ നമ്മുടെ ചിന്തകളിൽ കൊണ്ടുവരാം.

"പിതാവേ ഇവരോട് ക്ഷമിക്കണമേ"

വിശുദ്ധിയുടെ നിറകുടത്തെ കുപ്രസിദ്ധിയുടെ ദുർഗന്ധം പേറുന്ന തലയോടിടം എന്നർത്ഥമുള്ള ഗോൽഗോഥായിലേക്ക് എത്തിക്കുന്ന ലോകത്തിന്റെ തിന്മയെ നന്മയുടെ മാനസാന്തരത്തിലേക്കു നയിക്കുന്നതാണ് യേശുവിന്റെ ക്ഷമിക്കുന്ന സ്നേഹം. തന്റെ മകന് ജന്മം നൽകുവാൻ  ഇടം തേടി യാത്രയായ യൗസേപ്പും,മറിയവും അവസാനം സ്ഥലം കണ്ടെത്തുന്നത്, മൃഗങ്ങൾക്കുള്ള തൊഴുത്തിലാണ്, അവിടെ ആരംഭിച്ച യേശുവിന്റെ ലോകജീവിതം അവസാനിക്കുന്നതോ! വിശുദ്ധ നഗരമായ ജറുസലേമിന് വെളിയിൽ, കുറ്റവാളികളുടെ ഇടയിൽ. അവരിൽ ഒരുവനായി പ്രപഞ്ചനാഥനെ കണക്കാക്കുന്ന ലോകത്തിന്റെ അനീതിയാർന്ന ശക്തി. എന്നാൽ നിരപരാധിത്വം  തെളിയിക്കുവാൻ അവൻ പരിശ്രമിച്ചില്ല. പകരം അവൻ പ്രാർത്ഥിച്ചത് പിതാവേ അവരോടു ക്ഷമിക്കണമേ എന്നാണ്.

പത്രോസ് ശ്ലീഹ യേശുവിന്റെ ഈ മനോഭാവത്തെ തന്റെ ലേഖനത്തിൽ വിവരിക്കുന്നുണ്ട്: "നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത്." (1 പത്രോസ് 2, 23). മനുഷ്യനായവന്റെ ദൈവീകമായ മനോഭാവം. ക്രൂശിക്കുന്ന  അവസരത്തിൽ, വേദനയുടെ കാരിരുമ്പാണികൾ ശരീരത്തിലേക്ക് തുളച്ചുകയറുമ്പോഴും അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നത്  അവരോട് ക്ഷമിക്കണമേ എന്നാണ്. അധിക്ഷേപങ്ങളുടെയും ദൂഷണങ്ങളുടെയും പരിഹാസവാക്കുകളുടെയും അട്ടഹാസങ്ങൾ മുഴങ്ങുമ്പോഴും അവൻ തന്നെ പീഡിപ്പിക്കുന്നവർക്കായി മാധ്യസ്ഥ്യം വഹിച്ചുകൊണ്ടേയിരുന്നു.

പ്രത്യാശയുടെയും കരുണയുടെയും പ്രകാശം നിറഞ്ഞ അവന്റെ കണ്ണുകളിലൂടെ അനുകമ്പയോടെയും, ആർദ്രതയോടെയും അവൻ തന്റെ  കുരിശിന്റെ ചുവട്ടിൽ ആയുധങ്ങളുമായി നിൽക്കുന്നവരെ നോക്കുന്നു.ശരീരത്തിലെ വേദനകളെക്കാൾ അവനെ ദുഃഖിപ്പിക്കുന്നത് പാപങ്ങളാൽ ഉണ്ടാകുന്ന വേദനയാണ്. 'അവരോട് ക്ഷമിക്കണമേ' എന്ന് അവൻ പറയുന്നത് ആത്മാവിനാൽ പ്രചോദിതനായിക്കൊണ്ടാണ്. യഥാർത്ഥ സ്നേഹത്തെക്കുറിച്ചു അജ്ഞരായതുകൊണ്ട് അവർക്കായി പ്രാർത്ഥിക്കണമെന്നത് ആവശ്യമാണ്. മുൻവിധി, അത്യാഗ്രഹം, സ്വാർത്ഥത എന്നിവ സൃഷ്ടിക്കുന്ന അന്ധത മനുഷ്യനെ പൈശാചികമാക്കുന്നു. തിന്മയുടെ നീണ്ട തിരമാലയ്‌ക്കുള്ള ഒരേയൊരു പരിഹാരം  പ്രാർത്ഥനയാണ്. അക്രമം കൂടുതൽ അക്രമം സൃഷ്ടിക്കുന്നു.

പൈശാചികവൽക്കരണത്തിൻ്റെ വിപരീതമാണ് യേശു പിതാവിനോട് മനുഷ്യർക്ക് വേണ്ടി ക്ഷമ അഭ്യർത്ഥിക്കുന്ന നിമിഷങ്ങൾ. ഇന്നും ലോകത്തിന്റെ നിരവധി കോണുകളിൽ തങ്ങളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുകയും, ക്ഷമിക്കുകയും എന്നാൽ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന എത്രയോ ക്രൈസ്തവ മിഷനറിമാരുണ്ട്. ലോകത്തിന്റെ ദൃഷ്ടിയിൽ ഇവർ ഭോഷരെന്നു കരുത്തപ്പെടുമെങ്കിലും, ഇവർ നൽകിയ ക്ഷമയുടെ അനുഗ്രഹം ദൈവരാജ്യത്തിൽ വലിയ ഫലങ്ങൾ പുറപ്പെടുവിക്കും.

"ഇന്ന് നീ എന്നോടൊപ്പം പറുദീസയിലായിരിക്കും"

കുരിശിൽ തറയ്ക്കപ്പെടുന്ന നിമിഷത്തിൽ അനുഭവിക്കുന്ന ഘോരസഹനത്തിനിടയിലും മാനസാന്തരപ്പെടുന്നവനു സമയം നൽകുകയും അവനു പറുദീസാ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന യേശുവിന്റെ മനസ്  നമുക്ക് പ്രത്യാശയുടെ സുവിശേഷം പകർന്നു നൽകുന്നു. നിരാശാജനകമായ നിലവിളിക്കുമപ്പുറം പ്രതീക്ഷാനിർഭരമായ ഒരു മനുഷ്യനെയാണ് നല്ല കള്ളനിൽ നാം കാണുന്നത്. നീ സ്വർഗ്ഗരാജ്യത്തിലായിരിക്കുമ്പോൾ എന്നെ കൂടി ഓർക്കണമേ എന്ന അപേക്ഷയ്ക്ക് യേശു മറുപടി നൽകുന്നത് സ്വീകാര്യതയുടെ ആലിംഗനം നൽകിക്കൊണ്ടാണ്.

പാപത്തിൽ നിന്നും മോചനം നേടിക്കൊണ്ട് മാനസാന്തരത്തിന്റെ വഴിയേ നടക്കണമെങ്കിൽ ആദ്യം ആവശ്യമായത്, ദൈവത്തിൽ വിശ്വാസമർപ്പിക്കുക എന്നതാണ്, ഒപ്പം വിനയാന്വിതനായി അവനോട് അപേക്ഷിക്കുക. 'നീ എന്റെ കൂടെ പറുദീസയിലായിരിക്കും', എന്ന യേശുവിന്റെ വചനങ്ങൾ, കള്ളൻ അതുവരെ നിലകൊണ്ടിരുന്ന ഏകാന്തതയുടെ തടവറയിൽ നിന്നും കൂട്ടായ്മയുടെ സന്തോഷത്തിലേക്കാണെന്നുള്ളതും വചനം നമുക്ക് പറഞ്ഞുതരുന്നു. ശിക്ഷ അർഹിക്കുന്ന പാപത്തേക്കാൾ ശ്രേഷ്ഠമായ ദൈവസ്നേഹത്തിൻ്റെ മഹത്വം അവൻ കാണുന്നു. യേശുവിൻ്റെ പ്രതികരണം പ്രാർത്ഥനയുടെ സ്വീകാര്യതയും രക്ഷയുടെ പൂർത്തീകരണവും വെളിപ്പെടുത്തുന്നു. യേശുവിന്റെ ഈ വചനം ഇന്നും നമുക്ക് ശ്രവിക്കുവാൻ സാധിച്ചാൽ നമുക്കും മാനസാന്തരത്തിന്റെ നിരവധി ഫലങ്ങൾ പുറപ്പെടുവിക്കുവാൻ സാധിക്കും.

"സ്ത്രീയേ, ഇതാ നിൻ്റെ മകൻ. ഇതാ നിൻ്റെ അമ്മ"

സമർപ്പണത്തിന്റെയും, ഭരമേൽപ്പിക്കലിന്റെയും നിമിഷങ്ങൾ സംഭവിക്കുന്നത് കുരിശിലാണ്. വസ്ത്രങ്ങൾ പോലും പങ്കിട്ടെടുക്കപെട്ട യേശുവിനു നൽകുവാൻ അവന്റെ സ്നേഹം മാത്രമാണ് ബാക്കിയാവുന്നത്. എന്നാൽ തന്റെ സ്നേഹത്തോടൊപ്പം സഭയ്ക്ക് നൽകിയ മറ്റൊരു അമൂല്യമായ ദാനമാണ് തന്റെ അമ്മ. രക്ഷാകരരഹസ്യങ്ങളിൽ പിതാവിന്റെ ഹിതം നിറവേറ്റുവാൻ പുത്രനോട് സഹകരിച്ച ആ അമ്മയേക്കാൾ ഭാഗ്യവതി വേറെ ആരുണ്ട്? അതിനാൽ യോഹന്നാന് തന്റെ അമ്മയെ ഭൂലോകത്തിനു മുഴുവനും അമ്മയായി യേശു സമർപ്പിക്കുന്നു. അതേസമയം ആ അമ്മയ്ക്ക് മക്കളായി യോഹന്നാനിലൂടെ എല്ലാ മനുഷ്യരെയും യേശു ഭരമേല്പിക്കുന്നു. കൊലപാതകത്തിലേക്ക് നയിക്കുന്ന അത്യാഗ്രഹം പോലും ഹൃദയത്തിൽ പേറുന്നവർക്കും അവൻ സ്വന്തം അമ്മയെ, മാതാവായി നല്കുന്നുവെന്നതാണ് ഈ വചനത്തിന്റെ വ്യതിരിക്തത.

ലോകത്തിൻ്റെ മധ്യഭാഗത്ത്, മനുഷ്യൻ്റെ ഹൃദയത്തിൽ നട്ടുപിടിപ്പിച്ച ദൈവത്തിൻ്റെ വൃക്ഷമാണ് ക്രിസ്തുവിൻ്റെ കുരിശ്. പട്ടാളക്കാരെപ്പോലെ, സ്വന്തം കാര്യങ്ങളിൽ മുഴുകി, അവനെ വകവയ്ക്കാതെ പുറംതിരിഞ്ഞു നിൽക്കുന്നവരും, മറിയത്തെയും ശിഷ്യന്മാരെയും പോലെ, കുരിശിന് സമീപം അവനെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുന്ന  അവനോട് അടുപ്പമുള്ളവരും ഉണ്ട്. അവർക്കെല്ലാവർക്കും തന്റെ നിധിയായ അമ്മയെ അവൻ നൽകുന്നു. : "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുവിൻ". യേശുവിൻ്റെ യഥാർത്ഥ പൈതൃകം സ്നേഹത്തിൻ്റെ യുക്തിയാണ്. അത്  ഈ വചനത്തിലൂടെ ഒരു സമ്മാനമായി മാറുന്നു. ഈ ദാനത്തിലൂടെ യേശു സ്ഥാപിക്കുന്നത് സഭയെത്തന്നെയാണ്. കുട്ടികളെന്ന നിലയിൽ നാം അവളെ ഒരു അമ്മയായി അംഗീകരിക്കുകയും ഒരു അമ്മയെന്ന നിലയിൽ ദൈവമക്കളെ സഹോദരങ്ങളായി സ്വീകരിക്കുകയും ചെയ്താൽ സഭ സഫലമാകും.

"എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?"

അഗാധമായ ഇരുട്ടിലേക്ക് വഴുതി വീഴുന്ന ഭൂമി, ചിലപ്പോൾ ഇരുട്ടിന്റെ ശക്തി അധികരിച്ചതുകൊണ്ടാവാം, മനുഷ്യപുത്രൻ ഇപ്രകാരം നിലവിളിക്കുന്നത്. എതിർപ്പിനേക്കാൾ പിതാവിനോടുള്ള പ്രാർത്ഥനയാണ് യേശുവിന്റെ വചനങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്. ദൈവത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ  അപരിചിതരായി അവനിൽ നിന്ന് വേർപെട്ട് ജീവിക്കുന്നവരുടെ അവസ്ഥയാണ് പാപം. "എന്നാൽ അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി." (2 കോറി 5:21).

ആ പാപത്തിനു വിലയായി നൽകേണ്ട ജീവൻ വെടിയുമ്പോഴുണ്ടാകുന്ന വേദനയിൽ അവന്റെ നിശബ്ദത ഖണ്ഡിക്കപ്പെടുന്നു. "കർത്താവേ, ആഴങ്ങളിൽ നിന്ന് ഞാൻ നിന്നോട് നിലവിളിക്കുന്നു" എന്ന സങ്കീർത്തകന്റെ വചനങ്ങളോട് ചേർത്താണ് യേശുവിന്റെ വാക്കുകളെ നാം മനസിലാക്കേണ്ടത്. പാപമയമായ  അന്ധകാരത്തിൻ്റെ ആഴങ്ങളിൽ നിന്ന് യേശു ദൈവത്തെ വിളിക്കുന്നു. ദൈവത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്നു, പുതിയ സൃഷ്ടിക്കായി അവൻ കരയുന്നു.  പാപം ഉയർത്തിയ നിശബ്ദതയുടെ മതിൽ തകർക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണിത്. യേശു ദൈവത്തെ കുറ്റപ്പെടുത്തുന്നില്ല, ക്രൂരവും അസഹനീയവുമായ കഷ്ടപ്പാടിൻ്റെ കാരണം അന്വേഷിക്കുന്നില്ല, മറിച്ച് അതിൻ്റെ അർത്ഥവും ലക്ഷ്യവും വെളിപ്പെടുത്തുന്ന വെളിച്ചമാണ് ദൈവം തന്റെ പുത്രന്റെ കൂടെ നിന്നുകൊണ്ട് ലോകത്തിന് നൽകുന്ന സദ്‌വാർത്ത.

"എനിക്കു  ദാഹിക്കുന്നു"

യേശുവിന്റെ ദാഹം ജലത്തിന് വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്.  യേശുവിന്റെ ഈ ദാഹമാണ് യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ വിവരിക്കുന്ന സമരിയക്കാരി സ്ത്രീയുടെ സാഹചര്യത്തിലും നാം കാണുന്നത്. യേശുവിന്റെ ദാഹം, തന്റെ ആന്തരികതയുടെ എല്ലാ ഭാവങ്ങളും വെളിവാക്കുന്നു.ശക്‌തിയുടെ പൂർണ്ണതയിലല്ല, മറിച്ച് തികഞ്ഞ ബലഹീനതയിലാണ്, അവൻ മനുഷ്യരക്ഷ സാധ്യമാക്കുന്നത്. സർവ്വജ്ഞനും സർവ്വശക്തനുമായ ദൈവം ദരിദ്രനായി മാറിക്കൊണ്ട് മനുഷ്യരോട് കൂടുതൽ അടുക്കുന്നു. കാരണം ന്യായപ്രമാണങ്ങളുടെ പൂർണ്ണത സ്നേഹമാണെങ്കിൽ, ദാനങ്ങളുടെ പൂർത്തീകരണം വിനയമാണെന്നു തന്റെ ജീവിതം കൊണ്ട് യേശു നമ്മെ പഠിപ്പിക്കുന്നു.

