ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത  പിറ്റ്സബല്ല ഗാസയിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല ഗാസയിൽ  

പ്രത്യാശ വിശ്വാസത്തിന്റെ പുത്രിയാണ്: കർദിനാൾ പിറ്റ്സബല്ല

വിശുദ്ധ നാട്ടിലെ പ്രത്യേകമായും ഗാസയിലെയും, റഫയിലെയും രൂക്ഷമായ സ്ഥിതിഗതികൾ, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല, വത്തിക്കാൻ മാധ്യമവിഭാഗം എഡിറ്റോറിയൽ ഡയറക്ടർ അന്ദ്രേയ തൊർണിയെല്ലിയുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ വിശദീകരിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വിശുദ്ധ നാട്ടിലെ പ്രത്യേകമായും ഗാസയിലെയും, റഫയിലെയും രൂക്ഷമായ സ്ഥിതിഗതികൾ, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത  പിറ്റ്സബല്ല, വത്തിക്കാൻ  മാധ്യമവിഭാഗം എഡിറ്റോറിയൽ ഡയറക്ടർ അന്ദ്രേയ തൊർണിയെല്ലിയുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ വിശദീകരിച്ചു.  യുദ്ധം അവസാനിക്കുന്നതിനുള്ള വഴികൾ ഇപ്പോഴും തുറക്കപ്പെട്ടിട്ടില്ലായെന്നും, എന്നാൽ പ്രത്യാശ ഒരിക്കലും കൈവിട്ടിട്ടില്ലായെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.

യുദ്ധം അനുദിനം മുൻപോട്ടു പോകുമ്പോൾ ക്രൂരതയാർന്ന സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നുവെന്ന് കർദിനാൾ എടുത്തു കാണിച്ചു. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതുപോലും സങ്കീർണ്ണമായിരിക്കുകയാണെന്നും, അത് മനുഷ്യജീവിതത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളും അദ്ദേഹം എടുത്തു പറഞ്ഞു. ജലലഭ്യതയുടെ കുറവും ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

"പൊതുവേ, സ്ഥിതി വളരെ മോശമായി തുടരുന്നു, വഴികൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്. ചർച്ചകൾ എവിടെയും നടക്കുന്നുണ്ടെന്നും,  ഒരു നിഗമനത്തിലെത്താൻ കക്ഷികളുടെ ഭാഗത്തുനിന്ന് യഥാർത്ഥ ആഗ്രഹമുണ്ടെന്നും എനിക്ക് തോന്നുന്നില്ല"യെന്നും  കർദിനാൾ പറഞ്ഞു.  ഇതുവരെ ബാധിക്കപെട്ടവരുടെ എണ്ണം എടുക്കുന്നതുപോലും ദുഷ്കരമാണെന്നും കർദിനാൾ ചൂണ്ടിക്കാണിച്ചു. ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിൽ തന്നെയും, അത് തടയുവാൻ മുൻകൈയെടുക്കുവാനുള്ള വിമുഖതയും കർദിനാൾ അടിവരയിട്ടു പറഞ്ഞു. ഗാസയിലും, റാഫയിലും എന്നതുപോലെ ലെബനാനിലെയും സ്ഥിതിഗതികൾ ഏറെ സങ്കീർണ്ണമാണെന്ന് കർദിനാൾ പറഞ്ഞു.അതിനാൽ ഈ നിമിഷം ഏറെ ആവശ്യമായത് സമാധാനസ്ഥാപനം മാത്രമാണ്. അതിനായി അന്താരാഷ്ട്രസമൂഹങ്ങൾ എല്ലാറ്റിനും ഉപരിയായി, ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കർദിനാൾ പിറ്റ്സബല്ല ആഹ്വാനം ചെയ്തു.

അടുത്ത അമേരിക്കൻ തിരഞ്ഞെടുപ്പ് ഇവയിൽ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന്, തീർച്ചയായും എന്ന മറുപടിയാണ് നല്കിയതെങ്കിലും, പ്രാദേശികമായി പരിഹാരങ്ങൾ കണ്ടെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും കർദിനാൾ കൂട്ടിച്ചേർത്തു. പ്രത്യാശ വിശ്വാസത്തിന്റെ പുത്രിയെന്ന നിലയിൽ, അപരന്റെ ആവശ്യങ്ങളിലേക്ക് സഭ നടത്തുന്ന ദൗത്യങ്ങളും, പ്രതീക്ഷാഭരമായ ഭാവിയും കർദിനാൾ അടിവരയിട്ടു പറഞ്ഞു. വേദനാജനകമായ ഈ നിമിഷങ്ങളിൽ ലോകത്തിലെ വിവിധ രൂപതകളുടെയും, പരിശുദ്ധ പിതാവിന്റെയും സാമീപ്യവും പ്രാർത്ഥനകളും, സഹായങ്ങളും പാത്രിയാർക്കീസ് നന്ദിയോടെ സ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2024, 11:55