തിരയുക

കാലം ചെയ്ത കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സ് കാലം ചെയ്ത കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സ് 

കർദ്ദിനാൾ കെൽവിൻ ഫെലിക്സ് കാലം ചെയ്തു, പാപ്പായുടെ അനുശോചനം!

കരീബിയൻ ദ്വീപുരാഷ്ട്രമായ ദൊമിനിക്ക സ്വദേശി കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സ് മെയ് 30-ന് വ്യാഴാഴ്ച മരണമടഞ്ഞു. 91 വയസ്സായിരുന്നു പ്രായം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കരീബിയൻ ദ്വീപുരാഷ്ട്രമായ ദൊമിനിക്ക സ്വദേശി കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സിൻറെ നിര്യാണത്തിൽ മാർപ്പാപ്പാ ഖേദം രേഖപ്പെടുത്തി.

91 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് മെയ് 30-ന് വ്യാഴാഴ്‌ചയാണ് അന്ത്യം സംഭവിച്ചത്. യുവജനശിക്ഷണം, കരീബിയൻനാടുകളിലുടനീളം സഭയുടെ വളർച്ച എന്നിവയക്ക് കർദ്ദിനാൾ കെൽവിൻ ഫെലിക്സ് ഏകിയ സംഭാവനകൾ, അദ്ദേഹം കാനോൻനിയമാനുസാരം വിരമിക്കുന്നതു വരെ ആർച്ചുബിഷപ്പായി സേവനമനുഷ്ഠിച്ചിരുന്ന, സെയിൻറ് ലൂസിയായിലെ കാസ്ട്രീസ് അതിരൂപതാദ്ധ്യക്ഷൻ ഗബ്രിയേൽ മൽസയിറിനയച്ച അനുശോചന സന്ദേശത്തിൽ ഫ്രാൻസീസ് പാപ്പാ, കൃതജ്ഞതാപൂർവ്വം അനുസ്മരിക്കുന്നു.

കരീബിയൻ ദ്വീപായ ദൊമിനിക്കയുടെ തലസ്ഥാനമായ റൊസേവു നഗരത്തിൽ 1933 ഫെബ്രുവരി 15 -നാണ് കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സ് ജനിച്ചത്. 1856 ഏപ്രിൽ 8-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1962 വരെ ദൊമിനിക്കയിൽ അജപാലന ശുശ്രൂഷ ചെയ്യുകയും നോവ സ്കോതിയ, ഇന്ത്യാന, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിൽ ഉപരിപഠനങ്ങൾ നടത്തുകയും ചെയ്തു.

ദൊമിനിക്കയിൽ പൗരോഹിത്യം സ്വീകരിച്ച പ്രഥമ കത്തോലിക്കാവൈദികനായിരുന്ന കെൽവിൻ ഫെലിക്സ് 1981 ഒക്ടോബർ 5-ന് മെത്രാനായി അഭിഷിക്തനാകുകയും 2014 ഫെബ്രുവരി 22-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2024, 12:34