യുദ്ധത്തിന്റെ നിഴലിൽ യുകെയ്നിൽ ഉയിർപ്പു തിരുനാൾ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
ജൂലിയൻ കലണ്ടർ അനുസരിക്കുന്ന യുക്രെയിനിലെ സഭകൾ കർത്താവിന്റെ ഉത്ഥാനത്തിരുന്നാൾ കൊണ്ടാടുകയായിരുന്നു ഞായറാഴ്ച. റഷ്യയ്ക്കെതിരായ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നാശത്തിന്റെയും മരണത്തിന്റെയും നടുവിൽ സുവിശേഷത്തിൽ വിശ്വാസമർപ്പിച്ച് കീവിലെ ഓർത്തഡോക്സ് വിശ്വാസികൾ വിശുദ്ധ വ്ലാഡിമർ കത്തീഡ്രലിൽ ഒരുമിച്ച കൂടി.
ഈ ദിവസങ്ങളിൽ യുദ്ധത്തിലായിരിക്കുമെന്നതിനാൽ ചിലയിടങ്ങളിൽ യുക്രെയ്ൻ സൈനീകർ ഉയിർപ്പു തിരുനാളിനു മുന്നേ തന്നെ ആശീർവ്വാദം സ്വീകരിച്ചു. കീവിലെ കത്തീഡ്രൽ ദേവാലയത്തിൽ വിശ്വാസികൾ ഒരുമിച്ചുകൂടി സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചു. ലക്ഷക്കണക്കിനാളുകളാണ് യുദ്ധത്തിൽ മരിക്കുകയും മുറിവേൽക്കപ്പെടുകയും ചെയ്തത്. എല്ലാ ദിവസവും ഏതാണ്ട് 200 ഓളം യുക്രെയ്ൻകാർ കൊല്ലപ്പെടുന്നുണ്ട്. ഒരു യുവതിയായ വിധവ യുദ്ധമുന്നണിയിൽ കൊല്ലപ്പെട്ട തന്റെ ഭർത്താവിന്റെ കല്ലറയിൽ എവിടെ ദൈവം എന്ന് കരഞ്ഞ് ചോദിക്കുന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതും ആഴമുള്ളതുമായ ഒന്നാണ് എന്ന് യുക്രെയ്നിലെ അഞ്ചു ദശലക്ഷത്തോളം വരുന്ന ഗ്രീക്ക് കത്തോലിക്കരുടെ തലവനായ ആർച്ചുബിഷപ്പ് സ്വിയാതൊസ്ലാവ് ഷെവ് ചുക് പറഞ്ഞു. എന്നാൽ ദൈവം തങ്ങളോടുകൂടെയുണ്ട്. ഒരു തരത്തിൽ യേശുക്രിസ്തു ഇന്ന് യുക്രെയ്നിന്റെ ക്രൂശിക്കപ്പെട്ട ശരീരമാണ്. അവൻ ഈ എളിയ ജനങ്ങളുടെ മുറിവുകളോടൊപ്പമുണ്ട് എന്ന് ആർച്ചുബിഷപ്പ് അടിവരയിട്ടു. മരണത്തിൽ നിന്നു ഉയർത്തെഴുന്നേറ്റ ക്രിസ്തു യുദ്ധത്തിലുള്ള ജനങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കും, അദ്ദേഹം പറഞ്ഞു.
ആശുപത്രികൾ സന്ദർശിക്കാറുള്ള അദ്ദേഹം കണ്ട അംഗവിച്ഛേദനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അവിടെ ഏകദേശം 1500 ഓളം പേരാണ് യുദ്ധത്തിന്റെ ഭാഗമായി ശരീരാവയവങ്ങൾ നഷ്ടപ്പെട്ടവരായുള്ളത്. “ആ മുറിവുകൾ, കർത്താവെ, നിന്റെതാണ്” എന്ന് ചിന്തിക്കുന്നുവെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.
റഷ്യയുടെ ഡ്രോൺ പ്രവാഹത്തിൽ ഈസ്റ്റർ ദിനത്തിൽ പോലും ആളുകൾ അപകടപ്പെട്ടു. കഠിനമായ പോരാട്ടത്തിനൊടുവിൽ സൈന്യം ഓച്ചരെടിൻ ഗ്രാമത്തിന്റെ നിയന്ത്രണം പിടിച്ചതായാണ് റിപ്പോർട്ട്. റഷ്യ അയച്ച 24 ഡ്രോണുകളിൽ 23 ഉം വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു. എന്നാൽ കീവിൽ യുദ്ധം നാശം വിതച്ച രാജ്യത്ത് പോരാട്ടം അവസാനിക്കുമെന്നും സമാധാനം കൈവരും എന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: