നൈജീരിയയിൽ വീണ്ടും വൈദികനെ തടവിലാക്കി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നൈജീരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള സാംഫറ സംസ്ഥാനത്തിലെ ഡാംബയിലെ, ഗുസാവിലുള്ള വിശുദ്ധ റെയ്മണ്ട് പള്ളിയിലെ ഇടവക വികാരിയായ ഫാദർ സുലൈമാനെ ജൂൺ 22 ശനിയാഴ്ച പുലർച്ചെ 3 മണിയോടെ ആയുധധാരികളായ ആളുകൾ തട്ടിക്കൊണ്ടുപോയി. വൈദികന്റെ വസതിയിൽ നിന്നുമാണ് അക്രമകാരികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതെന്ന്, സോകോടോ രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഫാ. മിക്ക സുലൈമാന്റെ മോചനത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു. പുരോഹിതരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ശക്തമായ മദ്ധ്യസ്ഥതയ്ക്കായി ഫാ. സുലൈമാനെ ഭരമേല്പിക്കുന്നുവെന്നും രൂപതയുടെ പ്രസ്താവനയിൽ പറയുന്നു. ജൂൺ മാസത്തിൽ മാത്രം നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ. സുലൈമാൻ.
കടുന സ്റ്റേറ്റിലെ സാംഗോ കറ്റാഫിലെ പ്രാദേശിക സർക്കാർ ഏരിയയിലുള്ള സെൻ്റ് തോമസ് പള്ളിയിലെ ഇടവക വികാരിയായ ഫാ. ഗബ്രിയേൽ ഉകെയെ ജൂൺ 9 ഞായറാഴ്ച തട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന്, ജൂൺ പത്തിന് അദ്ദേഹത്തെ തീവ്രവാദികൾ വിട്ടയച്ചിരുന്നു. നൈജീരിയയിൽ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും, വൈദികർക്കെതിരെയുള്ള അക്രമങ്ങൾ തടയുവാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്നും പൊതുജനവും സർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: