തിരയുക

പരിശുദ്ധ ത്രിത്വം പരിശുദ്ധ ത്രിത്വം 

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും ക്രൈസ്തവജീവിതവും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ശ്ളീഹാക്കാലം രണ്ടാം ഞായറാഴ്ചയിൽ ആഘോഷിക്കപ്പെടുന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളുമായി ബന്ധപ്പെട്ട വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (യോഹന്നാൻ 16, 12-15).
സുവിശേഷപരിചിന്തനം - യോഹന്നാൻ 16, 12-15 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സഭയിലും ലോകത്തിലും പരിശുദ്ധാത്മാവ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രത്യേകമായി വിചിന്തനം ചെയ്യുന്ന ആരാധനാക്രമകാലമാണ് ശ്ളീഹാക്കാലം. ഇതിന്റെ ഒന്നാം ഞായറാഴ്ച, പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവ് പരിശുദ്ധ അമ്മയുടെമേലും ക്രിസ്തുശിഷ്യന്മാരുടെമേലും ഇറങ്ങിവന്നതിനെക്കുറിച്ചും, അതുവഴി നടന്ന സഭയുടെ ആരംഭത്തെക്കുറിച്ചുമാണ് നാം ധ്യാനിച്ചതെങ്കിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളാണ് ശ്ളീഹാക്കാലം രണ്ടാം ഞായറാഴ്ച സഭ ആഘോഷിക്കുന്നത്. മനുഷ്യഹൃദയങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കുന്ന സത്യാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ക്രിസ്തുവിനെക്കുറിച്ച് പറയുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പന്ത്രണ്ടുമുതൽ പതിനാറുവരെയുള്ള തിരുവചനങ്ങളിലൂടെയാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വിചിന്തനത്തിലേക്ക് നാം ഇന്ന് കടക്കുന്നത്. പിതാവിൽനിന്നും തന്നിൽനിന്നുമുള്ള കാര്യങ്ങളിൽനിന്ന് സ്വീകരിച്ച് തന്റെ ശിഷ്യരെ ഉദ്ബോധിപ്പിക്കുന്ന പരിശുദ്ധാത്മാവിനെയാണ് യേശു തന്റെ ശിഷ്യന്മാർക്ക് വാഗ്ദാനം ചെയ്യുക. പിതാവിന്റെ വാഗ്ദാനമായ രക്ഷ ക്രിസ്‌തുവിലൂടെ യാഥാർത്ഥ്യമാകുമ്പോൾ, ദൈവമെന്ന സത്യത്തെക്കുറിച്ച് നമ്മെ ഉദ്ബോധിപ്പിക്കാനും, ക്രിസ്തുവിലേക്കും, അതുവഴി രക്ഷയിലേക്കും നമ്മെ നയിക്കാനും പര്യാപ്തനായ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ക്രിസ്‌തുവിനെയാണ് ഇവിടെ നാം കാണുന്നത്. ഈയൊരർത്ഥത്തിൽ, പരിശുദ്ധ ത്രിത്വമെന്ന വലിയൊരു രഹസ്യത്തിലേക്ക് പരിശുദ്ധാത്മാവെന്ന സഹായകനിലൂടെ പ്രവേശിക്കാൻ നമുക്കേവർക്കും വഴിതുറക്കുകയാണ് യേശു.

ആത്മാവിലൂടെ പൂർണതയിലേക്ക്

തന്റെ പിതാവിന്റെ പക്കലേക്ക് തിരികെ പോകാനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് യേശു തന്റെ ശിഷ്യർക്ക് ഒരു സഹായകനെ, പരിശുദ്ധാത്മാവിനെ വാഗ്‌ദാനം ചെയ്യുന്നത്. യേശു പറയുന്നു: "ഇനിയും വളരെ കാര്യങ്ങൾ എനിക്ക് നിങ്ങളോടു പറയാനുണ്ട്. എന്നാൽ അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്ക് കഴിവില്ല. സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും" (യോഹ. 16, 12-13). വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ അവസാനവാക്യമായി എഴുതിവയ്ക്കുന്ന ഒരു വചനം ഈയൊരു സന്ദർഭത്തിൽ അർത്ഥവത്താണെന്ന് തോന്നുന്നു. നീണ്ട ഇരുപത്തിയൊന്ന് അദ്ധ്യായങ്ങൾ തന്റെ പ്രിയപ്പെട്ട ഗുരുവിനെക്കുറിച്ച് എഴുതിയ ശേഷം യോഹന്നാൻ സുവിശേഷം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉൾകൊള്ളാൻ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്ക് തോന്നുന്നത്" (യോഹ. 21, 25). മാനുഷികമായ, ബൗദ്ധികമായ പരിധികൾ ഉള്ള വ്യക്തികളാണ് നാമെല്ലാവരും. അറിയുവാനും, മനസ്സിലാക്കുവാനും, മനനം ചെയ്‌ത്‌ ഹൃദയത്തിൽ സംഗ്രഹിക്കാനും പരിധികൾ ഉള്ള മനുഷ്യർ. അതുകൊണ്ടുതന്നെയാണ് യേശു പരിശുദ്ധാത്മാവിനെ വാഗ്‌ദാനം ചെയ്യുന്ന അവസരത്തിൽ പറയുക, എനിക്ക് പറയാനുള്ള കാര്യങ്ങൾ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്ക് കഴിവില്ല, എന്നാൽ സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും (യോഹ. 16, 12-13). തന്റെ ശിഷ്യരുടെ, വിശ്വാസികളായ നമ്മുടെ അപൂർണ്ണതകളെ ഇല്ലാതാക്കി, നാമെല്ലാവരെയും പൂർണതയിലേക്ക് നയിക്കുവാൻ ദൈവം അയക്കുന്ന പരിശുദ്ധാത്മാവിനെ സ്വീകരിക്കാതെയും, ആത്മാവിന്റെ ഫലദാനങ്ങൾ സ്വന്തമാക്കാതെയും ദൈവത്തെ മനസ്സിലാക്കാമെന്നും, അവനെക്കുറിച്ചുള്ള സത്യങ്ങൾ അറിയാമെന്നും കരുതുന്നവർ എത്ര അജ്ഞരാണ് എന്ന ഒരു ചിന്തകൂടി ഈ സുവിശേഷഭാഗം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. പിതാവും, പുത്രനും, പരിശുദ്ധാത്മാവുമടങ്ങുന്ന പരിശുദ്ധ ത്രിത്വമെന്ന വലിയൊരു വിശ്വാസരഹസ്യത്തെ മനസ്സിലാക്കാനും, സ്വീകരിക്കാനുംവേണ്ടി പരിശ്രമിക്കാനുള്ള ഒരു വിളികൂടി ഈ തിരുവചനം നമുക്ക് മുന്നിൽ ഉയർത്തുന്നുണ്ട്.

പരിശുദ്ധ ത്രിത്വത്തിലെ ഐക്യം

പരിശുദ്ധാത്മാവിനെ വാഗ്‌ദാനം ചെയ്യുന്ന യേശു, ആത്മാവ് ചെയ്യുവാൻ പോകുന്ന പ്രവർത്തനം മുൻപേതന്നെ തന്റെ ശിഷ്യരോട് അറിയിക്കുന്നുണ്ട്. "അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്ന് സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും" (യോഹ. 16, 14). പിതാവിന്റേതെല്ലാം തന്റേതെന്ന് തിരിച്ചറിയുന്ന ഒരു പുത്രൻ. പിതാവിൽനിന്നും, പുത്രനിൽനിന്നും സ്വീകരിച്ച് സംസാരിക്കുന്ന, പുത്രനെ മഹത്വപ്പെടുത്തുന്ന പരിശുദ്ധാത്മാവ്. എന്റേതെല്ലാം നിന്റേതെന്നും, നിന്റേതെല്ലാം എന്റേതെന്നും കരുതുന്ന, പരസ്പരം മഹത്വപ്പെടുത്തുന്ന, ചേർന്ന് നിൽക്കുന്ന മൂന്ന് വ്യക്തികൾ. എല്ലാം എന്റേതെന്നും, എനിക്കെന്നും കരുതുന്ന, സ്വന്തം മഹത്വം മാത്രം തേടുന്ന, മറ്റുള്ളവർക്ക് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ഒരു ലോകത്ത് പരിശുദ്ധ ത്രിത്വത്തിൽ കാണുന്ന ഐക്യം ഒരു വലിയ ജീവിതപാഠമാണ്. നമ്മുടേതായി കാണാൻ, അപരനെ ബഹുമാനിക്കാനും, മഹത്വപ്പെടുത്താനും പഠിക്കാൻ, മറ്റുള്ളവരിലെ നന്മകളെയും മൂല്യങ്ങളെയും എടുത്തുകാണിക്കാൻ, നമുക്ക് മുന്നിൽ നിൽക്കുന്നവരിലേക്ക് നന്മ പകരാൻ ഒക്കെ പരിശുദ്ധ ത്രിത്വത്തിന്റെ മാതൃക ഇന്ന് നമ്മെ ക്ഷണിക്കുന്നുണ്ട്. പരസ്‌പരം പോരടിക്കുകയും, കയ്യേറുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥകളും, സ്വന്തം ഇഷ്ടങ്ങളനുസരിച്ച് സഭയെയും, വിശ്വാസികളെയും, കൂദാശകളെയും, അദ്ധ്യാത്മികതയെയും കൈകാര്യം ചെയ്യുവാൻ മുതിരുന്ന ഒരു മതാത്മകതയും നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ പരിശുദ്ധ ത്രിത്വം വേറിട്ട് നിൽക്കുന്നു. ദൈവികതയിൽ തുല്യതയോടെ ആയിരിക്കുന്ന പിതാവും, പുത്രനും, പരിശുദ്ധാത്മാവും, പിതാവിന്റെ ഹിതം പൂർണ്ണഹൃദയത്തോടെ ഏറ്റെടുക്കുന്ന, കുരിശിൽ ബലിയായി ജീവിതം സമർപ്പിക്കുന്ന പുത്രൻ. കരുത്തായി, സഹായിയായി, ഉദ്‌ബോധകനായി, മഹത്വപ്പെടുത്തുന്നവനായി കൂടെ നിൽക്കുന്ന പരിശുദ്ധാത്മാവ്! പരിശുദ്ധ ത്രിത്വം നൽകുന്ന മാതൃക നമ്മുടെ ജീവിതങ്ങളിൽ എത്രമാത്രം സ്വീകാര്യമാകുന്നുണ്ട് എന്ന ഒരു ചോദ്യം നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാകട്ടെ.

നീതീകരിക്കപ്പെട്ട വിശ്വാസജീവിതം

എപ്രകാരമാണ് നാം നീതിക്കരിക്കപ്പെട്ടവരായി മാറിയതെന്ന് വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനം അഞ്ചാം അദ്ധ്യായത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. നാം പാപികളായിരിക്കെ, നമുക്കുവേണ്ടി കുരിശിൽ മരിച്ച ക്രിസ്തുവിന്റെ രക്തത്താലാണ് നാം നീതീകരിക്കപ്പെട്ടവരായത്. (റോമാ 5, 8-9). "നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു" (റോമാ 5, 5) എന്ന് പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു. പരിശുദ്ധാത്മാവിലൂടെ ചൊരിയപ്പെട്ട ദൈവസ്നേഹം തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നുണ്ടോ? വിശ്വാസത്താൽ, ക്രിസ്തുവിന്റെ തിരുരക്തത്താൽ നീതീകരിക്കപ്പെട്ട നമുക്ക്, അവനിലൂടെ പിതാവുമായി സമാധാനത്തിലും രമ്യതയിലും ആയിരിക്കാൻ സാധിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മുടെ വിശ്വാസജീവിതത്തിന്റെ ആഴം വ്യക്തമാക്കുന്നവയാണ്. ക്രിസ്തുവിലൂടെ ചൊരിയപ്പെട്ട പിതാവിന്റെ സ്നേഹവും, നയിക്കുവാനും, ഉദ്ബോധിപ്പിക്കുവാനും ആത്മാവിനെ നൽകുന്ന പുത്രന്റെ സ്നേഹവും, വിശ്വാസം വളർത്തുകയും കൃപയിൽ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്ന, പ്രത്യാശയിൽ നമ്മെ നിലനിർത്തുന്ന പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും നമ്മുടെ ജീവിതത്തിൽ അനുഭവിക്കാൻ എന്തുമാത്രം നമുക്ക് സാധിക്കുന്നുണ്ട് എന്ന് നമുക്ക് സ്വയം പരിശോധിക്കാം.

സഭയും ത്രിത്വവും

പരിശുദ്ധ ത്രിത്വം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും വിട്ടുകൊടുക്കലിന്റെയും പങ്കുവയ്ക്കലിന്റെയും ഒക്കെ ഇടമാണ് എന്ന് നമുക്കറിയാം. ഈ പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞ്, അതിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയായ സഭ തന്റെ ജീവിതത്തിൽ പരിശുദ്ധ ത്രിത്വത്തിന്റെ സ്വഭാവം സ്വന്തമാക്കേണ്ടവളാണ്. അതുകൊണ്ടുതന്നെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ നാം ആഘോഷിക്കുമ്പോൾ, സഭ എന്തുമാത്രം ദൈവികതയെ സ്വന്തമാക്കിയവളാണ് എന്ന ഒരു വിചിന്തനം നടത്തേണ്ടതുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ സുദൃഢമായ ഒരുമയും, സ്നേഹവും, ഐക്യവും സ്വന്തമാക്കാനും, വിശ്വാസത്തോടെയും, പ്രത്യാശയോടെയും ജീവിക്കാനും പ്രഘോഷിക്കാനും നാമുൾപ്പെടുന്ന സഭയ്ക്ക് സാധിക്കുന്നുണ്ടോ? പിതാവിന്റെയും പുത്രന്റെയും ഉദ്‌ബോധങ്ങൾക്ക് വിരുദ്ധമായവയെ അവഗണിക്കാനും തള്ളിക്കളയാനും സാധിക്കുന്ന വിധത്തിൽ, ഐക്യത്തിന്റെയും സത്യത്തിന്റെയും പരിശുദ്ധാത്മാവിന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും സ്വീകാര്യതയും നൽകപ്പെടുന്നുണ്ടോ?

പരിശുദ്ധ ത്രിത്വത്തോട് ഏറെ ചേർന്നുനിന്ന ഒരു വ്യക്തി പരിശുദ്ധ അമ്മയാണ്. നമ്മുടെ ജീവിതത്തിൽ മാതൃകയും, വഴികാട്ടിയുമായി തിരഞ്ഞെടുക്കാൻ സാധിക്കേണ്ട ഒരു ജീവിതമാണ് കന്യകാമറിയത്തിന്റേത്. പിതാവിന്റെ ഹിതത്തിന് സ്വയം വിട്ടുകൊടുക്കുന്ന, പുത്രന് മനുഷ്യനായിപ്പിറക്കാൻ സ്വന്തം ഉദരം നൽകുന്ന, പരിശുദ്ധാത്മാവിന്റെ ആവാസത്താൽ നിറഞ്ഞ പരിശുദ്ധ അമ്മ, നമ്മുടെ വിശ്വാസജീവിതത്തിൽ, പ്രത്യേകിച്ച് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ നമുക്ക് തുണയും മാദ്ധ്യസ്ഥ്യവുമേകട്ടെ വ്യക്തിജീവിതങ്ങളിലും, കുടുംബ, ഇടവക, സമൂഹ ജീവിതങ്ങളിലും പരിശുദ്ധത്രിത്വത്തിന്റേതായ ഐക്യവും സ്നേഹവും സ്വന്തമാക്കാൻ, ആത്മാവിനാൽ നയിക്കപ്പെട്ട്, ദൈവഹിതമനുസരിച്ച് ജീവിക്കുന്ന വ്യക്തികളാകാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2024, 14:50