തിരയുക

മൊസൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ (പൂർവകാല ചിത്രം) മൊസൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ (പൂർവകാല ചിത്രം) 

ഇറാഖിലേക്ക് തിരികെ എത്തുന്ന ക്രൈസ്തവരുടെ എണ്ണം കുറയുന്നു

2014 ജൂൺ പത്താം തീയതി ഇറാഖിലെ പ്രധാന നഗരങ്ങളിൽ ഒന്നായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പ്പ്യ നിരവധി കുടുംബങ്ങളിൽ തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം തീരെ കുറയുന്നതായി സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2014 ജൂൺ പത്താം തീയതി ഇറാഖിലെ പ്രധാന നഗരങ്ങളിൽ ഒന്നായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു കുടിയേറിയ  നിരവധി കുടുംബങ്ങളിൽ, തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം തീരെ കുറയുന്നതായി സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു. 2014 നു മുൻപ് ഏകദേശം 1200 ക്രൈസ്തവ കുടുംബങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ ഏകദേശം അൻപതിൽ താഴെ മാത്രമാണ് മൊസൂളിൽ വസിക്കുന്നത്.

2017 ൽ ജിഹാദികളുടെ കൈയിൽ നിന്നും തിരികെ മൊസൂൾ പിടിച്ചെടുത്തുവെങ്കിലും അരക്ഷിതാവസ്ഥകൾ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും ഏജൻസി റിപ്പോർട്ട് ചെയ്തു. മൊസൂൾ കീഴടക്കിയ ജിഹാദിഭരണത്തിന്റെ  നാളുകൾ  വേദനയും, ദുരിതവും  നിറഞ്ഞ ഒരു കാലത്തിൻ്റെ തുടക്കമായി ഓർമ്മിക്കപ്പെടുന്നുവെന്നും, ഒരിക്കൽ വിവിധ വിശ്വാസ സമൂഹങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ നാടായി അറിയപ്പെട്ട നഗരം, മതസ്പർദ്ദയുടെ യുദ്ധമുഖമായി മാറ്റപ്പെട്ടുവെന്നും, അൽക്കോഷിലെ കൽദായ മെത്രാൻ പൗലോ താബിത് മെക്കോ പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുമ്പ് വരെ മൊസൂളിൽ ഒരു ലക്ഷത്തിലധികം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. എന്നാൽ 2003 ൽ സദ്ദാം ഹുസൈൻ്റെ ഭരണത്തിൻ്റെ പതനത്തിലേക്ക് നയിച്ച യുഎസ് നേതൃത്വത്തിലുള്ള സൈനിക ഇടപെടലിന് ശേഷം ക്രിസ്ത്യാനികളുടെ എണ്ണം കുറയാൻ തുടങ്ങിയതായും, അന്നുമുതലാണ് വിഭാഗീയ അക്രമങ്ങൾ വർധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാഖിൽ നിലനിൽക്കുന്ന അസുരക്ഷിതമായ അവസ്ഥകൾ ക്രൈസ്തവകുടുംബങ്ങളുടെ തിരിച്ചുവരവിന് അനുകൂലമായ സ്ഥിതി ഒരുക്കുന്നില്ലെന്നും ഏജൻസി കണ്ടെത്തി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2024, 12:33