തിരയുക

കഴിഞ്ഞ വർഷം നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട സമർപ്പിതർ കഴിഞ്ഞ വർഷം നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട സമർപ്പിതർ 

നൈജീരിയയിൽ ഒരു കത്തോലിക്കാ വൈദികനെക്കൂടി അക്രമികൾ തട്ടിക്കൊണ്ടുപോയി: ഫീദെസ് വാർത്താ ഏജൻസി

മെയ് മാസത്തിൽ മാത്രം രണ്ടു വൈദികരെ അക്രമികൾ തട്ടിക്കൊണ്ടുപോയതായി ഫീദെസ് വാർത്താ ഏജൻസി. അബുജയ്ക്കടുത്തുള്ള അദമാവാ സംസ്ഥാനത്തുനിന്നാണ് മെയ് ഇരുപത്തിയൊന്നിന് ഒരു വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ പതിനഞ്ചാം തീയതി നൈജീരിയയുടെ മധ്യ-തെക്കൻ പ്രദേശത്തുള്ള അനാമ്പ സംസ്ഥാനത്ത് മറ്റൊരു വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. സാമ്പത്തികലക്ഷ്യം മുൻനിറുത്തി വിദ്യാർത്ഥികളെ ഉൾപ്പെടെ നിരവധി ആളുകളെ രാജ്യത്ത് അക്രമികൾ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഒരു കത്തോലിക്കാ വൈദികനെക്കൂടി അക്രമികൾ തട്ടിക്കൊണ്ടുപോയതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ബേസിൽ ഗ്ബുസുവോ എന്ന വൈദികനെ തട്ടിക്കൊണ്ടുപോയതിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിലാണ് രണ്ടാമതൊരു വൈദികനെക്കൂടി അക്രമികൾ കൊണ്ടുപോയത്. അദമാവാ സംസ്ഥാനത്തുള്ള യോള രൂപതാംഗമായ ഒലിവർ ബൂബ എന്ന വൈദികനെയാണ് മെയ് ഇരുപത്തിയൊന്നാം തീയതി അക്രമികൾ തട്ടിക്കൊണ്ടുപോയത്.

വിശുദ്ധ റീത്തയുടെ നാമത്തിലുള്ള ഇടവകയിലെ വൈദികമന്ദിരത്തിലുള്ള മുറയിൽനിന്ന് രാത്രി ഒരു മണിക്കാണ് ഫാ. ഒലിവർ ബൂബയെ ആളുകൾ തട്ടിക്കൊണ്ടുപോയതെന്ന്, യോള രൂപതാധ്യക്ഷൻ അഭിവന്ദ്യ സ്റ്റീഫൻ ദാമി മാംസ അറിയിച്ചു.

നൈജീരിയയുടെ വടക്കുകിഴക്കൻ പ്രദേശത്താണ് യോള രൂപത സ്ഥിതിചെയ്യുന്ന അദമാവാ സംസ്ഥാനം. എന്നാൽ മെയ് 15-ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ സേവനമനുഷ്ഠിച്ചിരുന്നത്, നൈജീരിയ തലസ്ഥാനമായ അബൂജയിൽനിന്ന് ഏറെ അകലെയല്ലാത്ത, മധ്യ-തെക്കൻ ഭാഗത്തുള്ള അനാമ്പ സംസ്ഥാനത്തായിരുന്നു.

നൈജീരിയയിൽ ഏതാണ്ട് എല്ലായിടങ്ങളിലും ഇതുപോലെയുള്ള അതിക്രമങ്ങൾ അരങ്ങേറുന്നുണ്ടെന്നാണ് ഈ രണ്ടു സംഭവങ്ങളും വെളിവാക്കുന്നതെന്നും, സാമ്പത്തിക ലക്ഷ്യത്തോടെ ഇതുപോലെ ആളുകളെ, പ്രത്യേകിച്ച് വിദ്യാർത്ഥികളെ കൂട്ടമായി തട്ടിക്കൊണ്ടുപോകുന്നുണ്ടെന്നുമാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2024, 17:37