തിരയുക

2019 ൽ അയർലണ്ടിൽ നടന്ന ജീവൻ രക്ഷാ മാർച്ച് 2019 ൽ അയർലണ്ടിൽ നടന്ന ജീവൻ രക്ഷാ മാർച്ച്  

ജീവന്റെ ദിനാഘോഷവുമായി കത്തോലിക്കാ സഭ

അയർലണ്ടിലെയും, സ്കോട്ലണ്ടിലെയും, ഇംഗ്ലണ്ടിലെയും, ഗാല്ലസിലേയും കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തിൽ ജൂൺ മാസം പതിനാറാം തീയതി ഞായറാഴ്ച്ച, ജീവന്റെ ദിനമായി ആഘോഷിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

അയർലണ്ടിലെയും, സ്കോട്ലണ്ടിലെയും, ഇംഗ്ലണ്ടിലെയും, ഗാല്ലസിലേയും കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തിൽ ജൂൺ മാസം പതിനാറാം തീയതി ഞായറാഴ്ച്ച, ജീവന്റെ ദിനമായി ആഘോഷിക്കുന്നു. ഇത്തവണത്തെ ദിനാഘോഷങ്ങളുടെ പ്രമേയം, "കർത്താവ് എൻ്റെ ഇടയനാണ് - ജീവിതാവസാനത്തിൽ അനുകമ്പയും പ്രതീക്ഷയും" എന്നുള്ളതാണ്. മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഓരോ അവസ്ഥയിലും ജീവന്റെ മൂല്യത്തെയും, അർത്ഥത്തേയും കുറിച്ച് സമൂഹത്തിൽ  അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനത്തിലെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

മാരകമായ രോഗങ്ങളാൽ ജീവിക്കുന്ന ആളുകളെ ഉപേക്ഷിക്കുന്നതിന് പകരം, ശേഷിക്കുന്ന സമയത്തേക്ക് ജീവിതം കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കുവാൻ, സ്നേഹത്തോടെ അവരെ പരിചരിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ഐറിഷ് മെത്രാൻ സമിതിയുടെ ജീവപരിപാലനത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ മോൺസിഞ്ഞോർ കെവിൻ ഡോറൻ  പറഞ്ഞു.

2001 മുതലാണ് അയർലണ്ടിൽ എല്ലാ വർഷവും ജീവന്റെ ദിനാഘോഷം നടത്തിവരുന്നത്. ജീവിതത്തിൻ്റെ പവിത്രതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിശുദ്ധ  ജോൺ പോൾ രണ്ടാമൻ പാപ്പായാണ്, ഈ ദിനത്തിന് തുടക്കം കുറിച്ചത്.

ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവിതത്തിൻ്റെ മഹത്വം ആഘോഷിക്കുന്നതിനായി സഭ സമർപ്പിച്ചിരിക്കുന്ന പ്രത്യേക ദിനം കൂടിയാണ് ഇത്. എല്ലാ വർഷവും അയർലൻഡ്, സ്കോട്ട്‌ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ കത്തോലിക്കാ സഭ ദിനാചരണത്തിനായുള്ള ഒരു സംയുക്ത സന്ദേശം പൊതുസമൂഹത്തിനും, വിശ്വാസികൾക്കുമായി പുറത്തിറക്കാറുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2024, 13:49