തിരയുക

സ്വർഗ്ഗാരോഹിതനാകുന്ന ക്രിസ്‌തു സ്വർഗ്ഗാരോഹിതനാകുന്ന ക്രിസ്‌തു 

സ്വർഗ്ഗാരോഹിതന്റെ പ്രഘോഷകരാകാൻ വിളിക്കപ്പെട്ടവർ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഉയിർപ്പ് കാലം ഏഴാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (ലൂക്ക 24, 44-53).
സുവിശേഷപരിചിന്തനം - ലൂക്ക 24, 44-53 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്റെ പീഡാസഹനങ്ങളും ഉത്ഥാനവും സ്വർഗ്ഗാരോഹണവും കഴിഞ്ഞ്, ദൈവപുത്രൻ വാഗ്ദാനം ചെയ്‌ത പരിശുദ്ധാത്മാവിനായി കാത്തിരിക്കുന്ന, പന്തക്കുസ്താതിരുനാളിനായി കാത്തിരിക്കുന്ന സമയമാണിത്. ആരാധനാക്രമമനുസരിച്ച് ഉയിർപ്പുകാലത്തെ അവസാന ഞായറാഴ്ചയായ ഏഴാം ഞായറാഴ്ചയിലാണ് നാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ ഇരുപത്തിനാലാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് രണ്ടു കാര്യങ്ങളാണ് നാം കാണുന്നത്. ഉത്ഥിതനായ ഈശോ തന്റെ ശിഷ്യന്മാർക്ക് നൽകുന്ന അവസാനത്തെ നിർദ്ദേശങ്ങളും, കർത്താവിന്റെ സ്വർഗ്ഗാരോഹണവുമാണവ.

മൂന്നാം നാളിൽ ഉയിർത്തെണീറ്റ മിശിഹാ

സംഭവിക്കേണ്ടവയെല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. മിശിഹാ സഹിക്കേണ്ടിയിരിക്കുന്നു എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറഞ്ഞിരുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നത്. മൂന്ന് സമാന്തരസുവിശേഷങ്ങളിലും യേശു, മനുഷ്യപുത്രൻ നേരിടേണ്ടിവരുന്ന സഹനങ്ങളെക്കുറിച്ച് തന്റെ ശിഷ്യന്മാരോട് പറയുന്നുണ്ട് (മത്തായി 16, 21; മർക്കോസ് 8, 31, ലൂക്ക 9, 22). മൗനഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പഴയനിയമത്തിൽ ഹോസിയാ പ്രവാചകന്റെ പുസ്‌തകം ആറാം അധ്യായത്തിന്റെ ആദ്യഭാഗത്ത് ഇതിന് സമാനമായ ചില വാക്യങ്ങൾ നാം കാണുന്നുണ്ട്. ചീന്തിക്കളയുകയും പ്രഹരിക്കുകയും ചെയ്യുന്ന, എന്നാൽ രണ്ടു ദിവസത്തിനുശേഷം ജീവൻ തിരികെത്തരുന്ന, മൂന്നാം ദിവസം ഉയിർപ്പിക്കുന്ന ഒരു കർത്താവിനെക്കുറിച്ച് പ്രവാചകൻ പറയുന്നുണ്ട് (ഹോസിയാ 6, 1-2). നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി മരിക്കുകയും സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാം നാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്‌ത ക്രിസ്‌തുവിനെപ്പറ്റി വിശുദ്ധപൗലോസ് കോറിന്തോസുകാർക്കെഴുതിയ ലേഖനം പതിനഞ്ചാം അദ്ധ്യായം മൂന്നും നാലും വാക്യങ്ങളിലും എഴുതിവയ്ക്കുന്നുണ്ട് (കോറി 15, 3-4).

തന്റെ ജീവിതത്തിൽ സംഭവിക്കാനിരുന്ന കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് ശിഷ്യന്മാർക്ക് മനസ്സിലാക്കിക്കൊടുക്കാനായി, വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാനായി അവരുടെ മനസ്സ് തുറന്ന ശേഷം, ഇനിയും സംഭവിക്കേണ്ടിയിരിക്കുന്ന, ക്രിസ്‌തുവിന്റെ ശിഷ്യരെന്ന് അവകാശപ്പെടുന്നവർ, അഭിമാനിക്കുന്നവർ, ചെയ്യേണ്ടിയിരിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് യേശു ഇന്നത്തെ സുവിശേഷത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.

പരിശുദ്ധാത്മാവിന്റെ ശക്തിയോടെ സുവിശേഷം പ്രഘോഷിക്കുക

പാപമോചനത്തിനുള്ള അനുതാപം ക്രിസ്തുവിന്റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു എന്ന് യേശു ഇന്നത്തെ സുവിശേഷത്തിൽ പറയുന്നുണ്ട്. ഓരോ ക്രൈസ്‌തവനും, ഓരോ കൃസ്‌തുശിഷ്യനും, ജ്ഞാനസ്നാനത്തിലൂടെ ഏറ്റെടുക്കുന്ന ഒരു ചുമതലയാണിത്. ക്രിസ്തുവിനെ പിഞ്ചെല്ലുക, ലോകരക്ഷകനായ അവനെക്കുറിച്ച് സകലജനതകളോടും പ്രഘോഷിക്കുക. സുവിശേഷപ്രഘോഷണം എളുപ്പമുള്ള ഒരു കാര്യമല്ലെന്ന് ക്രിസ്‌തുവിനറിയാം. അതുകൊണ്ടുതന്നെയായിരിക്കണം, അവൻ തന്റെ ശിഷ്യന്മാരോട് പറയുന്നു: "ഇതാ എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേൽ ഞാൻ അയക്കുന്നു. ഉന്നതത്തിനിൽനിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ" (ലൂക്ക 24, 49). ലോകത്തിന് താൻ നൽകിയ തന്റെ പുത്രനെന്ന സുവിശേഷം സകലജനതകളോടും പ്രഘോഷിക്കാൻ സഹായകനായ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്‌തത്‌ പിതാവായ ദൈവമാണ്. പാപത്തിന്റെ അന്ധകാരത്തിലും തടവിലുമായിരുന്ന തന്റെ ജനത്തിന് വിശുദ്ധിയുടെ പ്രകാശവും ദൈവമക്കളുടെ യഥാർത്ഥ സ്വാതന്ത്ര്യവും ഒരിക്കൽക്കൂടി സ്വന്തമാക്കാൻ, തന്റെ വാഗ്ദാനമനുസരിച്ച്, പാപപരിഹാരകനും ലോകരക്ഷകനുമായി തന്റെ പുത്രനെ ഈ ഭൂമിയിലേക്കയച്ച പിതാവാണ്, പുത്രനെന്ന സുവിശേഷം അറിയിക്കുന്നതിന്, സഹായകനായി പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്‌തിരിക്കുന്നത്‌. പിതാവയക്കുന്ന ഈ സഹായകനെ സ്വീകരിക്കുവാൻ ഓരോ ക്രിസ്‌തുശിഷ്യനും, ദൈവത്തിന്റെ നഗരമായ, ദേവാലയം സ്ഥിതിചെയ്യുന്ന ജറുസലേമിൽ വസിക്കേണ്ടിയിരിക്കുന്നു.

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ അവസാനഭാഗത്ത് നാം കാണുന്ന മനോഹരമായ ഒരു ദൃശ്യം സ്വർഗ്ഗാരോഹണം ചെയ്യുന്ന ക്രിസ്തുവിന്റേതാണ്. വിശുദ്ധ ലൂക്കാ സുവിശേഷകൻ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെ ഇടം കൃത്യമായി പറയുന്നുണ്ട്. ബഥാനിയാ. "അവൻ അവരെ ബഥാനിയാ വരെ കൂട്ടിക്കൊണ്ടുപോയി; കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവൻ അവരിൽനിന്നു മറയുകയും സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്‌തു. അവർ അവനെ ആരാധിച്ചു; അത്യന്തം ആനന്ദത്തോടെ ജറുസലേമിലേക്കു മടങ്ങി. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാസമയവും ദേവാലയത്തിൽ കഴിഞ്ഞുകൂടി" (ലൂക്കാ 24, 50-53). ജറുസലേം ദേവാലയത്തിൽ ആയിരിക്കുന്ന ശിഷ്യന്മാരെക്കുറിച്ച് പറഞ്ഞുകൊണ്ട് വിശുദ്ധ ലൂക്കാ തന്റെ സുവിശേഷം അവസാനിപ്പിക്കുമ്പോൾ, ഈ സുവിശേഷം ആരംഭിക്കുന്നത്, ജറുസലേം ദേവാലയത്തിൽ ധൂപം സമർപ്പിക്കുന്ന സഖറിയാ എന്ന ഒരു പുരോഹിതനെക്കുറിച്ച് പറഞ്ഞുകൊണ്ടാണെന്നത് സാന്ദർഭികമായി സംഭവിച്ച ഒരു കാര്യമാകാൻ വഴിയില്ല. പ്രതീക്ഷകളുടെയും, പ്രാർത്ഥനയുടെയും, ദൈവകരുണയുടെയും ദൈവസ്നേഹത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഇടമായ ദേവാലയത്തിന് ഓരോ വിശ്വാസിയുടെയും ജീവിതത്തിലുണ്ടായിരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കാൻ കൂടിയാകണം വിശുദ്ധ ലൂക്കാ തന്റെ സുവിശേഷം ഇങ്ങനെ ക്രമപ്പെടുത്തിയത്.

