ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം 

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം: ഒരു ആത്മീയവിചിന്തനം

അർണോസ് പാതിരി രചിച്ച പുത്തൻ പാനയിൽ യേശു തന്റെ അമ്മയോട് വിടവാങ്ങുന്നതും, ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം സംബന്ധിച്ചുമുള്ള ആധാരമാക്കിയ വിശകലനം.

ആമുഖം

വിശുദ്ധ മർക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായത്തിന്റെ പത്തൊൻപതാം തിരുവചനവും വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം അൻപതും അൻപത്തിയൊന്നും തിരുവചനങ്ങളും അപ്പസ്തോലപ്രവർത്തനങ്ങൾ ഒന്നാം അദ്ധ്യായം ഒൻപത് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളും പീഡാനുഭവത്തിനും തിരുവുത്ഥാനത്തിനും ശേഷം നാൽപ്പതാം നാൾ യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനെക്കുറിച്ചാണ് നമ്മോട് പറയുന്നത്. "ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കേ, അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയിൽനിന്നു മറച്ചു. അവൻ ആകാശത്തിലേക്കു പോകുന്നത് അവർ നോക്കിനിൽക്കുമ്പോൾ, വെള്ളവസ്ത്രം ധരിച്ച രണ്ടുപേർ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കി നിൽക്കുന്നതെന്ത്? നിങ്ങളിൽനിന്നു സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വർഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ടതുപോലെതന്നെ തിരിച്ചുവരും" (അപ്പ. 1, 9-11) എന്നാണ് അപ്പസ്തോലപ്രവർത്തനങ്ങൾ ഒന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നത്.

1681-ൽ ജർമനിയിൽ ജനിച്ച് 1701-ൽ ഇന്ത്യയിലെത്തിയ, ഈശോസഭാ വൈദികനായിരുന്ന അർണോസ് പാതിരി രചിച്ച കൃതികളിൽ ഒന്നാണ് കേരളക്രൈസ്തവർക്ക് ഏറെ പരിചിതമായ പുത്തൻപാന. യേശുവിന്റേയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലെ പ്രധാനനിമിഷങ്ങളെ, പ്രത്യേകിച്ച് പരിശുദ്ധ അമ്മയുടെ വ്യാകുലഹൃദയത്തിന്റെ ചിന്തകളെ ആധാരമാക്കിയാണ് അദ്ദേഹം ഈ കാവ്യം രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഏറെ പ്രിയങ്കരമായ ഒരു രചനയായി ഇത് മാറിയിട്ടുണ്ട്. പുത്തൻപാനയുടെ പതിമൂന്നാം പാദത്തിൽ, പിതാവായ ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി നടന്ന പീഡാനുഭവത്തിനും, കുരിശുമരണത്തിനും, തിരുവുത്ഥാനത്തിനും ശേഷം യേശുവിന്റെ സ്വർഗ്ഗാരോഹണവും, പരിശുദ്ധ അമ്മയുടെയും, ക്രിസ്തുവിന്റെ ശിഷ്യന്മാരുടെയും മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുന്ന പന്തക്കുസ്താ സംഭവവുമൊക്കെ അർണോസ് പാതിരി വിവരിക്കുന്നുണ്ട്. അർണോസ് പാതിരിയുടെ കൃതികളെക്കുറിച്ച് കൂടുതലായി പഠിച്ച്, അതുനൽകുന്ന ആത്മീയസന്ദേശം എല്ലാ ആളുകളിലേക്കുമെത്തിക്കാൻ പരിശ്രമിക്കുന്ന ബഹുമാനപ്പെട്ട ആന്റണി പുത്തൂർ സാർ, പുത്തൻപാനയിൽ യേശു തന്റെ അമ്മയോട് വിടവാങ്ങുന്നതും, യേശുവിന്റെ സ്വർഗ്ഗാരോഹണവുമായി ബന്ധപ്പെട്ട വാക്യങ്ങളെക്കുറിച്ച് ഒരു വിശകലനം നടത്തുന്നതാണ് തുടർന്നുള്ള പ്രക്ഷേപണത്തിൽ നാം ശ്രവിക്കുവാൻ പോകുന്നത്. നോമ്പുകാലമേകിയ ആധ്യാത്മികശക്തിയും, ഉയിർപ്പുകാലമേകുന്ന ക്രൈസ്‌തവപ്രത്യാശയും നമ്മിൽ ആഴപ്പെടുത്താൻ ഈ കാവ്യവാക്യങ്ങളെക്കുറിച്ചുള്ള വിശകലനം നമ്മെ സഹായിക്കട്ടെ.

