തിരയുക

പരിശുദ്ധ അമ്മയും എലിസബത്തും പരിശുദ്ധ അമ്മയും എലിസബത്തും  (Musei Vaticani)

പരിശുദ്ധ അമ്മയുടെ സന്ദർശനത്തിരുനാളും ക്രൈസ്തവജീവിതവും

പരിശുദ്ധ അമ്മയുടെ സന്ദർശനത്തിരുനാളിനെക്കുറിച്ചും, ക്രൈസ്തവവിശ്വാസജീവിതത്തിൽ ഈ തിരുനാൾ നൽകുന്ന സന്ദേശങ്ങളെക്കറിയിച്ചുമുള്ള വിചിന്തനങ്ങൾ.
പരിശുദ്ധ അമ്മയുടെ സന്ദർശനത്തിരുനാളും ക്രൈസ്തവജീവിതവും - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ കന്യകാമറിയം തന്റെ ചർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുന്നതും, അവൾക്ക് ശുശ്രൂഷ ചെയ്തതിനുശേഷം തിരികെ വീട്ടിലേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഓർമ്മിക്കുന്ന ഒരു തിരുനാളാണ് സന്ദർശനത്തിരുനാൾ. രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു കൂടിക്കാഴ്ച എന്നതിനപ്പുറം, ക്രൈസ്തവവിശ്വാസജീവിതയാത്രയിൽ ആദ്ധ്യാത്മികബോധ്യങ്ങൾ നേടുവാൻ സഹായിക്കുന്ന ഒരു സംഭവമായി ഈ തിരുനാളിനെ നമുക്ക് കാണുവാൻ സാധിക്കും.

തിരുനാളിന്റെ ആരംഭം

അഞ്ചാം നൂറ്റാണ്ടിൽ പണിയപ്പെട്ട ഒരു ദേവാലയത്തിലേക്ക് ദൈവമാതാവായ പരിശുദ്ധ കന്യകയുടെ തിരുവസ്ത്രങ്ങൾ മാറ്റിസൂക്ഷിച്ചതുമായി ബന്ധപ്പെട്ട തിരുനാൾ ആഘോഷിച്ചിരുന്ന ജൂലൈ രണ്ടാം തീയതിയായിരുന്നു ആഘോഷിക്കപ്പെട്ടുവന്നത്. ഈ ദേവാലയം പിന്നീട് നശിപ്പിക്കപ്പെട്ടു. 1263-ൽ ഫ്രാൻസിസ്കൻ സഭംഗങ്ങൾ ഈ മരിയൻ തിരുനാൾ ഏറ്റെടുക്കുകയും അതിനെ സന്ദർശനത്തിരുനാൾ എന്ന പേരിലേക്ക് മാറ്റുകയും ചെയ്‌തു. സഭയിൽ നിന്നിരുന്ന പാഷണ്ഡതകൾ അവസാനിപ്പിക്കുന്നതിനോടനുബന്ധിച്ച് 1389-ൽ ഉർബൻ ആറാമൻ പാപ്പായാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനത്തിരുനാൾ ഔദ്യോഗികമായി സ്ഥാപിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഭാഗമായി 1969-ൽ നടത്തപ്പെട്ട ആരാധനാക്രമപരിഷ്കാരങ്ങളുടെ ഭാഗമായി ഈ തിരുനാൾ, പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിന്റെ അവസാനദിനത്തിലേക്ക് മാറ്റുകയായിരുന്നു. അങ്ങനെയാണ് നാം ഇപ്പോൾ സന്ദർശനത്തിരുനാൾ മെയ് മുപ്പത്തിയൊന്നിന് ആഘോഷിക്കുന്നത്.

മംഗളവാർത്തയും സന്ദർശനവും

പരിശുദ്ധ അമ്മയുടെ മംഗളവാർത്തയുമായും സന്ദർശനത്തിരുനാളുമായും ബന്ധപ്പെട്ട സംഭവങ്ങൾ നമുക്ക് ഏതാണ്ട് വ്യക്തമാണ്. ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്ന് പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം എന്ന കന്യകയ്ക്ക് ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്, അവൾ ഒരു പുത്രന്, ദൈവപുത്രനായ യേശുവിന് ജന്മമേകുമെന്ന മംഗളവർത്ത അറിയിക്കുന്നു. ഈയൊരു കാര്യം എങ്ങനെ സംഭവിക്കുമെന്ന മറിയത്തിന്റെ ചോദ്യത്തിന്, "പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും" (ലൂക്ക 1, 35) എന്ന് ദൈവദൂതൻ ഉത്തരം നൽകുന്നു. അതെ അവസരത്തിൽ, മറിയത്തിന്റെ ചർച്ചക്കാരിയും വൃദ്ധയുമായ എലിസബത്തും ഒരു പുത്രനെ, യോഹന്നാനെ ഗർഭം ധരിച്ചിരിക്കുന്നുവെന്നും, ഇത് അവൾക്ക് ആറാം മാസമാണെന്നും ദൂതൻ അറിയിക്കുന്നു (ലൂക്ക 1, 36). 

മംഗളവർത്തയും മറിയത്തിന്റെ പ്രതികരണവും

മറിയം മംഗളവാർത്ത ശ്രവിച്ചതിനു ശേഷം രണ്ടു കാര്യങ്ങളാണ് പ്രധാനമായും സംഭവിക്കുന്നത്. ഒന്ന്, മറിയം, ദൈവദൂതന്റെ വാക്ക്, ദൈവഹിതം തന്നിൽ നിറവേറപ്പെടാൻ സമ്മതം നൽകുന്നു. രണ്ടാമതായി, ഈ മംഗളവാർത്താസംഭവത്തിന്റെ അടുത്ത ദിവസങ്ങളിൽ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിൽ വസിക്കുന്ന തന്റെ ചർച്ചക്കാരിയെ സന്ദർശിക്കാനായി തിടുക്കത്തിൽ യാത്ര പുറപ്പെടുന്നു.

തിടുക്കത്തിലുള്ള യാത്ര

തന്റെ ചർച്ചക്കാരിയായ എലിസബത്തിന്റെ അടുത്തേക്ക് മറിയം യാത്രചെയ്യുന്നതിനെക്കുറിച്ച് പറയുമ്പോൾ അവൾ, "തിടുക്കത്തിൽ യാത്രപുറപ്പെട്ടു" (ലൂക്കാ 1, 39) എന്നാണ് പരിശുദ്ധ അമ്മയുമായി അടുത്ത ബന്ധം ഉണ്ടായിട്ടുണ്ടാകാമെന്ന് കരുതുന്ന വിശുദ്ധ ലൂക്കാ സുവിശേഷകൻ എഴുതുന്നത്. മലമ്പ്രദേശത്തുള്ള പട്ടണത്തിലേക്കുള്ള മറിയത്തിന്റെ യാത്രയ്ക്കും, ആ യാത്ര ഇങ്ങനെ തിടുക്കത്തിലാകാനും പല കാരണങ്ങളുണ്ടാകാം. ഒന്നാമതായിത്തന്നെ, വയോധികയായ, ഗർഭിണിയെന്ന് ദൂതൻ അറിയിച്ച, തന്റെ ചർച്ചക്കാരിയെ സഹായിക്കാനും, അവൾക്ക് ശുശ്രൂഷ ചെയ്യാനുമായിരിക്കണം അവൾ തിടുക്കത്തിൽ പുറപ്പെടുന്നത്. എന്നാൽ അതേസമയം അവളുടെ തിടുക്കം ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ പേരിലുമാകാം. ദൂതന്റെ വാക്കുകളിലൂടെ എലിസബത്തിന്റെ ഗർഭധാരണത്തിന് പിന്നിലും ദൈവഹിതമുണ്ടെന്ന തിരിച്ചറിവ് അവൾക്കുണ്ട്. അതുകൊണ്ടുതന്നെ, ഒരു ദൈവദൂതൻ തനിക്ക് പ്രത്യക്ഷപ്പെട്ടെന്നും, ദൈവഹിതമനുസരിച്ച് പരിശുദ്ധാത്മാവിനാൽ താൻ ഒരു ശിശുവിനെ ഗർഭം ധരിച്ചിരിക്കുന്നുവെന്നുമുള്ള, മനസ്സിലാക്കാൻ അത്ര എളുപ്പമല്ലാത്ത ഒരു കാര്യം എളുപ്പത്തിൽ മനസ്സിലാക്കാൻ, ഏതാണ്ട് സമാനമായ ഒരനുഭവമുള്ള ഒരു സ്ത്രീക്ക് സാധിക്കുമെന്ന് മറിയം ചിന്തിച്ചിട്ടുണ്ടാകാം എന്ന് കരുതുന്നതിൽ തെറ്റുണ്ടാകില്ല.

സുവിശേഷപ്രവർത്തകയും സേവകയും

പരിശുദ്ധ അമ്മയുടെ യാത്രയുടെ ഒരു പ്രത്യേകത, അത് സുവിശേഷത്തിന്റെ, ദൈവപുത്രൻ ഈ ഭൂമിയിൽ എത്തുന്നതിന്റെ സന്തോഷം അറിയിച്ചുകൊണ്ടുള്ള ഒരു യാത്രയാണ് എന്നതാണ്. ഈയൊരർത്ഥത്തിൽ പുതിയ ദൈവജനത്തിന്റെ ചരിത്രത്തിലെ ആദ്യ സുവിശേഷപ്രഘോഷണം നടത്തുന്നവൾ പരിശുദ്ധ അമ്മയാണെന്ന് വ്യാഖ്യാനിക്കാൻ സാധിക്കും. യേശുവെന്ന സുവിശേഷത്തെ ഉള്ളിൽ വഹിച്ചുകൊണ്ടാണ് അവളുടെ യാത്ര എന്നതുതന്നെയാണ് ഇതിന് കാരണം. മാത്രവുമല്ല, എലിസബത്തിന്റെ ഉള്ളിൽ ജന്മമെടുത്തിരിക്കുന്ന, യേശുവിന്റെ മുന്നോടിയായി പോകുവാനുള്ള പ്രവാചകസ്വരമായ യോഹന്നാൻ അവന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നുണ്ടെന്നും നമുക്ക് കാണാൻ സാധിക്കും. പുരോഹിതർക്കോ, സമർപ്പിത സന്ന്യസ്തർക്കൊ, സുവിശേഷപ്രഘോഷകർക്കോ മാത്രമല്ല, യേശുവിന്റെ പിന്നാലെ സഞ്ചരിക്കുന്ന ഓരോ വിശ്വാസജീവിതങ്ങൾക്കും സ്വന്തമാക്കാൻ സാധിക്കേണ്ട ഒരു നിയോഗമാണ് മറിയം തന്റെ ജീവിതത്തിലുടനീളം, പ്രത്യേകിച്ച് എലിസബത്തിന്റെ അടുത്തേക്ക് തിടുക്കത്തിലുള്ള ഈ യാത്രയിൽ കാണിച്ചുതരുന്നത്. ചെല്ലുന്നയിടങ്ങളിലെല്ലാം യേശുവിനെ കൊണ്ടുപോവുക, യേശുവിന്റെ സാന്നിദ്ധ്യം മറ്റുള്ളവർക്ക് അനുഭവവേദ്യമാകുന്ന ജീവിതം സ്വന്തമാക്കുക.

പരിശുദ്ധ അമ്മയുടെ യാത്രയുടെ മറ്റൊരു പ്രത്യേകത, ഇത് സേവനത്തിനായുള്ള, ശുശ്രൂഷയ്ക്കായുള്ള ഒരു യാത്രയാണ് എന്നതാണ്. അങ്ങനെ കാരുണ്യത്തിന്റെ ഒരു സ്ത്രീമുഖമായി പരിശുദ്ധ കന്യകാമറിയം മാറുന്നത് ഇവിടെ നമുക്ക് കാണാം. തന്നെക്കാൾ ഏറെ മുതിർന്ന, വയോധികയായ, ഗർഭധാരണം ഏറെ ബുദ്ധിമുട്ടേറിയ ഒന്നായി മാറുന്നത്ര പ്രായമുള്ള ഒരു ചർച്ചക്കാരിക്ക് സേവനമേകുന്ന മറിയം ഓരോ ക്രൈസ്തവർക്കുമുണ്ടാകേണ്ട കരുണയുടെ മുഖം സ്വന്തമാക്കിയവളായി മാറുന്നത് ഈ യാത്രയിൽ നമുക്ക് കാണാൻ സാധിക്കും.

അടയാളങ്ങൾ തേടേണ്ട ക്രൈസ്‌തവജീവിതം

എലിസബത്തിനെ സന്ദർശിക്കാനായുളള പരിശുദ്ധ അമ്മയുടെ യാത്രയുടെയും ഒരുപക്ഷെ അവളുടെ മുഴുവൻ ജീവിതത്തിന്റെയും പ്രത്യേകത, അവൾ വിശ്വാസജീവിതവുമായി ബന്ധപ്പെട്ട അടയാളങ്ങൾ തേടിയായിരിക്കണം യാത്രചെയ്‌തത്‌ എന്നതാണ്. പരിശുദ്ധാത്മാവിനാൽ ഒരു ശിശുവിനെ ഗർഭം ധരിക്കാൻ പോകുന്നു എന്നതിന് ദൈവദൂതൻ നൽകിയ ആദ്യ അടയാളത്തിന്റെ തെളിവുകൾ തേടിയുള്ള ഒരു യാത്രകൂടിയാണ് മറിയത്തിന്റേത്. "ഇതാ, നിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല" (ലൂക്കാ 1, 36-37). എന്നാൽ അവിശ്വാസം മൂലമല്ല ഈ യാത്രയ്ക്ക് അവൾ പുറപ്പെട്ടത്. കാരണം, അവൾ ആവശ്യപ്പെടാതെയാണ് ദൈവദൂതൻ എലിസബത്തിന്റെ ഗർഭധാരണത്തെക്കുറിച്ച് മറിയത്തോട് പറയുന്നത്. അതുകൊണ്ടുതന്നെ, ദൈവദൂതൻ നൽകിയ അടയാളം സത്യമാണോ എന്നത് തിരിച്ചറിയുക എന്നതിനേക്കാൾ, അടയാളങ്ങളിലൂടെ തന്റെ പ്രവൃത്തികൾ വെളിപ്പെടുത്തുന്ന ദൈവത്തെ തേടിയുള്ള ഒരു യാത്രയായി പരിശുദ്ധ അമ്മയുടെ സന്ദർശനയാത്ര മാറുന്നുണ്ട്.

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇതുപോലെ അടയാളങ്ങൾ തേടി വരുന്നവരെ നാം കാണുന്നുണ്ട്. ഉണ്ണിയേശു പിറന്നു കഴിയുമ്പോൾ, ആ പ്രദേശത്തുള്ള വയലുകളിൽ ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാർക്ക് ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് സകല ജനത്തിനും വേണ്ടിയുള്ള സദ്വാർത്ത അവരെ അറിയിക്കുന്നു: "ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്കുള്ള അടയാളം. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും" (ലൂക്ക 2, 11-12). ദൈവദൂതൻ പറഞ്ഞ അടയാളം കാണുവാനായി ഈ ഇടയന്മാർ ബെത്ലഹേത്തേയ്ക്ക് പോകുന്നതിനെക്കുറിച്ച് വിശുദ്ധ ലൂക്കാ എഴുതുക, "അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു" (ലൂക്ക 2, 16) എന്നാണ്. പൗരസ്ത്യദേശത്തുനിന്നെത്തുന്ന ജ്ഞാനികളുടെ യാത്രയിലും (മത്തായി 2), ശിമെയോന്റെയും അന്നയുടെയും ജീവിതങ്ങളിലും (ലൂക്ക 2, 25-30) ഒക്കെ ഇതുപോലെയുള്ള അടയാളങ്ങൾ തേടിയുളള യാത്രകളും കാത്തിരിപ്പുകളും നാം കാണുന്നുണ്ട്. ദൈവത്തിനായി ഇതുപോലെ കാത്തിരിക്കാനും, തേടിപ്പോകാനും ഓരോ ക്രൈസ്തവനുമുള്ള കടമയും സാധ്യതകളും സംബന്ധിച്ച ചിന്തകൾ പരിശുദ്ധ അമ്മയുടെ സന്ദർശനത്തിരുനാൾ നമ്മുടെ ഹൃദയത്തിൽ ഉയർത്തുന്നുണ്ട്.

സേവനവും ക്രൈസ്തവവിശ്വാസവും

പരിശുദ്ധ അമ്മ തന്റെ ചർച്ചക്കാരിയുടെ അരികിലേക്ക് പോകുന്നതിനു പിന്നിലെ വിവിധ ലക്ഷ്യങ്ങളും, അവൾ തന്റെ വയോധികയായ ചർച്ചക്കാരിക്ക് ചെയ്യുന്ന ശുശ്രൂഷയെക്കുറിച്ചും നാം മുൻപ് കണ്ടു. എന്നാൽ, പരിശുദ്ധ അമ്മയുടെ യാത്രയുടെ പിന്നിലെ ആത്മീയതലവും, ലക്ഷ്യവും, അതോടൊപ്പം ദൈവനിയോഗവും വ്യക്തമാക്കുന്ന ഒരു വചനം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നമുക്ക് കാണാം: "മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി“ (ലൂക്ക 1, 56). പരിശുദ്ധ അമ്മയുടെ സന്ദർശനവും വിവിധ സേവനരംഗങ്ങളിൽ ആയിരിക്കുന്ന ക്രൈസ്‌തവരുടെ ജീവിതവും സംബന്ധിച്ച് ഈ വചനത്തിൽ ഒളിഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട അർത്ഥം മനസ്സിലാക്കാൻ യോഹന്നാന്റെ ജനനത്തെക്കുറിച്ച് പറയുന്ന, ഇതേ അദ്ധ്യായത്തിലെ അടുത്ത തിരുവചനം, അൻപത്തിയേഴാം തിരുവചനം നമ്മെ സഹായിക്കുന്നുണ്ട്. ഇവിടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുക, വിശുദ്ധ യോഹന്നാന്റെ ജനനസമയത്ത് പരിശുദ്ധ അമ്മ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. മറിയത്തിന്റെ യാത്രയുടെ ഉദ്ദേശത്തെ, തന്റെ ചർച്ചക്കാരിക്കായുള്ള ശുശ്രൂഷയിലേക്ക് ഒതുക്കാൻ നമുക്ക് സാധിക്കാത്തതും, ആ യാത്രയുടെ പിന്നിൽ സേവനത്തെക്കാൾ വലിയ കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതും ഈ വചനങ്ങളിലൂടെയാണ്. ഇവിടെയാണ്, യോഹന്നാന്റെ ജനനം വരെ കാത്തിരിക്കാതെ, തിരികെ വീട്ടിലേക്കു മടങ്ങുന്ന പരിശുദ്ധ അമ്മ നമുക്ക് മുന്നിൽ ഒരു അടയാളമായി നിൽക്കുന്നത്. സ്വന്തം മഹത്വവും, തന്റെ പ്രവൃത്തികളുടെ ഫലങ്ങളും കാത്തിരിക്കുകയല്ല, ദൈവസ്നേഹം ആവശ്യപ്പെടുന്ന സേവനങ്ങൾ അവൻ ആവശ്യപ്പെടുന്ന ഇടങ്ങളിൽ തുടരുകയാണ് ഒരു ക്രൈസ്തവൻ ചെയ്യേണ്ടത്.

 

ക്രൈസ്തവരായ ആളുകളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് സമർപ്പിത, സന്ന്യസ്ത ജീവിതങ്ങൾ നയിക്കുന്നവരും, സുവിശേഷപ്രഘോഷകരുമായ മനുഷ്യരുടെ ജീവിതത്തിൽ, പരിശുദ്ധ അമ്മ നടത്തുന്ന യാത്രയും സേവനവും ഒരു മാതൃകയായി മാറേണ്ടവയാണ്. ഒരു ക്രൈസ്തവന്റെ സന്ദർശനങ്ങൾ, അവൻ ചെയ്യുന്ന ശുശ്രൂഷകൾ, സേവനങ്ങൾ, അവന്റെ ജീവിതം ഒക്കെയും അവന്റെ ഉള്ളിലുള്ള ദൈവസാന്നിദ്ധ്യത്തിന്റെ സന്തോഷവും ഭംഗിയും മറ്റുള്ളവർക്ക് മുന്നിൽ വെളിവാക്കുന്നതും പങ്കുവയ്ക്കുന്നതുമാകണം. ഒരു ക്രൈസ്തവന്റെ സേവനത്തിനും, സാന്നിദ്ധ്യത്തിനുമൊപ്പം, രക്ഷകനായ യേശുവിനെക്കുറിച്ചുള്ള സദ്വാർത്ത തനിക്ക് മുന്നിലുള്ളവർക്ക് നൽകാനാകുന്നില്ലെങ്കിൽ, അവന്റെ സേവനത്തിന്റെയും സാന്നിദ്ധ്യത്തിന്റെയും അദ്ധ്യാത്മികമുഖം നഷ്ടമാകുന്നുവെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണം. ഈ ലോകത്തിലെ ജീവിതത്തിന്റെ അർത്ഥം തേടി അലയുന്ന മനുഷ്യർക്ക്, ദൈവത്തിന്റെ പ്രകാശവും സാന്നിദ്ധ്യവും, അത് നൽകുന്ന ആനന്ദവും പകരാൻ കഴിയുന്നില്ലെങ്കിൽ, ഒരു ക്രൈസ്തവന്റെ ശുശ്രൂഷയും ഒരു അവിശ്വാസിയുടെ ശുശ്രൂഷയുമായി എന്ത് വ്യത്യാസമാണുള്ളത്? സേവനരംഗം ഏതുമാകട്ടെ, ഇടവകകളാകട്ടെ, സ്ക്കൂളുകളാകട്ടെ, ആശുപത്രികളാകട്ടെ, കോടതികളാകട്ടെ, മറ്റേതെങ്കിലും ഓഫീസുകളാകട്ടെ, തന്റെ മുന്നിൽ എത്തുന്ന മനുഷ്യർക്ക് മുന്നിൽ, ദൈവവിശ്വാസത്തിൽ ജീവിക്കുന്നതിന്റെ ആനന്ദവും ഉറപ്പുമനുഭവിക്കുന്ന, ദൈവകാരുണ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന വ്യക്തികളാണ് തങ്ങളെന്ന് വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും, സാക്ഷ്യപ്പെടുത്താൻ ഓരോ ക്രൈസ്തവനും സാധിക്കണം.

ദൈവത്തിന് മഹത്വമേകിയുള്ള ജീവിതം

പരിശുദ്ധ അമ്മയുടെ ജീവിതത്തിന്റെ ഒരു പ്രത്യേകത, അവൾ ദൈവഹിതത്തിന് പ്രാധാന്യം കൊടുത്തുവെന്നുള്ളതാണ്. താൻ നേരിട്ടേക്കാവുന്ന പ്രതിസന്ധികൾ തിരിച്ചറിയുമ്പോഴും, തനിക്ക് മുന്നിൽ വെളിവാക്കപ്പെട്ട ദൈവഹിതത്തിന് അവൾ സ്വയം വിട്ടുകൊടുക്കുന്നു. ദൈവമഹത്വത്തിന് വിലകൽപ്പിക്കുന്ന ഒരു ജീവിതത്തെയാണ് സ്തോത്രഗീതത്തിലൂടെ അവൾ വെളിവാക്കുന്നത്. തന്നിലും, മറ്റുള്ളവരിലും, ഭൂമി മുഴുവനിലും വൻകാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന, എളിയവരെ ഉയർത്തുന്ന, അഹങ്കാരികളെ ചിതറിക്കുന്ന, തന്റെ ഭക്തരെ സംരക്ഷിക്കുന്ന, അവരുടെമേൽ കരുണ വർഷിക്കുന്ന, വിശക്കുന്നവർക്ക് അപ്പമേകുന്ന, ലൗകികസമ്പത്തു കണക്കാക്കി മനുഷ്യർക്ക് പ്രാധാന്യം നൽകാത്ത, തന്റെ വാഗ്ദാനങ്ങൾ പൂർത്തിയാക്കുന്ന ദൈവത്തെയാണ് അവൾ പ്രഘോഷിക്കുന്നത്. തിരുവചനത്തിലൂടെയും, വചനവ്യാഖ്യാതാക്കളിലൂടെയും, യഹൂദ റബ്ബിമാരിലൂടെയും, എന്നാൽ അതിലുപരി, തന്റെയും തന്റെ ചാർച്ചക്കാരിയുടെയും വ്യക്തിപരമായ ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കിയ ദൈവത്തെയാണ് മറിയം മഹത്വപ്പെടുത്തുന്നത്. ദൈവത്തെ അറിയാൻ മാത്രം നമ്മുടെ വിശ്വാസജീവിതം വളർന്നിട്ടുണ്ടോയെന്ന്, നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ ദൈവം നിരന്തരം ചൊരിയുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്ന് വിചിന്തനം ചെയ്യാനുള്ള ഒരു അവസരം കൂടിയാണ് സന്ദർശനത്തിരുനാൾ നമുക്ക് മുന്നിൽ വയ്ക്കുന്നത്. എപ്പോഴും ദൈവഹിതത്തോട് ചേർന്ന് നിൽക്കാനും, അനുസരണയോടെ ആ ഹിതമനുസരിച്ച് ജീവിക്കാനും, ഓരോ കണ്ടുമുട്ടലുകളും ദൈവസാന്നിദ്ധ്യമേകുന്ന ആനന്ദത്തിന്റെ പങ്കുവയ്ക്കലിന്റെ ഇടങ്ങളാക്കാനും, സേവനരംഗങ്ങളിൽ ലൗകികതയുടെ മൂല്യങ്ങളെക്കാൾ, ആത്മീയതയുടെ മൂല്യങ്ങൾ മുറുകെപ്പിടിക്കാനും, സ്വന്തം പേരിനും പ്രശസ്തിക്കുമെന്നതിനേക്കാൾ ദൈവനാമത്തിന്റെ മഹത്വത്തിനായി പ്രവർത്തിക്കാനും നമുക്ക് സാധിക്കട്ടെ. ആദ്യസുവിശേഷപ്രഘോഷകയും, ക്രിസ്തുശിഷ്യയും, ദൈവമാതാവും, ഓരോ ക്രൈസ്തവരുടെയും അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യവും തുണയും നമുക്കുണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2024, 02:36