തിരയുക

ദൈവദാസൻ ആകാശ് ബഷീർ ദൈവദാസൻ ആകാശ് ബഷീർ  

ദൈവദാസൻ ആകാശ് ബഷീറിന്റെ നാമകരണത്തിനായി പ്രാർത്ഥനകളോടെ പാകിസ്ഥാൻ ക്രൈസ്തവസമൂഹം

2015 മാർച്ച് 15, ഞായറാഴ്ച്ച പാകിസ്താനിലെ യൂഹാനബാദിലെ ഒരു ദേവാലയത്തിൽ ചാവേർ ആക്രമണം തടഞ്ഞതിനെത്തുടർന്ന്, രക്തസാക്ഷിത്വം വരിച്ച 21 വയസു മാത്രം പ്രായമുണ്ടായിരുന്ന ദൈവദാസൻ ആകാശ് ബഷീറിന്റെ നാമകരണത്തിനായി പാകിസ്ഥാനിലെ ക്രൈസ്തവസമൂഹം മുഴുവൻ, വളരെ പ്രത്യേകമായി യുവജനങ്ങൾ പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2015 മാർച്ച് 15, ഞായറാഴ്ച്ച പാകിസ്താനിലെ യൂഹാനബാദിലെ ഒരു ദേവാലയത്തിൽ ചാവേർ ആക്രമണം തടഞ്ഞതിനെത്തുടർന്ന്, രക്തസാക്ഷിത്വം വരിച്ച 21 വയസു മാത്രം പ്രായമുണ്ടായിരുന്ന ദൈവദാസൻ ആകാശ് ബഷീറിന്റെ നാമകരണത്തിനായി പാകിസ്ഥാനിലെ ക്രൈസ്തവസമൂഹം മുഴുവൻ, വളരെ പ്രത്യേകമായി യുവജനങ്ങൾ പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു. ഭീകരവാദത്താലും, ക്രമസമാധാനലംഘനത്താലും ഏറെ വിഷമതകൾ അനുഭവിക്കുന്ന പാകിസ്താനിലെ ജീവിതസാഹചര്യങ്ങൾക്ക് വെളിച്ചം പകരുന്ന ജീവിത സാക്ഷ്യമാണ് ദൈവദാസൻ ആകാശ് ബഷീറിന്റേതെന്ന് കപ്പൂച്ചിൻ വൈദികനായ ഫാ. ലാസർ അസ്‌ലാം പറഞ്ഞു.

പാകിസ്ഥാൻ ചരിത്രത്തിലെ ആദ്യ ദൈവദാസനായ ആകാശ് ബഷീറിന്റെ  കബറിടത്തിലേക്ക് ആയിരക്കണക്കിന് യുവജനങ്ങളാണ് ദിനവും തീർത്ഥാടനം നടത്തി പ്രാർത്ഥിക്കുന്നത്. 1994 ജൂൺ 22 ന് പാകിസ്ഥാനിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ആകാശ്, തുടർന്ന് ലാഹോറിലെ സലേഷ്യൻ സഭയുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക പഠനകേന്ദ്രത്തിൽ ചേർന്ന് പഠനം തുടർന്നു. ആ കാലയളവിലാണ് കൂട്ടക്കുരുതി തടയുവാൻ വേണ്ടി സ്വന്തം ജീവൻ വെടിഞ്ഞു കൊണ്ട് ധീരതയോടെ രക്തസാക്ഷിത്വം വരിക്കുന്നത്. 2022 മാർച്ച് 15 ന്, അദ്ദേഹത്തിൻ്റെ ഏഴാം ചരമവാർഷികത്തിൽ, രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായുള്ള കാനോനിക്കൽ പ്രക്രിയയുടെ ആരംഭം കുറിച്ചു.

വിശ്വാസത്തിൻ്റെയും സഹിഷ്ണുതയുടെയും ത്യാഗത്തിൻ്റെയും ശക്തമായ സാക്ഷ്യമായി വർത്തിക്കുന്ന ദൈവദാസന്റെ ജീവിതം ഏവർക്കും ഒരു വലിയ മാതൃകയാണ്. വിശുദ്ധ ഡോൺ ബോസ്കോ ആഗ്രഹിച്ചതുപോലെ സത്യസന്ധനായ പൗരനും, നല്ല ക്രിസ്ത്യാനിയുമായി ജീവിക്കാനുമുള്ള ആകാശിന്റെ ആഗ്രഹമാണ് ഇന്ന് അദ്ദേഹത്തെ അൾത്താരയിലേക്ക് നയിക്കുന്നതെന്ന്, പോസ്റ്റുലേറ്റർ ജനറൽ ഫാ. പിയർലൂജി കാമറോണി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2024, 12:52