തിരയുക

ത്രിത്വത്തിലൊരുവനായ പരിശുദ്ധാത്മാവ് ത്രിത്വത്തിലൊരുവനായ പരിശുദ്ധാത്മാവ് 

പന്തക്കുസ്താത്തിരുനാളും ക്രൈസ്തവരും

പിതാവായ ദൈവത്തിന്റെ വാഗ്ദാനമെന്ന് ക്രിസ്‌തു വിശേഷിപ്പിക്കുന്ന പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് അപ്പസ്തോലന്മാർക്ക് ആത്മാവിന്റെ അഭിഷേകവും പ്രത്യേകദൗത്യവും നൽകിയ, സഭയുടെ ജന്മദിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പന്തക്കുസ്താത്തിരുനാൾ ഇന്നത്തെ ക്രൈസ്തവരുടെ മുന്നിൽ വയ്ക്കുന്ന ചിന്തകളെ അടിസ്ഥാനമാക്കിയ വിചിന്തനം.
പന്തക്കുസ്താത്തിരുനാളും ക്രൈസ്തവരും - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇസ്രായേൽ ജനം തങ്ങളുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തി ആഘോഷിച്ചുവന്നിരുന്ന ഒരു തിരുനാളായിരുന്നു പന്തക്കുസ്താത്തിരുനാൾ. തങ്ങളുടെ അദ്ധ്വാനത്തിന്റെ ആദ്യഫലങ്ങൾ ദൈവത്തിന് സമർപ്പിച്ചിരുന്ന ദിനമായിരുന്നു അത്. പന്തക്കുസ്ത എന്ന വാക്കിന്റെ അർത്ഥം അൻപത് എന്നാണ്. അൻപതാം ദിവസത്തെ തിരുനാളാഘോഷമാണ് പഴയനിയമത്തിൽ പന്തക്കുസ്ത എന്ന ആഘോഷത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തിരുനാൾ ദൈവവും ഇസ്രായേൽ ജനവും തമ്മിലുള്ള പ്രത്യേകമായ ഉടമ്പടിയുടെ ഓർമ്മയാചരണത്തിന്റെ ആഘോഷദിനമായി മാറുന്നുണ്ട്.

യഹൂദപാരമ്പര്യത്തിൽനിന്ന്, ക്രൈസ്‌തവപരമ്പര്യത്തിലേക്ക് അതായത്, പഴയനിയമത്തിൽനിന്ന് പുതിയനിയമത്തിലേക്ക് കടന്നുവരുമ്പോൾ പന്തക്കുസ്താത്തിരുനാളിന് വ്യത്യസ്‌തമായ ഒരു അർത്ഥമാണ് നാം കാണുന്നത്. സഭയുടെ ഉദ്ബോധനമനുസരിച്ച് പരിശുദ്ധാത്മാവ് ക്രിസ്തുശിഷ്യന്മാരുടെമേൽ എഴുന്നെള്ളിയ ദിവസമാണ് പന്തക്കുസ്ത. അന്നാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം നൽകപ്പെട്ട്, വചനമായ ദൈവത്തെ, ക്രിസ്‌തുവിനെ അറിയിക്കുവാനായി നിയോഗിക്കപ്പെട്ട ശിഷ്യന്മാരിലൂടെ സഭ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. സഭയുടെ മിഷനറി ദൗത്യത്തിന്റെ പ്രാധാന്യവും ഇതുമായി ബന്ധപ്പെട്ടതാണ്. ഒരർത്ഥത്തിൽ ക്രിസ്തുവിന്റെ ശിഷ്യന്മാർ ശ്ലീഹന്മാർ എന്ന് വിളിക്കപ്പെടുന്നതും ഇതേ ദിനം മുതലായിരിക്കണം. ശ്ലീഹാ എന്ന വാക്കിന്റെ അർത്ഥം തന്നെ അയക്കപ്പെട്ടവൻ എന്നാണല്ലോ. ശ്ലീഹന്മാരെപ്പോലെ, പരിശുദ്ധാത്മാവിനെ സ്വീകരിച്ച്, അയക്കപ്പെട്ടവരായി മാറുന്ന, ക്രിസ്തുവിനെ ജീവിതം കൊണ്ട് പ്രഘോഷിക്കുവാനായി നിയോഗിക്കപ്പെട്ട വ്യക്തികൾ എന്ന നിലയിൽ, ഓരോ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളവും പന്തക്കുസ്താത്തിരുനാൾ ഏറെ പ്രധാനപ്പെട്ട ഒരു ദിനമായി മാറുന്നുണ്ട്.

പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവ്

പരിശുദ്ധ ത്രിത്വത്തിൽ ഒരുവനാണ് പരിശുദ്ധാത്മാവ് എന്നാണ് ക്രൈസ്തവവിശ്വാസം നമ്മെ പഠിപ്പിക്കുന്നത്. പിതാവിന്റെ വാഗ്ദാനമായിരുന്നു സഹായകനായ ആത്മാവ്. ഈയൊരു സഹായകനെക്കുറിച്ച് ക്രിസ്തു തന്റെ ശിഷ്യന്മാരോട് പറയുന്നത് സുവിശേഷങ്ങളിൽ നാം വായിക്കുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനഞ്ചും പതിനാറും അദ്ധ്യായങ്ങളിൽ ഇത് വളരെ വ്യക്തമായി നമുക്ക് കാണാം. തന്നെക്കുറിച്ച് സാക്ഷ്യം നൽകുന്ന, തന്നെക്കുറിച്ച് സാക്ഷ്യം നൽകാൻ സഹായിക്കുന്ന സത്യാത്മാവിനെക്കുറിച്ച് യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിന്റെ ഇരുപത്തിയാറും ഇരുപത്തിയേഴും വാക്യങ്ങളിൽ യേശു പറയുന്നു: "ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്ന് പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും. ആരംഭം മുതൽ എന്നോടുകൂടെയുള്ളവരായിരുന്നതുകൊണ്ട് നിങ്ങളും സാക്ഷ്യം നൽകും" (യോഹ. 15, 26-27). പരിശുദ്ധാത്മാവ് പുത്രന്റെ കൂടി ദാനമാണെന്ന്,  പുത്രന്റെ അപേക്ഷയാലാണ് പിതാവ് ആത്മാവിനെ നൽകുന്നതെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായം പതിനാറാം വാക്യത്തിൽ നമുക്ക് കാണാം: "ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരുകയും ചെയ്യും" (യോഹ 14, 16). ഇതേ അദ്ധ്യായത്തിന്റെ ഇരുപത്തിയാറാം വാക്യത്തിൽ നാം ഇങ്ങനെ കാണുന്നു: "എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയും ചെയ്യും" (യോഹ. 14, 26). ഇവിടെ, ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നതിന് മുൻപായി, അവനെയും അവന്റെ ഉദ്ബോധനങ്ങളെയും കൂടുതൽ മനസ്സിലാക്കാൻ ശിഷ്യരെ സഹായിക്കുന്നവൻ എന്ന അർത്ഥത്തിൽ പരിശുദ്ധാത്മാവിന്റെ പ്രത്യേക നിയോഗം നാം കാണുന്നുണ്ട്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം ആറു മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങളിലും ഈയൊരു സഹായകനായ പരിശുദ്ധാത്മാവിനെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരോട് പറയുന്നുണ്ട്. സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കുന്ന സത്യാത്മാവിനെക്കുറിച്ചാണ് യേശു ഇവിടെ പറയുക (യോഹ. 16, 13). പിതാവിനുള്ളതെല്ലാം പുത്രനുള്ളതാണ് എന്ന ഒരു സത്യത്തെ പരാമർശിച്ചുകൊണ്ട്, എനിക്കുള്ളവയിൽനിന്നും സ്വീകരിച്ച് നിങ്ങളോട് പ്രഖ്യാപിക്കുന്ന സഹായകൻ എന്നാണ് പരിശുദ്ധാത്മാവിനെക്കുറിച്ച്  യേശു തന്റെ ശിഷ്യന്മാരോട് പറയുക (യോഹ. 16, 14-15).

നിറവേറപ്പെട്ട വാഗ്ദാനം

പിതാവായ ദൈവം വാഗ്ദാനം ചെയ്‌ത പരിശുദ്ധാത്മാവ്, ക്രിസ്തുവിന്റെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങൾക്ക് ശേഷം അപ്പസ്തോലന്മാരുടേമേൽ വർഷിക്കപ്പെടുന്നത് പുതിയ നിയമത്തിൽ കൃത്യമായി രേഖപ്പെടുത്തപ്പെടുന്ന ഒരു സംഭവമാണ്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിൽ ഇത് വളരെ വ്യക്തമായി നമുക്ക് കാണാം. യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാർക്ക് മുന്നിൽ ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെടുന്ന അവസരത്തിൽ, ആഴ്ചയുടെ ആദ്യദിവസത്തിലാണ് ഇത് സംഭവിക്കുന്നത്. "യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്‌തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ" (യോഹ. 20, 21-22).

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലും ഇതിനോട് അടുത്തുനിൽക്കുന്ന ഒരു വിവരണമാണ് നാം കാണുന്നത്. ഇരുപത്തിനാലാം അദ്ധ്യായത്തിന്റെ നാൽപ്പത്തിയൊൻപതാം വാക്യം ഇങ്ങനെയാണ്: "ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേൽ ഞാൻ അയയ്ക്കുന്നു. ഉന്നതത്തിൽനിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ" (ലൂക്ക 24, 49)

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശു പരിശുദ്ധാത്മാവിനെ നൽകുന്നതായി നേരിട്ട് പറയുന്നില്ലെങ്കിലും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് പറയുന്നത് നമുക്ക് കാണാം. വരുവാനിരിക്കുന്ന പീഡകളുടെ കാലത്തെക്കുറിച്ച് യേശു ശിഷ്യന്മാരോട് പറയുന്നിടത്താണ് ഇത്. പത്താം അദ്ധ്യായം ഇരുപതാം വാക്യത്തിൽ യേശു പറയുന്നു: "എന്തെന്നാൽ, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്" (മത്തായി 10, 20). ഉത്ഥിതനായ ക്രിസ്‌തു ശിഷ്യന്മാർക്ക് സുവിശേഷപ്രഘോഷണത്തിനുള്ള നിർദ്ദേശം നൽകുന്നിടത്ത് പരിശുദ്ധാത്മാവിനെക്കുറിച്ച് പരാമർശിക്കുന്നത് വിശുദ്ധ മത്തായി രേഖപ്പെടുത്തുന്നുണ്ട്: "ആകയാൽ, നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്‌നാനം നൽകുവിൻ" (മത്തായി 28, 19-20).

അപ്പസ്തോലപ്രവർത്തനങ്ങൾ ഒന്നാം അദ്ധ്യായം എട്ടാം വാക്യവും യേശു തന്റെ ശിഷ്യന്മാരോട് പരിശുദ്ധാത്മാവിനെക്കുറിച്ച് പറയുന്നതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. യേശുവിന്റെ സ്വർഗ്ഗാരോഹണത്തെക്കുറിച്ച് വിവരിക്കുന്നിടത്താണ് ഇത് നാം കാണുക. യേശു പറയുന്നു: എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയാ മുഴുവനിലും സമരിയയിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. പ്രവർത്തനങ്ങൾ 1, 8).

നിയോഗത്തിന്റെ ആത്മാവ്

പിതാവായ ദൈവം വാഗ്ദാനം ചെയ്ത, പന്തക്കുസ്താദിനത്തിൽ ശിഷ്യന്മാർ സ്വീകരിച്ച പരിശുദ്ധാത്മാവ് പ്രത്യേകമായ നിയോഗത്തിന്റെ ആത്മാവാണ്. യേശുവിന്റെ വാക്കുകൾ, യേശുവാകുന്ന സുവിശേഷം, സകലജനതകളുടെയും രക്ഷയ്ക്കായുള്ള പിതാവിന്റെ പദ്ധതി ഇവയൊക്കെ മനസ്സിലാക്കിത്തരുന്നവൻ ഈ പരിശുദ്ധാത്മാവാണ്. ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം നൽകുന്നവനാണ് ഈ സത്യാത്മാവ് (യോഹ. 15, 26). യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായത്തിൽ, ആത്മാവിന്റെ നിയോഗങ്ങളെക്കുറിച്ച് യേശു പറയുന്നുണ്ട്. പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തുന്നവനാണവൻ (യോഹ. 16, 8). സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കുന്നതും പരിശുദ്ധാത്മാവാണെന്ന് യേശു സാക്ഷ്യപ്പെടുത്തുന്നുണ്ട് (യോഹ. 16, 13). പിതാവിനുള്ളവയെല്ലാം തനിക്കുള്ളവയാണെന്നും, അതുകൊണ്ടുതന്നെ, തന്നിൽനിന്ന് സ്വീകരിച്ച് അവൻ നിങ്ങളോട് പ്രഖ്യാപിക്കുമെന്നും യേശു പറയുന്നത് ഇവിടെ നാം കാണുന്നുണ്ട് (യോഹ 16, 14-15). അങ്ങനെ യേശു പറയുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങൾ അനുസ്മരിപ്പിക്കുകയും, അവ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നവനാണ് പരിശുദ്ധാത്മാവ്.

പരിശുദ്ധാത്മാവ് നൽകുന്ന ശക്തിയുടെ സഹായത്തോടെയാണ് യേശുവിന്റെ ശിഷ്യന്മാരായ അപ്പസ്തോലന്മാർ ജെറുസലേം നഗരത്തിൽനിന്ന് പുറത്തേക്ക് പോകുന്നതും സുവിശേഷം, പിതാവ് ക്രിസ്‌തുവിലൂടെ നൽകിയ രക്ഷയുടെ സദ്‌വാർത്ത സകല ജനതകളോടും, ലോകമെങ്ങും അറിയിക്കുവാൻ ആരംഭിക്കുന്നതും, മാനസാന്തരപ്പെട്ട്, യേശുവിൽ വിശ്വസിച്ച്, അവനെ പിൻചെല്ലാൻ തയ്യാറാകുന്നവരെ ജ്ഞാനസ്നാനപ്പെടുത്തുന്നതും. സഭയുടെ ആരംഭവും വളർച്ചയും പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെയാണെന്ന് തിരുവചനവും അതിലൂടെ നാം വായിച്ചറിയുന്ന ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. അപ്പസ്തോലപ്രവർത്തനം രണ്ടാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ഇത് സംബന്ധിച്ച സാക്ഷ്യം നാം കാണുന്നുണ്ട്. പന്തക്കുസ്താദിനത്തെക്കുറിച്ചുള്ള മനോഹരമായ ഒരു വിവരണം കൂടിയാണ് അവിടെ നാം കാണുക: "പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്‌ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു. അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവ് കൊടുത്ത ഭാഷണമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി" (അപ്പ. പ്രവർത്തനങ്ങൾ 2, 1-4). ഈയൊരു ആത്മാവിനെ യേശുവിന്റെ ശിഷ്യന്മാർ സ്വീകരിക്കുന്നത് അവർ ഏവരും ഒരുമിച്ച്, പരിശുദ്ധ അമ്മയ്‌ക്കൊപ്പം പ്രാർത്ഥനയിലായിരിക്കുന്ന സമയത്താണെന്ന് അപ്പസ്തോലപ്രവർത്തനം ഒന്നും രണ്ടും അദ്ധ്യായങ്ങളിലൂടെ നമ്മൾ മനസ്സിലാക്കുന്നുണ്ട്. പ്രാർത്ഥനയാൽ ഒരുങ്ങിയിരുന്ന ഹൃദയങ്ങളിലാണ് ദൈവം പരിശുദ്ധാത്മാവിനെ വർഷിക്കുന്നത്.

പന്തക്കുസ്താത്തിരുനാളും ക്രൈസ്തവരും

പരിശുദ്ധാത്മാവിന്റെ ആഗമനത്തിന്റെ ദിനമായ പന്തക്കുസ്താത്തിരുനാൾ എന്തുകൊണ്ട് ഓരോ ക്രൈസ്‌തവർക്കും പ്രധാനപ്പെട്ട ഒരു ദിനമാണ് എന്നത് നാം വിചിന്തനം ചെയ്യേണ്ട ഒരു വസ്‌തുതയാണ്‌. സത്യത്തിന്റെ പൂർണതയിലേക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. തങ്ങളുടെ ഗുരുവും നാഥനുമായ യേശുവിനെയും അവന്റെ ഉദ്ബോധനങ്ങളെയും മനസ്സിലാക്കുവാനും, അവനെക്കുറിച്ച് സകല ജനതകളോടും പ്രഘോഷിക്കുവാനും, പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ജ്ഞാനസ്നാനത്തിലൂടെ അവരെ ക്രിസ്തുവിന്റെ ശിഷ്യന്മാരും ശിഷ്യകളും ആക്കി മാറ്റുവാനും അപ്പസ്തോലന്മാർക്ക് ശക്തിയും ബോധ്യങ്ങളും നൽകിയത് പരിശുദ്ധാത്മാവാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, സഭയിൽ ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ ആത്മാവിന്റെ അഭിഷേകമുള്ളവരായി മാറുന്ന ഓരോ ക്രൈസ്തവനും, തങ്ങൾ സ്വീകരിച്ച ആത്മാവിനെ തിരിച്ചറിയുകയും, അവന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ഈയൊരർത്ഥത്തിൽ, പിതാവ് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് ദൈവപുത്രനായ ക്രിസ്തുവിന്റെ ശിഷ്യരിൽ എന്തൊക്കെ മാറ്റങ്ങൾ ഉളവാക്കിയോ, എപ്രകാരം അവരെ നയിച്ചുവോ, അതുപോലെ മാമ്മോദീസാജലത്തിലൂടെ വിശ്വാസത്തിലേക്ക് വരുന്ന ഓരോ ക്രൈസ്തവർക്കും പരിശുദ്ധാത്മാവ്  പ്രത്യേകമായ നിയോഗങ്ങൾ നൽകുകയും, അവരെ ദൈവമെന്ന സത്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വിശുദ്ധിയുടെ മാർഗ്ഗത്തിൽ നയിക്കുകയും ചെയ്യുന്നുണ്ട്. യേശുക്രിസ്തുവിനെ കർത്താവും നാഥനുമായി ഏറ്റുപറയുവാനും, ലോകത്തിന് മുൻപിൽ സാക്ഷ്യപ്പെടുത്തുവാനും, പ്രഘോഷിക്കുവാനും ശക്തി നൽകുന്നവൻ ഈ സത്യാത്മാവാണ്. ജ്ഞാനം, ബുദ്ധി, വിവേകം, ആത്മശക്തി, അറിവ്, ദൈവഭക്തി, ദൈവഭയം എന്നിങ്ങനെയുള്ള പരിശുദ്ധാത്മാവിന്റെ സപ്തദാനങ്ങളും സ്വന്തമാക്കാൻ ഓരോ ക്രൈസ്തവനും പരിശ്രമിക്കേണ്ടതുണ്ട്. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്‌തത, സൗമ്യത, സഹനശക്തി, മിതത്വം, ആത്മസംയമനം, ശുദ്ധത (ഗലാത്തി. 5, 22-23) തുടങ്ങിയ ആത്മാവിന്റെ ഫലങ്ങൾ തങ്ങളുടെ ജീവിതത്തിൽ വളർത്തിയെടുക്കുന്നില്ലെങ്കിൽ ആത്മാവിന്റെ അഭിഷേകം നേടിയ ക്രൈസ്തവരാണെന്ന് അവകാശപ്പെടാനോ, ക്രിസ്തുവിന് വിശ്വസനീയമായ സാക്ഷ്യം നൽകാനോ എങ്ങനെ സാധിക്കും? വാക്കുകളേക്കാൾ ജീവിതമാണ് കൂടുതൽ ശക്തമായ സാക്ഷ്യവും പ്രഘോഷണവുമെന്ന് നമുക്ക് മറക്കാതിരിക്കാം.

പരിശുദ്ധ ത്രിത്വത്തിൽ ഒരുവനും, പിതാവായ ദൈവം വാഗ്‌ദാനം ചെയ്യുകയും, ക്രിസ്തുശിഷ്യന്മാരുടെമേൽ ഇറങ്ങിവസിക്കുകയും, അവരെ നയിക്കുകയും ചെയ്ത പരിശുദ്ധാത്മാവിന്റെ ആഗമനവും, സഭയുടെ ആരംഭവും ആഘോഷിക്കുന്ന പന്തക്കുസ്താദിനത്തിൽ, ഈയൊരു സത്യാത്മാവിന്റെ സഹായവും സഹവാസവും ദാനങ്ങളും ഫലങ്ങളും നമുക്കും തേടാം. കൂദാശകളിലൂടെ ദൈവത്താൽ അഭിഷിക്തരായ, പരിശുദ്ധാത്മാവിനെ സ്വീകരിച്ച നാം, അപ്പസ്തോലന്മാരുടെ ചൈതന്യവും മാതൃകയും ഉൾക്കൊണ്ടും, പരിശുദ്ധാത്മാവിന്റെ ഉദ്ബോധനവും നിർദ്ദേശങ്ങളും സ്വീകരിച്ചും, അവനാൽ നയിക്കപ്പെട്ടും, സകല ജനതകളോടും, ലോകം മുഴുവനോടും രക്ഷയുടെ സുവിശേഷം അറിയിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വമനുസരിച്ചും ജീവിക്കാം. പരിശുദ്ധാത്മാവ് നൽകുന്ന ഐക്യവും കൂട്ടായ്മയും, ദൈവ, സഹോദരസ്നേഹവും കുടുംബങ്ങളിലും സമൂഹത്തിലും ജീവിക്കുകയും ലോകത്തിന് മാതൃകകളും അനുഗ്രഹവുമായി മാറാം. പരിശുദ്ധാത്മാവിന്റെ വാക്കുകൾ ശ്രവിച്ച്, ദൈവഹിതത്തിന് സ്വയം വിട്ടുകൊടുത്ത്, വചനമായ ദൈവത്തിന്റെ അമ്മയായി മാറിയ പരിശുദ്ധ അമ്മ, ക്രിസ്‌തുവിന്റെ പിന്നാലെയുള്ള നമ്മുടെ തീർത്ഥാടനം വിശ്വസ്തതയോടെ തുടരാൻ നമുക്കായി മാധ്യസ്ഥ്യം വഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2024, 12:15