തിരികെ വരുവാനിരിക്കുന്ന ക്രിസ്തു

ഉത്ഥിതനായ ക്രിസ്‌തു തന്റെ ശിഷ്യരിൽനിന്ന് അകലുന്നത്, ഈ ലോകത്തിൽനിന്നും, ഇതിലെ മനുഷ്യരിൽനിന്നും എന്നന്നേക്കുമായി വേർപിരിയാനല്ല, മഹത്വപൂർണ്ണമായി തിരികെ വരാനുള്ള ഒരു യാത്രയുടെ ഭാഗമായാണ്. ഇതേക്കുറിച്ച് അപ്പസ്തോലപ്രവർത്തനങ്ങളുടെ ഒന്നാം അദ്ധ്യായം നമ്മോട് വ്യക്തമായി പറയുന്നുണ്ട്: "അവൻ ആകാശത്തിലേക്ക് പോകുന്നത് അവർ നോക്കി നിൽക്കുമ്പോൾ, വെള്ള വസ്ത്രം ധരിച്ച രണ്ടു പേർ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതെന്ത്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വർഗത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ടതുപോലെതന്നെ തിരിച്ചുവരും" (അപ്പ. പ്രവർത്തങ്ങൾ 1, 10-11). ഈയൊരു പശ്ചാത്തലവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, കർത്താവിന്റെ ആഗമനത്തെക്കുറിച്ച് ഹോസിയാ പ്രവാചകൻ പറയുന്ന വാക്കുകൾ ഏറെ മനോഹരമാണ്: "അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്ചിതമാണ്" (ഹോസിയാ 6, 3).

കാത്തിരിപ്പിന്റെ വിശ്വാസജീവിതം

ക്രിസ്തുവിന്റെ ഉത്ഥാനവും സ്വർഗ്ഗാരോഹണവും, ഓരോ ക്രിസ്‌തുശിഷ്യനും സ്വന്തമാക്കാൻ കഴിയുന്ന രക്ഷയെക്കുറിച്ചുള്ള, നിത്യജീവനെക്കുറിച്ചുള്ള ഒരു സൂചനയാണ് നമുക്ക് മുന്നിൽ വയ്ക്കുന്നത്. ദൈവം വാഗ്‌ദാനം ചെയ്‌ത സഹായകനായ പരിശുദ്ധാത്മാവിനായി ദേവാലയത്തിൽ പ്രാർത്ഥിച്ചു കാത്തിരിക്കുന്ന ശിഷ്യന്മാർ, എപ്രകാരമായിരിക്കണം ഓരോ ക്രിസ്തുശിഷ്യന്റെയും ജീവിതമെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. ക്രിസ്‌തുവിന്റെ ജീവിതത്തിൽ, സഹനപാതകളിൽ, പീഡാസഹനത്തിലും കുരിശുമരണത്തിലും ഉയിർപ്പിലും കൂടെയുള്ള, ചേർന്ന് നടക്കുന്ന ഒരു ജീവിതമായിരിക്കണം ഓരോ ക്രൈസ്‌തവന്റേതും. പരിശുദ്ധാത്മാവിനായി ഉള്ളിൽ ഇടമൊരുക്കുന്ന, അവന്റെ ഉദ്ബോധനങ്ങളനുസരിച്ച് ജീവിതം നയിക്കാൻ തയ്യാറാകുന്ന, സകലജനതകളോടും, ലോകം മുഴുവനോടും രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കാൻ തയ്യാറാകുന്ന ഒരു ജീവിതമായിരിക്കണം ഓരോ ക്രൈസ്‌തവന്റേതും. ദൈവഭവനമായ ദേവാലയത്തിൽ പ്രാർത്ഥനയോടെ ആയിരിക്കുന്ന, വിശുദ്ധ പത്രോസ് തന്റെ ഒന്നാം ലേഖനത്തിൽ, പിതാവായ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും, യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും, അവന്റെ രക്തത്താൽ തളിക്കപ്പെടുന്നതിനും വേണ്ടി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടവരുമായവർക്ക് (1 പത്രോസ് 1, 1) എഴുതുന്നതുപോലെ, സജീവമായ പ്രത്യാശയോടെ, പരീക്ഷകളെ അതിജീവിക്കുന്ന വിശ്വാസത്തോടെ, യേശുവിന്റെ പ്രത്യാഗമനത്തിനായി കാത്തിരിക്കാനും, കണ്ണുകൾ കൊണ്ട് കണ്ടിട്ടില്ലെങ്കിലും, അവനെ സ്നേഹിക്കാനും, ആത്മാവിന്റെ രക്ഷ പ്രാപിക്കാനും  നമുക്ക് പരിശ്രമിക്കാം (1 പത്രോസ് 1, 3-9). സ്വർഗ്ഗാരോഹിതനായ ക്രിസ്തുവിന്റെ അനുഗ്രഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവുമുള്ള ക്രിസ്‌തുവിന്റെ യഥാർത്ഥ സാക്ഷികളാകാൻ നമുക്ക് സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2024, 14:33