നല്ല ഫലങ്ങൾ നൽകുന്ന വ്യക്തികളാകുവാൻ വിളിക്കപ്പെട്ടവർ
ഫാ. പീറ്റർ ടാജീഷ് O de M.
വിത്തും അതിന്റെ വളർച്ചയും ഒടുവിലായി വിളവെടുപ്പുമാണ് വചനപ്രേമേയം. വിത്ത് വിതക്കുന്നവനൊരു സ്വപ്നമുണ്ട്, ആയൊരു സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണ് വളർച്ചയും, വിളവെടുപ്പും.
ഉല്പത്തി പുസ്തകം മുതൽ വിതക്കാരന്റെ സ്വപ്‍നം നമുക്ക് വായിച്ചെടുക്കനാവും കാരണം സൃഷ്ടികർമം പോലും വയലിൽ വിത്ത് വിതയ്ക്കുന്നത്തിന് സമമാണ്. തന്റെ ഛായയിലും സദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കുന്ന ദൈവം, അവനെ ഭൂമിയുടെ കാൽവൽക്കാരനായി പ്രതിഷ്ഠിക്കുകയും, പരസ്പരം സ്നേഹത്തിൽ അനുവർത്തിക്കാൻ പഠിപ്പിക്കുകയും ചെയുമ്പോൾ ഓർക്കണം, അതാണ് വിതക്കാരന്റെ സ്വപ്‍നം.
വിതച്ചവൻ എന്താണ് ചെയുന്നത്? അവൻ വിതച്ചതിനു ശേഷം രാവും പകലും ഉറങ്ങിയും, ഉണർന്നും കഴിയുന്നു. വിതച്ചവന് അവൻ വിതച്ച വിത്തിൽ പൂർണബോധ്യമുണ്ട്, അവ എന്താണ് എന്ന് അവന് അറിയാം. മനുഷ്യസ്വാതന്ത്ര്യം അതിന്റെ പൂർണതയിൽ ഇതൾ വിരിയുകയാണ് കാരണം വിതച്ചവൻ വിത്തിന് പൂർണസ്വാതന്ത്ര്യം കൊടുക്കുന്നു. ദൈവം ഒരാളുടെയും പുറകെ നടന്നു അവരെ ശ്വാസം മുട്ടിക്കുന്ന ഒരാൾ അല്ല മറിച്ചു ദൈവം നമ്മളിൽ പൂർണവിശ്വാസം നിലനിർത്തി നമ്മളെ വളരാൻ അനുവദിക്കുന്ന പിതാവാണ്.
വചനം പുരോഗമിക്കുന്നത് മൂന്ന് ഘട്ടമായിട്ടാണ്. ആദ്യം ഇലകൾ പിന്നീട് കതിർ, ഒടുവിലായി ധാന്യമണികൾ.
എന്താണ് ഇലകൾ? കാഴ്ച്ചയുടെ സാദ്ധ്യതകൾ നിലനിർത്തുന്നതാണ് ഇലകൾ. മരം നിറയെ ഇലകൾ കാഴ്ച്ചയുടെ ഇടമാണ്. ഇലകൾ വേണം എന്നാൽ ഒരു മരവും ഇലകൾ മാത്രമായി മാറരുത്. ആഴമില്ലാതെ പോകുന്ന ജീവിതയിടങ്ങൾ അത് സമ്മാനിക്കും. അതിനർത്ഥം ഒരാൾ ഇലകളിൽ കുരുങ്ങി തീരരുത്. ഇലകളിൽ നിന്നും അയാൾ ഫലങ്ങളിലേക്ക് യാത്ര തുടരണം.
ഇലകളിൽ കുരുങ്ങിപോവുക എന്നത് വലിയൊരു പ്രലോഭനമാണ് കാരണം ഇലകൾ വർണങ്ങൾ സമ്മാനിക്കും. ആ നിറങ്ങളിൽ കുരുങ്ങി ഒരുപക്ഷെ ഒരാൾ അതാണ് ജീവിതമെന്ന് നിനച്ചു ഫലങ്ങൾ നല്കാത്ത ഒരാളായി മാറും.
ഇലയായി മാത്രം ജീവിക്കുക എന്നത് ഇന്നിന്റെ വലിയൊരു പ്രശ്നമാണ്. ഫലങ്ങളിലേക്ക് വളരാനുള്ള ഭയമോ, മടിയോ ഒരാളെ ഇലകളിൽ മാത്രം കുരുക്കും. എന്നിട്ടു ഒട്ടും അഴമില്ലാത്ത മനുഷ്യരായി നമ്മൾ പരിണമിക്കും.
രണ്ടാമത് കതിരാണ്. ഇലയായി മാത്രം മാറാതെ കതിരായി ഒരാൾ മാറുന്നയിടം. വളർച്ച ഉള്ളിൽ ആഗ്രഹിക്കുന്ന ഒരാളാണ് ഇത്. അയാളിൽ ശ്രമങ്ങൾ നിലനിർത്തുന്നു, താനും ഫലങ്ങൾ നൽക്കാൻ വിളിക്കപ്പെട്ടവനാണ് എന്ന ബോധ്യം അയാളിലുണ്ട് എന്നതാണ് അയാളുടെ സൗന്ദര്യം.
എന്നാലും അറിയണം കതിരല്ല അവസാനവളർച്ച, കാരണം കതിർ ധാന്യമാവണം. കതിർ മാത്രമാവുക എന്നത് ഒരാളുടെ സ്വയം നീതികരണമാണ് കാണാം കാഴ്ച്ചയിൽ അയാൾ കുഴപ്പക്കാരനല്ല, എന്നാൽ അയാളിൽ ആഴ്ത്തിൽ പടർന്ന നന്മകളുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാവും ഉത്തരം കാരണം കതിർ ഏതു സമയത്തും പതിരായി പോയേക്കാം.
ഉറപ്പില്ലാത്ത നന്മകളാണ് ഒരാളുടെ കതിർ. വൈകാരികതയിൽ പടുത്തുയർത്തുന്ന ബന്ധങ്ങൾ, സൗഹൃദം. സഹതാപത്തിൽ ചെയ്യുന്ന ഉപകാരങ്ങൾ എന്നാൽ ആരോടും ഒന്നിനോടും കടപ്പാടില്ലാത്ത മനുഷ്യർ. ഒരു ചെറിയ സങ്കടയിടത്ത് ഒരാൾക്ക് ഈ ഉറപ്പില്ലാത്ത നന്മകൾ നഷ്ടമാകും, പരിഗണിക്കപെടാത്തയിടത്തു ഈ കതിരാകുന്ന മനുഷ്യർ കലഹവും, കലാപവും ഉയർത്തും. വെറുക്കാനും സ്നേഹിക്കാനും ഇവർക്ക് ഒരേ സമയം കാരണങ്ങൾ ഉണ്ടാവും.
ഒടുവിലായി ധാന്യമണികൾ. വിത്തിന്റെ ഫലം ധാന്യമാണ്. സകലർക്കും ഉപകാരപ്പെടുന്ന ഒരാളായി രൂപപരിണാമം സംഭവിക്കുക. അയാളിൽ നന്മകൾ കരുണയായും, സ്നേഹമായും നിലനിൽക്കും. ഈ ഫലമാണ് നമ്മളിൽ വളരേണ്ടത് കാരണം അതിലാണ് വിതച്ചവന്റെ സ്വപ്‌നം നിറവേറുന്നത്.
നല്ല ധാന്യമായി മാറ്റാണമേ എന്നതാവണം ഒരാളുടെ പ്രാർത്ഥന കാരണം അതിൽ ഒരാൾ ദൈവരാജ്യത്തിലേക്കാണ് വളരുന്നത്.
ഒടുവിലായി ഒരു വിളവെടുപ്പ് ഉണ്ടെന്നു പറഞ്ഞാണ് വചനം അവസാനിക്കുന്നത്. അത് ദൈവത്തിന്റെ വിധിയാണ് കാരണം വിതച്ചവന്ന് വിധിക്കാനും അവകാശമുണ്ട്.
