തിരയുക

ഫ്രാൻസിസ് പാപ്പാ ക്രിസ്തുവിന്റെ തിരുശരീരം ഉയർത്തുന്നു ഫ്രാൻസിസ് പാപ്പാ ക്രിസ്തുവിന്റെ തിരുശരീരം ഉയർത്തുന്നു 

ദൈവസാന്നിദ്ധ്യത്തിന്റെ പരിശുദ്ധ ദിവ്യകാരുണ്യം

ലത്തീൻ ആരാധനാക്രമപ്രകാരം പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ, കോർപുസ് ക്രിസ്റ്റിയുടെ തിരുനാളിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മർക്കോസ് 14,12-16.22-26.
ദൈവസാന്നിദ്ധ്യത്തിന്റെ പരിശുദ്ധ ദിവ്യകാരുണ്യം - ശബ്ദരേഖ

ഫാ. പീറ്റർ ടാജീഷ് O de M.

കൂടെയുള്ളവർക്കുവേണ്ടി ഒത്തിരി ചെറുതായിപോകുന്ന മനുഷ്യരുള്ള ഭൂമിയാണ് നമ്മുടേത്. ഒരു സന്ദേഹവും കൂടാതെ, ഒട്ടും ആകുലപ്പെടാതെ ആ മനുഷ്യർ ഒത്തിരി ചെറുതായികൊണ്ടിരിക്കും അവരുടെ ജീവിതപരിസരങ്ങളിൽ. എന്നിട്ടും അറിയണം ആ ചെറുതാകലിൽ എന്തൊരു അഴകാണ് അവർ സൂക്ഷിക്കുന്നത്.

ഇങ്ങനെയൊരാൾ ചെറുതായി പോയതിന്റെ തിരുനാളാണ് നമ്മൾ ആഘോഷിക്കുന്നത്. ഒന്നോർത്തു നോക്കുക സ്വർഗ്ഗത്തിന്റെ മഹിമ ഉപേക്ഷിച്ചു അയാൾ ഭൂമിയുടെ കുറവിനെ പ്രണയിച്ചത്. ദൈവീകത ഒരു വലിയ കാര്യമായി പരിഗണിക്കാതെ അയാൾ ഒരടിമയുടെ രൂപം സ്വീകരിച്ചു. അങ്ങനെയാണ് അയാൾ ഒത്തിരി അഴകുള്ള ഒരാളായി നമ്മുടെ ഇടയിൽ ജീവിച്ചത്.

ദിവ്യകാരുണ്യം എളിമയുടെ, ചെറുതാകുന്നതിന്റെ തിരുനാളാണ്. ഒത്തിരി വലുപ്പം കൂടിപ്പോകുന്ന ഈ ലോകത്തിൽ, വലുതിനെ മാത്രം പ്രണയിക്കുന്ന ഈ സംസ്കാരത്തിൽ ഈ ഒരു കൊച്ചു അപ്പകഷ്ണം നമ്മളോട് ചെറുതിന്റെ സുവിശേഷം അറിയിച്ചുകൊണ്ടിരിക്കുകയാണ്.

സ്നേഹിക്കാൻ ഒരാൾക്കും വലുതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. ഒരാൾ ഏറ്റവും നല്ല പ്രണയത്തിലാകുന്നത്  സത്യസന്ധതയുടെ ആഴത്തിലാണ്, കലർപ്പില്ലാതെ നിൽക്കാൻ പഠിക്കുമ്പോൾ. നേരിന്റെ നിറവിൽ ഒരാൾ വലിയൊരു സൗന്ദര്യവും ആർജിക്കുന്നുണ്ട്. വളരെ സത്യസന്ധമായ ഒരു മാപ്പ് പോലും ഒരാളുടെ ഭംഗി വരച്ചു കാണിക്കുന്നില്ലേ?

അയാൾ ചുരുങ്ങി പോകാൻ പഠിച്ചൊരാളാണ്. ചുരുക്കം പന്ത്രണ്ടു പേരെ മാത്രം കൂടെ നിർത്തിയൊരാൾ, എന്നിട്ടും ഓർക്കണം അവസാനമണിക്കൂറിൽ അയാൾ ഒറ്റക്കായിരുന്നു, തന്റെ ലോകം മുഴുവൻ അബ്ബാ എന്ന പിതാവിന്റെ ലോകത്തിൽ ചുരുക്കിനിർത്തി. അയാൾക്ക്‌ അയാളുടെതായ ഒരു ആഗ്രഹവും ഇല്ലായിരുന്നു, ചെയ്തത് മുഴുവൻ പിതാവിന്റെ ഇഷ്ടവും. ലോകത്തിന്റെ ആഡംബരങ്ങൾക്ക് നടുവിൽ അയാൾ വള്ളങ്ങളുടെ അമരങ്ങളിൽ ഉറങ്ങിയും, തീരത്തെ പുൽകിയും അലഞ്ഞുനടന്നു. ഒന്നും സമ്പാദിക്കാനോ ആരെയും കീഴ്പ്പെടുത്താനോ അയാൾ ഒരുക്കമല്ലായിരുന്നു. ഏറ്റവും ലളിതമായി അയാൾ കടന്നുപോയി. എന്നാൽ ആ ലാളിത്യം തന്നെയായിരുന്നു അയാളുടെ സൗന്ദര്യവും. ഒടുവിലായി അയാൾ തന്നെതന്നെ ഒരടയാളമായി നിലനിർത്തിയതും ഈ ഒരു കൊച്ചു അപ്പകഷണത്തിൽ. അതിനുമുന്നിലാണ് നമ്മൾ ആരാധിക്കുന്നതും..

ഈയൊരു ലാളിത്യത്തിലേക്കുള്ള തിരിച്ചുനടക്കലാണ് ഓരോ ദിവ്യകാരുണ്യഭക്തിയും. അവനെയറിയുക ഇനിമുതൽ അവന്റെ ലാളിത്യം ജീവിക്കുക എന്നതാണ്. ജീവിതത്തിന്റെ ചെറിയ ഇടങ്ങളെ സ്നേഹിക്കാനും, പലർക്കും വേണ്ടി ചെറുതാകാനും കഴിയുന്ന ഇടങ്ങളിൽ ഒരാൾ ദിവ്യകാരുണ്യഭക്തിയിലേക്ക് വളരുകയാണ്.

എന്താണ് ഈ ചെറുതാകൽ എന്നതിന് ഉത്തരം ലളിതമാണ്, നിർവ്യാജം ക്ഷമിക്കാൻ പഠിക്കുക, കലർപ്പില്ലാതെ സ്നേഹിക്കാൻ പഠിക്കുക, സഹകരണം ശീലിക്കുക, ഒപ്പം നടക്കാനും, കരം ചേർത്തുപിടിക്കാനും, കൂടെയായിരിക്കാനും ശീലിക്കുക. ഒക്കെയും ദിവ്യകാരുണ്യമാണ്.

വലിപ്പത്തിന്റെ മാസ്മരികതയിൽ നമ്മൾ പലപ്പോഴും മയങ്ങിപോകുന്നുണ്ട്. അവിടങ്ങളിൽ ഉള്ളതുകൊണ്ട് സന്തോഷിക്കാൻ പഠിക്കുക. പരിധികൾ ഇല്ലാത്ത ആഗ്രഹങ്ങളിൽ നമ്മൾ നിരാശപ്പെടുന്നവരാണ്. ആ കുഞ്ഞു അപ്പകഷണത്തെ നോക്കുക. എന്ത് സൗന്ദര്യമാണ് ഉള്ളത്.

ഒപ്പം കണ്ണീര് വീഴേണ്ട ഒരിടത്തെ അവൻ കൃതജ്ഞത കൊണ്ട് നിറച്ചതിന്റെ ഓർമകൂടിയാണീ ദിവ്യകാരുണ്യം. ഒരു ഭീകരമരണത്തിന്റെ നിഴലിൽ നിൽക്കുന്നവനാണ് അവൻ, ഒരു തള്ളി പറയലിന്റെയും, ഒറ്റുകൊടുക്കലിന്റെയും, ഉപേക്ഷിക്കപ്പെടുന്നതിന്റെയും ചവർപ്പ് നുണയാൻ നിൽക്കുന്നവൻ. കുരിശിന്റെ ഭാരം തളർത്താൻ പോകുന്നവൻ, എന്നിട്ടും അവൻ ആ ദിവ്യകാരുണ്യസന്ധ്യയെ അഴകുള്ളതാക്കി.

കെറുവിക്കാനും, പരിഭവിക്കാനും, വഴക്കിടാനും ഉതകുന്ന ഒരു സന്ധ്യയായിരുന്നു അതെന്നും ഓർക്കണം കാരണം അവനൊപ്പം അന്ന് ആ മേശ പങ്കിട്ട പന്ത്രണ്ടുപേരും ഒരർത്ഥത്തിൽ അവനോടൊപ്പം ഹൃദയപൂർവ്വം നിൽക്കാത്തവർ ആയിരുന്നു.. ഒരാൾ ഒറ്റികൊടുക്കാനും, മറ്റൊരാൾ തള്ളിപറയാനും, ബാക്കിയുള്ളവർ അവനെ കുരിശിന്റ വഴിയിൽ ഉപേക്ഷിക്കാൻ പോകുന്നവർ. അതുകൊണ്ട് തന്നെ അവന് ആ സന്ധ്യയിൽ അവരെ വാക്കുകൊണ്ട് ഭാരപ്പെടുത്താമായിരുന്നു. എന്നിട്ടും അയാൾ അതിനെ കൃതജ്ഞത കൊണ്ട് നിറച്ചു എന്നതാണ് അയാളുടെ ഭംഗി.

ഒപ്പം നിൽക്കുന്നയാളും, കൂടെ നടക്കുന്നവനും നിന്നെ പൂർണമായി മനസിലാക്കുന്നുണ്ടോ എന്നതല്ല തർക്കവിഷയം മറിച്ചു നീ അവരോടു എങ്ങനെ സംവാദിക്കുന്നു എന്നതാണ്, അവർക്കു നീ ആരായിരുന്നു എന്നതാണ്.

നമ്മൾ ഓർക്കണം കലഹിക്കേണ്ട ഒരു രാത്രിയെ അയാൾ കൃതജ്ഞതകൊണ്ട് നിറച്ചപ്പോൾ, ഒരുമാത്ര ഇടറിപോയ ആ പതിനൊന്നുപേരും അവരുടെ ജീവിതത്തെ തിരികെ പിടിച്ചത് ആ സന്ധ്യയുടെ ഓർമ്മയിലാണ്. പിന്നീട് ഭൂമിയുടെ നാല് അതിരുകളിലേക്കും ആ മനുഷ്യർ നടന്നത് ആ സന്ധ്യയെ ഓർമിച്ചും, അതിനെ പ്രണയിച്ചും, അത് പ്രാഘോഷിച്ചുമാണ്. അവർ അവരുടെ കഴിവ്കേടിനെയും, സ്നേഹക്കുറവിനെയും മറികടന്നത് ആ സന്ധ്യയുടെ ബലത്തിലാണ്.

നമ്മുടെ എല്ലാ സങ്കടങ്ങൾക്കുമേൽ നമ്മൾ അടയിരിക്കേണ്ടതില്ല, ചിലതൊക്കെ മറക്കാനും പൊറുക്കാനും നമ്മൾ പഠിക്കണം. ഉള്ളിലൊരു കൃതജ്ഞത സൂക്ഷിക്കാൻ കഴിയുകയാണ് പ്രധാനം.

അയാൾ ആ ദിവ്യകാരുണ്യരാവിൽ എന്തിനായിരിക്കണം കൃതജ്ഞത പറഞ്ഞത്? അങ്ങനെ നന്ദി ചൊല്ലി വാഴ്ത്തേണ്ട ഒരു ജീവിതത്തിന്റെ ഗംഭീര്യം ഒന്നും അതിലായിരുന്നു. പിന്നെ എന്തിനാണ് ആ കൃതജ്ഞത?

നിങ്ങളുടെ ജീവിതം പൂർണാർത്ഥത്തിൽ വിജയിക്കണം എന്നില്ല, നിങ്ങൾ പ്രശസ്തിയുടെ പരക്കോടിയിൽ എത്തണം എന്നൊന്നുമില്ല, മറിച്ചു നിങ്ങളെ ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്തോ? അതാണ് വിജയത്തിന്റെ അളവ്. ഓർക്കണം അയാൾ മനുഷ്യരുടെ അളവുകോൽ ഒരിക്കലും തേടിയില്ല അയാളുടെ അളവുകോൽ ദൈവഹിതമായിരുന്നു, അതിനോടുള്ള വിശ്വസ്ഥതയായിരുന്നു. ആ തമ്പുരാനോട് കാണിച്ച സമർപ്പണത്തിനാവണം അയാൾ നന്ദി പറഞ്ഞത്.

നമ്മുടെ ഇടങ്ങളെ നന്ദിയുള്ള ഇടമാക്കി മാറ്റുക എന്നതാണ് ദിവ്യകാരുണ്യം ആവശ്യപെടുന്നത്. ഒരർത്ഥത്തിൽ നമുക്കും കാരണങ്ങൾ ഉണ്ടാവും കൂടെയുള്ളവരോട് കലഹിക്കാനും, വഴക്കിടാനും കാരണം ഉള്ളിന്റെ ഉള്ളിൽ  മുറിവേറ്റവരാണ് നമ്മൾ ഒക്കെയും. എന്നിട്ടും കലഹത്തിന് സ്വയം വിട്ടുകൊടുക്കാതെ ഉള്ളിൽ കൃതജ്ഞത സൂക്ഷിക്കാൻ കഴിഞ്ഞാൽ അവന്റെ മേശയിൽ നിന്നും നമ്മളും അധികം ദൂരത്തല്ല എന്നതാണ്.

ആ മേശ അവന്റെ ഒരു ഉണർത്തുപാട്ടായിരുന്നു, അതവൻ ഏറ്റവും മനോഹരമായി പാടി. അതിന്റെ ഭംഗി എന്നത് പിന്നീട് അവനോടൊപ്പം ആ മേശ പങ്കുപറ്റിയ അവരും അതേറ്റുപാടി എന്നതാണ്. ഇനി നമ്മുടെ ഊഴമാണ് അതേറ്റുപാടാൻ. നന്ദിയോടെ നമുക്ക് ആയിരിക്കാം അവന്റെ മേശയിൽ, ആ കൃതജ്ഞത നമ്മിൽ വിരിയുവോളം...

നമുക്ക് മുന്നിൽ എഴുന്നള്ളിയിരിക്കുന്ന ആ ഇശോയെ നമുക്ക് സ്നേഹിക്കാം. അങ്ങനെയാണ് നമ്മളും ദിവ്യകാരുണ്യമായി മാറുന്നതും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2024, 18:28