തിരയുക

ഫാ.റോമനെല്ലി ഇടവകയിലെ അംഗങ്ങളോടൊപ്പം ഫാ.റോമനെല്ലി ഇടവകയിലെ അംഗങ്ങളോടൊപ്പം  

ഗാസയുടെ വികാരി ഫാ. റോമനെല്ലി ഇടവകയിൽ തിരികെയെത്തി

കഴിഞ്ഞ ഏഴുമാസത്തിലേറെയായി ഗാസ നഗരത്തിൽ പ്രവേശിക്കുവാൻ സാധിക്കാതിരുന്ന ലത്തീൻ തിരുക്കുടുംബ ദേവാലയത്തിലെ ഇടവക വികാരി ഫാ. ഗബ്രിയേലേ റോമനെല്ലി, നിരവധിയാളുകളുടെ പിന്തുണയോടെ തിരികെയെത്തി.

ഫ്രഞ്ചെസ്‌ക സബാത്തിനെല്ലി,  ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2023 ഒക്ടോബർ 7 മുതൽ ഗാസ നഗരത്തിൽ പ്രവേശിക്കുവാൻ സാധിക്കാതിരുന്ന ലത്തീൻ തിരുക്കുടുംബ ദേവാലയത്തിലെ ഇടവക വികാരി ഫാ. ഗബ്രിയേലേ റോമനെല്ലി, നിരവധിയാളുകളുടെ പിന്തുണയോടെ തിരികെയെത്തി. മെയ് മാസം 16 മുതൽ 19 വരെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർ ബത്തിസ്ത്ത പിറ്റ്സബല്ലയുടെ സന്ദർശന വേളയിലാണ് ഇടവകവികാരി തന്റെ വിശ്വാസികൾക്ക് അരികിലേക്ക് എത്തിച്ചേർന്നത്. തിരുക്കുടുംബദേവാലയം സ്ഥിതി ചെയ്യുന്നത് ഗാസ നഗരത്തിന്റെ മധ്യത്തിലായതിനാൽ നിരവധി തടസ്സങ്ങളാണ് ഈ മാസങ്ങളിൽ യുദ്ധം മൂലം സൃഷ്ടിക്കപ്പെട്ടത്.

പാത്രിയർക്കീസിൻ്റെ പ്രതിനിധി സംഘത്തോടൊപ്പം മടങ്ങിവരാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഫാ. റോമനെല്ലി പങ്കുവച്ചു. ഇടവകയിലെ ഓരോ കുടുംബത്തെയും അറിയുന്ന കർദിനാളിന്റെ സന്ദർശനം ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ ഏറെ രൂക്ഷവും, വേദന നിറഞ്ഞതാണെങ്കിലും, അവയെ ലഘൂകരിക്കുന്ന ഒരേ ഒരു ഘടകം വിശ്വാസികളുടെ പ്രാർത്ഥനയും, ശാന്തസ്വഭാവുമാണെന്നും വികാരി അടിവരയിട്ടു പറഞ്ഞു.

ഇടവകയുടെ കീഴിൽ  വിവിധ മതങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിനു അഭയാർത്ഥികളാണ് കഴിയുന്നത്. ഫ്രാൻസിസ് പാപ്പായുടെ പ്രത്യേകമായ കരുതലും വികാരി ഓർമ്മിപ്പിച്ചു.  "ഞങ്ങൾക്ക് ആശ്വാസവും അനുഗ്രഹവും നൽകുന്നതിന് എല്ലാ ദിവസവും വിളിക്കുന്നു, കുട്ടികളെ സംരക്ഷിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു, മുന്നോട്ട് പോകാൻ ഞങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു", വികാരി പറഞ്ഞു. പാലസ്തീനിലും ഇസ്രായേലിലും സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെയെന്ന ആശംസയും വികാരി നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2024, 12:34