തിരയുക

ഭീകരാക്രമണത്തിനു ശേഷം നടന്ന ഒരു പ്രാർത്ഥനാവേളയിൽ ഭീകരാക്രമണത്തിനു ശേഷം നടന്ന ഒരു പ്രാർത്ഥനാവേളയിൽ   (AFP or licensors)

ശ്രീലങ്കയിൽ രക്തസാക്ഷികളായവരെ അനുസ്മരിച്ചു

2019 ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി ശ്രീലങ്കയിലെ വിവിധ ദേവാലയങ്ങളിൽ തീവ്രവാദികൾ നടത്തിയ നരനായാട്ടിൽ ഇരകളായ ക്രൈസ്തവ സഹോദരങ്ങളെ അനുസ്മരിച്ചുകൊണ്ട് 2024 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി പ്രത്യേക പ്രാർത്ഥനകളും, അനുസ്മരണച്ചടങ്ങുകളും നടത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2019 ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി ശ്രീലങ്കയിലെ വിവിധ  ദേവാലയങ്ങളിൽ തീവ്രവാദികൾ നടത്തിയ നരനായാട്ടിൽ ഇരകളായ ക്രൈസ്തവ സഹോദരങ്ങളെ അനുസ്മരിച്ചുകൊണ്ട് 2024 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി പ്രത്യേക പ്രാർത്ഥനകളും, അനുസ്മരണച്ചടങ്ങുകളും നടത്തി. ഏറെ വികാരഭരിതമായ നിമിഷങ്ങൾക്ക് ആയിരക്കണക്കിനു വിശ്വാസികളാണ് സാക്ഷ്യം വഹിച്ചത്.കൊളംബോ അതിരൂപതയിലും, മറ്റു രൂപതകളിലും പ്രാർത്ഥനകൾ സംഘടിപ്പിച്ചു.

2019 ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ, എട്ടു ചാവേറുകൾ  രണ്ടു  കത്തോലിക്കാ ദേവാലയങ്ങളിലും, ഒരു ഇവാൻജെലിക്കൽ ദേവാലയത്തിലും, മൂന്നു ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ഭീകരാക്രമണത്തിൽ 269 പേർ കൊല്ലപ്പെടുകയും, അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരു കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ ബലിയിൽ പങ്കെടുത്തു കൊണ്ടിരുന്ന 171 ആളുകളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വിശ്വാസികളെ അടക്കം ചെയ്തിരിക്കുന്ന  നിഗംബോയിലെ 'രക്തസാക്ഷികളുടെ ദേവാലയം' എന്നറിയപ്പെടുന്ന സ്ഥലത്തു, കൊല്ലപ്പെട്ട വ്യക്തികളുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നിവേദനം   കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ ആൽബർട്ട് മാൽക്കം രഞ്ജിത്തിനു  50,000 ത്തിലധികം ആളുകളുടെ കൈയൊപ്പോടുകൂടി കൈമാറി. അതേസമയം രക്തസാക്ഷിത്വം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്ന പ്രഖ്യാപനവും അനുസ്മരണ ചടങ്ങിൽ നടത്തി.

അനുസ്മരണ ചടങ്ങിൽ ശ്രീലങ്കയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ബ്രയാൻ ഉദയ്ഗ്വേ,  വിവിധ മതങ്ങളുടെ  നേതാക്കൾ, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആക്രമണം നടന്നതിന് ശേഷം അഞ്ചുവർഷങ്ങൾ  പിന്നിടുമ്പോഴും, യാഥാർഥ്യം പുറത്തു വരാത്തതിനാൽ, ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം ആരംഭിക്കാനുള്ള അഭ്യർത്ഥനയും കർദിനാൾ നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2024, 12:26