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം: ഒരു ആത്മീയവിചിന്തനം - ശബ്ദരേഖ

എഫ്. ആന്‍റണി പുത്തൂര്‍, ചാത്തിയാത്ത്

ഉത്ഥാന മഹോത്സവം കഴിഞ്ഞ് നാല്പതാം ദിനം വരുന്ന വ്യാഴാഴ്ച ദിവസമാണ് മനുഷ്യരാശിയുടെ രക്ഷകനും കര്‍ത്താവുമായ യേശുനാഥന്‍റെ സ്വര്‍ഗ്ഗാരോഹണം നടക്കുന്നത്. വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ഈ ദിനം കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ കത്തോലിക്കാസഭ ആചരിക്കുന്നത്. ബെഥനിക്കു സമീപമുള്ള ഒലിവ് മലയില്‍ അതായത് സായിത്തെന്ന മലയില്‍ നിന്നുമാണ് യേശുനാഥന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തത് എന്നാണ് പാരമ്പര്യം സാക്ഷിക്കുന്നത്. സഭാപിതാവും എ.ഡി. 354 മുതല്‍ 430 വരെ ജീവിച്ചിരുന്ന ദേഹവും ആയ വിശുദ്ധ അഗസ്തീനോസിന്‍റെ കാലത്തു തന്നെ മിശിഹായുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ കത്തോലിക്കാ സഭയില്‍ സാര്‍വത്രികമായിരുന്നതായി കാണാവുന്നതാണ്.

വിശുദ്ധ ബൈബിളിലെ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന ഭാഗത്ത് ഒന്നാം അധ്യായത്തില്‍ യേശുനാഥന്‍ അപ്പസ്തോലന്മാരോട് പരിശുദ്ധാത്മാവിനെ കാത്തിരിക്കണമെന്ന ഉപദേശം നല്കിയ ശേഷം നടന്ന സംഭവങ്ങള്‍ വിശദമാക്കുന്നുണ്ട്. 'അവര്‍ നോക്കി നില്‍ക്കെ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില്‍ നിന്നു മറച്ചു. അവന്‍ ആകാശത്തിലേക്ക് പോകുന്നത് അവര്‍ നോക്കിനില്ക്കുമ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്ക് നോക്കി നില്ക്കുന്നതെന്ത്? നിങ്ങളില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെ തന്നെ തിരിച്ചു വരും'.

ഉത്ഥിതനായ യേശുനാഥന്‍റെ എമ്മാവൂസ് യാത്രയും സ്വര്‍ഗ്ഗാരോഹണവും തീനാവുകളുടെ (തീ ദൈവസ്നേഹത്തെയും നാവ് പ്രസംഗവരത്തെയുമാണിവിടെ സൂചിപ്പിക്കുന്നത്) രൂപത്തില്‍ പരിശുദ്ധാത്മാവ് ഇറങ്ങി വന്ന് ശ്ലീഹന്മാരെ ശക്തരാക്കുന്നതും ആയ സംഭവങ്ങള്‍ ഹൃദ്യവും മനോഹരവുമായി അര്‍ണോസ് പാതിരി ആവിഷ്ക്കരിച്ചിരിക്കുന്നത് കൂദാശപ്പാന എന്ന പുത്തന്‍പാനയിലെ പതിമൂന്നാം പാദത്തിലാണ്. ഇതാകട്ടെ പുത്തന്‍പാനയ്ക്ക് സമാപനം കുറിക്കുന്ന ഖണ്ഡവുമാണ്. 106 ഈരടികളുള്ള ഈ ഭാഗത്തിന്‍റെ ആദ്യത്തെ മുപ്പത്തെട്ട് ഈരടികള്‍ യേശുനാഥനും അമ്മയായ പരിശുദ്ധ മറിയവും തമ്മിലുള്ള കൂടിക്കാഴ്ചയും യാത്രപറച്ചിലുമാണ് വിശദമാക്കുന്നത്. ആ ഭാഗം ആരംഭിക്കുന്നതിപ്രകാരമാണ്:

                'ഇന്നിവാസമിനിക്കില്ല ഭൂമിയില്‍

                എന്നുമ്മയോടും ശിഷ്യജനത്തോടും

                               എന്‍ പിതാവെന്നെപ്പാര്‍ത്തു വിളിക്കുന്നു

                               ഞാന്‍ പോവാന്‍ വട്ടം കൂട്ടുന്നു കന്യകേ!'

-ഈ കാവ്യഭാഗത്തിന്‍റെ 8, 9 ഈരടികളിലൂടെ അവിടുന്ന് പറയുന്നു:

                'നിന്നെകൂടവേ കൊണ്ടു പോയീടുവാന്‍

                ഇന്നു ബാവാടെ കല്‍പനയില്ലല്ലോ?

                               സ്വര്‍നിധി നിനക്കിന്നിയും കൂടുവാന്‍

                               നിന്‍വൃത്തി ഫലമിതല്ലോ കന്യകേ!'

മാത്രമല്ല, താന്‍ ഒരു ഫലവൃക്ഷം നട്ടുമുളപ്പിച്ചു. ഇനി അമ്മയുടെ ദയാവായ്പിനാല്‍ വേണം അത് വളര്‍ന്നു പന്തലിക്കാന്‍! ഇപ്രകാരം യേശുനാഥന്‍ സ്വമാതാവിനെ സമാശ്വസിപ്പിച്ചപ്പോള്‍ ആ അമ്മ പറയുന്നു:

                               പുത്രാ! പോക നീയെന്നു കന്യാമണി

                               ധാത്രി നിനക്കു യോഗ്യസ്ഥലമല്ല'

തുടര്‍ന്ന് യേശുനാഥന്‍റെ സ്വര്‍ഗ്ഗാരോഹണം ഭക്തസാന്ദ്രമാം വിധം ക്രിസ്ത്യാനികളുടെ എഴുത്തച്ഛന്‍ എന്ന് മലയാളികള്‍ വാഴ്ത്തുന്ന ജര്‍മ്മന്‍ ഈശോസഭാ മിഷനറിയായ അര്‍ണോസ് പാതിരി അവതരിപ്പിക്കുകയാണ് തന്‍റെ കാവ്യത്തിന്‍റെ 57 മുതല്‍ 63 വരെയുള്ള ഈരടികളിലൂടെ.. അതിപ്രകാരമാണ്:

                'സായിത്തെന്ന മലയിലെഴുന്നെള്ളി,

                ദയാവിനുടെ രശ്മിയും വീശിച്ചു,

                               പര്‍വ്വതാഗ്രവും പ്രാപിച്ചു തമ്പുരാന്‍

                               അവിടേന്നു യാത്ര തുടങ്ങീടിനാന്‍,

                തൃക്കൈയും പൊക്കിയാശീര്‍വ്വാദം ചെയ്തു

                തൃക്കണ്‍പാര്‍ക്കയും മാതൃശിഷ്യരെയും

                               ത്രിലോകം വിളങ്ങുന്ന പ്രഭാവത്താല്‍

                               ത്രിലോക പ്രഭു ഭൂമി രക്ഷാകരന്‍

                മന്ദസ്മിതം ദയാഭാവത്തോടുതാന്‍

                മന്ദം മന്ദം പൊങ്ങി തന്‍റെ ശക്തിയാല്‍

                               തന്‍ ശിഷ്യര്‍ക്കു കണ്ണെത്തുവോളമിവ

                               ദര്‍ശനത്തിങ്കില്‍ നിന്നുമനന്തരം

                തേര്‍പോലെ മേഘമെടുത്തു പൊങ്ങിച്ചു

                താന്‍ പിന്നെ ദ്രുതം സ്വദേശം പ്രാപിച്ചു'

ഇപ്രകാരമുള്ള യേശുനാഥന്‍റെ സ്വര്‍ഗ്ഗാരോഹണം കണ്ട് അത്ഭുതപരതന്ത്രരായി നില്ക്കുന്ന ശിഷ്യന്മാരുടെ അടുത്തേക്ക് രണ്ട് വെള്ളക്കുപ്പായക്കാര്‍ ഇറങ്ങി വന്ന് പറയുന്നു:

                'ഗ്ലീലക്കാരരേ! നിങ്ങളെന്തിങ്ങിനെ

                മേല്പോട്ടു നോക്കി നില്‍ക്കുന്നു? രക്ഷകന്‍

                               സ്വര്‍ലോകത്തിലെഴുന്നെള്ളി സാദരം

                               വരും പിന്നെയുമെന്നതുറച്ചാലും'

ഇവിടെ വെള്ള വസ്ത്രം ധരിച്ച രണ്ടാളുകളെന്നത് രണ്ട് മാലാഖമാരെന്നാണ് വിവക്ഷിക്കുന്നത്. അപ്പസ്തോലപ്രവര്‍ത്തികള്‍ 1:10 ല്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ടല്ലോ?

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2024, 12:34