തെക്കൻ കൊറിയയിൽനിന്നുള്ള ഒരു സംഘത്തിന് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം തെക്കൻ കൊറിയയിൽനിന്നുള്ള ഒരു സംഘത്തിന് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

സംഘർഷങ്ങൾ നിലനിൽക്കുന്ന ദക്ഷിണ, ഉത്തര കൊറിയകളിൽ സമാധാനത്തിനായി കത്തോലിക്കാസഭ

തെക്കൻ കൊറിയയും വടക്കൻ കൊറിയയും തമ്മിലുള്ള പ്രശ്‍നങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1965 മുതൽ ആചരിച്ചുവരുന്ന, അനുരഞ്ജനത്തിനും ഐക്യത്തിനുമായുള്ള പ്രാർത്ഥനാദിനം ജൂൺ 25 ചൊവ്വാഴ്ച പതിവുപോലെ ആഘോഷിക്കപ്പെടും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ പതിറ്റാണ്ടുകളിൽ വച്ച് ഏറ്റവും നിരാശാവഹമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തി. ജൂൺ 17 മുതൽ ആരംഭിച്ച നൊവേനയിൽ, കൊറിയൻ ജനതകൾക്കിടയിൽ സമാധാനസ്ഥാപനമെന്ന നിയോഗം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കൻ കൊറിയയും വടക്കൻ കൊറിയയും തമ്മിലുള്ള ബന്ധം, കഴിഞ്ഞ പതിറ്റാണ്ടുകളിൽത്തന്നെ ഏറ്റവും മോശമായ നിലയിലേക്കെത്തുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിൽ അനുരഞ്ജനവും ഐക്യവും ആഹ്വാനം ചെയ്‌ത്‌ പ്രാർത്ഥനാസംരംഭവുമായി തെക്കൻ കൊറിയയിലെ കത്തോലിക്കാസഭ. 1965 മുതൽ എല്ലാ ജൂൺ ഇരുപത്തിയഞ്ചിനും ആചരിക്കപ്പെട്ടുവരുന്ന പ്രാർത്ഥനാദിനത്തിന്റെ ഭാഗമായി ജൂൺ 17 മുതൽ രാജ്യത്തെ എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയ്ക്ക് മുൻപും പിൻപും നൊവേനപ്രാർത്ഥനകൾ ആരംഭിച്ചുവെന്ന് സഭാനേതൃത്വം വ്യക്തമാക്കയാതായി ഫീദെസ് വാർത്താ ഏജൻസി.

കൊറിയൻ മെത്രാൻ സമിതിയുടെ അനുരഞ്ജനത്തിനുവേണ്ടിയുള്ള കമ്മീഷൻ പ്രെസിഡന്റ് ബിഷപ് സൈമൺ കിം ജോംഗ്-ഗംഗാണ് ഇരുരാജ്യങ്ങളും തമ്മിൽ സമാധാനത്തിനും വേണ്ടിയുള്ള സഭയുടെ ശ്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. ഉത്തരകൊറിയയിലെ ആളുകളെയും തങ്ങളുടെ രാജ്യത്തിലെ അംഗങ്ങളെപ്പോലെതന്നെയാണ് ദക്ഷിണകൊറിയയിലെ സഭ കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനം സാധ്യമാക്കാൻ ഹൃദയങ്ങളുടെ പരിവർത്തനമാണ് ആവശ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം ലക്ഷ്യമാക്കി വിവിധ കോൺഫറൻസുകളും തെക്കൻ കൊറിയയിലെ സഭ ഒരുക്കിയിട്ടുണ്ട്.

തെക്കുവടക്കാൻ കൊറിയകൾ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ വേണ്ടി 2018 സെപ്റ്റംബർ 19-ന് നടപ്പിലാക്കിയ പട്ടാള ഉടമ്പടി, കഴിഞ്ഞ ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിനെത്തുടർന്ന് സിയൂൾ താൽക്കാലികമായി നിറുത്തിവച്ചിരുന്നു. രണ്ടു രാജ്യങ്ങളുടെയും അതിർത്തിർപ്രദേശങ്ങളിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥ ഒഴിവാക്കാനും, മൈനുകൾ നീക്കാനും, ഇരുരാജ്യങ്ങളുടെയും സംയുക്തസേനയെ ഉപയോഗിച്ച് സുരക്ഷിതത്വം ഉറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു നിലവിലുണ്ടായിരുന്ന സൈനിക ഉടമ്പടി. വടക്കൻ കൊറിയ കഴിഞ്ഞ ഏതാനും ആഴ്ചകളായി, അതിർത്തിപ്രദേശങ്ങളിൽ മിസൈൽ പരീക്ഷണങ്ങളും, സൈനികാഭ്യാസങ്ങളും തുടരുന്നതിനിടയിലാണ് തെക്കൻ കൊറിയ ഈ സൈനിക ഉടമ്പടി താൽക്കാലികമായി റദ്ദാക്കിയത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വടക്കൻ കൊറിയയുടെ സൈനികർ, അതിർത്തിപ്രദേശങ്ങളിലെ  സൈനികരഹിതമേഖലയിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ രണ്ടാം വട്ടവും അതിർത്തി കടന്നതോടെ തെക്കൻ കൊറിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മേഖലയിൽ ഉത്തരകൊറിയ വൻതോതിൽ സൈനികരെ അയച്ചതായും ദക്ഷിണ കൊറിയ അറിയിച്ചു.

വടക്കൻ കൊറിയയുടെ ദേശീയനേതൃത്വത്തിനെതിരെ തെക്കൻ കൊറിയ പ്രചാരണങ്ങൾ നടത്തുന്നതായും ലഘുലേഖകൾ വിതരണം ചെയ്‌തതായും ആരോപണമുയർത്തി, മാലിന്യങ്ങൾ അടങ്ങിയ കൂറ്റൻ ബലൂണുകൾ ഉത്തരകൊറിയ ദക്ഷിണകൊറിയയിലേക്ക് അയച്ചത് കഴിഞ്ഞദിവസങ്ങളിൽ വാർത്തയായിരുന്നു.

ഇരു കൊറിയകളും തമ്മിലുണ്ടായ ഭിന്നതകൾക്ക് കാരണമായ യുദ്ധത്തിന്റെ എഴുപത്തിനാലാം വാർഷികമായ 2024-ൽ നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ നിലയിലാണ്. ജൂൺ 19-നാണ് ഉത്തരദക്ഷിണ കൊറിയകൾക്കിടയിൽ സമാധാനസ്ഥാപനം ഉദ്ദേശിച്ചുകൊണ്ട് കത്തോലിക്കാസഭ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2024, 16:52