തിരയുക

കാരിത്താസ് നടത്തുന്ന ധനശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഒരു ചിത്രം കാരിത്താസ് നടത്തുന്ന ധനശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഒരു ചിത്രം 

അർജന്റീനയിലെ പകുതിയോളം ജനങ്ങളും ദാരിദ്ര്യമനുഭവിക്കുന്നെന്ന് കാരിത്താസ് സംഘടന

തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ പകുതിയോളം ജനങ്ങളും ദാരിദ്ര്യമനുഭവിക്കുന്നെന്നും, നാലിലൊന്ന് പേർക്കും പൂർണ്ണമായ അനുദിനഭക്ഷണം ലഭ്യമാകുന്നില്ലെന്നും കാരിത്താസ് സംഘടന റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് നിലനിൽക്കുന്ന സാമൂഹ്യപ്രശ്‌നങ്ങൾ, ഉയർന്ന നാണയപ്പെരുപ്പനിരക്ക്, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, മയക്കുമരുന്നുകളുടെ ഉപയോഗം, വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, തുടങ്ങിയവ സാധാരണ ജനജീവിതം തകർക്കുന്നു.

പത്രീസിയ കൈഫാ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കേഅമേരിക്കൻ രാജ്യമായ അർജന്റീനയിൽ ദാരിദ്ര്യനിരക്ക് വർദ്ധിച്ചുവരുന്നുവെന്ന് കാരിത്താസ് സംഘടന റിപ്പോർട്ട് ചെയ്തു. അർജന്റീനയുടെ തലസ്ഥാനമായ ബോയ്നോസ് ഐറെസിൽ ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് പകുതിയോളം ജനങ്ങൾ ദാരിദ്ര്യം മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും, നാലിലൊന്ന് പേർക്കും ദിവസവും മുഴുവൻ ഭക്ഷണവും ലഭ്യമാകുന്നില്ലെന്നും സംഘടന വ്യക്തമാക്കി. അർജന്റീനയിലെ കാരിത്താസ് സംഘടനയും, സാമൂഹ്യകടങ്ങൾ സംബന്ധിച്ച അർജന്റീനയിലെ നിരീക്ഷകസംഘവും യോജിച്ച് നടത്തിയ ഒരു പഠനത്തിന്റെ ഫലമായാണ്, രാജ്യത്തെ സാമൂഹ്യ സാമ്പത്തിക സ്ഥിതികൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവന്നത്.

പഠനങ്ങൾ പ്രകാരം, 2024-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ, ജനസംഖ്യയുടെ അൻപത് ശതമാനവും ദാരിദ്ര്യമനുഭവിച്ചുവെന്നും, ഏതാണ്ട് പതിനെട്ട് ശതമാനം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമായതായി കാരിത്താസ് പ്രസ്താവിച്ചു. തൊഴിലാളികളിൽ 32 ശതമാനവും പാവപ്പെട്ടവരാണെന്നും റിപ്പോർട്ട് രേഖപ്പെടുത്തി.

കുട്ടികൾക്കിടയിൽ 32 ശതമാനവും ദാരിദ്ര്യം മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും, രാജ്യത്ത് ഏതാണ്ട് പത്തുശതമാനം ജനങ്ങളും കടുത്ത പട്ടിണിയനുഭവിക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ജൂൺ 8, 9 ദിവസങ്ങളിലായി അർജന്റീനയിൽ കാരിത്താസ് നടത്തുന്ന ധനശേഖരണത്തിന്റെ ഭാഗമായാണ് രാജ്യത്തെ ദാരിദ്ര്യം സംബന്ധിച്ച പഠനങ്ങൾ ഇരുസംഘടനകളും ചേർന്ന് നടത്തിയത്.

രാജ്യത്ത് നിലനിൽക്കുന്ന സാമൂഹ്യപ്രശ്‌നങ്ങൾ, ഉയർന്ന നാണയപ്പെരുപ്പനിരക്ക്, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, മയക്കുമരുന്നുകളുടെ ഉപയോഗം, വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, തുടങ്ങിയവ ജനങ്ങളെ വലയ്ക്കുന്നുവെന്നും കാരിത്താസ് പഠനറിപ്പോർട്ട് വിലയിരുത്തി. നിരവധി ആളുകളാണ്, ഇറ്റലിയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നത്.

അർജന്റീനയിൽ ഏതാണ്ട് 3500 കാരിത്താസ് കേന്ദ്രങ്ങളുണ്ട്. ഭക്ഷണവും വസ്ത്രങ്ങളും, ഒപ്പം മാനസികവും വിദ്യാഭ്യാസപരവുമായ സൗകര്യങ്ങളും ഇവ നൽകിവരുന്നു. ഏതാണ്ട് അഞ്ചുലക്ഷത്തോളം ആളുകൾക്കാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2024, 15:18