പെന്തക്കോസ്താ തിരുനാൾമഹോത്സവവും ക്രൈസ്തവജീവിതവും
ഫാ. പീറ്റർ ടാജീഷ് O de M.
ആത്മാവിന്റെ കാറ്റു വീശുമ്പോൾ സകലതും മാറിമാറിയുകയാണ്. അന്നുവരെ ഭയത്തിന്റെ പരിഭ്രാന്തിയുടെ മൂടുപടമണിനിഞ്ഞിരിന്നവർ സാവധാനം പുറത്തുവരുകയാണ്, ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടും, അവനുവേണ്ടി മരിക്കാൻ തയ്യാറായി ക്രിസ്തുവിന്റെ വിശുദ്ധസഭ ജനിക്കുകയാണ്.
ഒരാളുടെ ഭയത്തിൽ നിന്നും പുറത്തേക്കു വരാൻ ബലം നൽകുന്നത് ആത്മാവാണ്. ക്രിസ്തുവിന്റെ മരണത്തിനുശേഷം ആകെ ചിതറിപോയ മനുഷ്യരാണ് അവർ. പ്രതാപത്തിൽ കണ്ട ഒരാളെ പിന്നീട് കുരിശിന്റെ നിഴലിൽ ഒതുക്കപ്പെട്ട്, നിസ്സഹായനായി മാറുന്നത് കണ്ടതിന്റെ ഭയം അവരെ ഒരു മുറിക്കുള്ളിലേക്കു ഒതുങ്ങാൻ പ്രേരിപ്പിച്ചു. അങ്ങോട്ടു തന്നെയാണ് ആത്മാവിന്റെ കാറ്റു വീശുന്നത്. ഈ ആത്മാവാണ് സഭയ്ക്ക് ഉദയം നൽകുന്നതും.
ഭയമെന്ന ആവരണത്തിന്റെ മൂടുപടം പൊളിക്കാനുള്ള ഏതൊരാളുടെയും ശ്രമങ്ങളെ ഇനിമുതൽ പെന്തകോസ്താ അനുഭവത്തിലേക്കുള്ള പിച്ചവയ്പ്പായി കരുതാം.
ഭയം പലതരമാണ് ജീവിതത്തിൽ. ജഡത്തിന്റെ മോഹങ്ങൾ എന്നാണ് വിശുദ്ധ. പൗലോസ്ലീഹ അവയെ പേരിട്ടു വിളിക്കുന്നത്. ഒരാളെ താന്നിലേക്ക് തന്നെ ചുരുക്കി കളയുന്ന ഏതൊരു മനോഭാവവും ജഡത്തിന്റെ മോഹങ്ങളാണ്. അതൊരാളുടെ സ്വാർത്ഥതയാണ് കാരണം അയാൾ തന്നിൽ തന്നെയാണ് അർത്ഥം കാണുന്നതും, ജീവിക്കുന്നതും. തുറവിയോടെ ജീവിതയിടങ്ങൾ കാണാനും, കൂടെയുള്ളവരെ ഉൾക്കൊള്ളാനും കഴിയാതെ അയാൾ സ്വയം പ്രദർശിപ്പിച്ചും, ജീവിച്ചും മുന്നോട്ടു പോകും. അതൊരാളുടെ ഭയമാണ്.
പൗലോസ്ലീഹ പിന്നീട് അവയെ പേരിട്ടു വിളിക്കുന്നുമുണ്ട്. വെഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മത്സര്യം, ഭിന്നത, വിഭാഗീയ ചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം. ഒക്കെയും ജഡത്തിന്റെ വ്യാപാരങ്ങൾ മാത്രമല്ല ഒപ്പം ഒരാളെ എന്നേക്കും ഭയത്തിൽ നിലനിർത്താനുള്ള കാരണങ്ങൾ കൂടിയാണ്.
അതിനുമുകളിലേക്കാണ് ആത്മാവിന്റെ കാറ്റു വീശുന്നത്. ആ ആത്മാവിന്റെ ബലത്തിൽ അവർ പുറത്തിറങ്ങി ഉച്ചത്തിൽ പ്രഘോഷിക്കാൻ തുടങ്ങി. അങ്ങനെ തിരുസഭ ജനനം കൊള്ളുകയാണ്.
ഇന്ന് തിരുസഭയുടെ ജന്മദിനം കൂടിയാണ്. ക്രിസ്തുവിൽ സ്ഥാപിതമായ സഭ, ആത്മാവിന്റെ ബലത്തിൽ മുന്നോട്ടു നടക്കാൻ തുടങ്ങുകയാണ്. ഈ സഭയാണ് ഇനി ലോകത്തിന്റെ മുന്നിൽ സ്വർഗ്ഗരാജ്യം പ്രഘോഷിക്കേണ്ടതും, ജീവിക്കേണ്ടതും.
എങ്ങനെ പ്രഘോഷിക്കണം എന്നതിന്റെ ഉത്തരമാണ്, പൗലോസ്ലീഹ ഗാലത്തിയക്കാർക്കുള്ള ലേഖനത്തിൽ എഴുതുന്നത്. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്ഥത, സൗമ്യത, ആത്മസംയമനം.
സ്നേഹം അതൊരു വിളിയാണ്, സ്വയം മറക്കാനും, ഉള്ളിൽ ക്രിസ്തു രൂപപ്പെടാനുള്ള വിളി. ക്രിസ്തുവാണ് മാതൃക. കുരിശിൽ സ്വയം മറന്നു ജീവൻ സമർപ്പിച്ച നല്ലയിടയാൻ. പെന്തകൊസ്താ അനുഭവം എന്നതും ഈ സ്നേഹം ജീവിക്കുന്നതും, പങ്കുവയ്ക്കുന്നതുമാണ്. എവിടെയൊക്കെ സ്നേഹത്തിന്റെ സുവിശേഷം ജീവിക്കുന്നുണ്ടോ അവിടെയൊക്കെ പെന്തകൊസ്താ ആഘോഷിക്കുന്നുണ്ട്.
ആനന്ദം ഉള്ളിലെ ഒരാൾ അനുഭവിക്കുന്ന നിറവാണ്. ഏതൊരവസ്ഥയിലും ഒരാൾ ഉള്ളിൽ പേറുന്ന ക്രിസ്തുസാന്നിധ്യം. ശിഷ്യന്മാർ പീഡനങ്ങളുടെ കാലത്തും ലോകത്തിനു സാക്ഷ്യം നൽകിയത് ഈയൊരു ആനന്ദത്തിലൂടെയാണ്. എന്താണ് അവരുടെ സന്തോഷത്തിന്റെ കാരണം എന്ന ചോദ്യമാണ് ഒരാളെ ക്രിസ്തുധർമത്തിലേക്ക് നയിച്ചതും.
സമാധാനം ഒരാൾ ഉള്ളിൽ കൊണ്ടുനടക്കുന്നതും ലോകത്തിനു സമ്മാനിക്കുന്ന സുവിശേഷമാണ്. ആത്മാവാണ് സമാധാനം നൽകുന്നത്. ആത്മാവിന്റെ വ്യാപാരങ്ങൾ ഇല്ലാതായിടങ്ങളിൽ കലഹങ്ങൾ കൊടികുത്തി വാഴും. ഇന്ന് ലോകയിടങ്ങളിൽ യുദ്ധങ്ങളും, വെറുപ്പും കാണിച്ചുതരുന്നത് സമാധാനം ഉള്ളിൽ നഷ്ട്ടപെട്ടു പോയ മനുഷ്യരുടെ കോലാഹലങ്ങൾ മാത്രമാണ്.
ക്ഷമ അതൊരു ദാനവും സമ്മാനവുമാണ്. ഇടം നഷ്ടപ്പെട്ടുപോയ ഒരാൾക്ക് ആ ഇടം തിരിച്ചുനൽകുന്ന പുണ്യമാണ്. ഒരാൾക്ക് ക്ഷമ കൊടുക്കുമ്പോൾ അയാൾക്കൊരു ലോകംകൂടിയാണ് നമ്മൾ കൊടുക്കുന്നത്. ക്ഷമിക്കാൻ പഠിക്കുക എന്നതും ആത്മാവിന്റെ പാഠശാലയിൽ പഠിക്കുക എന്നുംകൂടിയാണ്. ക്ഷമ നൽക്കാൻ കഴിയാതെ പോകുമ്പോൾ നമ്മൾ നമ്മളെതന്നെ അടിമകളാക്കി മാറ്റുകയാണ്. ക്രിസ്തീയ ചരിത്രത്തിൽ ക്ഷമിച്ച മനുഷ്യരാണ് സുവിശേഷം പ്രാഘോഷിച്ചിട്ടുള്ളത്.
ദയ അതൊരു കരുണയാണ് ഒപ്പം മോച്ചനവും. ദയയുള്ള മനുഷ്യർ ഭൂമിക്ക് അലങ്കാരമാണ് കാരണം അവരിൽ ദൈവത്തിന്റെ മുഖമാണ് തെളിയുന്നത്.
നന്മ ഉളിലെ നിഷ്കളങ്കതയാണ്. ഏതിടങ്ങളിലും നന്മ ചെയ്യുന്ന മനുഷ്യർ. അതവരിലെ പ്രകൃതമാണ്. അവർ നന്മ നിറഞ്ഞുനിൽക്കുന്ന മനുഷ്യരാണ്.
വിശ്വസ്ഥത ഒരാളുടെ സ്ഥിരതയാണ്. അനുകൂലവും, പ്രതികൂലവുമായ ഇടങ്ങളിലും ഒരാൾ പുലർത്തുന്ന കുലീനത്വം. ചതിയുടെ വാരിക്കുഴികളും, വീഴ്ചയുടെ ഇടങ്ങളും ഒരുതരത്തിലും ഭയപ്പെടാത്ത മനുഷ്യർ, അവർ ഏതിടങ്ങളിലും വിശ്വസ്ഥത ജീവിക്കും.
സൗമ്യത, ജീവിതം കൃത്യമായി പഠിച്ച മനുഷ്യർ. ഒരു ഉയർച്ചയ്ക്ക് ശേഷം ഒരു താഴ്ച്ചയുണ്ടെന്നും, ഓരോ താഴ്ച്ചയും ഒന്നിന്റെയും അവസാനവുമല്ല എന്ന് തിരിച്ചറിയുന്ന മനുഷ്യർ. അവർ സൗമ്യതയോടെ ജീവിക്കും.
ആത്മസംയമനം എന്നത് കൃത്യമായി ഒരാൾ വാക്കുകൾ അളന്നു ഉപയോഗിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. പറയേണ്ടത് മാത്രം പറയാനും, എല്ലാ വികാരവിചാരങ്ങളും ക്രമം തെറ്റാതെ അടയാളപെടുത്താനും കഴിയുന്നവർ. അവർ ആരെയും ദ്രോഹിക്കില്ല, ആർക്കും തിന്മ ചെയ്യുന്നുമില്ല.
ഈ ദാനങ്ങൾ ആത്മാവിന്റെ അടയാളങ്ങളാണ്. അവയാണ് പെന്തകോസ്ത് എന്ന് പറയുന്നതും. ഒരാൾ സ്വയം പാകപ്പെടേണ്ടത് ഈയൊരു അനുഭവത്തിലേക്കാണ്. ആദിമസഭ ജീവിച്ചതും പ്രാഘോഷിച്ചതും ഈ പെന്തകോസ്തയാണ്. കാലങ്ങളായി തിരുസഭ ജീവിക്കുന്നതും ഇതാണ്.
ഈ പെന്തകോസ്തയിലേക്കാണ് നമ്മൾ വിളിക്കപ്പെടുന്നത്. ആത്മാവ് ഓളം തള്ളുന്ന കൃപ നിറഞ്ഞുനിൽക്കുന്ന ഇടം. ഹൃദയത്തിന്റെ ഐക്യത്തിൽ ഒരാൾക്കൂട്ടം ഒരു സമൂഹമാകുന്ന, പ്രാർത്ഥിക്കുന്ന ഒരു കൂട്ടം രൂപപ്പെടുന്ന ഇടം.
ഈ നിറവിലേക്കാണ് നമ്മൾ വളരേണ്ടത്. ഫ്രഡ് ഖാന്റെ ഒരു കവിതകൊണ്ട് ഞാൻ അവസാനിപ്പിക്കയാണ്. നിന്റെ പെന്തകോസ്തയിൽ ഞങ്ങളുടെ ബാബെൽ ഗോപുരങ്ങൾ പോളിയട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: