നവവാഴ്ത്തപ്പെട്ട നിണസാക്ഷി, പോളണ്ടു സ്വദേശി, മിഹാവു റപാത്സ് (Michaeł Rapacz) നവവാഴ്ത്തപ്പെട്ട നിണസാക്ഷി, പോളണ്ടു സ്വദേശി, മിഹാവു റപാത്സ് (Michaeł Rapacz)  

നിണസാക്ഷി മിഹാവു റപാത്സ് വാഴ്ത്തപ്പെട്ട പദത്തിലേക്ക്!

നിണസാക്ഷി മിഹാവു റപാത്സ് (Michaeł Rapacz) വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം പോളണ്ടിലെ ക്രക്കോവിൽ, വഗേവ്നിക്കി (Łagiewniki) ലുള്ള ദൈവിക കരുണയുടെ ദേവാലയത്തിൽ ശനിയാഴ്ച നടന്നു. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പോളണ്ടു സ്വദേശിയായ നിണസാക്ഷി മിഹാവു റപാത്സ് (Michaeł Rapacz) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

ജൂൺ 15-ന് ശനിയാഴ്ച (15/06/24) പോളണ്ടിലെ ക്രക്കോവിൽ, വഗേവ്നിക്കി (Łagiewniki) ലുള്ള ദൈവിക കരുണയുടെ ദേവാലയത്തിൽ ആയിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മം. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

പോളണ്ടിലെ ക്രക്കോവ് നഗരത്തിലുള്ള ടെൻഷ്യൻ (Tenczyn) എന്ന സ്ഥലത്ത് 1904 സെപ്റ്റംബർ 14-ന് ആയിരുന്നു നവവാഴ്ത്തപ്പെട്ട മിഹാവു റപാത്സിൻറെ അഥവാ മൈക്കിൾ റപാത്സിൻറെ ജനനം. 1926-ൽ ക്രക്കോവിലെ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1931 ഫെബ്രുവരി 1-ന് പൗരോഹിത്യം സ്വീകരിച്ചു. പോവ്ക്കിയിലെ ഇടവകയിൽ സഹവികാരിയായി അജപാലന ദൗത്യത്തിനും തുടക്കമിട്ട  റപാത്സ് രണ്ടുവർഷത്തിനു ശേഷം റയിത്സ എന്ന സ്ഥലത്ത് സേവനത്തിനായി നിയുക്തനായി. 1937-ൽ പോവ്ക്കിയിലെ ഇടവകയുടെ ചുമതലയുമായി അവിടെ തിരിച്ചെത്തി. എന്നാൽ 1939-ൽ ജർമ്മൻ ആധിപത്യവേളയിൽ അജപാലനപ്രവർത്തനങ്ങൾ അദ്ദേഹത്തിന് കുറയ്ക്കേണ്ടി വന്നു. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റാധിപത്യത്തിൻ കീഴിലായ പോളണ്ടിൽ ഭരണ നേതൃത്വം മതത്തിനെതിരെ, വിശിഷ്യ, കത്തോലിക്കാ സഭയ്ക്കെതിരെ തിരിഞ്ഞു. 1946 മെയ് 11-ന് ഇരുപതോളം പേരടങ്ങിയ ഒരു സായുധ സംഘം പോവ്ക്കിയിലെ വൈദിക മന്ദിരത്തിലെത്തുകയും  വൈദികൻ മൈക്കിൾ റപാത്സിനെ പിടിച്ചുകൊണ്ടു പോയി അടുത്തുള്ള ഒരു വനത്തിൽ വച്ച് വധിക്കുകയും ചെയ്തു. അടുത്ത ദിവസം എതാനും കർഷകരാണ് നവവാഴ്ത്തപ്പെട്ട റപാത്സിൻറെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.

ഇക്കൊല്ലം ജനുവരി 24 ന് ഫ്രാൻസീസ് പാപ്പാ അദ്ദേഹത്തിൻറെ രക്തസാക്ഷിത്വം അംഗീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2024, 12:42