ക്രിസ്‌തുസേവനം തുടരുന്ന പൗരോഹിത്യം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രയധികം സ്നേഹിച്ചു. തന്റെ ചായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യവംശത്തോടുള്ള പിതാവായ ദൈവത്തിന്റെ സ്നേഹ പ്രതിഫലനമാണ് പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരം. പാപത്തിന്റെ പടുകുഴിയിൽ കിടന്നിരുന്ന മനുഷ്യവംശത്തെ രക്ഷിച്ച്, സ്വർഗ്ഗലോകത്തിന് അർഹരാക്കി തീർക്കുവാൻ ദൈവം തന്റെ ശബ്ദമായ പ്രവാചകന്മാരെ ജനതകൾക്കിടയിലേക്ക് അയക്കുന്നതായി പഴയ നിയമത്തിലുടനീളം നാം കാണുന്നുണ്ട് പക്ഷേ ഈ പ്രവാചക ദൗത്യങ്ങൾ ഒന്നും ആത്യന്തികമായ ലക്ഷ്യപ്രാപ്തിക്ക് പര്യാപ്തമായില്ല എന്ന് ദൈവം കണ്ടതിനാലാവണം തന്റെ പുത്രനെ തന്നെ ഈ ലോകത്തിലേക്ക് അയക്കുവാൻ തീരുമാനമെടുക്കുന്നത്.
കാൽവരി മലയിൽ ഉയർന്ന മരക്കുരിശിൽ മനുഷ്യവംശത്തിന്റെ പാപക്കറകൾ തന്റെ പുത്രന്റെ യാഗത്താൽ കഴുകി വെടിപ്പാക്കുന്ന പിതാവായ ദൈവം. ഈ ഹിത പൂർത്തീകരണം ആയിരുന്നു ഈശോയുടെ ഇഹലോകവാസത്തിന്റെ ലക്ഷ്യവും, കടമയും. ദൈവപുത്രനായ ഈശോയുടെ ഈ ത്യാഗത്തിന്റെ തുടർച്ചയാണ് സഭയിലൂടെ പുരോഹിതർക്കും കൈമാറ്റം ചെയ്യപ്പെടുന്നത്. "ബലിയാകുവാനും ബലിയേകുവാനുമുള്ള", ദൈവവിളി. ഈ പുരോഹിത കടമകൾ നിറവേറ്റുമ്പോൾ പ്രതിസന്ധികളും വെല്ലുവിളികളും ഏറെ ഉണ്ടാകും. "എന്നെ പീഡിപ്പിച്ചവർ നിങ്ങളെയും പീഡിപ്പിക്കും" എന്നാണല്ലോ വചനം പറയുന്നത്.
പഴയ നിയമത്തിൽ പുരോഹിതരുടെ ധർമ്മം ബലിയർപ്പിക്കുക എന്നത് മാത്രമായിരുന്നു. ജനങ്ങൾ അവരുടെ പാപപരിഹാരത്തിനായി ബലിയർപ്പിക്കുവാൻ ബലിവസ്തുക്കൾ ദേവാലയത്തിൽ കൊണ്ടുവരുന്നു. പുരോഹിതൻ അവ വാങ്ങി ദൈവത്തിന് ബലിയർപ്പിക്കുന്നു. ബലി മൃഗത്തിന്റെ ഒരു ഭാഗം ഭക്ഷിക്കുന്നു വേതനം പറ്റുന്നു. പക്ഷേ പഴയനിയമത്തിൽ നിന്നും വ്യത്യസ്തമായി പുതിയ നിയമത്തിലേക്ക് ചരിത്രം മാറ്റപ്പെട്ടപ്പോൾ പൗരോഹിത്യ ധർമ്മങ്ങളും മിശിഹായിലൂടെ മാറ്റപ്പെട്ടു. പുരോഹിതൻ ഒരേസമയം ബലിയർപ്പകനും ബലിവസ്തുവും ആണെന്നുള്ളതാണ് മിശിഹായിൽ പൂർത്തീകരിക്കപ്പെട്ടതും, സഭയിലൂടെ ഇന്നും അനുസ്യൂതം തുടരുന്നതുമായ പൗരോഹിത്യ ധർമ്മം. താൻ പൂർത്തിയാക്കേണ്ടിയിരുന്ന പിതാവിന്റെ ഹിതം, തന്റെ മക്കളുടെ വിശുദ്ധീകരണം, എപ്പോൾ നിറവേറ്റപ്പെട്ടുവോ അപ്പോഴാണ് മിശിഹായുടെ പൗരോഹിത്യം പൂർണമാക്കപ്പെട്ടത്. അന്ത്യ അത്താഴവേളയിൽ തന്റെ ശരീരവും, രക്തവും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ ശിഷ്യന്മാർക്ക് നൽകി അവർക്ക് ആത്മീയ പോഷണം നൽകുമ്പോൾ, ശൂന്യവൽക്കരണത്തിന്റെയും, സ്വയം നൽകലിന്റെയും, പൗരോഹിത്യത്തതുടർച്ചയുടെയും മാനങ്ങളാണ് ഈശോ നൽകുന്നത്. "പിതാവേ എല്ലാം പൂർത്തിയായിരിക്കുന്നു", എന്ന ഈശോയുടെ കുരിശിൽ കിടന്നു കൊണ്ടുള്ള വാക്കുകളിൽ തന്റെ നിത്യ പൗരോഹിത്യത്തിന്റെ പൂർത്തീകരണമാണ് നമുക്ക് വെളിപ്പെടുത്തുന്നത്. പൗരോഹിത്യത്തെപ്പറ്റി, ആധുനികത പല കെട്ടുകഥകളും, നുണകളും പ്രചരിപ്പിക്കുന്നുണ്ട്. ദൈവത്തെയും മതത്തെയും നശിച്ചു പോകാതെ നിലനിർത്താനുള്ള വെറും ശക്തികൾ മാത്രമാണെന്നൊക്കെ പൗരോഹിത്യത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന ഒരു ആധുനികയുഗത്തിലാണ് നാം ആയിരിക്കുന്നത്. എന്നാൽ യഥാർത്ഥപൗരോഹിത്യ ധർമ്മങ്ങളെ പറ്റിയുള്ള അവബോധം എല്ലാ മനുഷ്യരിലും സൃഷ്ടിക്കപ്പെടേണ്ടതാണ്. പൗരോഹിത്യ ധർമ്മങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് ഇപ്രകാരമാണ് "പഠിപ്പിക്കുക, നയിക്കുക, വിശുദ്ധികരിക്കുക."
പഠിപ്പിക്കുക
ദൈവിക രഹസ്യങ്ങളും, ദൈവീക സത്യങ്ങളും പലപ്പോഴും മനുഷ്യ ബുദ്ധിക്ക് അതീതവും അഗ്രാഹ്യവും ആയതിനാൽ അവ മനസ്സിലാക്കുവാൻ സാധാരണ ജനങ്ങൾക്ക് സാധിക്കാതെ പോകാറുണ്ട്. ഈശോയുടെ ഇഹലോകവാസ കാലഘട്ടത്തിൽ പോലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് എന്നതിന് വിശുദ്ധ ഗ്രന്ഥം സാക്ഷിയാണ്. "നിങ്ങളും എന്നെ വിട്ടു പോകുവാൻ ആഗ്രഹിക്കുന്നുവോ?", "ഈ വചനങ്ങൾ കഠിനമാണ് ഇവ ഗ്രഹിക്കുവാൻ ആർക്കു കഴിയും"എന്നീ വചനങ്ങൾ മാനുഷിക ഗ്രാഹ്യശക്തിയുടെ പരിമിതി വെളിപ്പെടുത്തുന്നതാണ്. പൗരോഹിത്യത്തിന്റെ മർമ്മപ്രധാനമായ ഒരു കർത്തവ്യം പഠിപ്പിക്കുക എന്നതാണ്. ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കുവാനും ദൈവീക സത്യങ്ങൾ ജീവിതത്തിലുടനീളം പാലിക്കുവാനും ജനങ്ങളെ പഠിപ്പിക്കുവാനുള്ള വലിയ കടമയാണ് ഓരോ പുരോഹിതനിലും നിക്ഷിപ്തമായിരിക്കുന്നത്.
