തിരയുക

ബ്രസീലിന്റെ തെക്കൻ പ്രദേശത്ത് നാശം വിതച്ച മഹാപ്രളയം. ബ്രസീലിന്റെ തെക്കൻ പ്രദേശത്ത് നാശം വിതച്ച മഹാപ്രളയം. 

ബ്രസീലിലെ പ്രളയബാധിതർക്ക് ഹംഗേറിയ൯ മെത്രാ൯ സമിതിയുടെ സഹായം

മെയ് ആദ്യം മുതൽ ബ്രസീലിന്റെ തെക്കൻ പ്രദേശത്ത് നാശം വിതച്ച മഹാപ്രളയത്തിന്റെ ഇരകൾക്കും അതിജീവിച്ചവർക്കും ഹംഗേറിയ൯ കത്തോലിക്കാ മെത്രാ൯ സമിതി (എച്ച്.സി.ബി.സി) പിന്തുണ പ്രഖ്യാപിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇതു വരെ ഒരിക്കലും ഇല്ലാതിരുന്ന വിധത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും നൂറിലധികം പേരെ കാണാതാവുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ പോർട്ടോ അലെഗ്രെയിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്, അവിടെ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ 105 താൽക്കാലിക അഭയകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഈ അഭയകേന്ദ്രങ്ങളിൽ ഒന്ന്  ഹങ്കറിയിലെ കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ (1956 ൽ) ബ്രസീലിൽ അഭയം തേടിയ ഹംഗേറിയൻ വംശജനായ 93 കാരൻ വൈദീകൻ ലാസ്ലോ മോൾനാർ 1968ൽ സ്ഥാപിച്ച സെന്റ് മാർട്ടിൻ ഇടവകയാണ് (പാരോക്വിയ സാവോ മാർട്ടിഞ്ഞോ). ഇത് നിരവധി ദുരിതബാധിത വ്യക്തികളുടെ നിർണ്ണായക സങ്കേതമാണ്. ദുരന്തം ഉണ്ടായതിന് ശേഷം ഈ ഇടവക ഒരു പ്രധാന പിന്തുണാ കേന്ദ്രമായി മാറി.

സഹായത്തിന്റെ അടിയന്തിര ആവശ്യം തിരിച്ചറിഞ്ഞ് എച്ച്.സി.ബി.സി.യുടെ സ്ഥിരം കൗൺസിൽ സെന്റ് മാർട്ടിൻ ഇടവകയ്ക്ക് 14,035.88 യുഎസ് ഡോളർ സഹായം അനുവദിച്ചു. ഭക്ഷണം, വസ്ത്രം, വ്യക്തിപരമായ കരുതലിനുള്ള ഉൽപ്പന്നങ്ങൾ, ആവശ്യമായ ഉപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ നൽകുന്നത് തുടരാ൯ ഈ സാമ്പത്തിക സഹായം ഇടവകയെ പ്രാപ്തമാക്കും.

എച്ച്.സി.ബി.സി. ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പ്രളയബാധിതർക്ക് ഹൃദയപൂർവ്വകമായ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു. "ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും 2024 മെയ് മാസത്തിൽ ബ്രസീലിനെ ബാധിച്ച വെള്ളപ്പൊക്കത്തിന്റെ ഇരകൾക്കും അതിജീവിച്ചവർക്കുമൊപ്പമാണ്," എന്ന് പ്രസ്താവനയിൽ പറയുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹങ്ങളെ സഹായിക്കുന്നതിനും ദുരന്ത സമയങ്ങളിൽ അന്താരാഷ്ട്ര ഐക്യദാർഢ്യം വളർത്തുന്നതിനുമുള്ള എച്ച്.സി.ബി.സി.യുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ പിന്തുണ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2024, 13:25