തിരയുക

മഹാറാലിയിൽ പങ്കെടുത്തവർ മഹാറാലിയിൽ പങ്കെടുത്തവർ   (AFP or licensors)

ജീവന്റെ സംരക്ഷണം ആഹ്വാനം ചെയ്തു കൊണ്ട് പോളണ്ടിൽ മഹാറാലി

ജീവന്റെ സംരക്ഷണത്തിനും, കുടുംബങ്ങളുടെ കെട്ടുറപ്പിനും എല്ലാമനുഷ്യരെയും ആഹ്വാനം ചെയ്തുകൊണ്ട് പോളണ്ടിലെ വർസാവിയിൽ ഏപ്രിൽ മാസം പതിനാലാം തീയതി മഹാറാലി നടന്നു. ഏകദേശം അൻപതിനായിരത്തോളം ആളുകൾ റാലിയിൽ പങ്കെടുത്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഗർഭസ്ഥശിശുക്കളുടെ ജീവന് ഭീഷണിയുയർത്തുന്ന ബില്ലുകൾ അംഗീകരിക്കുവാനുള്ള പരിശോധനകൾ  യൂറോപ്യൻ  പാർലമെന്റ് നടത്തിക്കൊണ്ടിരിക്കെ,  ജീവന്റെ സംരക്ഷണത്തിനും, കുടുംബങ്ങളുടെ കെട്ടുറപ്പിനും എല്ലാമനുഷ്യരെയും ആഹ്വാനം ചെയ്തുകൊണ്ട് പോളണ്ടിലെ വർസാവിയിൽ ഏപ്രിൽ മാസം പതിനാലാം തീയതി മഹാറാലി നടന്നു. ഏകദേശം അൻപതിനായിരത്തോളം ആളുകൾ റാലിയിൽ പങ്കെടുത്തു.പോളണ്ടിലെ മെത്രാൻ സമിതിയാണ് റാലിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്.

എല്ലാമനുഷ്യരുടേയും മൗലീക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, ഇതിൽ ഗർഭസ്ഥശിശുക്കൾക്കും തുല്യ അവകാശമുണ്ടെന്നും റാലിയുടെ സംഘാടകനായ  ലിഡിയ സങ്കോവ്സ്കാ പറഞ്ഞു. അതേസമയം പാർലമെന്റിൽ ഭ്രൂണഹത്യ നിയമവിധേയമാക്കുവാനുള്ള ഏതു നീക്കം നടത്തിയാലും, കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും സംഘാടകർ അറിയിച്ചു.

'ജീവിതം പ്രധാനമാണെന്നും ഓരോ കുട്ടിയും ഒരു സമ്മാനമാണെന്നും', ഭർത്താവ് തോമസിനും അഞ്ച് കുട്ടികൾക്കുമൊപ്പം പോസ്‌നാനിൽ നിന്ന് എത്തിയ ഇവാ ലിസ്‌കോവ്‌സ്ക  എന്ന യുവതി വത്തിക്കാൻ റേഡിയോയോട് പറഞ്ഞു.  ഗർഭച്ഛിദ്രത്തിനെതിരായും, കുട്ടികളുടെ സംരക്ഷണത്തിനായും സമൂഹത്തിനു ഏറെ സംഭാവനകൾ നൽകിയ രാജ്യമാണ് പോളണ്ട്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നിരവധി കൂട്ടായ്മകളാണ് ഈ ലക്ഷ്യപ്രാപ്തിക്കായി പ്രവർത്തിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2024, 11:25