നയിക്കുക
"നയിക്കുക" എന്ന അർത്ഥത്തിൽ പുരോഹിതൻ ഒരു നേതാവാണ്. എന്നാൽ നയിക്കുകയെന്നാൽ ഭരിക്കുക എന്നു തെറ്റായി വ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. പൗരോഹിത്യത്തിലെ "നയിക്കുക" എന്ന ധർമ്മം പുരോഹിതൻ നിർവഹിക്കുന്നത് ഒരു ആട്ടിടയൻ ആടുകളെ മേയ്ക്കുന്നതുപോലെയാണ്. ആടുകളുടെ പിന്നാലെയാണ് ആട്ടിടയൻ നടക്കുക. ഇപ്രകാരം നടക്കുന്ന ഇടയന്റെ സംരക്ഷണത്തിൽ ആടുകൾ സുരക്ഷിതരായിരിക്കുന്നതുപോലെ പുരോഹിതർക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ സംരക്ഷണമാണ്, നയിക്കുക എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ ഏതൊരു ആവശ്യങ്ങളിലും സാഹചര്യങ്ങളിലും സഹായിക്കുവാൻ, നയിക്കുവാൻ പുരോഹിതനു കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്. ഏല്പിക്കപ്പെട്ടിരിക്കുന്ന ആരും വഴിതെറ്റിപോകാതിരിക്കുവാനുള്ള ജാഗ്രതയും, നയിക്കുക എന്ന കടമയിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ സ്വാർത്ഥ താല്പര്യങ്ങളോ മറ്റു ബാഹ്യ ശക്തികളോ പുരോഹിതനിൽ സ്വാധീനം ചെലുത്തുന്ന സാഹചര്യം ഏറെ പരിതാപകരമാണ്.
വിശുദ്ധീകരിക്കുക
പൗരോഹിത്യ കടമകളിൽ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് വിശുദ്ധീകരിക്കുക എന്നത്. "ഇതാണ് ദൈവഹിതം നിങ്ങളുടെ വിശുദ്ധീകരണം." മിശിഹാ ലോകത്തിലേക്ക് കടന്നുവന്നതിന്‍റെ പ്രധാന ലക്ഷ്യവും മറ്റൊന്നായിരുന്നില്ല."തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ ഈ ലോകത്തിലേക്ക് അയക്കുവാൻ", തിരുമനസ്സായ ദൈവപിതാവ്. തന്റെ മക്കളുടെ കാര്യങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തുന്ന പിതാവായ ദൈവം പുരോഹിതരിൽ നിന്നും ആഗ്രഹിക്കുന്ന കാര്യവും ഇതുതന്നെയാണ്. ആരും നശിച്ചു പോകാതെ വിശുദ്ധീകരിക്കപ്പെട്ട് തന്നിലേക്ക്, പറുദീസയിലേക്ക് വരുവാനുള്ള ദൈവത്തിന്റെ ഹിതപൂർത്തീകരണം. ഈ മൂന്നു ദൗത്യങ്ങൾ പ്രഥമമായി ഈശോയുടെ ജീവിതത്തിൽ നമുക്ക് കാണാവുന്നതാണ്. മിശിഹായുടെ ഈ ദൗത്യങ്ങൾ ഇന്നും സഭയിലൂടെ തുടർന്നു പോരുന്നു ഇത്തരത്തിൽ സഭയെന്നു പറയുന്നത് മിശിഹായുടെ മൗതീകശരീരവും, മിശിഹായുടെ തുടർച്ചയുമാണ്. മിശിഹായുടെ എല്ലാ കർത്തവ്യങ്ങളും സഭയിലൂടെ ഇന്നും തടസ്സങ്ങളൊന്നും കൂടാതെ തുടർന്നു പോരുന്നതിനുള്ള ഏറ്റവും പ്രധാന കാരണം മറ്റൊന്നുമല്ല സഭയിലെ പൗരോഹിത്യ കൂട്ടായ്മയാണ്. മിശിഹായുടെ സജീവ സാന്നിധ്യത്തിന്റെ സ്മരണ ജനങ്ങളുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നത് ഈ പുരോഹിത ഗണങ്ങളിലൂടെയാണ്. സഭയെയും സമൂഹത്തെയും പരസ്പരം ഒന്നിപ്പിക്കുന്ന കണ്ണിയാണ് പുരോഹിതൻ. അതിനാൽ തന്നെ സഭയിലെ ആവശ്യഘടകമാണ് പൗരോഹിത്യം. സഭയുടെ വിവിധങ്ങളായ ധർമ്മങ്ങൾ നിർവഹിക്കപ്പെടുവാൻ മിശിഹാ തെരഞ്ഞെടുത്തവരാണ് പുരോഹിതർ.
പുരോഹിതരും സമൂഹവും
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് സമൂഹത്തിൽ ജീവിക്കുവാൻ വേണ്ടിയാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. സമൂഹത്തിൽ നിന്നും മാറി നിന്നുകൊണ്ട് ഒരു മനുഷ്യജീവിതത്തെപ്പറ്റി ചിന്തിക്കാൻ പോലും പ്രയാസകരമാണ്. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഓരോ പുരോഹിതന്റെയും ജീവിതവും. ഈശോയുടെ ജീവിതത്തിലുടനീളം അവൻ സമൂഹവുമായി ബന്ധപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് സുവിശേഷം ഇപ്രകാരം പറയുന്നത്, "അവൻ നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ചു". ഒരു പുരോഹിതൻ ആവുക എന്നാൽ ആദ്യപടി ഒരു നല്ല മനുഷ്യനാവുക എന്ന് തന്നെയാണ്. ഒരു നല്ല മനുഷ്യനാവുക എന്ന് പറഞ്ഞാലോ നല്ല ഒരു സാമൂഹ്യബന്ധത്തിന് ഉടമയായി തീരുക എന്നർത്ഥം. എന്നാൽ എന്നാണോ ഈ ബന്ധത്തിന് അയവ് സംഭവിക്കുന്നത് അന്ന് പൗരോഹിത്യജീവിതത്തിന്റെ യാത്രയിലും വീഴ്ചകൾ സംഭവിച്ചു തുടങ്ങുന്നു. കാരണം "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവർ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക ഇല്ലല്ലോ", എന്നാണ് വചനം പറയുന്നത്. ലോക ചരിത്രത്തിലുടനീളം ആരോഗ്യപരമായ ഇത്തരം സമൂഹ - പുരോഹിതബന്ധത്തിന്റെ നിർണായകമായ സ്വാധീനങ്ങൾ നമുക്ക് കാണാവുന്നതാണ്.
സമൂഹ മാനസാന്തരത്തിനായി പരിശ്രമിക്കേണ്ട പുരോഹിതൻ
വിശുദ്ധ അഗസ്റ്റിൻ 'ദൈവത്തിന്റെ നഗരം', എന്ന തന്റെ പുസ്തകത്തിൽ നഗരങ്ങളായ ജെറുസലേമിനെയും ബാബിലോണിയയും രണ്ടുതരം വീക്ഷണ കോണുകളിലൂടെ നോക്കി കാണുന്നുണ്ട്. ജെറുസലേമിനെ അദ്ദേഹം വിശേഷിപ്പിക്കുക ദൈവത്തിന്റെ നഗരമായും,ബാബിലോണിനെ വിശേഷിപ്പിക്കുക തിന്മയുടെ നഗരമായുമാണ്. സദാ ഐശ്വര്യവും ശാന്തിയും സമാധാനവും ഒക്കെ കളിയാടുന്ന ജെറുസലേം നഗരത്തിലെ ജനങ്ങൾക്ക് ബാബിലോണിലെ തിന്മ നിറഞ്ഞ ജീവിതചതികളിലേക്ക് വഴുതി വീഴാനും, ബാബിലോണിയയിലെ ജനങ്ങൾക്ക് ജെറുസലേമിന്റെ നന്മയിലേക്ക് മാനസാന്തരപ്പെട്ട് ഉയർത്തപ്പെടുവാനുള്ള സാധ്യതയും അദ്ദേഹം തന്റെ പുസ്തകത്തിൽ എഴുതി ചേർക്കുന്നുണ്ട്. പൗരോഹിത്യ ശുശ്രൂഷയുടെ ധർമ്മം എന്ന് പറയുന്നത് ഇതുതന്നെയാണ്, "ബാബിലോണിയയിൽ നിന്നും ജെറുസലേമിലേക്കുള്ള ഒരു കടന്നുപോകൽ സംജാതമാക്കുക". തിന്മ നിറഞ്ഞിരുന്ന പലയിടങ്ങളിലും സ്വാതന്ത്ര്യത്തിന്റെ നല്ല ഉപയോഗം മനസ്സിലാക്കി കൊടുത്തുകൊണ്ട് മനുഷ്യനെ മാനസാന്തരത്തിലേക്കു വളരുവാൻ പ്രേരിപ്പിച്ചതും, സഹായിച്ചതും കത്തോലിക്കാ പുരോഹിതരായിരുന്നു എന്നുള്ളത് ചരിത്ര സത്യമാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ജാതിമതഭേദമെന്യേ എല്ലാവരുടെയും ഉന്നമനത്തിന് സഹായമായി നിന്നതും ഈ പുരോഹിതരുടെ സാമൂഹിക പ്രതിബദ്ധതയെ എടുത്തു കാണിക്കുന്നു. ഈ ചരിത്ര സത്യങ്ങൾ മനസിലാക്കുന്നതിലൂടെയാണ് ഒരു രാഷ്ട്രത്തിന്റെ സാമൂഹികവൽക്കരണത്തിൽ , പുരോഹിതർക്കുള്ള പങ്ക് തിരിച്ചറിയുവാൻ സാധിക്കുന്നത്.
നിത്യപുരോഹിതന്റെ മാതൃക
പൗരോഹിത്യ ജീവിതത്തിൽ ഒരു പുരോഹിതന്റെ മാതൃക ആരാണെന്ന് ചോദിച്ചാൽ മറുപടിയായി ലഭിക്കുക അല്ലെങ്കിൽ ലഭിക്കേണ്ടത് ക്രിസ്തു എന്നാണ്. പൗരോഹിത്യം എന്നത് പിതാവിന്റെ ഹിതപൂർത്തീകരണം ആണെങ്കിൽ ആ ശുശ്രൂഷയുടെ മഹനീയ മാതൃക ക്രിസ്തു തന്നെയാണ്. "എന്നെ കാണുന്നവൻ എന്റെ പിതാവിനെ കാണുന്നു", "ഞാനും പിതാവും ഒന്നാണ്", "വഴിയും സത്യവും ജീവനും ഞാനാകുന്നു", തുടങ്ങിയ തിരുവചനത്തിലെ ഈ വാക്യങ്ങൾ എല്ലാം ചേർത്തു വായിക്കുമ്പോൾ പൗരോഹിത്യ ശുശ്രൂഷയിൽ ക്രിസ്താനുകരണത്തിന്റെ പ്രസക്തി എന്താണെന്ന് നമുക്ക് മനസ്സിലാകും.
നിത്യ പുരോഹിതനായ മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുചേരുകയാണ് ഓരോ പുരോഹിതന്റെയും ജീവിതധർമ്മം. ഈ പൗരോഹിത്യം ഒരിക്കലും മാറ്റമില്ലാതെ തുടരുന്നതാണ്. "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെ", മാറ്റമില്ലാതെ എന്നും വർത്തമാനത്തിൽ മാത്രം ജീവിക്കുന്നതുപോലെ ഈശോയുടെ പൗരോഹിത്യ ശുശ്രൂഷയാണ് ഓരോ പുരോഹിതനും ഏറ്റെടുക്കേണ്ടത്. ഏറെ ചർച്ചാവിഷയമായ ഒന്നാണ് "പൗരോഹിത്യം കാലഘട്ടത്തിനനുസരിച്ച് പരിണാമ വിധേയമാകേണ്ടതല്ലേ?" എന്ന ചോദ്യം. പുരോഹിതരുടെ ഇടയിൽ പോലും ഏറെ ആശയങ്ങളും, ആശയ കുഴപ്പങ്ങളും ഇത് സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ മാറ്റമില്ലാത്ത മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുപറ്റിക്കൊണ്ട് തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങൾക്ക് വേണ്ടി സ്വയം പരിണാമ വിധേയരാക്കിക്കൊണ്ട്, യേശു കാട്ടിത്തന്ന സ്നേഹത്തിന്റെ വലിയ മാതൃക മറ്റുള്ളവർക്ക് പകർന്നു നൽകുവാനും എളിമയുടെ ജീവിതം സ്വന്തമാക്കുവാനും ഓരോ പുരോഹിതനും സാധിക്കണം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: