രാജസ്ഥാനിൽനിന്നുള്ള ഒരു ദൃശ്യം രാജസ്ഥാനിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ക്രിസ്തുവെന്ന നല്ലിടയൻ നൽകുന്ന മാതൃകയും ജനാധിപത്യവും

യേശുവെന്ന നല്ലിടയൻ നൽകുന്ന ജീവിതമാതൃകയെ അടിസ്ഥാനമാക്കി, സമൂഹത്തെ നയിക്കാനായി വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന നായകർക്കുണ്ടാകേണ്ട ചില മൂല്യങ്ങളെക്കുറിച്ചുള്ള ഒരു വിചിന്തനം.
ക്രിസ്തുവെന്ന നല്ലിടയൻ നൽകുന്ന മാതൃകയും ജനാധിപത്യവും - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായത്തിൽ യേശു ഇടയന്മാരെക്കുറിച്ചും അവരുടെ വിളിയെക്കുറിച്ചും അവരുൾക്കൊള്ളേണ്ട മനോഭാവത്തെക്കുറിച്ചുമൊക്കെ പഠിപ്പിക്കുന്നുണ്ട്. പിതാവായ ദൈവം തന്റെ അജഗണത്തെ നയിക്കുവാനായും, സകലരുടെയും പാപപരിഹാരബലിയാകാനും, മോചകനാകാനും, എല്ലാ ജനതകളോടും സുവിശേഷമറിയിക്കാനുമായി നിയോഗിച്ചയച്ച തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ആരാണ് ഒരു യഥാർത്ഥ ഇടയൻ എന്നതിനെക്കുറിച്ച് ക്രിസ്‌തു ജനത്തോട് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ അമൂർത്തങ്ങളായ ചിന്തകളെക്കുറിച്ചല്ല, താൻ പ്രവർത്തികമായി ജീവിച്ച തന്റെ വിളിയെക്കുറിച്ചാണ് അവൻ സംസാരിക്കുക. പിതാവേൽപ്പിച്ച നിയോഗമാണ് താൻ ജീവിക്കുന്നത് എന്ന സത്യമാണ് യേശു പറഞ്ഞുവയ്ക്കുക. ആടുകൾക്കുവേണ്ടി ജീവനേകാൻ തയ്യാറായ യഥാർത്ഥ ഇടയാനാണ് ക്രിസ്തു. വാഗ്ദാനങ്ങളും അവയുടെ പൂർത്തീകരണവും, വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള പൊരുത്തവും ക്രിസ്‌തുവിലേതുപോലെ ഏറെപ്പേരിൽ നമുക്ക് കാണാനാകില്ല.

യഥാർത്ഥ ഇടയനും അജഗണവും

ഒരു യഥാർത്ഥ ഇടയന്റെ പ്രത്യേകതയായി യേശു പറയുന്ന അനേകം പ്രത്യേകതകളിൽ ഒന്ന്, അവൻ വാതിലിലൂടെ പ്രവേശിക്കുന്നവനാണ് എന്നതാണ്. മറ്റു വഴികളിലൂടെ പ്രവേശിക്കുന്നവൻ കള്ളനും കവർച്ചക്കാരനുമാണെന്ന് സുവിശേഷത്തിൽ യേശു വ്യക്തമായി പറഞ്ഞുവയ്ക്കുന്നു. ഒരു യഥാർത്ഥ നേതാവ് ആരെന്നു ചോദിച്ചാൽ, നേരായ മാർഗ്ഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നാണ് ഉത്തരം നൽകാനാകുക. എന്നാൽ അതേസമയം വോട്ടെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഒരുവന്റെ ജീവിതമൂല്യങ്ങളുടെയും, നേതൃപാടവത്തിന്റെയും തെളിവാകണമെന്നില്ല. കപടമാർഗ്ഗങ്ങളിലൂടെ നേതാവാകാൻ ശ്രമിക്കുന്ന പലരും സമൂഹത്തിൽ ഉണ്ടായേക്കാം. ബലപ്രയോഗത്തിലൂടെയും, ഭീഷണികളിലൂടെയും, മോഹനവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചും നേതൃനിരയിലെത്തുന്ന ചില "നേതാക്കളെ" ചരിത്രത്തിൽ നാം കണ്ടിട്ടുണ്ട്. ചില ഏകാധിപതികളും, സ്വേച്ഛാധിപതികളുമൊക്കെ ഈയൊരു ഗണത്തിലാണുള്ളത്. ദൈവമോ ജനമോ തിരഞ്ഞെടുക്കാത്ത, സ്വയം നേതൃസ്ഥാനത്തേക്കെത്തുന്ന ഇത്തരം നേതാക്കൾക്ക്, ക്രിസ്തു കൊണ്ടുവരുന്ന യഥാർത്ഥ ഇടയന്റെ, നല്ലിടയന്റെ സങ്കൽപ്പവുമായി യാതൊരു ബന്ധവും കാണില്ല. മതവും, ധനവും, തൊഴിലും, ഭക്ഷണവും, അധികാരവും ഒക്കെ വിറ്റും വാങ്ങിയും കൈമാറ്റം ചെയ്‌തും നേടിയെടുക്കുന്ന നേതൃസ്ഥാനങ്ങൾ ആടുകളുടെ, ജനത്തിന്റെ നന്മ മുന്നിൽ കാണുന്ന ഒരു നേതൃസങ്കൽപ്പത്തിൽനിന്ന് ഏറെ അകലെയായിരിക്കും.

ഇടയനും കൂലിക്കാരനും ചെന്നായ്ക്കളും

ആടുകളുടെ അടുത്തേക്ക് വരുന്നവരെല്ലാം ഇടയന്മാരായിരിക്കണമെന്നില്ല. അവരിൽ ചെന്നായ്ക്കളുണ്ടാകാം, കള്ളന്മാരും കവർച്ചക്കാരുമുണ്ടാകാം, കൂലിക്കാരുണ്ടാകാം, യഥാർത്ഥ ഇടയന്മാരുമുണ്ടാകാം. യഥാർത്ഥ ഇടയന്മാരും കൂലിക്കാരും തമ്മിലുള്ള വ്യത്യാസമായി സുവിശേഷത്തിൽ യേശു പറയുന്ന ഒരു പ്രത്യേകത അവർ ആടുകൾക്ക് മുന്നിൽ നടക്കുന്ന, അവരെ നയിക്കുന്ന, അപകടങ്ങളുടെ മുന്നിൽ അവരെ ഉപേക്ഷിച്ച് ഓടിപ്പോകാത്ത മനുഷ്യരാണ് എന്നതാണ്. ചെന്നായ് വരുന്നതുകാണുമ്പോൾ ഓടിപ്പോകുന്നവൻ കൂലിക്കാരനാണ്. ജീവിക്കാനായും സ്വത്ത് വാരിക്കൂട്ടാനായും നേതാവാകുന്നവരെ കൂലിക്കാരുടെ ഗണത്തിലെ ഉൾപ്പെടുത്താനാകൂ. എന്നാൽ തനിക്ക് ഏൽപ്പിക്കപ്പെട്ട ആടുകളെ നയിക്കാനും, അവരുടെ ജീവൻ സംരക്ഷിക്കാനുമായി സ്വന്തം ജീവൻ വരെ നൽകാൻ തയ്യാറാകുന്നവനാണ് യഥാർത്ഥ ഇടയൻ. ആടുകൾ സ്വന്തമായതിനാലാകാം, അവയെ സ്വന്തമെന്നപോലെ സ്നേഹിക്കുന്നതിനാലാകാം, നല്ല ഇടയൻ ആടുകളുടെ ജീവിതത്തെ തന്റേതിന് തുല്യമോ, അതിലധികമോ മൂല്യമുള്ളതായി കാണുകയും, അവയെ നേർവഴിയെ നയിക്കുകയും ചെയ്യുന്നു.

ചെന്നായ്ക്കളും കള്ളന്മാരും ആട്ടിൻകൂട്ടത്തിലേക്ക് കടന്നുവരുന്നത് എന്തിനെന്ന് തിരിച്ചറിയാനുള്ള സഹജവാസന, ബുദ്ധിശക്തി ഏറെയില്ലാത്ത ആടുകൾക്കുണ്ട്. അതുകൊണ്ടുതന്നെ ചെന്നായ കടന്നുവരുമ്പോൾ അവ ഉച്ചത്തിൽ കരയുകയും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്യും. കള്ളന്മാരോ, പരിചയമില്ലാത്ത ആളുകളോ വരുമ്പോൾ അവ സ്നേഹത്തോടെ അവരുടെ അടുത്തേക്കെത്താനോ, അവരെ പിൻചെല്ലാനോ തയ്യാറാകില്ല. സമൂഹത്തിൽ ജനത്തെ കടിച്ചുകീറിത്തിന്നാനും, അവരെ ധനമോ സമ്മാനങ്ങളോ നൽകി വിലയ്ക്കുവാങ്ങാനും വിൽപ്പനച്ചരക്കാക്കി മാറ്റാനും ശ്രമിക്കുന്ന ചില പ്രത്യേകതരം നേതൃനിരയെ, തിരിച്ചറിയാനും, അവരെ അകറ്റിനിറുത്താനും വേണ്ട വിവേകം ജനത്തിനുണ്ടാകണം.

ജീവൻ കൊടുക്കാനുള്ളതോ എടുക്കാനുള്ളതോ?

സ്വജീവൻ നൽകുന്നവനാണ് നല്ല ഇടയൻ എന്ന ഒരു പ്രധാന തത്വം യേശു സുവിശേഷത്തിൽ എടുത്തുപറയുന്നുണ്ട് (യോഹ. 10, 11). ആടുകൾക്ക് മുന്നിൽ നടക്കുന്ന ഒരു ഇടയനെക്കുറിച്ചാണ് യേശു പറയുന്നത്. കർഷകരും ഇടയന്മാരുമൊക്കെയുള്ള പഴയകാലഗ്രാമപ്രദേശങ്ങളിലെ ഇടയന്മാരും ആടുകളുമായി ബന്ധപ്പെട്ട മറ്റൊരു ചിത്രം, വൈകുന്നേരം ആടുകളെ അവയുടെ ആലയിൽ എത്തിച്ചിട്ട്, അതിന്റെ വാതിൽക്കൽ കാവലായി കിടക്കുന്ന ഇടയന്റേതാണ്. ഇടയന്റെ അറിവോ അനുവാദമോ ഇല്ലാതെ ആർക്കും, മനുഷ്യർക്കോ മൃഗങ്ങൾക്കോ ആലയിൽ പ്രവേശിക്കാനാകില്ല. ഈയൊരു സങ്കൽപ്പത്തിൽനിന്ന് ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ പല നേതൃസങ്കൽപ്പങ്ങളും. അപകടകരമായ സാഹചര്യങ്ങളിൽ, ജനത്തെ മുന്നിൽ നിറുത്തി, അണികളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിട്ട്, പിന്നാലെ സഞ്ചരിക്കുന്ന നേതൃനിരയെ പലപ്പോഴും നമുക്ക് കാണാം. അണികളുടെ ജീവിതത്തേക്കാൾ വിലയേറിയതാണ് നേതാവിന്റെ ജീവൻ എന്ന ഒരു ചിന്ത സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സേവനം ചെയ്യേണ്ടവനെ, സേവനം ലഭിക്കേണ്ടവർ സേവിക്കേണ്ടിവരുന്ന അവസ്ഥ. രാഷ്ട്രീയ പാർട്ടികളിലാകട്ടെ, സമൂഹത്തിലെ മറ്റു ഗ്രൂപ്പുകളിലാകട്ടെ, മതങ്ങളിലാകട്ടെ ചെറിയവരും വലിയവരുമെന്ന ഒരു വിഭജനം നിലനിൽക്കുന്നുണ്ട്. ക്രിസ്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് കയ്യാഫാസ് യഹൂദർക്ക് നൽകിയ ഒരു ഉപദേശത്തെക്കുറിച്ച് യോഹന്നാന്റെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തിൽ ഇപ്രകാരം നാം കാണുന്നുണ്ട്; "ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നത് യുക്തമാണ്" (യോഹ. 18, 14). ഈ ഒരാൾ ആരായിരിക്കണമെന്നതിനെക്കുറിച്ച് ഇന്നത്തെ സമൂഹത്തിൽ പക്ഷെ വ്യത്യസ്ഥമായ, വിചിത്രമായ ഒരു അഭിപ്രായമുണ്ട്. പാർട്ടിക്കുവേണ്ടി, നേതാവിനുവേണ്ടി, അണികൾ, വലിയവനുവേണ്ടി ചെറിയവൻ, മരിക്കുന്നത് യുക്തമാണ് എന്ന ഒരു ചിന്തയാണത്. ജനത്തിന്റെ ജീവനും സ്വത്തും, അവന്റെ അന്തസ്സും സംരക്ഷിക്കുവാൻ പരിശ്രമിക്കുന്ന നേതൃത്വം എന്നതിൽനിന്ന്, നേതാവിന്റെയും പാർട്ടിയുടെയും സുരക്ഷയും, സുഖവും, വിജയവും ഉറപ്പാക്കാൻ വേണ്ടി അണികൾ പോരാടുകയും, ജീവൻ പോലും കൊടുക്കേണ്ടിവരികയും ചെയ്യുക എന്ന നിലയിലേക്ക് സമൂഹം അധഃപതിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാം. ജീവൻ സംരക്ഷിക്കാനുള്ള അമൂല്യനിധിയോ അതോ, വാണിജ്യമൂല്യമുള്ള വില്പനച്ചരക്കോ എന്ന ഒരു ചോദ്യം സമൂഹം ഉയർത്തേണ്ടതുണ്ട്. സ്വന്തമായി ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതുകൊണ്ടും, സമൂഹത്തിന് നന്മ ചെയ്യാൻ കഴിവില്ലാത്തതുകൊണ്ടും, അവനവനെത്തന്നെ പരിശുദ്ധരാക്കി കാണിക്കാൻ ആഗ്രഹമുള്ളതുകൊണ്ടും, മറ്റുള്ളവരെ സമൂഹത്തിൽ തേജോവധം ചെയ്തും, അവരുടെ അന്തസ്സിനെ ഇകഴ്ത്തിക്കാട്ടിയും, അവരുടെ കുറവുകളും വീഴ്ചകളും ഉയർത്തിക്കാട്ടിയും മാത്രം ആളുകളാകുന്ന ചില മനുഷ്യരുണ്ട്. രാഷ്ട്രീയമുൾപ്പെടെ എല്ലായിടങ്ങളിലും ഇത്തരം വ്യക്തിത്വങ്ങൾ ഇന്ന് ഏറിവരുന്നുണ്ട്.

ആടുകൾ അറിയുന്ന, ആടുകളെ അറിയുന്ന ഇടയൻ

ഒരു യഥാർത്ഥ ഇടയൻ അവന്റെ ആടുകളെ തിരിച്ചറിയുന്നുവെന്നും, അവന്റെ ആടുകൾ അവനെ തിരിച്ചറിയുന്നുവെന്നും യേശു സുവിശേഷത്തിൽ പറയുന്നുണ്ട്. ആടുകളെ പേര് ചൊല്ലി വിളിക്കുന്ന, അവയെ മുന്നിൽ നിന്ന് നയിക്കുന്ന ഇടയൻ. ആടുകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു നേതാവ്, അവനെയാണ് നല്ല ഇടയനായി കണക്കാക്കാനാകുക. രാഷ്ട്രീയമുൾപ്പെടെയുള്ള പൊതുസമൂഹത്തിൽ, ഈയൊരു മൂല്യം എന്തുമാത്രമുണ്ട് എന്ന ചോദ്യം ഇന്ന് നമ്മിൽ ചിരിയുണർത്തിയേക്കാം. ക്യാമറക്കണ്ണുകൾക്ക് മുന്നിൽ പുഞ്ചിരിച്ചു കാട്ടുന്ന, എല്ലാവരുടെയും മുന്നിൽ എത്ര ബുദ്ധിമുട്ടേറിയ കാര്യങ്ങളും ചെയ്യാൻ തയ്യാറാകുന്നതായി അഭിനയിക്കുന്ന, മരണവേദികളിലും, ആഘോഷവേദികളിലും താൻ എത്തുന്നുണ്ട് എന്ന് എല്ലാവരെയും ബോധിപ്പിക്കാൻ ശ്രമിക്കുന്ന ചില അഭിനേതാക്കളുണ്ട് നമ്മുടെ നേതൃനിരയ്ക്കിടയിൽ. വോട്ടു ചോദിച്ച് വീടുകളിലേക്ക് കടന്നുചെല്ലുന്നിടത്ത് ആരംഭിക്കുന്ന ഒരു അഭിനയമാണിത്. പ്രാദേശികനേതാക്കളോട് മുന്നേ ചോദിച്ച്, വീടുകളിൽ കയറി ആളുകളെ പേര് ചൊല്ലി വിളിക്കുകയും, അവിടുത്തെ കുട്ടികളെ ലാളിക്കുകയും, മുതിർന്നവരോടും രോഗികളോടും ദയാപൂർവ്വം സംസാരിക്കുകയും ചെയ്യുന്ന നല്ലൊരു ശതമാനം നേതാക്കളും, ആ വീടുകളിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതിനൊപ്പം, ആ മനുഷ്യരുടെ പേരുകളും, പ്രശ്‌നങ്ങളും, പരാതികളും, അവർക്കു നൽകിയ വാഗ്ദാനങ്ങളും ഉൾപ്പെടെയുള്ള എല്ലാം തലയിൽനിന്ന് നീക്കിക്കളയുന്നുണ്ട് എന്ന് നമുക്കറിയാം. ആടുകളെ അറിയുന്ന, ആടുകൾ അറിയുന്ന നല്ല ഇടയൻ എന്ന, ക്രിസ്‌തു പറഞ്ഞുവയ്ക്കുന്ന ഒരു തത്വം, ആളുകൾ അറിയുന്ന, ആളുകളെ അറിയുന്ന നേതൃത്വം എന്നതിലേക്ക് പ്രാവർത്തികമാക്കാൻ ഇന്നത്തെ നേതൃനിരയ്ക്ക് സാധിക്കുന്നുണ്ടോ എന്ന ഒരു ചോദ്യം നമുക്ക് മുന്നിലുണ്ട്.

തൊഴുത്തിൽപ്പെടാത്ത ആടുകളും ഒരാട്ടിൻപറ്റവും

സുവിശേഷത്തിൽ നല്ലിടയനാണ് താനെന്ന് പറയുന്ന യേശു, തൊഴുത്തിൽപ്പെടാത്ത ആടുകളോടുള്ള തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് പറയുന്നുണ്ട് (യോഹ. 10, 16). തന്റെ കൂടെയല്ലാത്ത ആടുകളെ അവഗണിക്കാത്ത ഒരു ഇടയനെക്കുറിച്ചാണ് യേശു പറയുക. അവയെയും താൻ ഒരുമിച്ച് കൊണ്ടുവരുമെന്നും, അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും എന്ന് യേശു പറയുന്നത് സുവിശേഷത്തിൽ നമുക്ക് വായിക്കാം. ഒരു യഥാർത്ഥ നേതാവിന്റെ വിളി, തനിക്ക് പ്രിയപ്പെട്ടവരെയും, തനിക്ക് ജയ് വിളിക്കുന്നവരെയും മാത്രം സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതല്ല. ഇലക്ഷനിൽ തന്നെ തിരഞ്ഞെടുത്തവരെയും, തന്റെ മണ്ഡലത്തെയും അടുത്ത ഇലക്ഷൻ കാലം വരെ തിരിഞ്ഞുനോക്കാത്ത ചില മിടുക്കൻ നേതാക്കന്മാരുള്ള ഇക്കാലത്ത്, തന്നോട് കൂടെ നിൽക്കാത്ത ആളുകളെ പോലും പരിഗണിക്കുന്ന ഒരു നേതാവിനെക്കുറിച്ച് ചിന്തിക്കുന്നത് അത്ര എളുപ്പമല്ല എന്നറിയാം. എങ്കിലും സുവിശേഷം മുന്നോട്ടുവയ്ക്കുന്ന ചിന്ത അത്തരമൊരു നേതൃത്വത്തെക്കുറിച്ചാണ്. പൊതുനന്മ മുന്നിൽ കണ്ട് പ്രവൃത്തിക്കുന്ന ഒരു നേതൃത്വമാണ് നമുക്ക് ഇന്ന് ആവശ്യം. തനിക്ക് വോട്ടു ചെയ്‌തവനെയും, തനിക്കെതിരെ വോട്ടു ചെയ്‌തവനെയും ഒരുപോലെ ബഹുമാനിക്കാനും, അവർക്കുവേണ്ടി സേവനം ചെയ്യാനും തയ്യാറാകുന്ന ഒരു നേതൃത്വം. സമൂഹത്തിലെ ധനികരെയും ദരിദ്രരെയും, ചെറുപ്പക്കാരെയും വയോധികരെയും, ചിതറിപ്പോയവരെയും, ഒറ്റപ്പെട്ടുപോയവരെയും, ആരുമില്ലാത്തവരെയും ഒരുമിച്ച് കൂട്ടുന്ന, എല്ലാവരുടെയും നന്മ കാംക്ഷിക്കുന്ന ഒരു മനോഭാവം ഉള്ള നേതാക്കളെയാണ് നമുക്കാവശ്യം.

തങ്ങളോടൊത്തല്ലാത്തവരെ, തങ്ങൾക്ക് സഹായം ചെയ്യാത്തവരെ അവഗണിക്കുന്ന, എന്തിന് അവർക്കെതിരെ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യുന്ന ഒരു മൂല്യച്യുതിയിലേക്ക് ഇന്നത്തെ പല പാർട്ടിപ്രവർത്തകരും നേതൃത്വങ്ങളും വീണുപോയിരിക്കുന്നുവെന്ന് നമുക്കറിയാം. സത്യവും, നീതിയും, അവകാശങ്ങളുമൊക്കെ കാറ്റിൽപ്പറത്തി, തനിക്കും, തന്നോടൊപ്പമുള്ളവർക്കും വേണ്ടിയാണ് ഈ പ്രപഞ്ചവും, അതിലെ വിഭവങ്ങളും ദൈവം തമ്പുരാൻ ഒരുക്കിവച്ചിരിക്കുന്നത് എന്ന് ചിന്തിച്ചു ജീവിക്കുന്ന ഒരു രാഷ്ട്രീയ, സാമൂഹ്യബോധം ഇന്ന് പലയിടത്തും നിലനിൽക്കുന്നു. എനിക്കും, എന്റെ കുടുംബത്തിനും, എന്റെ പ്രിയപ്പെട്ടവർക്കും ദോഷം വരാത്തിടത്തോളം കാലം, ഇതൊന്നും ഒരു പ്രശ്നമല്ല എന്ന, സ്വാർത്ഥചിന്തയിലേക്ക് നാമൊക്കെ ചുരുങ്ങിയിരിക്കുന്നു എന്ന യാഥാർഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തുല്യ നീതിയും തുല്യ അവകാശങ്ങളും, തുല്യ കടമകളും എന്നൊക്കെയുള്ള തത്വങ്ങൾ ഇന്നും നിലനിൽക്കുന്ന ഒരു നാട്ടിലാണ് നാമൊക്കെ ജീവിക്കുന്നത്. നല്ലിടയനെക്കുറിച്ച് ക്രിസ്തു പങ്കുവയ്ക്കുന്ന ചിന്തകൾ, ക്രൈസ്തവർക്ക് മാത്രമല്ല, സന്മനസ്സുള്ള എല്ലാവർക്കും സ്വന്തമാക്കി ജീവിക്കാൻ സാധിക്കേണ്ട ഒന്നാണെന്ന് നമുക്ക് മറക്കാതിരിക്കാം.

ക്രൈസ്തവരും സമൂഹവും

സമൂഹത്തിൽനിന്ന് നമുക്ക് ലഭിക്കേണ്ടവയുടെ, നമ്മുടെ അവകാശങ്ങളുടെ കാര്യം മാത്രം ഓർത്തിരിക്കുക എന്നതിലേക്ക് പലപ്പോഴും നാം നമ്മുടെ സാമൂഹികജീവിതത്തെ ചുരുക്കിയിട്ടുണ്ട്. എന്നാൽ എല്ലാ മനുഷ്യർക്കും സമൂഹത്തിൽ തങ്ങളുടേതായ സംഭാവനകൾ നൽകാനുള്ള ഉത്തരവാദിത്വമുണ്ട് എന്നത് നാം മറക്കരുത്. ഒരു ക്രൈസ്തവനെ സംന്ധിച്ചിടത്തോളം സമൂഹത്തിൽ നിസംഗതയോടെ ജീവിക്കാൻ സാധിക്കില്ല എന്നത് പാപ്പാമാർ മുതൽ താഴേക്കുള്ള സഭാനേതൃത്വത്തിലെ ഉത്തരവാദിത്വപ്പെട്ട ആളുകൾ നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. കത്തോലിക്കാസഭയുടെ ഔദ്യോഗികമതബോധനവും (Catechism of the Catholic Church), സാമൂഹ്യപരമായ നമ്മുടെ ഉത്തരവാദിത്വങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. അതിന്റെ "വ്യക്തിയും സമൂഹവും" എന്ന ഭാഗത്ത് (1878 മുതലുള്ള ഖണ്ഡികകൾ), സമൂഹത്തിൽ ക്രൈസ്തവരുൾപ്പെടെ എല്ലാ മനുഷ്യർക്കുമുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിളിയെക്കുറിച്ചും സഭ പഠിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ സ്വാഭാവികമായ പ്രത്യേകതയാണ് സാമൂഹികമായ ജീവിതമെന്ന് ഇവിടെ സഭ എഴുതിവയ്ക്കുന്നു. ഐക്യത്തിലും സമാധാനത്തിലുമുള്ള സഹവർത്തിത്വത്തിന്റെ പ്രാധാന്യവും ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. “മനുഷ്യനെ” സാമൂഹികമായ എല്ലാ പ്രസ്ഥാനങ്ങളുടെയും തത്വങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കേന്ദ്രബിന്ദുവാക്കുന്ന ഒരു അടിസ്ഥാനവ്യവസ്ഥിതിയാണ് സഭ മുന്നോട്ട് വയ്ക്കുക. അതുകൊണ്ടുതന്നെ, രാഷ്ട്രവും പ്രസ്ഥാനങ്ങളും വ്യക്തികളുടെ ജീവിതത്തിൽ അന്യായമായ രീതിയിൽ കൈകടത്തുന്നതും, അവരുടെ ജീവിതങ്ങളെ പരിധികൾക്കപ്പുറത്തേക്ക് നിയന്ത്രിക്കുന്നതും തെറ്റാണെന്നും സഭ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവം മനുഷ്യരുമായി പങ്കുവയ്ക്കുന്ന അധികാരവിനിയോഗം ഉത്തരവാദിത്വപരമായി ഉപയോഗിക്കാനുള്ള കടമ നാം മറക്കരുത്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മെച്ചപ്പെട്ട പ്രവർത്തനത്തിനായി അധികാരം ശരിയായ രീതിയിൽ വിഭജിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് സഭ ഓർമ്മിപ്പിക്കുന്നു. അധികാരവിനിയോഗം ദൈവികമായ ഒരു നിയോഗവും പ്രവൃത്തിയുമാണെന്ന പവിത്രമായ ഒരു ചിന്ത എല്ലാവർക്കുമുണ്ടെകിൽ സമൂഹജീവിതം എത്ര മെച്ചപ്പെട്ടേനെ!

ഉപസംഹാരം

നേതൃനിരയിലുള്ളവർ തങ്ങളുടെ സമൂഹത്തിന്റെയും ദേശത്തിന്റെയും, രാഷ്ട്രത്തിന്റെയും, അതിലുപരി, മനുഷ്യവർഗ്ഗത്തിന്റെയും ഈ പ്രപഞ്ചത്തിന്റെയും നന്മയ്ക്കും പരിപാലനത്തിനുമായുള്ള തങ്ങളുടെ വിളിയും നിയോഗവും തിരിച്ചറിഞ്ഞ് ജീവിക്കാനും പ്രവർത്തിക്കാനും ആരംഭിക്കുന്നിടത്ത്, സുവിശേഷത്തിൽ യേശു മുന്നോട്ട് വയ്ക്കുന്ന നല്ലിടയന്റെ ചിത്രമാണ് നമുക്ക് മുന്നിൽ തെളിഞ്ഞുവരിക. ജാതിയ്ക്കും, മതത്തിനും, വർഗ്ഗത്തിനും, വംശത്തിനും, വർണ്ണഭേദങ്ങൾക്കും, ധനത്തിനും, അധികാരത്തിനും, രാഷ്ട്രീയത്തിനും ഉപരിയായി, മനുഷ്യനെന്ന അമൂല്യതയെ വിലമതിക്കാനും, പൊതുസമൂഹത്തിന്റെയും ഭൂമി മുഴുവന്റെയും നന്മയ്ക്കായി പ്രവർത്തിക്കാനും കഴിവുള്ള നല്ല നേതാക്കന്മാർ, നല്ല ഇടയന്മാർ നമുക്കുണ്ടാകട്ടെ. നമ്മുടെ സേവനത്തിനായി നാം തിരഞ്ഞെടുക്കുന്നവർ, ഇത്തരം മൂല്യങ്ങൾ സ്വന്തമായുള്ളവരാണെന്ന്, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനുഷ്യരാണെന്ന് ഉറപ്പാക്കാൻ നമുക്ക് കടമയുണ്ട്. ഇത് നമ്മുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെ കൂടി നേർക്കുള്ള നമ്മുടെ ഉത്തരവാദിത്വമാണ്. നന്മയ്ക്കായുള്ള നിയോഗം തിരിച്ചറിയുന്ന നേതാക്കൾ നാടിൻറെ അനുഗ്രഹമായി മാറും. നന്മ വിതച്ച് നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന, പ്രതീക്ഷാനിർഭരമായ ഒരു നല്ല നാളെയെ സ്വപ്നം കാണാനും കാത്തിരിക്കാനും നമുക്ക് അവസരമൊരുക്കുന്ന, മുന്നേ നടന്ന്, രക്ഷയൊരുക്കുകയും, നയിക്കുകയും ചെയ്യുന്ന, തങ്ങളുടെ സമയവും, ആരോഗ്യവും, ജീവൻപോലും കൊടുത്ത് ജനത്തെ സേവിക്കാൻ തയ്യാറായ ഒരു നേതൃനിര നമുക്കുണ്ടാകട്ടെ. നന്മയും സമാധാനവും വളർത്തുന്ന, നല്ല മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന, മനുഷ്യരും മതങ്ങളും, നേതാക്കളും ആശയങ്ങളും നമ്മുടെ ഭൂമിയെ മെച്ചപ്പെട്ട ഒരിടമാക്കി മാറ്റട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2024, 11:39