ദൈവം സ്വപ്നം കണ്ടതും, നല്ല നിലത്തു വിതച്ചതും, വളർച്ച നൽകിയതും ഒക്കെയും വളരാൻ ഒരിടം നൽകി എന്നതാണ് അതുകൊണ്ട്തന്നെ ഇനിയവനു വിധിക്കാനും അവകാശമുണ്ട്.
ഒരു വിളവെടുപ്പ് കാലം മുന്നിൽ കണ്ടാണ് നമ്മൾ ജീവിക്കേണ്ടത്. അതൊരിക്കലും ഭയപ്പെടുത്തുന്ന കാലമല്ല മറിച്ചു ഒരാൾ അയാളെ പൂർണമായി വെളിപ്പെടുത്തുന്ന ഒരു കാലമാണ്. ദൈവത്തിന് മുന്നിൽ സ്വയം അനവൃതമാകുന്ന ഒരു കാലം.
എല്ലാ മനുഷ്യർക്കും ഈയൊരു വിളവെടുപ്പ് കാലമുണ്ടെന്നതാണ് വാസ്തവം കാരണം അതൊരു ദൈവവിധിയുടെ കാലത്തേക്കാൾ ഒരാൾ സ്വയം വെളിപ്പടുത്തുന്ന കാലമാണ്. അതൊരു സ്വയം പ്രഖ്യാപനമാണ് താൻ ആരായി മാറി എന്നുള്ളതിന്റെ. ഒരാൾ സ്വയം വിധിക്കുന്ന കാലം.
ഓരോ വിത്തും ഭൂമിയിൽ വീഴേണ്ടത് ഈയൊരു വിളവെടുപ്പിന്റെ ബോധ്യത്തില്ലാവണം, ഇല്ലെങ്കിൽ വഴികളിൽ ഒരാൾ വെറും ഇലകൾ മാത്രമോ, അല്ലെങ്കിൽ കതിർ മാത്രമോ ആയിട്ടു മാറിയേക്കാം.
വിളവെടുപ്പ് കാലത്തിൽ കരുണയുള്ള തമ്പുരാന്മുന്നിൽ നന്മയുടെ ഫലങ്ങളുമായി സ്വയം വെളിപ്പെടുത്തി നിൽക്കാനാവുക എന്നതും ഒരു ഭാഗ്യമാണ്. നീ തന്നതൊക്കെയും നന്മകളായി ഞാൻ ഇതാ തിരിച്ചു തരുന്നു എന്ന് പറയാനാവുക എന്നതാവണം ഒരാളുടെ വിളിയുടെ വളർച്ച.
അവിടെ വിതച്ചവന്റെ സ്വപ്‍നം സാക്ഷാൽക്കരിക്കും. അവന്റെ ഹൃദയത്തിൽ നന്മകൾ നമ്മുടെതാവും, നമ്മളിൽ അവന്റെ സ്നേഹവും കരുണയും വളർച്ച പ്രാപിക്കും. ആയൊരു ഇടമാണ് ആകാശത്തിലേ പക്ഷികൾക്ക് തണലേകാനും കൂടൊരുക്കാനും ഇടയാകുന്നത്. കൂടെയുള്ളവർക്കു ആശ്വാസം നൽകുന്ന മനുഷ്യരായി നമ്മൾ മാറുന്നതും.
നമുക്കു വിതച്ചവന്റെ സ്വപ്നമായി മാറാം. അവന് നമ്മളെ വിശ്വാസമുണ്ട്, അവൻ നമ്മളെ മാനിക്കുന്നു. ആ ഉറപ്പിൽ നമുക്കും നല്ല ധാന്യങ്ങളായി മാറാം, ആശ്വാസത്തിന്റെ, കരുണയുടെ, ഉപവിയുടെ തണലായി മാറാം. അവസാനം വരെ കാരണം വിളവെടുപ്പിന്റെ ആർക്കും നിഷേധിക്കാനാവാത്ത ആ കാലത്തിൽ അവന്റെ ശിഷ്യരായി, മക്കളായി നമ്മൾ വെളിപ്പെടും.
അവിടം വരെ നമുക്ക് യാത്ര തുടരാം. ദൈവം അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: