ആക്രമണത്തിൽ ഏർപ്പെട്ട ജനക്കൂട്ടം ആക്രമണത്തിൽ ഏർപ്പെട്ട ജനക്കൂട്ടം   (ANSA)

മതനിന്ദ ആരോപിച്ചുകൊണ്ട് ആക്രമിക്കപ്പെട്ട പാക്കിസ്ഥാൻ ക്രൈസ്തവസഹോദരൻ മരണമടഞ്ഞു

മതനിന്ദ ആരോപിച്ച് പാക്കിസ്താനിലെ സർഗോധയിൽ ആൾക്കൂട്ട ആക്രമണത്തിനിരയാക്കിയ ക്രൈസ്തവസഹോദരൻ ഗുരുതരമായ പരിക്കുകളോടെ മരിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പാകിസ്ഥാൻ പഞ്ചാബിലെ സർഗോധ എന്ന പട്ടണത്തിൽ കഴിഞ്ഞ മെയ് 25 ന് മതനിന്ദ ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിനിരയാക്കിയ   ക്രൈസ്തവസഹോദരൻ ഗുരുതരമായ പരിക്കുകളോടെ മരിച്ചു. 72 കാരനായ നസീർ മസീഹാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം, ജൂൺ മാസം മൂന്നാം തീയതിയാണ് മരണത്തിനു കീഴടങ്ങിയത്. സർഗോധയിലെ മുജാഹിദ് കോളനിയിൽ ഖുറാൻ അവഹേളിച്ചുവെന്ന അന്യായമായ ആരോപണമാണ് നസീറിനെതിരെ ഉന്നയിക്കപ്പെട്ടത്. തുടർന്ന് തടിച്ചുകൂടിയ ജനം, വടികളും കല്ലുകളും മറ്റ് ആയുധങ്ങളുമായി നസീറിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

തുടർന്ന് പോലീസെത്തി അദ്ദേഹത്തെ രക്ഷിച്ചുവെങ്കിലും ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവേക ശൂന്യമായ ആക്രമണത്തിൽ മരണപ്പെട്ട നസീറിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പഞ്ചാബിലെ സെനറ്ററും പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രിയുമായ ഖലീൽ താഹിർ സന്ധു പറഞ്ഞു.

ക്രിസ്ത്യൻ സമൂഹവും മറ്റ് മതന്യൂനപക്ഷങ്ങളും ഏറെ അക്രമങ്ങൾക്ക് വിധേയരാകുന്ന സ്ഥിതിവിശേഷം പാകിസ്ഥാനിൽ തുടരുന്നത് ഏറെ ആശങ്കാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ കുറ്റവാളികളെ ശിക്ഷിക്കുന്നതിനും തീവ്രവാദികളെ തടയുന്നതിനും സർക്കാർ  പ്രതിജ്ഞാബദ്ധമെന്നും ഖലീൽ താഹിർ  പറഞ്ഞു.

മതനിന്ദ വ്യാജമെന്ന് തെളിഞ്ഞപ്പോൾ പാക്കിസ്ഥാനിലെ , പെഷവാർ, കറാച്ചി തുടങ്ങിയ വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങൾ നടത്തിയിരുന്നു . സുതാര്യമായ അന്വേഷണം നടത്തണമെന്നും, തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 June 2024, 10:40