തിരയുക

ആർച്ചുബിഷപ്പ് പോൾ  റിച്ചാർഡ്  ഗാല്ലഗെർ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ  (ANSA)

മനുഷ്യകുലത്തിൻറെ പ്രശ്‌നപരിഹൃതിക്ക് സഭയുടെ ഇടപെടൽ അനിവാര്യം, ആർച്ചുബിഷപ്പ് ഗാല്ലഗെർ!

"പരിശുദ്ധ സിംഹാസനവും, അന്താരാഷ്ട്ര നിയമങ്ങളും: അനുഭവങ്ങൾ" എന്ന ശീർഷകത്തിൽ ഇറ്റലിയിലെ പെസ്ക്കാര രൂപത സംഘടിപ്പിച്ച ചർച്ചായോഗത്തെ, വത്തിക്കാന്, രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, സംബോധന ചെയ്തു.

ഫാ. ജിനു ജേക്കബ്, ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നരകുലത്തെ അലട്ടുന്ന വലിയപ്രശ്നങ്ങളുടെ പരിഹാരത്തിന് സഹകരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണെന്ന് ആർച്ചുബിഷപ്പ് പോൾ  റിച്ചാർഡ്  ഗാല്ലഗെർ.

വത്തിക്കാന്, രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള  ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യദർശിയായ അദ്ദേഹം, ഇറ്റലിയിലെ പെസ്ക്കാര രൂപത, "പരിശുദ്ധ സിംഹാസനവും, അന്താരാഷ്ട്ര നിയമങ്ങളും: അനുഭവങ്ങൾ" എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചായോഗത്തിൽ, വെള്ളിയാഴ്ച (19/4/24) സംസാരിക്കുകയായിരുന്നു.

അന്താരാഷ്ട്ര സമൂഹത്തിൻറെ ചട്ടക്കൂടിനുള്ളിൽ, മനുഷ്യൻറെ സമഗ്ര പുരോഗതിക്ക് സംഭാവനയേകുന്നതിന് കത്തോലിക്കാ സഭ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം തദ്ദവസരത്തിൽ എടുത്തു പറഞ്ഞു. വത്തിക്കാൻ എന്ന ചെറു രാഷ്ട്രത്തെക്കുറിച്ച് പരാമർശിച്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ, അത് മറ്റു രാജ്യങ്ങളെ പോലെതന്നെ പരമാധികാരം ഉള്ള ഒരു രാഷ്ട്രമാണെന്നും, അതിനാൽ അന്താരാഷ്ട്ര നിയമപരിരക്ഷയ്ക്ക് പരിശുദ്ധ സിംഹാസനത്തിന് അവകാശമുണ്ടെന്നും പറഞ്ഞു.

നീതിയുക്തമായ ബന്ധങ്ങൾ, അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള ബഹുമാനം, അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സംരക്ഷണം എന്നീ ആശയങ്ങളുടെ ഫലപ്രദമായ പുരോഗതിക്ക് പരിശുദ്ധ സിംഹാസനം രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടങ്ങൾ നോക്കാതെ  നൽകുന്ന സംഭാവനകൾ വളരെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.  രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രസ്പഷ്ടമാക്കുന്നതുപോലെ, നരകുലത്തെ അലട്ടുന്ന വലിയപ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള യത്നങ്ങളിൽ സഹകരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ഭൗതികമായ ഒരു കടന്നുകയറ്റമല്ല  ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും, മറിച്ച് അത് 'നിഷ്പക്ഷത'യുടെ സവിശേഷതയുമായി സമന്വയിപ്പിക്കപ്പെടുന്നുവെന്നും വ്യക്തമാക്കി. ഇത് സമാധാനത്തിൻറെ പ്രാമുഖ്യത്തിനും അന്താരാഷ്ട്ര തർക്കങ്ങളുടെ കാര്യത്തിൽ കൂടിയാലോചനകളിലൂടെയുള്ള പരിഹാരങ്ങൾക്കും വഴിതെളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വത്തിക്കാൻ നടത്തുന്ന നയതന്ത്രപരവും, മാനുഷികവുമായ പല ഇടപെടലുകളെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഇവയ്‌ക്കെല്ലാം പരിശുദ്ധ പിതാവ് നൽകുന്ന പിന്തുണയും, അവയുടെ നേട്ടങ്ങളും ആർച്ചുബിഷപ്പ് ഗാല്ലഗെർ വിവിധ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് ഏടുത്തുകാട്ടി. വിവിധ വർഷങ്ങളിൽ നടന്നിട്ടുള്ള യുദ്ധങ്ങളുടെ അവസരങ്ങളിൽ വത്തിക്കാൻ നടത്തിയ സമാധാന യത്നങ്ങളെപ്പറ്റിയും, അവയുടെ വിജയത്തെക്കുറിച്ചും പരാമർശിച്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ ഉക്രൈൻ യുദ്ധത്തിനിടയിൽ കർദ്ദിനാൾ മത്തേയോ സൂപ്പിയെ തൻറെ സമാധാനദൂതനായി അയച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നടത്തിയ സമാധാനശ്രമങ്ങൾ അനുസ്മരിച്ചു. യുദ്ധവിരാമത്തിന്  സകലരുടെയും സംഘാതപരിശ്രമം ആവശ്യമാണെന്ന വസ്തുത അദ്ദേഹം ഊന്നിപ്പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2024, 11:58