"എനിക്ക് ദാഹിക്കുന്നു" എന്ന രണ്ട് വാക്കുകളിൽ 'ആവശ്യക്കാരനായ സഹോദരനാ'യി മാറുന്ന ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നു. കൈവശം വെക്കുന്നതിനെക്കുറിച്ചുള്ള ആകുലത നമ്മെ ആക്രമണകാരികളും അഹങ്കാരികളുമാക്കുന്നു. ആവശ്യം അത്യാഗ്രഹമായി മാറുമ്പോൾ, സഹോദരങ്ങൾക്കിടയിലുള്ള  മാത്സര്യം വർധിക്കുന്നു. ഈ വിപത്തിനെതിരെയുള്ള മാതൃക കൂടിയാണ് യേശു നമുക്ക് കാട്ടിത്തരുന്നത്. യേശുവിൻ്റെ ക്രൂശിലെ ദാഹം മനുഷ്യന് ദൈവത്തോടുള്ള അവൻ്റെ അഗാധമായ ആവശ്യവും അത്യുന്നതമായ ആഗ്രഹവും വെളിപ്പെടുത്തുന്നു. അതോടൊപ്പം പാപത്താൽ മലിനമാക്കപ്പെട്ട ആത്മാക്കളുടെ രക്ഷയും യേശുവിന്റെ ദാഹം വെളിപ്പെടുത്തുന്നു, ഇതായിരുന്നു പിതാവിന്റെ ഹിതവും.

"എല്ലാം പൂർത്തിയായി"

കുരിശിൽ കിടന്നുകൊണ്ട് യേശു ഉച്ചരിച്ച വചനങ്ങളിൽ ഒന്നാണ് എല്ലാം പൂർത്തിയായി എന്നത്. ഒരുപക്ഷെ എല്ലാം അവസാനിച്ചു എന്നാണോ യേശു ഉദ്ദേശിച്ചതെന്ന് സ്വാഭാവികമായ ഒരു ചോദ്യം ഉയർന്നുവന്നേക്കാം. എന്നാൽ യേശു ആത്മാവിനെ നൽകുന്ന നിമിഷത്തിൽ, ദൈവം സ്വയം സമ്പൂർണ്ണമായി കീഴടങ്ങുകയും തന്നെത്തന്നെ പൂർണ്ണമായും വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഈ വചനം അർത്ഥമാക്കുന്നത്. ഹീബ്രു ഭാഷയിൽ, പാപത്തെ സൂചിപ്പിക്കുന്ന പദം ലക്ഷ്യം നഷ്ടപ്പെടുക, ലക്ഷ്യം പരാജയപ്പെടുക, ലക്ഷ്യത്തിലെത്താതിരിക്കുക എന്ന ആശയത്തെ സൂചിപ്പിക്കുന്നു. പാപത്തിൻ്റെ വിപരീതം രക്ഷയാണ്. അതിനർത്ഥം  ലക്ഷ്യത്തിലെത്തുക എന്നും. അതുകൊണ്ട് പൂർത്തിയാക്കിയ യേശു രക്ഷയുടെ സദ്‌വാർത്തയാണ് കുരിശിൽ നിന്നും ഈ ലോകത്തോട് പ്രഖ്യാപിക്കുന്നത്.

ജീവിതാവസാനത്തിലെത്താനുള്ള ആഗ്രഹമാണ് ക്രിസ്തീയ പ്രത്യാശ. നമ്മൾ ജനിച്ചത് മരിക്കാനല്ല, ജീവിക്കാനാണ്; അതെ, നമുക്കുവേണ്ടിയല്ല, ദൈവത്തിൽ ജീവിക്കാൻ, അതായത്, പിതാവിൻ്റെ ഭവനത്തിൽ സ്ഥിരമായി വസിക്കുന്ന മക്കളായി തീരുവാൻ വേണ്ടിയാണ് നന്മ ചെയ്തുകൊണ്ട് ഈ ഭൗമികജീവിതം നാം പൂർത്തിയാക്കേണ്ടത്. ഇത് ഒരു കൂട്ടായ്മയിലുള്ള രക്ഷയാണ്. നമ്മുടെ ജീവിതത്തിൽ ആരും ഒറ്റയ്ക്ക് രക്ഷ പ്രാപിക്കുന്നില്ല, മറിച്ച് ക്രിസ്തുവിന്റെ വിളി എല്ലാവരുടെയും രക്ഷ ലക്‌ഷ്യം വച്ചുകൊണ്ടാണ്. രക്ഷിക്കപ്പെടുക, മറ്റുള്ളവരെ രക്ഷപെടുവാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ജീവിതത്തിൽ പിതാവിന്റെ ഹിതപൂർത്തീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വിശുദ്ധിയിലേക്കുള്ള ഈ പൂർത്തീകരണത്തിന്റെ  വിളിയാണ് അനുദിന വിശുദ്ധ ബലിയിലൂടെയും, വചനത്തിലൂടെയും ദൈവം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

"പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു"

യേശു ഈ വാചകം ഉച്ചരിച്ചുകൊണ്ട് മരിക്കുന്നത് പകൽ മൂന്നുമണിക്കാണ്. പകൽവെളിച്ചത്തിൽ പരക്കുന്ന ഇരുട്ട് ലോകശക്തിയുടെ വരവറിയിക്കുന്നുവെങ്കിലും, കർത്താവിന്റെ സർവശക്തിയും ആ ഇരുട്ടിനെ തന്റെ പുത്രയാഗത്തിലൂടെ ഇല്ലാതെയാക്കുന്നു. കരയുന്നവരോടൊപ്പം ദൈവം കരയുന്നു. ഏകമകൻ്റെ മരണത്തിൽ അപ്പൻ  കരയുന്നതുപോലെ പിതാവും കരയുന്നു; കടിഞ്ഞൂലിനു വേണ്ടി ചെയ്തതുപോലെ അവൻ വിലപിക്കുന്നു എന്ന  സക്കറിയ പ്രവാചകന്റെ വചനങ്ങൾ പക്ഷെ മരണത്തിന്റെ അഗാധതയിൽ നിന്നും മനുഷ്യകുലത്തിന്റെ രക്ഷയെയാണ് എടുത്തു കാണിക്കുന്നത്. ("അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും." സക്കറിയ 12, 10).

മനുഷ്യരുടെ ദുഷ്ടതയെക്കുറിച്ചുള്ള ഭയം തൊണ്ടയിൽ പിടിമുറുക്കുമ്പോൾ, ഏകാന്തതയുടെ സങ്കടം കണ്ണുകളിൽ അശുഭാപ്തിവിശ്വാസത്തിൻ്റെ മൂടുപടം ഇടുമ്പോൾ, വ്യാജ സുഹൃത്തുക്കളുടെ കാപട്യത്തെക്കുറിച്ചുള്ള രോഷം വയറ്റിൽ ഒരു പിണ്ഡം സൃഷ്ടിക്കുമ്പോൾ നമ്മുടെ ജീവിതത്തിലും ഇപ്രകാരം ദൈവത്തിനു നമ്മെത്തന്നെ ഭരമേല്പിക്കുവാനുള്ള ക്ഷണമാണ് യേശുവിന്റെ ഈ വചനങ്ങൾ. പരീക്ഷണകാലഘട്ടത്തിൽ, വചനത്തിൽ വിശ്വസിക്കുന്നതിനും നമ്മെത്തന്നെ ഭരമേൽപ്പിക്കുന്നതിനുപകരം, ആയുധങ്ങളിൽ വിശ്വസിക്കാനും ലോകത്തിൻ്റെ യുക്തിയുമായി പൊരുത്തപ്പെടാനും, യുദ്ധം ചെയ്യുവാനും  നമ്മെ പ്രേരിപ്പിക്കുന്ന ശക്തികളെ നാം തിരിച്ചറിയണം. യഥാർത്ഥ ക്രൈസ്തവീകത, വിട്ടുകൊടുക്കലിന്റേതാണ്.

ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍ എന്നെ കയറ്റിനിര്‍ത്തണമേ. അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്തഗോപുരം. ഞാന്‍ അങ്ങയുടെ കൂടാരത്തില്‍ എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ.” (സങ്കീർത്തനം 61,1-4 ) സങ്കീർത്തകനോടു ചേർന്ന് യേശുവിന്റെ വചനങ്ങൾ നമ്മുടെ ജീവിതത്തിലും നാം ഉരുവിടണം.

സമാപന സ്ഥലം : കല്ലറയിൽ അടക്കപ്പെട്ട യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുന്നു

"ആഴ്ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു പോയി. അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍നിന്ന് കല്ല് ഉരുട്ടിമാറ്റുക? എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു! അതു വളരെ വലുതായിരുന്നുതാനും. അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്തിരിക്കുന്നതു കണ്ടു. അവര്‍ വിസ്മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ അദ്ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവനെ സംസ്‌കരിച്ച സ്ഥലം." (മർക്കോസ് 16,2-6)

കുരിശിന്റെ വഴി പ്രാർത്ഥനയിൽ പതിവായി അവസാനസ്ഥലത്ത് ധ്യാനിക്കുന്നത് യേശുവിനെ കല്ലറയിൽ സംസ്കരിക്കുന്ന നിമിഷങ്ങളെയാണ്. എന്നാൽ പതിവിൽ നിന്നും മാറി അവസാനം യേശുവിന്റെ പുനരുത്ഥാനമാണ് നാം വിചിന്തനം ചെയ്യുന്നത്. വേദനയുടെ അതികാഠിന്യം നിറഞ്ഞ കുരിശുമരണത്തിന്റെ നിമിഷങ്ങൾ അതിൽ തന്നെ ജീവിതത്തിന്റെ അന്ത്യമല്ല  എന്ന തിരിച്ചറിവാണ് യേശുവിന്റെ ഉത്ഥാനം നമുക്ക് പ്രദാനം ചെയ്യുന്നത്. ജീവിതം മരണത്തേക്കാൾ ശക്തമാണ്, തിന്മയുടെ മേൽ നന്മ വിജയിക്കുന്നു എന്നുള്ള പ്രഖ്യാപനം വെറും വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് യേശു മരിച്ചവരിൽ നിന്നും ഉത്ഥാനം ചെയ്തു എന്ന വിശ്വാസത്തിലാണ് പ്രഘോഷിക്കപ്പെടുന്നത്. യേശുവിന്റെ ശരീരം അടക്കം ചെയ്തതിനു ശേഷം ഇനിയെന്ത്? എന്നുള്ള ചിന്ത നിരാശയുടെ പടിയിൽ ശിഷ്യരേയും, മറ്റുള്ളവരെയും നിർത്തിയ സാഹചര്യത്തിലാണ്, സ്ത്രീകൾ കല്ലറയിലേക്ക് കടന്നുചെല്ലുന്നത്.

ഹൃദയത്തിൽ പ്രതീക്ഷ നിറച്ചവൻ്റെ ഉടൽ ഉൾക്കൊള്ളുന്ന കല്ലറക്കു വെളിയിൽ അവർ പനിനീരുമായി കാത്തുനിൽക്കുമ്പോൾ, ഇതാ ദൂതന്റെ വാക്കുകൾ, "ഭയപ്പെടേണ്ട! ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ  ഇവിടെയില്ല. അവൻ ഉയിർത്തെഴുന്നേറ്റു." ഗുരുവിന്റെ വേർപാടിൽ വിലപിക്കുവാൻ എത്തിയവർ ഇതാ സാക്ഷ്യത്തിന്റെ പ്രഘോഷണത്തിനായി തിരികെ ശിഷ്യരുടെ അടുക്കലേക്ക് ധൃതിയിൽ യാത്രയാവുന്നു. ശൂന്യമായ കല്ലറയിൽ യേശുവിനെ തിരഞ്ഞവർ പറുദീസയുടെ സന്തോഷത്തിലേക്ക് യാത്രയാവുന്നു.

കുരിശിന്റെ വഴി പ്രാർത്ഥന, ഭൂമിയിലേക്കുള്ള നമ്മുടെ  ദൃഷ്ടിയുടെ അവസാനം, നമ്മെ എത്തിക്കുന്നത് സ്വർഗത്തിലേക്ക് കണ്ണുകളുയർത്തുവാനും ഉത്ഥാനം ചെയ്ത യേശുവിനെ വിശ്വസിക്കുവാനുമാണ്. ശൂന്യമായ കല്ലറയിൽ യേശുവിന്റെ അഭാവം കണ്ണുകൾ കൊണ്ട് കണ്ടിട്ട് സ്ത്രീകൾ തുടർന്ന് അന്വേഷിക്കുന്നു. നമ്മുടെ ജീവിതത്തിലും ഇപ്രകാരം ഏതൊക്കെ നിമിഷങ്ങളിലാണ് യേശുവിന്റെ അഭാവം നമുക്ക്  ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് , അവനെ അന്വേഷിക്കുവാനുള്ള ഒരു ത്വര ഈ ഉത്ഥാന അനുഭവം നമുക്ക് പ്രദാനം ചെയ്യുന്നു. ശവകുടീരത്തിന്റെ ശൂന്യതയിൽ മാത്രം  വിലപിക്കുന്നവരുടെ ജീവിതത്തിൽ ഉത്ഥിതന്റെ സന്തോഷം അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ ശൂന്യമായ കല്ലറ, ഒന്നും അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവ് യോഹന്നാനു നല്കിയതുപോലെ നമ്മുടെ ജീവിതത്തിലും പ്രത്യാശയുടെയും, വിശ്വാസത്തിന്റെയും പാത തുറക്കുവാനുള്ള തിരിച്ചറിവ് നൽകണം. ഉത്ഥാനം, സ്നേഹത്തിന്റെ യാഥാർഥ്യവും വെളിപ്പെടുത്തുന്നു. യേശുവിന്റെ സ്നേഹത്തിന്റെ കറയില്ലായ്മയാണ്, നിത്യതയിലേക്കുള്ള ജീവൻ നമുക്ക് വെളിപ്പെടുത്തുന്നത്.

കുരിശിന്റെ വഴി പ്രാർഥന നമുക്ക് ഉത്ഥാനത്തിന്റെ ഈ നിത്യമായ സന്തോഷം പ്രദാനം ചെയ്യട്ടെ. യേശുവിന്റെ പീഡാനുഭവത്തിലും, മരണത്തിലും ഉൾച്ചേർന്ന നമുക്ക് അവൻ പ്രദാനം ചെയ്യുന്നത് ശൂന്യമായ കല്ലറയല്ല, മറിച്ച് ഉത്ഥാനത്തിന്റെ നിത്യപ്രഭയാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2024, 11:17