ജായ്‌റോസിന്റെ മകളെ പുനരുജ്ജീവിപ്പിക്കുന്ന യേശു ജായ്‌റോസിന്റെ മകളെ പുനരുജ്ജീവിപ്പിക്കുന്ന യേശു 

സൗഖ്യവും ജീവനും നൽകുന്ന യേശുക്രിസ്തു

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം പതിമൂന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മർക്കോസ് 5,21-43
സൗഖ്യവും ജീവനും നൽകുന്ന യേശുക്രിസ്തു - ശബ്ദരേഖ

ഫാ. പീറ്റർ ടാജീഷ് O de M.

വഴിയരികിലെ അത്ഭുതമാണ് വിഷയം. മൃതപ്രായയായ ഒരുവളെ രക്ഷിക്കാനുള്ള യാത്രയിൽ മറ്റൊരുവൾക്ക് അയാൾ രക്ഷയാകുന്നു. വഴിയിൽ സൗഖ്യമാകാനുള്ള ഒരു ക്ഷണമാണ് സുവിശേഷം നൽകുന്നത്.

ആയിരിക്കുന്നിടത്തു സുവിശേഷമാകാനുള്ള ഒരു വിളിയെയാണ് നമ്മൾ ധ്യാനിക്കേണ്ടത്. നന്മയുടെ ചിരാതുകൾ കേട്ടുപോകാതെ സൂക്ഷിക്കാനും, അത് കൂടെയുള്ളവർക്ക് സമ്മാനിക്കാനും പഠിക്കുക എന്നത്.

മർക്കോസിന്റെ സുവിശേഷത്തിലെ അഞ്ചാം അധ്യായത്തിൽ അവസാനത്തെ രണ്ട് അത്ഭുതങ്ങൾ "ഇരട്ട കഥ" യായി അവതരിപ്പിക്കുകയാണ് ഇവിടെ. രണ്ടിടങ്ങളിലും സ്ത്രീകളാണ് രോഗികൾ, പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ളവളും, പന്ത്രണ്ടു വയസുള്ള ജായ്‌റോസ് മകളും. രണ്ടുപേരും സൗഖ്യം നേടുന്നത് സ്പർശനത്തിലൂടെയും.

ഈ അധ്യായം നമുക്ക് നൽകുന്ന ഒരു ചോദ്യമുണ്ട്. പ്രകൃതിശക്തിയുടേമേൽ അധികാരമുള്ള (4,35-41), പിശാചുകളുടേമേൽ അധികാരമുള്ള (5,1-20) യേശു മനുഷ്യന്റെ രോഗവസ്ഥയെക്കുറിച്ചു വ്യഗ്രതയുള്ളവനാണോ? അതുകൊണ്ടുതന്നെ രോഗം സഹനം എന്നിവയുടെമേൽ അധികാരമുളവനാണ് ക്രിസ്തു എന്ന പ്രസ്താവനയാണ് ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്.

ജായ്‌റോസ് സമുദായത്തിന്റെ മതാത്മകവും, സമൂഹപരവുമായ കാര്യങ്ങൾക്കു മേൽനോട്ടം വഹിച്ചിരുന്ന ശ്രേഷ്ഠന്മാരുടെ സംഘത്തിലെ ഒരംഗമാണ്. ജായ്‌റോസ് എന്നതിന്റെ ഹെബ്രായ ഉച്ചാരണം "യായിർ" എന്നാണ് (സംഘ്യ. 32,41/ ന്യായ. 10,3-5) "ദൈവം പ്രകാശിക്കട്ടെ" എന്നാണ് അർത്ഥം. അയാൾ വിനയത്തോടെയാണ് ക്രിസ്തുവിന് മുന്നിൽ നിൽക്കുന്നത്. കാൽക്കൽ വീണു അപേക്ഷിച്ചു എന്നാണ് സുവിശേഷം പറയുന്നത്. അതിനുകാരണമായി മർക്കോസ് സുവിശേഷകൻ പറയുന്നത് അയാളുടെ മകൾ മരിക്കാൻ കിടക്കുന്നു എന്നതാണ്.

അയാൾ ക്രിസ്തുവിന്റെ കാൽക്കൽ വീണു പ്രാർത്ഥിക്കുന്നത് "രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ " എന്നതാണ്. രോഗം മാറ്റുക എന്നതിന് സോസോ (sozo) ജീവിപ്പികണമേ എന്നതിന് "റ്റ്സോയെ"(Zoe ) എന്നാണ് ഗ്രീക്ക് പദങ്ങൾ. രണ്ട് വാക്കുകളും ഒരുമിപ്പിച്ചാൽ അവളെ രക്ഷിച്ചു നിത്യജീവൻ നല്കണമേ എന്നതാണ് അർത്ഥം.

അങ്ങോട്ടുള്ള യാത്രയിലാണ് രക്തസ്രാവക്കാരി ക്രിസ്തുവിന് മുന്നിൽ എത്തുന്നത്. രക്തസ്രാവം പഴയ നിയമം മുതൽ അശുദ്ധിയുടെയും, മരണത്തിന്റെയും അവസ്ഥയാണ് പരിഗണിച്ചിരുന്നത്. യഹൂദർ രക്തത്തിലാണ് ജീവൻ എന്നാണ് വിശ്വസിച്ചിരുന്നത്, അതുകൊണ്ടുതന്നെ രക്തം വാർന്നു പോകുന്ന അവസ്ഥ മരണത്തിന്റെ അവസ്ഥയാണ്. മൃതദേഹം സാധാരണരീതിയിൽ അശുദ്ധി നിറഞ്ഞതും തൊടാൻ പാടില്ലാത്തതുമാണ്.

ആ അവസ്ഥയിലാണ് അവൾ വിശ്വസിക്കുന്നത് അവന്റെ വസ്ത്രത്തിൽ തൊട്ടാൽ ഞാൻ സുഖം പ്രാപിക്കും എന്നത്.  അവൾ പിന്നിലൂടെ വന്നാണ് തൊടുന്നത്. അവൾ അശുദ്ധയാണ്, അവൾ തൊടുന്നതെല്ലാം അശുദ്ധമാകും. (ലേവ്യ. 15,25-30).

അവളുടെ വിശ്വാസം "ഞാൻ സുഖം പ്രാപിക്കും” എന്നതാണ്.  ഗ്രീക്ക് ഭാഷയിൽ "സോഥെസോമായ്‌" എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിനർത്ഥം "ഞാൻ രക്ഷപ്രാപിക്കും" എന്നതാണ്. ആദിമസഭയിൽ ഉപയോഗിച്ചിരുന്ന പദമാണിത്.

അവൾ അവനെ സ്പർശിക്കുമ്പോൾ ആ നിമിഷം രക്തസ്രാവം നിലച്ചുവെന്നാണ് വചനം പറയുന്നത്. ക്രിസ്തു ഒരു വചനവും ഉച്ചരിച്ചിട്ടില്ല, കൈവെപ്പ് കർമ്മവും നിർവഹിച്ചില്ല എന്നാലും അവൾ സൗഖ്യം പ്രാപിച്ചുവെന്നാണ് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്.

അവളോടാണ് ക്രിസ്തു പറയുന്നത് നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നുവെന്ന്. അവൾ അവളുടെ ശുദ്ധത കൂടി വീണ്ടെടുക്കുകയാണ്.

ക്രിസ്തു വീണ്ടും വഴിയിലെ സുവിശേഷമാവുകയാണ് കാരണം ഇനി അവൻ എത്തേണ്ടത് ജായ്‌റോസിന്റെ ഭവനത്തിലാണ്.  മരിച്ചുപോയ ബാലിക എന്നാണ് അ ഭവനത്തിലുള്ളവർ അവളെ വിളിക്കുന്നതും എന്നാൽ ക്രിസ്തുവാകട്ടെ അവരോടു പറയുന്നത് കുട്ടി മരിച്ചിട്ടില്ല അവൾ ഉറങ്ങുകയാണ് എന്നും.

ക്രിസ്തു സാന്നിദ്ധ്യത്തിൽ മരണം പോലും ബലഹീനമാണ് എന്നതാണ് സുവിശേഷകൻ പറയുന്നത്. ബഹളം വയ്ക്കുന്ന മനുഷ്യരെ പുറത്തിനിർത്തിയിട്ടാണ് ക്രിസ്തു ഈ അത്ഭുതം പ്രവർത്തിക്കുന്നത്. കാരണം ബഹളം വയ്ക്കുന്ന മനുഷ്യർ ഹൃദയത്തിൽ ആഴമില്ലാത്ത മനുഷ്യരാണ്, അവരിൽ പ്രാർത്ഥനയുടെ അരൂപി കുറവായിരിക്കും. അങ്ങനെയുള്ളവർ പ്രാർത്ഥിക്കാറില്ല എന്നുമാത്രമല്ല മറിച്ചു മറ്റുള്ളവരെ പ്രാർത്ഥിപ്പിക്കാനും അനുവദിക്കില്ല എന്ന് സാരം. അതുകൊണ്ടുതന്നെ അവർ പുറത്തുനിൽക്കണം എന്നും ക്രിസ്തു പറയുന്നതും.

ആ കുഞ്ഞിനോട് കർത്താവ് പറയുന്നത് എഴുന്നേൽക്കുക എന്നാണ്. "എഗീയ്റോ" എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദം കർത്താവിന്റെ ഉയിർപ്പ് സൂചിപ്പിക്കുന്ന പദമാണ്, അതുകൊണ്ട് തന്നെ ക്രിസ്തു അവളെ ഉയിർപ്പിച്ചു പുനരുജ്ജീവനം നൽകുകയാണ്.

വഴിയിൽ സുവിശേഷമായവൻ ഒടുവിലായി യാത്രയുടെ അവസാനവും സുവിശേഷമായി മാറുകയാണ്. രണ്ടും അവന്റെ ഹൃദയത്തിന്റെ നന്മയും കരുണയും വെളിപ്പെടുത്തുന്ന ഇടങ്ങളാണ്.

രക്തസ്രാവക്കാരി സൗഖ്യം പ്രാപിക്കുക മാത്രമല്ല മറിച്ചു ക്രിസ്തുവുമായി ഒരു ബന്ധം സ്ഥാപിക്കുന്നുണ്ട്. ജായിറോസിന്റെ മകളെ ക്രിസ്തു മകൾ എന്നുമാണ് വിളിക്കുന്നത്. രണ്ടും അവന്റെ ഹൃദയത്തിന്റെ കരുണയാണ് കാണിക്കുന്നത്. പല തടസ്സങ്ങൾ നേരിടുമ്പോഴും അവനിൽ നിറയുന്നത് സ്നേഹമാണ്. എത്തേണ്ട ഒരിടം മാത്രമല്ല മറിച്ചു എത്തിയ ഇടവും അവനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് കാരണം രണ്ടിടത്തും അവൻ സുവിശേഷമായി മാറണം.

ക്ഷമയുള്ള ഒരു പ്രഘോഷണമാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. എത്തേണ്ട ഇടം പോലെ എത്തിയ ഇടവും പ്രധാനമാണ് എന്നാണ് നമ്മൾ പഠിക്കേണ്ടത്. എത്തേണ്ട ഇടം നമ്മുടെ ആഗ്രഹങ്ങളും, സ്വപ്‌നങ്ങളും ഒക്കെ നിറഞ്ഞത് ആയിരിക്കും എന്നാലും എത്തിയ ഇടത്തിൽ നമ്മളെകൊണ്ട് ആവശ്യമുള്ളവർ ഉണ്ടെന്നറിയുക പ്രധാനമാണ് അല്ലെങ്കിൽ വഴിയിലെ സുവിശേഷമാകാൻ നമുക്ക് കഴിയാതെ പോകും. ബാലിക മരിച്ചു എന്നറിയുമ്പോഴും ക്രിസ്തു രക്തസ്രാവക്കാരിക്ക് ഒരിടം ജീവിതത്തിൽ കൊടുത്തുവെന്നതും സുവിശേഷമാണ്.

വഴിയാണ് നമ്മുടെ സുവിശേഷം കാരണം നമ്മൾ അയക്കപ്പെട്ടവരാണ്. ആ വഴിയിൽ നന്മ ചെയ്യാൻ മറക്കാതിരിക്കുക എന്നത് നമ്മുടെ പുണ്യവും. നമ്മൾ രൂപപ്പെടുത്തിയ ഇടങ്ങളും, ലക്ഷ്യവും ഒക്കെയും വഴിയിലെ സുവിശേഷമാകാൻ തടസ്സമാകരുത്. കാരണം അവിടെയും സുവിശേഷം അർഹിക്കുന്ന മനുഷ്യർ നമ്മളെ കാത്തുനില്കുന്നുണ്ട്. അവരെ ഒട്ടും മറന്നുകൂടാ.

സുവിശേഷവുമായി നടക്കാൻ പഠിക്കുമ്പോൾ മാത്രമേ നന്മയുടെ പാരിജാതപൂക്കൾ വിരിയിക്കാൻ നമുക്ക് കഴിയൂ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2024, 13:28