നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നൈജീരിയയിലെ കടുന പ്രവിശ്യയിലെ സാങ്കോ കാറ്റാഫ് ഇടവക വികാരി ഫാ. ഗബ്രിയേൽ ഉക്കെയെയാണ് ഞായറാഴ്ച്ച പകൽസമയം ആയുധധാരികളായ ഭീകരർ തട്ടിക്കൊണ്ടുപോയത്. വൈദികമന്ദിരത്തിൽ അതിക്രമിച്ചുകടന്ന സംഘം ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് വൈദികനെ കടത്തിക്കൊണ്ടുപോയത്. കഫഞ്ചാൻ രൂപതയിലെ അംഗമാണ് ഫാ. ഗബ്രിയേൽ.
ഫാ. ഗബ്രിയേലിന്റെ മോചനം എത്രയും വേഗം സാധ്യമാവട്ടെയെന്നും, നിരപരാധികൾക്കെതിരെ വർധിച്ചുവരുന്ന ഇത്തരം ഹീനകൃത്യങ്ങളെ അപലപിക്കുന്നുവെന്നും, രൂപതയുടെ വികാരി ജനറാൾ ഫാ. ഇമ്മാനുവൽ കസാ ഫാവേ പറഞ്ഞു. മുസ്ലീങ്ങളുടെ ബലിപ്പെരുന്നാളായ 'സല്ല' യുടെ ദിനം അടുത്തുവരുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും, അക്രമങ്ങൾ തടയുവാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പൊതുജനം നിയമം കൈയിലെടുക്കരുതെന്നും, അക്രമങ്ങൾ അഴിച്ചുവിടരുതെന്നും ഫാ. ഇമ്മാനുവൽ അഭ്യർത്ഥിച്ചു. സുരക്ഷാഉദ്യോഗസ്ഥരുമായി ഫാ. ഗബ്രിയേലിന്റെ മോചനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ധ്രുതഗതിയിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ ഫീദെസിനോട് പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: