ഇറ്റലിയിലെ അസീസിയിൽ സഹാനുഭാവത്തിന്റെ മാരത്തൺ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സഹാനുഭാവത്തിന്റെ വലിയ മാതൃക നൽകിയ വിശുദ്ധ ഫ്രാൻസിസിന്റെ നാടായ അസീസിയിൽ, ഇറ്റലിയിലും, ലോകമെമ്പാടും പ്രയാസമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസവും, സഹായവും നൽകുന്നതിന് സഹാനുഭാവത്തിന്റെ ഐക്യദാർഢ്യ മാരത്തൺ ജൂൺ മാസം ആറാം തീയതി സംഘടിപ്പിക്കുന്നു. അസീസിയിലെ ഫ്രാൻസിസ്കൻ സഹോദരങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
സഹാനുഭാവത്തിന്റെ ഈ വലിയ ചരിത്രമുഹൂർത്തത്തിനു സഹായങ്ങൾ നൽകുവാൻ വിവിധ സംഘടനകളും, സർക്കാർ സ്ഥാപനങ്ങളും മുൻപോട്ടു വരുന്നുവെന്നതും ഏറെ മാതൃകാപരമാണ്. അന്നേ ദിവസം നടക്കുന്ന വിവിധ പരിപാടികൾ ഇറ്റലിയിലെ പ്രധാന ചാനലായ റായി 1 വഴി സംപ്രേക്ഷണം ചെയ്യും. ഇറ്റലിയിലെ പ്രസിദ്ധ ടെലിവിഷൻ അവതാരകനായ കാർലോ കോന്തിയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. 11 രാജ്യങ്ങളിലായി 22 പ്രോജക്ടുകൾക്കുള്ള സഹായത്തിനു വേണ്ടിയാണ് സഹാനുഭാവത്തിന്റെ ഐക്യദാർഢ്യ മാരത്തൺ സംഘടിപ്പിക്കുന്നത്.
പ്രയാസമനുഭവിക്കുന്ന സഹോദരങ്ങളെ സ്വാഗതം ചെയ്യുന്നതിലും, അവരെ പരിചരിക്കുന്നതിലും മുൻനിരയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ പങ്കാളിത്തവും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. നേരിട്ട് ഈ മാരത്തണിൽ സംബന്ധിക്കുവാൻ സാധിക്കാത്തവർക്കു അകലെയിരുന്നുകൊണ്ട് സംഭാവനകൾ നൽകുവാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടും വേദനയനുഭവിക്കുന്ന നിരവധി സഹോദരങ്ങൾക്ക് ആശ്വാസവും, സഹായങ്ങളും നൽകുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇറ്റലി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: