ഉഗാണ്ടൻ രക്തസാക്ഷി സ്മരണചടങ്ങുകളിൽ നാല്പതുലക്ഷം വിശ്വാസികൾ പങ്കെടുത്തു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വിശുദ്ധ ചാൾസ് ലുവാംഗയുടെയും, മറ്റു 21 രക്തസാക്ഷികളുടെയും ഓർമ്മദിനത്തിൽ ഉഗാണ്ടയിലെ, നമുഗോൻഗോയിലെ തീർത്ഥാടനകേന്ദ്രത്തിൽ നടന്ന വിശുദ്ധ ബലിയിലും, അനുസ്മരണ ചടങ്ങുകളിലും ഏകദേശം നാൽപ്പതു ലക്ഷം വിശ്വാസികൾ പങ്കെടുത്തു. 1885 നും 1887 ഇടയിൽ മുവാംഗ രാജാവിന്റെ ഭരണകാലത്താണ് 22 കത്തോലിക്കരും, 23 ആംഗ്ലിക്കൻ വിശ്വാസികളും മതമർദ്ദനം അനുഭവിച്ചു കൊല്ലപ്പെടുന്നത്. തുടർന്ന് പോൾ ആറാമൻ പാപ്പായാണ് ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്.
ഇത്തവണത്തെ അനുസ്മരണ ആഘോഷങ്ങൾക്ക് മുന്നോടിയായി, മെയ് പതിനഞ്ചാം തീയതി 700 ഓളം തീർത്ഥാടകരുടെ ഒരു സംഘം ഗുലുവിന്റെ പുതിയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺസിഞ്ഞോർ റാഫേൽ പി മോനി വോക്കോരച്ചിന്റെ നേതൃത്വത്തിൽ നെബ്ബിയിൽ നിന്നും പുറപ്പെടുകയും, 500 കിലോമീറ്ററുകൾ താണ്ടി നമുഗോൻഗോയിലെ തീർത്ഥാടനകേന്ദ്രത്തിൽ എത്തിച്ചേരുകയും ചെയ്തു.
തുടർന്ന് നടന്ന വിശുദ്ധ ബലിക്ക് മോൺസിഞ്ഞോർ റാഫേൽ മുഖ്യകാർമ്മികത്വം വഹിച്ചു. മറ്റു 20 ഓളം മെത്രാന്മാരും, നൂറുകണക്കിന് വൈദികരും സഹകാർമ്മികരായി. ബഹുഭാര്യത്വം, മന്ത്രവാദം, ജനനേന്ദ്രിയ ഛേദനം തുടങ്ങിയ ക്രൈസ്തവ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനയിലും ആചാരങ്ങളിലും ആരും പ്രലോഭിതരാകരുതെന്ന് മോൺസിഞ്ഞോർ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. വിശ്വാസം ത്യജിക്കുന്നതിനെക്കാൾ വധിക്കപ്പെടുവാൻ ആഗ്രഹിച്ചവരാണ് ഉഗാണ്ടയിലെ രക്തസാക്ഷികളെന്നും, ഇവർ നമുക്ക് ജീവിത മാതൃകകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: