ആരെയും ഉപേക്ഷിക്കാത്ത സ്നേഹമാണ് ക്രിസ്തുവിന്റെ ഉത്ഥാനം
ഫാ. പീറ്റർ ടാജീഷ് O deM
ഉയിർത്തയാൾ തന്റെ പ്രിയപ്പെട്ടവരെ തിരഞ്ഞു വരുന്നതാണ് പ്രമേയം. അയാൾ അയാളുടെ മഹത്വത്തിലും കൂടെയുള്ളവരെ മറന്നില്ല, അവരെ തിരഞ്ഞു ഇറങ്ങി എന്നു കൂടി കൂട്ടി വായിക്കണം ഈ വചനഭാഗത്തെ.
ആരാണ് ഇവർ? അയാളുടെ കുരിശിന്റെ വഴിയിൽ ഇടറിപോയവരാണ്, അയാളെ ഉപേക്ഷിച്ചു ഓടി ഒളിച്ചവരാണ്. എല്ലാ അർത്ഥത്തിലും ദുർബലരായി പോയവർ. ആ മനുഷ്യരുടെ വഴിയിലേക്ക് ഉയിർത്തെഴുന്നേറ്റ ക്രിസ്തു നടന്നു എന്നതും വലിയൊരു സുവിശേഷമാണ്.
ഒരു പുതിയ സൃഷ്ടികർമമാണ് ഇവിടെ നടക്കുന്നത്. ശിഷ്യന്മാരിലേക്ക് ആത്മാവിനെ അയച്ചുകൊണ്ട് അവരെ ഒരു പുതിയ ദൗത്യത്തിന് ഒരുക്കുകയാണ് ക്രിസ്തു.. ആ ദൗത്യമാകട്ടെ പാപങ്ങൾ മോചിക്കാനും, ആത്മാവിനെ ദാനം ചെയ്യാനുമാണ്. ലോകത്തിന്റെ പാപങ്ങൾ നീക്കാൻ വന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ.1,29) ആത്മാവിന്റെ രൂപത്തിൽ ഇനി വസിക്കുക ആ ശിഷ്യന്മാരിലാണ്. അവരെ പുതിയ സൃഷ്ടികളാക്കിമാറ്റി ക്രിസ്തു തന്റെ ദൗത്യം തുടരുകയാണ്.
"നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവ മോചിക്കപ്പെടും" എന്ന തിരുമൊഴിയിൽ അവരിൽ വസിക്കുന്ന ദൈവത്തെ ക്രിസ്തു വെളിപ്പെടുത്തുകയാണ്. ഇനിമേൽ അവരല്ല മറിച്ചു അവരിൽ ക്രിസ്തുവാണ് വസിക്കുന്നത്.
ക്രിസ്തു ദൗത്യത്തിന്റെ തുടർച്ചയാണ് സുവിശേഷം അവതരിപ്പിക്കുന്നത്. സഭ ക്രിസ്തുവിന്റെ തുടർച്ചയാണ്. അവനിൽ ആരംഭിച്ചു അവനിൽ അവസാനിക്കുന്ന ഒരു വിളിയാണത്. അതിലാണ് ഒരാളുടെ ചരിത്രം അയാൾ എഴുതുന്നതും, അത് മറ്റൊരാൾ വായിക്കുന്നതും.
ഇനിമുതൽ ആ ശിഷ്യർ പറയുന്നതും ചെയ്യുന്നതും ക്രിസ്തുനാമത്തിലാണ്. അവരുടെ നിശ്വാസം പോലും ഇനി രേഖപ്പെടുത്തുക ക്രിസ്തുവിനെയാണ്.
അങ്ങനെയൊരിടത്തെ ഒരു ക്രിസ്തുശിഷ്യ പ്രലോഭനമാണ് ഇന്ന് വചനം രേഖപ്പെടുത്തുന്നത്. തോമസിനുണ്ടായ ഒരു വിശ്വാസകുറവ്.
മൂന്നു ഘടകങ്ങൾ ഇവിടെ വായിച്ചെടുക്കാം.
1. വിശ്വാസിയാകാനുള്ള ക്ഷണം
2. തോമസിന്റെ വിശ്വാസപ്രഖ്യാപനം
3. ഭാവിയിലെ വിശ്വാസികൾക്കുള്ള ഭാഗ്യം.
എല്ലാ ശിഷ്യരും ഉയിർത്ത ക്രിസ്തുവിനെ സംശയിച്ചു എന്നതാണ് വാസ്തവം. കാരണം ഉയിർപ്പ് എന്നത് അന്നുവരെ ചരിത്രത്തിൽ നടക്കാത്ത ഒരു സംഭവമാണ്. അവർ അങ്ങനെ കേട്ടിട്ടുമില്ല ഉയിർത്ത ഒരാളെ കണ്ടിട്ടുമില്ല, അതുകൊണ്ടുതന്നെ ആ ഒരു സംഭവത്തിൽ സംശയം തോന്നുക സ്വഭാവികമാണ്. എന്നാൽ ആ സംശയത്തിന്റെ മൂർത്തരൂപം അത് തോമസിലാണ് സുവിശേഷകൻ രേഖപെടുത്തിയത്. അയാളുടെ വിശ്വാസകുറവ് നിർബന്ധബുദ്ധിയായി പരിണമിച്ചു.
വിശ്വാസിക്കാൻ അടയാളങ്ങൾ വേണമെന്ന നിർബന്ധം അയാളിലെ വിശ്വാസം അപൂർണമാക്കി മാറ്റി.
ദൈവം വെളിപാടാണ്, അത് പൂർണമായി ഗ്രഹിക്കാൻ മനുഷ്യബുദ്ധിക്കു സാധ്യവുമില്ല അവിടെയാണ് ഒരാളുടെ വിശ്വാസം ബലമായി മാറുന്നത്. മനസിലാകാത്തത് വിശ്വാസിക്കുന്നതല്ല, മറിച്ചു എല്ലാം മനസിലാക്കുന്ന എല്ലാം അറിയുന്ന ഒരാൾ ഉണ്ടെന്ന ബോധ്യം കൂടിയാണ് വിശ്വാസം. തോമസിന്റെ അബദ്ധം 'താൻ തന്നെ എല്ലാം കാണണം' എന്ന വാശിയാണ്. അവിടെ ദൈവത്തിന്റെ സാനിധ്യമാണ് തോമസ് തിരസ്കരിച്ചത്.
അങ്ങനെയൊരാളെ തേടി, ഉയിർത്ത ക്രിസ്തു വീണ്ടും വന്നു എന്നതാണ് ഈ വചനത്തിന്റെ സൗന്ദര്യം. ഒരു മനുഷ്യന്റെ വാശിക്ക് മുന്നിൽ ക്രിസ്തു വീണ്ടും എളിമയുള്ളവനായി.
ഒരാളുടെ വീണ്ടെടുപ്പ് ഏറ്റവും ഭംഗിയായി സുവിശേഷകൻ വരച്ചുകാണിക്കുയാണ്. ഒന്ന് മത്സരിച്ചു, വാശിപിടിച്ചു പിണങ്ങി നിൽക്കുന്ന തോമസിനെതേടി കർത്താവ് വീണ്ടും വന്നു. ആ മനുഷ്യന്റെ വാശിക്ക് മുന്നിൽ, അതിന്റെ സങ്കടം മനസിലാക്കി ക്രിസ്തു അയാൾക്ക് വേണ്ടിമാത്രം വീണ്ടും വന്നു.
തോമസിനെ ഒന്ന് നോക്കുക! അയാളിൽ നിറഞ്ഞു നിൽക്കുന്നത് വലിയൊരു സങ്കടമാണ് കാരണം താൻ ഇല്ലാത്ത സമയത്ത് കർത്താവ് വന്നു എന്നതാണ്. വചനത്തെ ഒരൽപ്പം മാനുഷികമായി കണ്ടാൽ തോമസിനും ന്യായമുണ്ട് കാരണം എല്ലാം അറിയുന്നവൻ എന്തുകൊണ്ടാണ് താൻ അവിടെയില്ല എന്ന് തിരിച്ചറിയാതെ പോയത്.
ക്രിസ്തുവിനോപ്പം പോയി നമുക്കും മരിക്കാം എന്ന് പറഞ്ഞ ശിഷ്യനാണ് തോമസ് എന്നോർക്കണം (യോഹ.11,16). മറ്റുള്ളവരിൽ കാണാതെപോയ ധൈര്യം തോമസിലുണ്ട്. ക്രിസ്തുവിന്റെ കുരിശുമരണത്തിനുശേഷം മറ്റുള്ളവർ കതകടച്ചു ഭയന്നു ഇരിക്കുമ്പോൾ തോമസ് പുറത്തു പോയി എന്നും കൂടി നമ്മൾ കൂട്ടി വായിക്കണം.
അയാൾ ക്രിസ്തുവിനെ ആഴത്തിൽ സ്നേഹിച്ചിട്ടുണ്ട്, ഉറപ്പാണ്. ആ സ്നേഹമാണ് അയാളുടെ സങ്കടമായി പുറത്തേക്കു വരുന്നത്. 'ഞാൻ കണ്ടില്ല ഉയിർത്ത ക്രിസ്തുവിനെ', ഇതാണ് അയാളുടെ സങ്കടം. അതാണ് വാശിയായി മാറുന്നതും. ഇനി ഞാൻ അവനെ കണ്ടാൽ മാത്രമേ വിശ്വസിക്കൂ എന്ന് പറയാൻ കാരണമാകുന്നത്.
അയാളുടെ ഉള്ളം കർത്താവ് കണ്ട് എന്നതാണ് സുവിശേഷം. അങ്ങനെയാണ് ഉയിർത്ത കർത്താവ് ഒരിക്കൽ കൂടി ശിഷ്യർക്ക് പ്രത്യക്ഷപെടുന്നത്.
ഇനി തോമസിന് പറയാം ക്രിസ്തു വന്നത് തനിക്കുവേണ്ടി മാത്രമാണെന്ന്. ആ തിരിച്ചറിവാണ് അയാളെക്കൊണ്ട് "എന്റെ കർത്താവെ എന്റെ ദൈവമേ" എന്ന് പ്രഘോഷിക്കാൻ കൃപ കൊടുത്തതും. യോഹന്നാൻ സുവിശേഷത്തിലെ ഏറ്റവും മനോഹരമായ ഒരു വിശ്വാസപ്രഖ്യാപനമാണ് തോമസ് നടത്തുന്നത്. റബ്ബി, മിശിഹാ, പ്രവാചകൻ, ഇസ്രായേലിന്റെ രാജാവ്, ദൈവപുത്രൻ എന്ന പദങ്ങൾക്കില്ലാത്ത ഭംഗി എന്റെ കർത്താവെ എന്റെ ദൈവമേ എന്നതിനുണ്ട്. ഒടുവിലായി അയാൾ ഏറ്റവും വലിയ വിശ്വാസപ്രഘോഷകനായി.
തോമസ് നൽകുന്ന പാഠമെന്താണ്? നമ്മുടെ ചില കാഴ്ച്ചകുറവുകൾ അതിലും വലിയ ദർശനങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകാം എന്നതാണ്.
ഒരു കാഴ്ച്ചകുറവ് തോമസിനുണ്ടായി. ഉയിർത്ത ക്രിസ്തുവിനെ കാണാൻ കഴിഞ്ഞില്ല, അതൊരു സങ്കടമായി അയാളിൽ മാറി. പക്ഷെ ആ ഒരു കുറവ് അയാളെ തേടിയെത്തിയത് അതിലും വലിയ ഒരു ദർശനത്തിലേക്ക് കൂട്ടികൊണ്ടുപോകാനായിരുന്നു. ആ ദർശനമാണ് തനിക്കുവേണ്ടി മാത്രം ക്രിസ്തു രണ്ടാമത് വന്നതും, എന്റെ കർത്താവെ, എന്റെ ദൈവമേ എന്ന് അയാളെ കൊണ്ട് പറയിച്ചതും.
ജീവിതത്തിന്റെ ചില കുറവുകളിൽ തളർന്നു പോകരുത്, ചില കാഴ്ച്ചകൾ മറയുമ്പോൾ പരിഭ്രമിക്കരുത് കാരണം ഒരു വലിയ ദർശനം തമ്പുരാൻ കാത്തുവച്ചിട്ടുണ്ടാകും.ചിലപ്പോൾ സങ്കടങ്ങളിലൂടെ നമ്മെ നടത്തി ശക്തരാക്കി മഹത്വത്തിലേക്ക് പ്രവേശിക്കുവാൻ നമ്മളെ ഒരുക്കുകയാണ്. കാത്തിരിക്കാൻ പഠിക്കുകയാണ് പ്രധാനം.
ആ കാത്തിരിപ്പിൽ കണ്ണ് കലങ്ങാതെയും, മനം ഇടറാതെയും നാം ആയിരിക്കണം . ഉറപ്പാണ് ദൈവം ഇടപെടും. ചില കാഴ്ച്ചകൾ ദൈവം നമ്മളിൽ നിന്നും മറയ്ക്കുന്നത്, അതിലും വലിയ ദർശനങ്ങളിലേക്കു നമ്മളെ കൂട്ടികൊണ്ടുപോകാനാണ്.
ഓർക്കണം പെന്തകോസ്ത്യ്ക്ക് ശേഷം മറ്റു ശിഷ്യർ അവരുടെ ഇടങ്ങളിൽ സുവിശേഷം പ്രാഘോഷിക്കുമ്പോൾ തോമസ് ദൂരങ്ങൾ താണ്ടിയാണു സുവിശേഷം പ്രഘോഷിച്ചത്. കാരണം അയാളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ക്രിസ്തു അയാൾക്കുവേണ്ടി മാത്രം പ്രത്യക്ഷപ്പെട്ട ഉയിർത്ത ക്രിസ്തുവാണ്. ആ തിരിച്ചറിവ് അയാൾക്ക് സുവിശേഷവുമായി ദൂരങ്ങൾ നടക്കാനും സുവിശേഷം അറിയിക്കാനും ബലം നൽകി എന്നതാണ് വാസ്തവം.
ദൈവകരുണയുടെ ഈ ഞായറിൽ കരുണയുള്ള, ഒരു മനുഷ്യന്റെ വാശിക്ക് മുന്നിൽ എളിമപെടുന്ന ക്രിസ്തുവും, ആ എളിമ കണ്ട് ഉരുകിപോകുന്ന ശിഷ്യനും നമുക്ക് പാഠമാകട്ടെ. ദൈവകരുണ അവസാനിക്കുന്നുമില്ല, അത് തിരിച്ചറിയുന്ന മനുഷ്യർ നിലനിൽക്കുന്നു എന്ന സത്യവും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: