അപരനിലേക്കുള്ള യാത്രയുടെ മാധ്യമമാണ് ദൈവവചനം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പഴയനിയമത്തിലും, പുതിയനിയമത്തിലും ദൈവവചനം വഹിച്ച പ്രാധാന്യവും, ഇന്നും ക്രൈസ്തവജീവിതത്തിൽ ദൈവ വചനത്തിനുനസരണം ജീവിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്ന ഭാഗങ്ങളാണ് വിശുദ്ധ ഗ്രന്ഥത്തിൽ നാം വായിച്ചുകേട്ടത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിൽ, സൃഷ്ടികർമ്മവേളയിൽ ദൈവം പറയുന്ന വചനങ്ങളാണ് തുടർന്ന് വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം നാം കാണുന്നത്. ദൈവത്തോടുള്ള അനുസരണക്കേടുമൂലം പറുദീസാ നഷ്ടപ്പെടുത്തിയ മനുഷ്യകുലത്തെ വീണ്ടും തന്റെ രാജ്യത്തിന്റെ സർവമഹത്വത്തിലേക്കും കൂട്ടിക്കൊണ്ടുവരുവാൻ പ്രവാചകന്മാർ വഴിയും, രാജാക്കന്മാർ വഴിയും, പുരോഹിതർ വഴിയും, അവസാനം തന്റെ പുത്രൻ മുഖേനയും പരിശ്രമിക്കുന്ന ദൈവകരുണയാണ് വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വചനങ്ങളും.
മനുഷ്യരക്ഷയ്ക്കുവേണ്ടി, ദൈവം മോശ വഴിയായി ഇസ്രായേൽ ജനതയ്ക്കു നൽകുന്ന പ്രമാണങ്ങളാണ് ഇന്നത്തെ ആദ്യ വായനയിൽ നാം ശ്രവിച്ചത്. ക്രൈസ്തവീകതയുടെ മുഖമുദ്രയാണ് പഴയ നിയമത്തിൽ ദൈവം നൽകിയ കല്പനകൾ കാലഭംഗം വരാതെ ഇന്നും കാത്തുസൂക്ഷിച്ചുകൊണ്ട്, അവയെ പിൻപറ്റുവാൻ പരിശ്രമിക്കുന്നു എന്നുള്ളത്. ഒരു കണ്ണാടിയെന്ന പോലെ ക്രൈസ്തവജീവിതത്തെ ഓരോ ദിവസവും മനസിലാക്കുവാനും, ജീവിതക്രമങ്ങളെ ആത്മശോധന ചെയ്യുവാനും ഈ ദൈവ വചനങ്ങൾ നമ്മെ സഹായിക്കുന്നു. പുറപ്പാട് പുസ്തകം ഇരുപതാം അധ്യായം ഒന്ന് മുതൽ പതിനേഴു വരെയുള്ള വചനങ്ങളാണ് ഒന്നാം വായനയിൽ ഉൾക്കൊള്ളുന്നത്.
"ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ", എന്ന വാക്കുകളോടെയാണ് വചന ഭാഗം ആരംഭിക്കുന്നത്. അതായത് ദൈവത്തോടും, മനുഷ്യരോടുമുള്ള ഓരോ വ്യക്തിയുടെയും പെരുമാറ്റവും കടമകളും ഓർമ്മിപ്പിക്കുന്ന പത്തു പ്രമാണങ്ങൾ മനുഷ്യരചനയല്ല മറിച്ച് ദൈവഹിതമാണെന്ന് ഈ വചനം നമുക്ക് കാട്ടിത്തരുന്നു. വിശ്വസ്തതയുടെ ആവശ്യകതയെ ഊന്നിപ്പറയുന്ന ഉടമ്പടികൾ എന്നാണ് ഈ വചനഭാഗത്തെ പണ്ഡിതർ വിശേഷിപ്പിക്കുന്നത്.
ഉടമ്പടികൾ ഉൾക്കൊള്ളുന്ന വ്യവസ്ഥകളോടുള്ള അനുസരണവും, അനുസരണത്തിൽ നിന്ന് ഒഴുകുന്ന അനുഗ്രഹങ്ങളും, അനുഗ്രഹം പ്രദാനം ചെയ്യുന്ന ദൈവീക സൗഭാഗ്യവും ഈ വചനങ്ങൾ അടിവരയിടുന്നു. പത്തുപ്രമാണങ്ങൾ നൽകിക്കൊണ്ട് ദൈവം തന്നെത്തന്നെ ഇസ്രായേൽ ജനത്തിന് വെളിപ്പെടുത്തുന്നു. മോശയ്ക്കാണ് പ്രമാണങ്ങൾ നല്കിയതെങ്കിലും, ഇസ്രായേൽ ജനതയോടുള്ള തൻറെ സംഭാഷണത്തിന്റെ തുടക്കം കൂടി ദൈവം നടത്തുന്നു. ഈ സംഭാഷണം ഇന്നും നമ്മുടെ ജീവിതത്തിലും തുടരുന്നുവെന്ന് ഒന്നാം വായന നമുക്ക് പറഞ്ഞു തരുന്നു.
എന്നാൽ മനുഷ്യന്റെ ദുർബലമായ ആത്മീയജീവിതത്തിൽ, ചിലപ്പോഴെങ്കിലും ദൈവവചനങ്ങൾ അന്യമായേക്കാം എന്ന ചിന്ത നമ്മെക്കാൾ കൂടുതൽ ഉള്ളത് ദൈവത്തിനാണ്. ഇതിനു തെളിവാണ് രണ്ടാമത്തെ വായനയിലൂടെ എസെക്കിയേൽ പ്രവാചകൻ നമ്മെ ഓർമപ്പെടുത്തുന്നത്. ദൈവവചനം, സന്തോഷത്തിലും ദുഖത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും നമ്മുടെ ജീവിതത്തിൽ സ്ഥായിയായി നിലകൊള്ളണമെങ്കിൽ, പ്രവാചകൻ നമ്മോടു പറയുന്നത്, വചനങ്ങൾ ഭക്ഷിക്കുവാൻ വേണ്ടിയാണ്. എന്നാൽ ബാഹ്യമായ ഒരു ഭക്ഷിക്കലല്ല പ്രവാചകൻ നമ്മോടു ആവശ്യപ്പെടുന്നത്, മറിച്ച് എപ്രകാരം ഭക്ഷണം നമ്മുടെ ശരീരത്തിന് ഊർജ്ജം പകരുന്നതിനു, ശരീരത്തിന്റെ ഭാഗമായിതീരുന്നുവോ അതുപോലെ,ദൈവചനം ഒരു ഊർജസ്രോതസ്സായി നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കണം എന്നുള്ളതാണ്. എങ്കിൽ മാത്രമേ ദൈവവചനം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാൻ തക്കവണ്ണം നമ്മുടെ ക്രൈസ്തവജീവിതത്തെ പരുവപ്പെടുത്തുവാൻ നമുക്ക് സാധിക്കുകയുള്ളൂ എന്ന് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു.
ഇസ്രായേൽ ജനതയുടെ ഇടയിലേക്ക് തന്റെ വചനം പ്രസംഗിക്കുവാൻ എസെക്കിയേൽ പ്രവാചകനെ അയയ്ക്കുന്ന ദൈവം പുതിയ ഇസ്രായേലായ നമ്മുടെ ചുറ്റുപാടുകളിലും തന്റെ വചനം പ്രസംഗിക്കുവാനും, ജീവിക്കുവാനും നമ്മെ ക്ഷണിക്കുന്നു. എന്നാൽ സ്വീകാര്യതയ്ക്കുമപ്പുറം തിരസ്കരണം നേരിടുന്ന പ്രവാചകന്റെ ജീവിതവും നമുക്ക് മാതൃകയാണ്. ദൈവവചനം പ്രസംഗിക്കുന്നു എന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ സുഖം പകരുന്ന നിമിഷങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് നാം ആരും വിചാരിക്കരുത് എന്നുകൂടി ഈ രണ്ടാം വായന നമ്മെ പഠിപ്പിക്കുന്നു.
എന്നാൽ ദൈവവചനത്തിൽ ആശ്രയം വയ്ക്കുന്നവന്, നേരിടേണ്ടി വരുന്ന തിരസ്കരണം പോലും തേനിനേക്കാൾ മധുരതരമായി തീരുന്നു. ഈ അനുഭവമാണ് ഓരോ രക്തസാക്ഷിത്വവും നമുക്ക് കാട്ടിത്തരുന്നത്. “ദൈവവചനം പങ്കുവയ്ക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം”, എന്ന് മൂന്നാമത്തെ വായനയിലൂടെ പൗലോസ് ശ്ലീഹ നമുക്ക് പറഞ്ഞു തരുമ്പോൾ, ബാഹ്യമായ ഒരു സൗന്ദര്യമോ, പട്ടുമെത്ത വിരിച്ച സൗഭാഗ്യമോ, കടന്നുവരുമ്പോൾ സ്വീകാര്യതയുടെ മനം നിറയ്ക്കുന്ന പച്ചപരവതാനിയോ അല്ല അർത്ഥമാക്കുന്നത്, മറിച്ച് കാൽവരിയിലേക്കുള്ള യേശുവിന്റെ യാത്രയിൽ അവന്റെ കാലുകൾക്ക് മുറിവ് നൽകിയ കല്ലും മുള്ളും നിറഞ്ഞ വഴിയാണ്.
പക്ഷെ നാം ഒറ്റയ്ക്കല്ല, മറിച്ച് ശക്തിപ്പെടുത്തുന്ന ദൈവവചനവും, ദൈവീക സാന്നിധ്യവും ഇന്നത്തെ വായനകൾ നമുക്ക് പറഞ്ഞു തരുന്നു. വിശ്വാസത്തിന്റെ സുവിശേഷമാണ് നാം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടതെന്ന് പൗലോസ് അപ്പസ്തോലൻ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസം ദൈവീക ദാനമെന്ന നിലയിൽ, ഈ കൃപയ്ക്കുവേണ്ടി, അപരനുവേണ്ടിക്കൂടിയും പ്രാർത്ഥിക്കുവാനുള്ള കടമയും ശ്ലീഹ നമുക്ക് നൽകുന്നു. അവിശ്വാസികളെ കുറ്റപ്പെടുത്താതെ അവരുടെ നീതികരണത്തിനും, രക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവസാക്ഷ്യം.
ദൈവവവചനത്തിന്റെ ഈ ക്രൈസ്തവസാക്ഷ്യം ജീവിക്കുന്നതിലെ വെല്ലുവിളികളാണ് ഇന്നത്തെ സുവിശേഷവായനയിൽ നാം ശ്രവിച്ചത്. ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള വിശദമായ പ്രഭാഷണത്തിന്‍റെ പ്രതികരണമാണ് നാം ഈ വാക്കുകളിൽ കണ്ടുമുട്ടുന്നത്. മറ്റ് പ്രബോധനങ്ങള്‍ നല്കുമ്പോള്‍ ഉപമയും രൂപകവുമൊക്കെ ഉപയോഗിക്കുന്ന യേശു പരി. കുര്‍ബാനയെന്ന മഹാരഹസ്യത്തിന്‍റെ പ്രബോധനം നേരിട്ടുതന്നെ നല്കുകയാണ്. ഇത് മനുഷ്യബുദ്ധിയ്ക്ക് അഗ്രാഹ്യമാണ്. അതിനാല്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ അവയെ നോക്കി കാണുവാന്‍ യേശു തന്‍റെ ശ്രോതാക്കളെ ക്ഷണിക്കുന്നു. തന്റെ വചനത്തിൽ വിശ്വാസം അർപ്പിക്കാതെ സ്വന്തം താത്പര്യങ്ങളുടെ സംരക്ഷണത്തിനായി നിലകൊണ്ടപ്പോൾ നഷ്ടമായത് ശിഷ്യത്വത്തിന്റെ വിലയേറിയ ജീവിതമാണ്. അവരുടെ സമീപനം വെറും മാനുഷികമായിരുന്നതുകൊണ്ടാണ് അവര്‍ക്ക് ഈ വചനം കഠിനമായിത്തോന്നിയത്. വിശ്വാസത്തോടുകൂടെ 'ജീവന്‍റെ അപ്പം' എന്ന യാഥാര്‍ത്ഥ്യത്തെ സമീപിക്കാത്തവര്‍ക്ക് അത് മനസ്സിലാക്കുവാനും സ്വീകരിക്കുവാനും സാധ്യമല്ലാതാകും.
എന്നാൽ ഇതേ ചോദ്യം, തന്നിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കയ്‌പ്പേറിയ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയ ശിഷ്യന്മാരോട് ചോദിക്കുമ്പോൾ, മാനുഷികമായ ബലഹീനതകൾ പലതും അവരെ ഞെരുക്കിയെങ്കിലും, ബുദ്ധിമുട്ടിൽ ആക്കിയെങ്കിലും, പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം എല്ലാ നിശ്ശബ്ദതകളെയും ഭേദിക്കുന്നു. "കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു" (യോഹന്നാൻ 6:68-69). വിശ്വസിക്കുക, അറിയുക തുടങ്ങിയ പ്രയോഗങ്ങള്‍ ശിഷ്യത്വത്തിന്‍റെ ദൃഢതയെ സൂചിപ്പിക്കുന്നതാണ്. വിശ്വസിക്കുന്നവർക്ക് മാത്രമേ ഒരാളെ കൂടുതലായി അറിയുവാൻ താത്പര്യമുണ്ടാവുകയുള്ളൂ, അതുപോലെ തന്നെ ഒരാളെ കൂടുതൽ അറിയുന്നതിലൂടെയാണ് വിശ്വാസം വർധിക്കുകയുള്ളൂ.
ഇപ്രകാരം യേശുവിന്റെ ശിഷ്യരാകുവാനുള്ള നമ്മുടെ ആഗ്രഹത്തെ ത്വരിതപ്പെടുത്തണമെങ്കിൽ, ഇപ്രകാരം അവനിൽ വിശ്വസിക്കുകയും അറിയുകയും വേണമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ജീവന്‍റെ അപ്പമായ മിശിഹായോടൊത്തുള്ള ജീവിതവും, അവന്റെ വചനങ്ങൾ ജീവിതത്തിൽ സ്വാംശീകരിക്കുക എന്നതും ഒരു വെല്ലുവിളിതന്നെയാണ്. വെറും മാനുഷികമായ പരിശ്രമത്താല്‍ നേടിയെടുക്കാവുന്ന ഒന്നല്ല ഇത്.
മറിച്ച്, ദൈവത്തിന്‍റെ അരൂപിയോടുള്ള തുറവിയാല്‍ മാനുഷികചിന്തകള്‍ക്കും നിലപാടുകള്‍ക്കും അതീതമായി വിശ്വാസജീവിതം നയിക്കുന്നവര്‍ക്കേ അതു സാധ്യമാകൂ. ശിഷ്യന്മാരുടെ അനുകൂലപ്രത്യുത്തരത്തിനൊടുവില്‍, വിശ്വസിച്ച് കൂടെ നടക്കുന്നുവെന്ന് ഭാവിക്കുകയും ഹൃദയംകൊണ്ട് അനുഗമിക്കാതിരിക്കുകയും ചെയ്യുന്ന യൂദാസിന്‍റെ വഞ്ചനയെയും തന്‍റെ പീഡാനുഭവമരണത്തെയും തുടർന്നുള്ള വചനങ്ങളിൽ ഈശോ അനുസ്മരിക്കുന്നുണ്ട് (യോഹന്നാൻ 6:70-71).
"വിശപ്പടക്കാനുള്ള അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുന്നവനാണ് മനുഷ്യന്‍. അവന്‍റെ ഈ അദ്ധ്വാനത്തെക്കുറിച്ചുള്ള ഒരു കരുതല്‍ ദൈവത്തിനുണ്ട്. അപ്പത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാന്‍ ദൈവം അവനോടൊത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവന്‍ ഈ ഭൗതികമായിട്ടുള്ള അദ്ധ്വാനം അവന്‍റെ ജീവിതലക്ഷ്യമായി കാണരുത്. ദൈവം ആത്യന്തികമായി അവന് നല്കാന്‍ ആഗ്രഹിക്കുന്നത് നിത്യജീവന്‍ നല്കുന്ന അപ്പമാണ്. നശ്വരമായ അപ്പത്തിനുവേണ്ടി എന്നതിനേക്കാള്‍ അനശ്വരമായ അപ്പത്തിനുവേണ്ടിയാണ് അവന്‍ അദ്ധ്വാനിക്കേണ്ടത്. നശ്വരമായ അപ്പത്തിനുവേണ്ടിയുള്ള അവന്‍റെ അദ്ധ്വാനത്തെ ഫലപ്രദമാക്കുന്ന ദൈവത്തിന്‍റെ പരിപാലനയെ ദൈവം നല്കുന്ന അടയാളങ്ങളായി കണ്ടുകൊണ്ട് അവയിലൂടെ അനശ്വരഅപ്പമായ ദൈവികജീവന്‍ നേടാന്‍ അവന്‍ പരിശ്രമിക്കണം." (മല്പാൻ മാത്യു വെള്ളാനിക്കൽ)
സ്‌നേഹം നിറഞ്ഞ സഹോദരങ്ങളെ, കർത്താവിന്റെ ദിവസമായ ഈ ദിനത്തിൽ, അവൻ നമുക്കും ഈ വലിയ സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. പക്ഷെ തിരഞ്ഞെടുപ്പ് നമ്മുടേതാണ്. അതുപോലെ നമ്മുടെ ചെറിയ സാഹചര്യങ്ങളിൽ കർത്താവിന്റെ സുവിശേഷം വാക്കിലും, പ്രവൃത്തിയിലും പ്രഘോഷിക്കുന്നതിനും നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: